തറാവീഹിന്റെ മധുരം

558

നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്.

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وآله وسلم قال: «مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (متفق عليه)

അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന . അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: റമദാനില്‍ ഈമാനോടെയും പ്രതിഫലേച്ഛയോടെയും നിന്നു നമസ്‌കരിക്കുന്നവന്ന്, അവന്റെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെട്ടു കിട്ടുന്നതാണ്. (ബുഖാരി, മുസ്ലിം) അഥവാ അല്ലാഹു തആലാ, അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യും എന്ന് അര്‍ത്ഥം.

അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം സര്‍വ്വശക്തനായ റബ്ബിന്റെ മുമ്പാകെ, ദീര്‍ഘനേരം ഓതിയും, ദീര്‍ഘദീര്‍ഘം പ്രാര്‍ത്ഥിച്ചും നിര്‍വഹിക്കുന്ന തറാവീഹു നമസ്‌കാരങ്ങള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹൃദയാനന്ദം നല്‍കുന്ന ആരാധനയാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുക. തറാവീഹു നമസ്‌കാരങ്ങളാല്‍ നമ്മുടെ മനസ്സും ശരീരവും കുളിരണിയട്ടെ.