അല്ലാഹുവിന്റെ അതിരുകളാണ്; സൂക്ഷിക്കുക

541

നുഅ്മാനു ബ്‌നു ബഷീര്‍(റ) നിവേദനം. അല്ലാഹുവിന്റെ റസൂലില്‍ നിന്ന് എന്റെ ഈ ഇരുചെവികളിലൂടേയും ഞാന്‍ കേട്ടതാണ്. “തീർച്ചയായും ഹലാൽ അഥവാ അനുവദനീയമായവ വ്യക്തമാണ്. തീർച്ചയായും ഹറാമും അഥവാ നിഷിദ്ധമായവയും വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തന്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയന്റെ കാര്യം പോലെ; (അവന്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാന്‍ ഇടവന്നേക്കാം. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിന്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്.”** – ബുഖാരി, മുസ്ലിം

സഹോദരീ സഹോദരങ്ങളെ, അവ്യക്തമായ, സംശയകരമായ കാര്യങ്ങളില്‍ വ്യപൃതമാകാതെ, അവയുടെ പിറകെ അലഞ്ഞ് നിഷിദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കുക. വ്യക്തമായ ഹലാലുകളില്‍ ജീവിക്കുക, വ്യക്തമായ ഹറാമുകളില്‍ നിന്നും അകന്നു മാറുക. എങ്കില്‍ നമുക്ക് നമ്മുടെ ദീനീനിഷ്ഠയും സ്വാഭിമാനവും കാത്തുസൂക്ഷി ക്കാനാകും. അല്ലാഹുവിന്റെ അതിരുകളാണ് ഹറാമുകള്‍. ആ അതിരുകളെ ലംഘിക്കാതിരിക്കുക. അത് അപകടത്തില്‍ വീഴ്ത്തിക്കളയും. ഹൃദയശുദ്ധിയാണ് യഥാര്‍ത്ഥ വിശുദ്ധി. അതിനാല്‍ യഥാര്‍ത്ഥ ദൈവബോധം കൊണ്ട് അതിനെ സദാ ശുദ്ധിയാക്കി നിര്‍ത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

 **   عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ – وأَهْوَى النُّعْمَانُ بِإِصْبَعَيْهِ إِلَى أُذُنَيْهِ: إِنَّ الْحَلَالَ بَيِّنٌ، والْحَرَامَ بَيِّنٌ، وبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ فَقَدِ اسْتَبْرَأَ لِدِينِهِ، وعِرْضِهِ، ومَنْ وقَعَ فِي الشُّبُهَاتِ وقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يَقَعَ فِيهِ، أَلَا وإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وهِيَ الْقَلْبُ. مُتَّفَقٌ عَلَيْهِ