സഹോദരിമാരെ, റമദാനിലാണു നാം

622

പ്രിയ സഹോദരിമാരെ, റമദാന്‍ നമുക്കരികില്‍ എത്തി എത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മള്‍ റമദാനിനെ യാത്രയാക്കുമ്പോള്‍ ഇനിയൊരു റമദാന്‍ കൂടി നമ്മിലേക്ക് വന്നെത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും നമ്മളൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ നോമ്പെടുത്തവരില്‍ പലരും ഇന്നില്ല. വിശുദ്ധ റമദാനിലേക്ക് ഇനിയും ദിവസങ്ങളുണ്ടെന്നറിയാം. അത്രയും ദിവസം നാം ജീവിച്ചിരിക്കുമൊ എന്നറിയുകയുമില്ല. എന്നാലും നമ്മളെല്ലാവരും പ്രതീക്ഷിയിലാണ്. അല്ലാഹുവേ ഞങ്ങളെ നീ റമദാനിലേക്ക് എത്തിച്ചാലും എന്ന് നമുക്കെല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

പ്രിയ സഹോദരികളെ, നമ്മളിന്ന് ജിവിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. രോഗവും ആധിയും മരണവുമൊക്കെ മനുഷ്യരെ ഭീതിയിലാഴ്ത്തിയിട്ടുള്ള പ്രത്യേക സാഹചര്യത്തിൽ. എല്ലാവരും തങ്ങളുടെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. ഇത്തരമൊരവസ്ഥയിലാണ് റമദാനിന്‍റെ കടന്നുവരവ്. ഇന്ന് നമുക്ക് ധാരാളം സമയമുണ്ട്. അതു കൊണ്ടു തന്നെ ഈ റമദാനില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇബാദത്തുകളും പുണ്യകര്‍മ്മങ്ങളും കൃത്യതയോടെ നിര്‍വഹിക്കാനും നമുക്ക് സാധിക്കും.

പ്രിയ സഹോദരിമാരെ, സ്ത്രീകളെന്ന നിലയ്ക്ക് നോമ്പുകാലത്ത് നമ്മളില്‍ നിന്ന് കൂടുതലും കവര്‍ന്നെടുക്കുന്നത് അടുക്കളകളാണ്. അത്താഴമൊരുക്കാനും ഇഫ്താര്‍ വിഭവങ്ങളൊരുക്കാനുമൊക്കെയായി, റമദാനല്ലാത്ത മാസങ്ങളേക്കാള്‍ നാം കൂടുതലും അടുക്കളകളില്‍ ചെലവഴിക്കുന്നുണ്ട്. റമദാന്‍ നമ്മുടേതാണ്. നമുക്കു കൂടിയുള്ളതാണ്. അതിലെ ഓരൊ രാവും പകലും നമ്മുടെ പരലോകത്തിന് ഉപകാരപ്രദമായതാക്കാന്‍ നമ്മളാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ ഭര്‍ത്താക്കന്മാര്‍ അത്താഴത്തിനും ഇഫ്താറിനുമായി ഇന്നിന്ന വിഭവങ്ങള്‍ വേണമെന്ന് പറഞ്ഞ് നമ്മളെക്കൊണ്ട് അവയൊന്നും ഉണ്ടാക്കിക്കുകയല്ല. നമ്മള്‍ സ്വയം റസീപ്പികള്‍ നോക്കി ഉണ്ടാക്കുകയാണ്. അതിന്ന് വേണ്ടി നമ്മള്‍ തന്നെയാണ് സമയം കളയുന്നത്.

പ്രിയ സഹോദരിമാരെ, നമ്മുടെ ഭര്‍ത്താക്കന്മാരും ഉപ്പമാരുമൊക്കെ അവരുടെ റമദാന്‍ ദിനങ്ങള്‍ ആരാധനാ കര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ നാം നമ്മുടെ സമയം അടുക്കളകളില്‍ മാത്രമായി തളച്ചിടരുത്. വിശുദ്ധ ഖുര്‍ആനിന്‍റെ മാസമാണ് റമദാന്‍ എന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ, ഖുര്‍ആനുമായി കൂടുതല്‍ സമയം ചെലവഴിക്കുക. ഓതാനും അര്‍ത്ഥം പഠിക്കാനും ആശയം ഗ്രഹിക്കാനുമൊക്കെ ശ്രദ്ധിക്കുക. നമസ്കാരങ്ങള്‍ കൃത്യ സമയത്തു തന്നെ നിര്‍വഹിക്കുക. അടുക്കളകളാണ് മിക്ക സമയത്തും നമ്മുടെ നമസ്കാരങ്ങളെ കൃത്യസമയത്ത് നിര്‍വഹിക്കുന്നതില്‍ നിന്നും തടയുന്നത്. സുന്നത്തു നമസ്കാരങ്ങള്‍ നിര്‍വഹിക്കാതെ പോകരുത്. പ്രാര്‍ത്ഥനകള്‍ നിരന്തരമുണ്ടാകണം. റമദാന്‍ ഇസ്തിഗ്ഫാറിന്‍റെയും തൗബയുടേയും കൂടി മാസമാണ്. ഖേദിക്കാനും പശ്ചാത്തപിക്കാനും മറക്കരുത്. കാരുണ്യവാനായ അല്ലാഹു നമുക്ക് മാപ്പു നല്‍കാനും കരുണചൊരിയാനും കാത്തു നില്‍ക്കുകയാണ്.

പ്രിയ സഹോദരിമാരെ, ദിക്റുകള്‍ ധാരാളം ചൊല്ലിക്കൊണ്ടിരിക്കണം. എല്ലാം പരലോകത്തേക്ക് ഉപകാരപ്പെടുന്നവയാണ്. ദിക്റുകളാല്‍ ചുണ്ടുകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ അല്ലാഹുവിനെ കണ്ടുമുട്ടാനായാല്‍ വളരെ സൗഭാഗ്യമാണത്. ഹൃദയം ശുദ്ധീകരിക്കാന്‍ ഈ റമദാനില്‍ നമുക്കാകണം. ‘മനസ്സിനെ വിമലീകരിച്ചവന്‍ വിജയിച്ചു’ എന്ന് ഖുര്‍ആന്‍ പറഞ്ഞത് നമുക്ക് അറിയാമല്ലൊ. ശുദ്ധമായ മനസ്സുമായി അല്ലാഹുവിനെ സമീപിക്കുന്നവര്‍ക്കാണ് സ്വര്‍ഗ്ഗം ലഭിക്കുക എന്നും നമുക്കറിയാം. സ്വഭാവങ്ങള്‍ നന്നാക്കാനുള്ള അവസരമാണ് റമദാനിലെ ദിവസങ്ങള്‍. വെറും ഭക്ഷണ പദാര്‍ത്ഥങ്ങളൊഴിവാക്കി പട്ടിണി കിടക്കലല്ല വ്രതമെന്നത്. ചീത്ത സംസാരങ്ങളും മോശമായ പ്രവര്‍ത്തനങ്ങളും അവിവകേങ്ങളുമൊക്കെ ഒഴിവാക്കാത്ത ഒരാള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

പ്രിയ സഹോദരിമാരെ, റമദാനിലേക്ക് പ്രവേശിക്കും മുമ്പ് റമദാനിലെ ആരാധനാ കര്‍മ്മങ്ങള്‍ക്കുവേണ്ടി നമുക്കെല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി ഒരുങ്ങാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

Source: nermozhi.com