റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍

1182

റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ.

പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്. ജീവിതത്തിന് ഭക്തിയും സൂക്ഷ്മതയും കാര്യബോധവും നൽകുന്ന വിശുദ്ധമായ ആരാധനയാണ് നോന്പ്.

“സത്യവിശ്വാസികളേ, നിങ്ങളുടെ മുന്പുള്ളവരോട് കൽപിച്ചിരുന്നതുപോലെത്തന്നെ നിങ്ങൾക്കും നോന്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തക്വ്-വയുള്ളരാകുവാൻ വേണ്ടിയത്രെ അത്.” (ബക്വറ/183)

റമദാനന്പിളി പിറവികൊണ്ടാൽ പ്രവാചകൻ സ്വഹാബത്തിനെ ആവേശപൂർവ്വം, സസന്തോഷം ഉണർത്തുമായിരുന്നു: “ഇതാ, അനുഗ്രഹങ്ങൾ നിറഞ്ഞ റമദാൻ നിങ്ങളിലേക്കെത്തിയിരിക്കുന്നു. അതിലെ നോന്പനുഷ്ഠാനം അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. അതിൽ ആകാശവാതിലുകൾ തുറക്കപ്പെടുന്നതാണ്. അതിൽ നരകകവാടങ്ങൾ അടയ്ക്കപ്പെടുന്നതാണ്. അതിൽ പിശാചുക്കൾ ബന്ധിക്കപ്പെടുന്നതുമാണ്. അതിലാണ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ രാത്രിയുള്ളത്; അതിലെ നന്മകൾ നഷ്ടമായവന്ന്, എല്ലാ നന്മകളും നഷ്ടമായതുതന്നെ.” (നസാഈ)

ഹേ, നന്മകളെ പ്രണയിക്കുന്നവരേ, കടന്നുവരിക, തിന്മകളെ പ്രണയിക്കുന്നവരേ, മതിയാക്കുക എന്ന ആഹ്വാനവുമായാണ് വിശുദ്ധ റമദാനിൻറെ ആഗമനം. സത്യവിശ്വാസികൾ ആത്മഹർഷത്തോടെ സ്വീകരിക്കേണ്ടുന്ന ആഹ്വാനമാണത്.

അല്ലാഹുവിനോടുള്ള കൂറും സ്നേഹവും വിശ്വാസിയിൽ നിറഞ്ഞൊഴുകുന്ന ദിനരാത്രങ്ങളാണ് റമദാനിലേത്. പിന്നിട്ട ജീവിത നിമിഷങ്ങളേയും കർമ്മങ്ങളേയും വിചാരണചെയ്ത് തിരുത്തിനും കരുത്തിനും അവസരമേകുന്ന രാപ്പകലുകൾ! ഹൃദയത്തിൽ ഈമാനിൻറെ വെട്ടമുള്ള ആർക്കാകും ഈ മാസത്തെ അലസമായി തള്ളിനീക്കാൻ? അതിലെ നന്മകളെ അവഗണിക്കാൻ? അതിൻറെ ചാരത്തിരുന്ന് കരയാനും പറയാനും പശ്ചാത്തപിച്ച് ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കാനും മടികാണിക്കാൻ? തീർച്ച, ഒരു മുഅ്മിനിന്നും അതിന്നാകില്ല. അല്ലാഹുവേ ഞങ്ങൾക്കു നീ തൌഫീക്വ് നൽകിയാലും.

ജീവിത പരിസരങ്ങളിൽ നിന്ന് പാപങ്ങളേറെയേറ്റിട്ടുണ്ട് നമ്മുടെയൊക്കെ തനുസ്സിലും മനസ്സിലും. അതിൽ നിരാശപ്പെടേണ്ടതില്ല. റമദാനിലെ നോന്പ് നമ്മിൽ പ്രതീക്ഷ നിറയ്ക്കുന്ന ആരാധനയാണ്. ദയാനിധിയായ അല്ലാഹു നമുക്കായി ഏർപ്പെടുത്തിയ ഔദാര്യമാണത്.

അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവിൻറെ ദൂതൻ അരുളുകയുണ്ടായി: “ആരാണൊ, ഈമാനോടെയും ഇഹ്തിസാബോടെയും അഥവാ പ്രതിഫലേച്ഛയോടെയും റമദാനിൽ വ്രതമെടുക്കുന്നത്, അവൻറെ ഗതകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (മുസ്ലിം)

എല്ലാ നന്മകളും നിറഞ്ഞ റമദാനിനെ, അതിലെ മുഴുവൻ നന്മകളും ഹൃദയപൂർവ്വം സ്വീകരിക്കാനായി നമുക്കൊന്നിച്ച് വരവേൽക്കാം. ഇനി സൽകർമ്മങ്ങളുടെ നിമിഷങ്ങളാണ്. നോന്പിനോടൊപ്പം, ദിക്റുകളായി, ദുആഉകളായി, ക്വുർആൻ പാരായണമായി, സ്വദക്വകളായി, തൌബയായി, ഇസ്തിഗ്ഫാറായി, തറാവീഹായി.. അങ്ങനെയങ്ങനെ ഓരോരൊ സൽപ്രവർത്തനങ്ങളോടൊപ്പം ആഹ്ലാദത്തോടെ ജീവിക്കാം. റമദാനിലെ ഒരു നിമിഷവും പാഴായിപ്പോകരുത്. അല്ലാഹുവേ, ഈ പവിത്ര റമദാനിനെ ഈമാനിൻറെയും ഐശ്വര്യത്തിൻറെയും, ഇസ്ലാമിൻറെയും സുരക്ഷയുടേയും മാസമാക്കി, ഞങ്ങൾക്കു നീ ദയാപൂർവ്വം നൽകേണമെ.