സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. (ബക്വറ/185)
സത്യവിശ്വാസികളുടെ ജീവിതത്തിന് നേരും ദിശയും ലക്ഷ്യവും കൃത്യതയോടെ നല്‍കുന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍. നിലവിലുള്ള നമ്മുടെ ജവിതത്തെ പരിശോധിച്ചു നോക്കുക. നാം വിശ്വസിക്കുകയും ആചരിക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ ധാര്‍മ്മിക സദാചാര പാഠങ്ങളും വിശുദ്ധ ഖുര്‍ആന്‍ നമുക്ക് നല്‍കിയതാണ്. ഖുര്‍ആനിനെ ആത്മാര്‍ത്മായി ഉള്‍ക്കൊണ്ടവരെന്ന നിലയ്ക്ക് ഈ വിശുദ്ധമാസത്തില്‍ ഖുര്‍ആനിനു വേണ്ടി ഒഴിഞ്ഞിരിക്കാന്‍ ശ്രദ്ധകാണിക്കണം. അതിന്ന് തൗഫീഖ് ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം. ഖുര്‍ആന്‍ പാരായണത്തിന് മഹത്തായ പ്രതിഫലമുണ്ട്. റമദാനിലെ ഖുര്‍ആനോത്തിന് പ്രത്യേകിച്ച് ഏറെയേറെ പ്രതിഫലമാണുളളത്. റമദാനിലെ എല്ലാ രാത്രിയിലും ജിബ്രീലുമായി (അ) ഒന്നിച്ചിരുന്ന് നബി(സ്വ) ഖുര്‍ആന്‍ പഠനത്തില്‍ മുഴുകാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
പ്രിയപ്പെട്ടവരേ, ഇഹപരജീവിതത്തില്‍ നമ്മുടെ വിജയം തീരുമാനിക്കുന്ന എല്ലാ നല്ലവിശ്വാസങ്ങളുടേയും നല്ല കര്‍മ്മങ്ങളുടേയും സല്‍സ്വഭാവങ്ങളുടേയും കേന്ദ്രമായ വിശുദ്ധ ഖുര്‍ആനിനോടൊപ്പം ഈ റമദാനില്‍ നമുക്ക് കൂടുതല്‍ ചേര്‍ന്നിരിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.
Source: www.nermozhi.com