ലൈലത്തുല്‍ ഖദ്ര്‍

778
  1. ദുനിയാവില്‍ മുഅ്മിനുകള്‍ക്ക് ലഭിക്കുന്ന അനുഗൃഹീതമായ ഒരു രാത്രിയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഖുര്‍ആനിന്റെ പ്രസ്താവന നമുക്കറിയാം.

“തീര്‍ച്ചയായും നാം ഇതിനെ അഥവാ ഖുര്‍ആനിനെ നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ.”

റമദാന്‍ അവസാനപ്പത്തിലെ ഒറ്റയായ ദിവസങ്ങളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക എന്നും, ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും ലൈലത്തുല്‍ ഖദ്‌റില്‍ നിന്നു നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും നബിതിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

അവസാന ദിനങ്ങളില്‍ ധാരാളം പ്രാര്‍ത്ഥിക്കാന്‍ നബി(സ്വ) ആയിഷ(റ)യെ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ്:

اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي

(അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ ഫഅ്ഫു അന്നീ.)

“അല്ലാഹുവേ നീ ഏറെ പൊറുക്കുന്നവനാണ്, മാപ്പു നല്‍കാന്‍ ഇഷ്ടപ്പെടുന്നവനുമാണ്. എനിക്കു നീ മാപ്പു നല്‍കിയാലും എന്നാണ് ഈ പ്രാര്‍ത്ഥനയുടെ സാരം. ധാരാളം പ്രാര്‍ത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.”

പ്രിയപ്പെട്ടവരേ, അല്ലാഹുവില്‍ തവക്കുലാക്കി, പ്രതീക്ഷയോടെ ജീവിക്കുക. പാപങ്ങളെത്രയാകട്ടെ, റബ്ബിന്റെ മുമ്പാകെ ഖേദിച്ചും പശ്ചാത്തപിച്ചും വിനീത വിശുദ്ധരാകാന്‍ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.