വ്രതം നമ്മെ തടഞ്ഞു നിര്‍ത്തണം

697

വ്രതനാളുകള്‍ കടന്നു പോകുകയാണ്. നോമ്പിന്റെ ചൈതന്യം നമ്മുടെ ജീവിതത്തെ അല്പാല്‍പമായി മാറ്റിക്കൊണ്ടിരിക്കുന്നത് നാമറിയുന്നുണ്ട്. നോമ്പ് എനിക്കുള്ളതാണ്, അതിന്ന് ഞാനാണ് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറഞ്ഞത് പ്രവാചകന്‍(സ്വ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടമുള്ള ആരാധനയാണിത്. അല്ലാഹുവിന്നുവേണ്ടി അവന്റെ പ്രതിഫലത്തിനുവേണ്ടി എന്ന പൂര്‍ണ്ണനിയ്യത്തോടെയാകണം ഓരോ നോമ്പും നോല്‍ക്കേണ്ടത്. വെറും പട്ടിണികിടക്കലല്ല നോമ്പ് എന്ന് നമുക്കറിയാം. ഹൃദയവും ശരീരവും ഒരുപോലെ നോമ്പിന്റെ മാധുര്യമറിയണം. പശ്ചാത്തപിച്ചു പരിശുദ്ധരാകാനും, പഠിച്ചെടുത്ത് പ്രവര്‍ത്തകരാകാനും, സ്വഭാവനിഷ്ഠകളില്‍ ഉണര്‍ന്നുയരാനും നമ്മുടെ നോമ്പ് നമ്മെ പ്രാപ്തമാക്കണം.

വയറിനെ പട്ടിണിക്കിടുകയും, ഇന്ദ്രിയങ്ങളെ തുറന്നു വിടുകയും ചെയ്താല്‍ നോമ്പിന്റെ ഫലമനുഭവിക്കാനാകില്ല. അങ്ങനെയുള്ള നോമ്പിനെ തന്റെ ദാസീദാസന്‍മാരില്‍ നിന്ന്‌ അല്ലാഹുവിന് ആവശ്യവുമില്ല. ചീത്ത വര്‍ത്തമാനങ്ങളും ചീത്ത പ്രവര്‍ത്തനങ്ങളും അവിവേകങ്ങളും ഉപേക്ഷിക്കാത്തവന്‍ അന്നപാനീയങ്ങളൊഴിവാക്കുന്നതില്‍ അല്ലാഹുവിന്ന് യാതൊരു ആവശ്യവുമില്ല എന്ന നബി(സ്വ)യുടെ അധ്യാപനം അബൂഹുറയ്‌റ(റ) വിശദീകരിച്ചു തന്നിട്ടുണ്ട്.

തടഞ്ഞു നിര്‍ത്തുക എന്നതാണ് സൗമ് എന്ന അറബി പദത്തിന്റെ അര്‍ത്ഥം. മുഅ്മിന്‍ എന്ന നിലയ്ക്ക് സ്വന്തം ജീവിതത്തില്‍ പലതിന്റെയും തടഞ്ഞു നിര്‍ത്തലുകള്‍ അനിവാര്യമാണ്. ഹൃദയത്തിന് നോമ്പുണ്ടാകണം. കണ്ണിനും കാതിനുമുണ്ടാകണം നോമ്പ്. നാവിനും കൈകാലുകള്‍ക്കുമുണ്ടാകണം നോമ്പ്. സമൂലമായ വ്രതാനുഷ്ഠാനമാണ് ജീവിതത്തെ വിശുദ്ധമാക്കുന്നതും അല്ലാഹുവില്‍ നിന്നുള്ള സ്വര്‍ഗ്ഗം നേടിത്തരുന്നതും. നോമ്പുകാരന്നു മാത്രമുള്ള സ്വര്‍ഗ്ഗകവാടമുണ്ട്; റയ്യാന്‍ എന്നാണതിന്റെ പേര്. ആ കവാടത്തിലൂടെ സ്വര്‍ഗ്ഗപ്രവേശത്തിന് നമുക്ക് സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

Source: www.nermozhi.com