അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്‌

616

നോമ്പ് സമ്പൂര്‍ണ്ണമായ സംസ്കരണമാണ് മുഅ്മിനുകളിലുണ്ടാക്കുന്നത്. അനുവദനീയമായ അന്നപാനീയങ്ങളും വികാരങ്ങളും പകല്‍ സമയങ്ങളില്‍ ഒഴിവാക്കുന്നൂ എന്നതിലല്ല കാര്യമുള്ളത്. എന്റെയും നിങ്ങളുടേയും സ്വഭാവങ്ങളിലും നിലപാടുകളിലും സമീപനങ്ങളിലുമൊക്കെ നിയന്ത്രണങ്ങളുണ്ടാകുന്നുണ്ടൊ എന്നതിലാണ്.

عن أبي هريرة رضي الله عنه أن النبيَّ صلى الله عليه وسلم قال: مَن لم يَدَعْ قول الزُّور والعملَ به والجهلَ، فليس للهِ حاجةٌ أن يَدَعَ طعامه وشرابه (رواه البخاري)

അബൂഹുറയ്‌റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും, അവിവേകം കാണിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.” (ബുഖാരി)

വ്രതത്തിലൂടെ നമ്മളിലുണ്ടാകാന്‍ അല്ലാഹു ആഗ്രഹിക്കുന്നത് എന്താണ് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ട്. സ്വഭാവങ്ങളെ സംസ്‌കരിക്കും വിധമാകണം നമ്മുടെ വ്രതാനുഷ്ഠാനം. ജീവിതത്തിന് നോമ്പ് തീര്‍ച്ചയായും ചില നല്ല ശിക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നാവിനെ നിയന്ത്രിക്കാന്‍, കണ്ണുകളെ പരിധിയില്‍ നിര്‍ത്താന്‍, വികാര വിചാരങ്ങളെ അതിരു വിടാതെ അടക്കി നിര്‍ത്താന്‍, ഇതിനൊക്കെ നോമ്പ് നല്‍കുന്ന ശിക്ഷണങ്ങള്‍ ചെറുതല്ല. അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങളുടെ വൃത്തത്തിലൊതുങ്ങി, അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കാന്‍ വിശുദ്ധ റമദാനിലെ പാഠങ്ങള്‍ നമ്മളെ പ്രാപ്തമാക്കുന്നുവോ എന്ന് ആലോചിച്ചു കൊണ്ടാകട്ടെ നമ്മുടെ ഓരോ ദിവസത്തേയും നോമ്പനുഷ്ഠാനങ്ങള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ.