പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക

1157

മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ അല്ലാഹുവിനെ ഭയന്നു ജീവിക്കാനുള്ള തഖ് വയും തൗഫീഖുമാണ്. ഇവയൊന്നും വെറുതെ ലഭ്യമാകില്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഇത് ആത്മവിചാരണയുടേയും ഖേദത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും മാസമാണ്. മനുഷ്യരാണു നാം. പാപങ്ങളും തെറ്റുകുറ്റങ്ങളും ഏറിയൊ കുറഞ്ഞൊ നമ്മുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അവ ബാധിക്കും എന്നത് സത്യമാണ്. പാപരഹിതരായി ജീവിക്കാന്‍ നമുക്ക് സാധ്യമല്ല. അതു കൊണ്ട് തന്നെ കരുണാമയനായ അല്ലാഹു, എന്‍റെയും നിങ്ങളുടേയും ദിനേനയുള്ള മനഃശുദ്ധീകരണത്തിന് അവസരങ്ങളും ഉപാധികളും നല്‍കിയിട്ടുണ്ട്. അത്തരമൊവസരമാണ് വ്രതകാലമായ റമദാന്‍ മാസം.
പാപം ശിക്ഷാര്‍ഹമാണ്. പക്ഷെ, നമ്മളൊക്കെ പാപം ചെയ്യുന്നതും നോക്കി പടച്ച തമ്പുരാന്‍ ഉടനെ പിടിച്ചു ശിക്ഷിക്കാന്‍ കാത്തുനില്‍ക്കുന്നില്ല. അല്ലാഹുവിനിഷ്ടം പശ്ചാത്തപിക്കുന്നവരേയും ശുദ്ധികൈവരിക്കുന്നവരേയുമാണ്. അല്ലാഹു നമുക്ക് നല്‍കുന്ന ഒരു സന്തോഷവര്‍ത്തമാനമുണ്ട് വിശുദ്ധ ഖുര്‍ആനില്‍.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (സുമര്‍: 53)

ജീവിതത്തിലുണ്ടാകുന്ന പാപങ്ങളുടെ ചെറുപ്പ വലുപ്പങ്ങളിലേക്കല്ല നാം നോക്കേണ്ടത്. ഏതു പാപവും അല്ലാഹുവിന്‍റെ കണ്‍മുന്നില്‍ വെച്ചാണല്ലൊ ഞാന്‍ ചെയ്യുന്നത് എന്ന പേടിയാണ് വേണ്ടത്. അപ്പോഴാണ് എത്രയും വേഗത്തില്‍ അല്ലാഹുവിനോട് മാപ്പിരക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

അമ്മാര്‍ ബ്നു യാസിര്‍(റ)ന്‍റെ ഒരു ചരിത്രമുണ്ട്. അദ്ദേഹം മുസ്ലിമായ ആദ്യകാലം. മുശ്രിക്കുകള്‍ അദ്ദേഹത്തേയും കുടുംബത്തേയും ക്രൂരമായി ദ്രോഹിച്ചു. അവര്‍ അദ്ദേഹത്തോട് പറഞ്ഞൂ, അമ്മാര്‍, ഞങ്ങളുടെ ദൈവത്തെ നീ പുകഴ്ത്തിപ്പറഞ്ഞാല്‍, മുഹമ്മദിനെപ്പറ്റി നീ ചീത്തപറഞ്ഞാല്‍ നിന്നെ ഞങ്ങള്‍ വെറുതെ വിടുന്നതാണ്. മുശ്രിക്കുകളുടെ മൃഗീയമായ വേട്ടയാടലില്‍ തളര്‍ന്നുപോയിരുന്നു അമ്മാര്‍(റ). കണ്‍മുന്നില്‍ വെച്ച് പ്രിയപ്പെട്ട മാതാവ് ഹൃദയഭേദകമാം വിധം കൊല്ലപ്പെട്ടിരിക്കുന്നു. തൊട്ടരികില്‍ പിതാവ് യാസിര്‍ മര്‍ദ്ദനങ്ങളേറ്റ് വിവശനായിക്കിടക്കുകയാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അദ്ദേഹം മുശ്രിക്കുകള്‍ ആവശ്യപ്പെട്ടതു പ്രകാരം പറഞ്ഞു. ബന്ധനമുക്തനായ അമ്മാര്‍(റ) നേരെ ചെന്നത് പ്രവാചകന്‍റടുത്തേക്കാണ്. പശ്ചാത്താപ വിവശനായ അദ്ദേഹം ഉണ്ടായതെല്ലാം വ്യസന സമേതം പ്രവാചകനോട് പറഞ്ഞു. നബി(സ്വ) ചോദിച്ചു: അപ്രകാരം പറയുന്ന സമയത്ത് നിന്‍റെ മാനസികാവസ്ഥ എന്തായിരുന്നു അമ്മാര്‍? അദ്ദേഹം പറഞ്ഞു: വിശ്വാസത്താല്‍ എന്‍റെ മനസ്സ് ശാന്തമായിരുന്നു പ്രവാചകരേ. എങ്കില്‍ പശ്ചാത്തപിക്കുക. നബി(സ്വ) അദ്ദേഹത്തെ സമാശ്വപ്പിച്ചു വിട്ടു. സൂറത്തു നഹ് ലിലെ 106ാമത്തെ വചനം അദ്ദേഹത്തിന്‍റെ വിഷയത്തില്‍ അവതരിപ്പിക്കപ്പെട്ടതാണെന്ന് തഫ്സീറുകളില്‍ വായിക്കാനാകും.

സല്‍കര്‍മ്മ മനസ്കരായ വിശ്വാസികളുടെ സ്വഭാവമായി ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്.

وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ

വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- (ആലു ഇംറാന്‍: 135)

തെറ്റ് ബോധ്യപ്പെടുന്ന അതേ സമയത്ത് അല്ലാഹുവിലേക്ക് ഖേദിക്കുകയും തൗബ ചെയ്യുകയും ഇസ്തിഗ്ഫാര്‍ നടത്തുകയുയും ചെയ്യുന്നവരാകണം നമ്മള്‍. ഒന്നും നാളേക്ക് നീട്ടിവെക്കരുത്. റമദാനില്‍ ജീവിക്കാനായിട്ട് അല്ലാഹുവില്‍ നിന്ന് പാപമോചനം ലഭിക്കാനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പാടാതിരിക്കുന്നവന് നാശം എന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

സഹോദരങ്ങളെ, എല്ലാം റബ്ബിനോട് ഏറ്റുപറയുക. അവന്‍ ഏറെപ്പൊറുക്കുന്നവനാണ്. ധാരാളം കരുണ ചൊരിയുന്നവനുമാണ്. അവന്‍റെ റഹ്മത്ത് പ്രവിശാലമാണ്. നിരാശയില്ലാതെ എന്നും എന്തും അവനോട് ചോദിച്ചു കൊണ്ടിരിക്കുക നാം. അവനോട് ചോദിക്കുന്നത് അല്ലാഹുവിന്ന് ഇഷ്ടമാണ്. പ്രപഞ്ച നാഥന്‍ നമ്മുടെ പശ്ചാത്താപങ്ങള്‍ സ്വീകരിച്ച് മാപ്പു നല്‍കട്ടെ എന്ന് മനസ്സറിഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കാം.