സഹോദരീ സഹോദരങ്ങളെ, മരണം വളരെ അരികിലാണ്. സ്വന്തം ചെരുപ്പിന്‍റെ വാറിനേക്കാള്‍ സമീപസ്ഥമാണ് മരണമെന്ന് അബൂബക്കര്‍(റ) പാടിയിട്ടുണ്ട്. മരണത്തെ ഭയക്കാത്തവര്‍ നമ്മില്‍ ആരുമില്ല. ജീവിതം അവസാനിച്ചല്ലൊ എന്നോര്‍ത്താണ് സത്യനിഷേധികള്‍ മരണത്തെ ഭയക്കുന്നത്. എന്നാല്‍ വിശ്വാസികളായ നമ്മള്‍ അങ്ങനെയല്ല; ജീവിതം ആരംഭിക്കുന്നല്ലോ എന്നോര്‍ത്താണ് നമ്മുടെ മരണഭയം! അല്ലാഹുവിനെ സ്നേഹിച്ചും സൂക്ഷിച്ചും പരമാവധി ധര്‍മ്മനിഷ്ഠപാലിച്ചും നമുക്ക് ജീവിക്കാനാകണം. ഈ റമദാനില്‍ കുറേ ദിനങ്ങള്‍ നാം ജീവിച്ചു കഴിഞ്ഞു. റമദാനിന്റെ അവസാനം വരെ നമ്മള്‍ ജീവിക്കുമൊ എന്ന് അറിഞ്ഞുകൂടാ. നമ്മളോടൊപ്പം നോമ്പെടുത്തിരുന്നവരില്‍ പലരും ഇതിനകം ആറടിമണ്ണിലായിട്ടുണ്ട്. നമ്മളും അതിലേക്ക് നടന്നടുക്കുകയാണ്. മുമ്പേ പോയവരില്‍ അല്ലാഹു കരുണ ചൊരിയട്ടെ.
നമ്മള്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടണം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കപ്പെടണം. അതിന്, അല്ലാഹുവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഹൃദയത്തില്‍ സൂക്ഷിച്ചു കൊണ്ടാകട്ടെ നമ്മുടെയൊക്കെ ജീവിതം.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (آل عمران/185)
“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാന്‍ / 185) അല്ലാഹു അനുഗ്രഹിക്കട്ടെ.