ഇഖ്‌ലാസ്വ് ആരാധനകളുടെ മര്‍മ്മം

677

പ്രിയപ്പെട്ടവരേ, എല്ലാ ആരാധനാ കര്‍മ്മങ്ങളും ഇഖ്‌ലാസോടെയുള്ളതാകണം എന്ന് നമുക്കറിയാം. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നത് നിയ്യത്തുകൊണ്ടു മാത്രമാണെന്ന് പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുമുണ്ട്. (ബുഖാരി രേഖപ്പെടുത്തിയ ഹദീസ്) നിയ്യത്തില്ലാത്ത, ഇഖ്‌ലാസില്ലാത്ത ഒരു ഇബാദത്തും, അമലുസ്വാലിഹാത്തും റബ്ബിങ്കല്‍ പ്രതിഫലാര്‍ഹമല്ല എന്നു സാരം. ഇഖ്‌ലാസിന് നിഷ്‌കളങ്കത ആത്മാര്‍ത്ഥത എന്നൊക്കെ നാം അര്‍ത്ഥം പറയാറുണ്ട്. ചെയ്യുന്ന ആരാധന അല്ലാഹുവിന് മാത്രം എന്ന മനസ്സിന്റെ ഉറപ്പാണ് ഇഖ്‌ലാസ്വ്. തൗഹീദിന്റെ മര്‍മ്മമാണത്. അല്ലാഹു പറഞ്ഞു:

ഇഖ്‌ലാസുള്ളവരായി അല്ലാഹുവിന് കീഴ്‌പ്പെട്ടുകൊണ്ട് ഋജുമനസ്‌കരായി അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. സുറത്തുല്‍ ബയ്യിനയിലെ അഞ്ചാമത്തെ ആയത്തിന്റെ താത്പര്യമാണിത്.

നാം അനുഷ്ഠിക്കുന്ന നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ ഇബാദത്തുകളും അല്ലാഹുവിന്നു വേണ്ടി മാത്രമാകണം എന്നത് നിര്‍ബന്ധമാണ്‌. അവനില്‍ വിശ്വസിച്ചും അവനില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചുമാകണം നമ്മുടെ കര്‍മ്മങ്ങള്‍. വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ നല്‍കിയ പാഠം പ്രത്യേകം ശ്രദ്ധിച്ചുനോക്കുക: റമദാനില്‍ ഈമാനോടെയും പ്രതിഫലേച്ഛയോടെയും നോമ്പെടുക്കുന്നവന്ന്, അവന്‍ മുമ്പ് ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി) നോമ്പനുഷ്ഠാനത്തില്‍ കളങ്കമില്ലാത്ത ഈമാനും പ്രതിഫലേച്ഛയും നിര്‍ബന്ധമാണ് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരേ, നാമിന്ന്‌ നോമ്പിലാണ്. തീര്‍ത്തും ഇഖ്‌ലാസോടെയാണ് നമ്മുടെ നോമ്പ്. നമ്മുടെ നോമ്പിനെ ആര്‍ക്കും വിലയിരുത്താനാകില്ല. നമ്മുടെ നോമ്പിന് തക്കതായ പ്രതിഫലം നല്‍കാനും ആര്‍ക്കും സാധ്യമല്ല. നോമ്പിന്റെ വിഷയത്തില്‍ വന്നിട്ടുള്ള ഒരു ഖുദ്‌സിയായ ഹദീസ് ശ്രദ്ധിക്കുക. മനുഷ്യന്റെ എല്ലാ കര്‍മ്മങ്ങളും അവന്നുള്ളതാണ്. നോമ്പൊഴികെ, അത് എനിക്കുള്ളതാണ്. ഞാനാണ് അവന്ന് പ്രതിഫലം നല്‍കുന്നത്. (ബുഖാരി)

അടിമകള്‍ നിര്‍വഹിക്കുന്ന മറ്റു ആരാധനാ കര്‍മ്മങ്ങള്‍ അല്ലാഹുവിന്നുള്ളതല്ലെന്നും അതിന്ന് അല്ലാഹു പ്രതിഫലം നല്‍കുകയില്ല എന്നും പഠിപ്പിക്കാനാല്ല ഈ ഹദീസ്. മറിച്ച് നോമ്പല്ലാത്ത വേറെ ഏത് കര്‍മ്മത്തിലും ചെറിയ ശിര്‍ക്ക് അഥവാ അന്യര്‍ കാണട്ടെ എന്ന ചിന്ത വരാം. നോമ്പങ്ങനെയില്ല. അത് നോമ്പുകാരനും അല്ലാഹുവും മാത്രമറിയുന്ന ആരാധനയാണ്.

ചുരുക്കത്തില്‍ പൂര്‍ണ്ണമായ ഈമാനോടെ പൂര്‍ണ്ണമായ ഇഖ്‌ലാസോടെ ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പരമാവധി പരിശ്രമിക്കുക. അതിന്ന് തൗഫീഖ് ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

Source: www.nermozhi.com