നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്‍പ്രവര്‍ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.
عن زيد بن خالد الجهنى رضى الله عنه عن النبي صلى الله عليه وسلم قال: (مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا) رواه الترمذي،
സൈദ് ബ്‌നു ഖാലിദ് അല്‍ ജുഹനി(റ) നിവേദനം ചെയ്യുന്ന ഹദീസ്. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: “ഒരു നോമ്പുകാരനെ നോമ്പു തുറപ്പിക്കുന്നവന്, അവന്നുള്ളതു പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്. അവന്റെ പ്രതിഫലത്തില്‍ യാതൊരു കുറവും വരുകയുമില്ല.” (തിര്‍മിദി രേഖപ്പെടുത്തിയത്)
നമ്മുടെ കുടുംബത്തില്‍, അയല്‍ക്കാരില്‍, കൂടെ ജോലിചെയ്യുന്നവരില്‍, വഴിയാത്രക്കാരില്‍ എത്രയോ പേരുണ്ട്, നോമ്പെടുക്കുകയും തുച്ഛമായ വല്ലതും കൊണ്ട് നോമ്പു തുറക്കുകയും ചെയ്യുന്ന നിരവധി പേര്‍. അവരെ പരിഗണിക്കുക. അവരേയും നമ്മോടൊപ്പം ചേര്‍ത്തിരുത്തുക. അല്ലെങ്കില്‍ നോമ്പുതുറക്കാനാവശ്യമായ വിഭവങ്ങള്‍ അവര്‍ക്ക് എത്തിച്ചു കൊടുക്കുക. നോമ്പിന്റെ ആത്മീയമായ രുചിയനുഭവിക്കുന്നതുപോലെ ഇഫ്താറിന്റെ ശാരീരികമായ രുചിയും നമ്മുടെ സഹോദരീ സഹോദരങ്ങള്‍ അനുഭവിക്കട്ടെ. ഒരു സഹോദരന്‍, നോമ്പുതുറക്കാന്‍ നമ്മോടൊപ്പമുണ്ടായിരുന്നുവൊ എന്ന് ഇന്നു തന്നെ നമ്മള്‍ ഉറപ്പു വരുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.