ഈ പാശത്തിൻറെ ഒരറ്റം നമ്മുടെ കയ്യിലാണ്

797

പ്രിയപ്പെട്ടവരെ, വിശുദ്ധ റമദാനിലാണ് നാം. അതിലെ ആദ്യത്തെ വ്രതാനുഷ്ഠാനത്തില്‍ നാം പ്രവേശിച്ചു കഴിഞ്ഞു. നമുക്കറിയാം ഇത് വിശുദ്ധ ഖുര്‍ആനിന്‍റെ മാസമാണ്. ഖുര്‍ആനിനെ സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയിൽ സന്ദേശമായി നല്‍കുന്നത്.

عن أبي شريح الخزاعي رضي الله عنه قال: ((خرج علينا رسول الله صلى الله عليه وسلم فقال: أَبْشِرُوا، وأَبْشِرُوا أَلَيْسَ تَشْهَدُونَ أَنَّ لا إِلَهَ إِلا اللَّهُ وَأَنِّي رَسُولُ اللَّهِ؟ قَالُوا: بَلَى، قَالَ: إِنَّ هَذَا الْقُرْآنَ سَبَبٌ طَرَفُهُ بِيَدِ اللَّهِ، وَطَرَفُهُ بِأَيْدِيكُمْ، فَتَمَسَّكُوا بِهِ؛ فَإِنَّكُمْ لَنْ تَضِلُّوا، وَلَنْ تَهْلَكُوا بَعْدَهُ أَبَدًا (صحيح ابن حبان)

അബൂ ശുറൈഹ് അൽഖുസാഈ(റ) നിവേദനം. അദ്ദേഹം പറയുകയാണ്. ഒരിക്കല്‍ അല്ലാഹുവിന്‍റെ റസൂല്‍(സ്വ) ഞങ്ങളിലേക്ക് വന്നു കൊണ്ട് പറഞ്ഞു: നിങ്ങള്‍ സന്തോഷിക്കുവീന്‍, നിങ്ങള്‍ സന്തോഷിക്കുവീന്‍. അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധ്യനില്ല എന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നില്ലെ? ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്നും നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നില്ലെ? അവര്‍ പറഞ്ഞു: അതെ റസൂലേ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിശ്ചയം ഈ ഖുര്‍ആന്‍ ഒരു കയറാണ്, പാശമാണ്. ഇതിന്‍റെ ഒരറ്റം അല്ലാഹുവിന്‍റെ കയ്യിലാണ്. ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. ആകയാല്‍ നിങ്ങളിതിനെ മുറുകെപ്പിടുക്കുക. എങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയോ, നാശത്തിലകപ്പെടുകയോ ഇല്ല. (ഇബ്നു ഹിബ്ബാന്‍)

പ്രിയപ്പെട്ടവരെ, അല്ലാഹുവിന്‍റെ കരുത്തുറ്റ കയറാണ് വിശുദ്ധ ഖുര്‍ആന്‍. അതിനെ മുറുകെ പിടിച്ചുകൊണ്ടാകണം നമ്മുടെ ജീവിതം എങ്കില്‍ നരകത്തിലേക്കൊ നാശത്തിലേക്കൊ എത്തിക്കും വിധമുള്ള ഒരു വഴികേടിലും പെടാതെ നമുക്ക് രക്ഷപ്രാപിക്കാന്‍ സാധിക്കുന്നതാണ്. സ്വാര്‍ഗ്ഗപ്രവേശനത്തിന് നമുക്ക് തൗഫീഖ് ലഭിക്കുന്നതും ഖുര്‍ആനിനുസരിച്ച് ജീവിക്കുന്നത് മുഖേനയാണ്. അല്ലാഹു നമ്മെ അുഗ്രഹിക്കട്ടെ.