സഹോദരിമാരെ, അല്ലാഹുവിനെ ഭയന്നും അവനെ യഥാവിധി അനുസരിച്ചും ജീവിക്കേണ്ട അടിയാത്തികളാണ് നാമെല്ലാം. പരലോകത്ത് സ്വര്‍ഗം നേടുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. അതിന് നാം ചെയ്യേണ്ടത് നമ്മുടെ ജീവിതത്തെ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക എന്നതാണ്.
നല്ല വിശ്വാസങ്ങളും നല്ല ആരാധനകളും നമുക്ക് പഠിപ്പിച്ചുതന്ന ഇസ്‌ലാം നല്ല സ്വഭാവങ്ങളും പെരുമാറ്റ രീതികളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. വ്യക്തികളും വ്യക്തികളും തമ്മില്‍ പരസ്പരം ബന്ധപ്പെടാതെ ദുനിയാവില്‍ ആര്‍ക്കും ജീവിക്കാനാകില്ല. കെട്ടുറപ്പുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കാന്‍ വ്യക്തികള്‍ പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും ജീവിക്കണം.
നമ്മള്‍ വളരെ കൂടുതല്‍ കേട്ടിട്ടുള്ള സംഭവമാണ് മദീനയിലെ ഔസ് ഖസ്‌റജ് ഗോത്രങ്ങളുടെ പരസ്പര ശത്രുതയും യുദ്ധവുമെല്ലാം. ഇസ്‌ലാം എത്രപെട്ടെന്നാണ് അവരെ ഐക്യപ്പെടുത്തിയതും, അവരില്‍ സാഹോദര്യം വളര്‍ത്തിയതും!
ഖുര്‍ആന്‍ അക്കാര്യം ഇങ്ങനെയുണര്‍ത്തുന്നു:
”നിങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്നു എന്നിട്ട് നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കമുണ്ടാക്കി. അങ്ങനെ അവരന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (ആലു ഇംറാന്‍: 103)
സഹോദരിമാരേ, സാഹോദര്യത്തിനും ഐക്യത്തിനും ഇസ്‌ലാം കല്‍പിക്കുന്ന വില അമൂല്യമാണ് എന്നത്രെ ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത്.
ഹൃദയമിണങ്ങിക്കഴിയാന്‍ വിശ്വാസികള്‍ക്കാകുന്നത് അല്ലാഹുവിന്റെ അനുഗ്രഹംമൂലമാണ് എന്നും നാം തിരിച്ചറിയുന്നു. മുസ്‌ലിംകളെല്ലാവരും സഹോദരങ്ങളാണെന്നും അവര്‍ക്കിടയില്‍ എപ്പോഴും നന്മയുണ്ടാക്കാന്‍ ശ്രമിക്കണമെന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്.
”തീര്‍ച്ചയായും വിശ്വാസികള്‍ സഹോദരങ്ങളാകുന്നു. അതിനാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക.” (ഹുജുറാത്ത്: 10) അഥവാ അവര്‍ക്കിടയില്‍ നന്മയുണ്ടാക്കുക എന്നര്‍ഥം.
സഹോദരിമാരേ, ജീവിതത്തെ ധന്യമാക്കുന്ന സല്‍ഗുണങ്ങള്‍ മുഴുവന്‍ ഇസ്‌ലാം നമുക്ക് നല്‍കിയിണ്ട്. നബി(സ്വ) വന്നതു തന്നെ അത്തരം സദ്ഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയായിരുന്നുവല്ലൊ? പ്രവാചകന്‍ (സ്വ) തന്നെ അത് വ്യക്തമാക്കിയതാണ്. സ്വഹാബികളുടേയും സ്വഹാബീ വനിതകളുടേയും ജീവിതം പരിശോധിച്ചാല്‍ പ്രവാചക തിരുമേനി പറഞ്ഞത് നൂറു ശതമാനവും ശരിയാണ് എന്ന് കാണാന്‍ സാധിക്കും.
നമുക്കിടയിലെ സ്‌നേഹവും സാഹോദര്യവും ഐക്യവുമൊക്കെ തകര്‍ക്കുന്ന ദുസ്വഭാവങ്ങള്‍ നമ്മളില്‍ തന്നെ കാണാന്‍ സാധിക്കും. നമുക്കിടയില്‍ പരസ്പരം ശത്രുത വളരാന്‍, ശപിക്കപ്പെട്ട പിശാച് തോന്നിപ്പിക്കുന്ന ദുസ്വഭാവമാണ് ഗീബത്ത് അഥവാ പരദൂഷണം.
ഇസ്‌ലാം ഏറെ വെറുക്കുന്ന സംഗതിയാണത്. സാധരണയായി പരദൂഷണം പെണ്ണുങ്ങളോട് ചേര്‍ത്താണ് പറയപ്പെടാറ്. കൂടുതല്‍ ഒഴിവ് സമയം അവര്‍ക്ക് കിട്ടുന്നത് കൊണ്ട് അവരാണ് കൂടുതല്‍ ഒരുമിച്ചിരുന്ന് സംസാരിക്കാറ്.
അത് കൊണ്ടായിരിക്കും പരദൂഷണം അവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്നത്. സത്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരിലും കാണപ്പെടുന്ന ദുഷിച്ച സ്വഭാവമാണ് പരദൂഷണം.
സൂറത്തു ഹുജുറാത്തിലെ പന്ത്രണ്ടാം ആയത്തിന്റെ സാരം ഈ വിഷയത്തില്‍ വളരെ സുപ്രധാനമാണ്. അല്ലാഹു പറയുന്നു:
”നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (ഹുജുറാത്ത്: 12)
സഹോദരിമാരേ, ആരും സല്‍സ്വഭാവങ്ങളില്‍ പൂര്‍ണ്ണതയുള്ളവരല്ല. എല്ലാവരിലും കാണും അപാകതകള്‍. സഹോദരങ്ങളുടെ തെറ്റു കുറ്റങ്ങള്‍ കണ്ടപിടിക്കുന്നതിലും, അവ പൊതു ജനസമക്ഷം പ്രചരിപ്പിക്കുന്നതിലും നമ്മളൊരിക്കലും ശ്രദ്ധയൂന്നരുത്. അത് ചപ്പുചവറുകളും മാലിന്യങ്ങളും മാത്രം തോണ്ടിയിടുന്ന കാക്കയുടെ സ്വഭാവമാണ്.
അല്ലാഹുവിന്റെ റസൂല്‍ (സ്വ) ഒരിക്കല്‍ സ്വഹാബികളോട് പറഞ്ഞു: ‘നിങ്ങള്‍ അന്യരുടെ ദൂഷ്യങ്ങളെടുത്ത് പറയരുത്.’ അവര്‍ ചോദിച്ചു: ‘ഞങ്ങള്‍ പറയുന്നത് ഒരാളില്‍ ഉള്ള കാര്യമാണെങ്കിലോ, റസൂലേ? അത് പറയുന്നത് ഗീബത്താകുമൊ?’ നബി(സ്വ) പറഞ്ഞു: ‘ഒരാളില്‍ ഉള്ള പോരായ്മകള്‍ പറയലാണ് ഗീബത്ത് അഥവാ പരദൂഷണം. അവനില്‍ ഇല്ലാത്തതാണ് പറയുന്നതെങ്കില്‍ അവന്റെ പേരില്‍ കളവ് ആരോപിക്കലാണ്.’ രണ്ടായാലും ശരി, അവ പാപമാണെന്ന് പഠിപ്പിക്കുകയായിരുന്നു നബി തിരുമേനി(സ്വ).
സഹോദരിമാരേ, പരദൂഷണം കൊണ്ട് എന്തെല്ലാം വിപത്തുകളാണ് വ്യക്തികള്‍ക്കിടയില്‍ ഉടലെടുക്കുന്നത്? കുടുംബാംഗങ്ങള്‍ക്കിടയില്‍, സൃഹൃത്തുക്കള്‍ക്കിടയില്‍, അയല്‍വാസി കള്‍ക്കിടയില്‍ പകയും പരനിന്ദയുമുണ്ടാക്കുന്നത് ഈ ദുഷിച്ച സ്വഭാവമാണ്. പരദൂഷണം കൊണ്ട് ദുനിയാവില്‍ എന്തെങ്കിലും നേട്ടം കൊയ്ത ഒരാളുമില്ലെന്നതാണ് നേര്. ഈ വസ്തുത അറിയുന്നവരാണെങ്കിലും നമ്മളിലധികം പേരും ഈ രംഗത്ത് സജീവരാണ്. അല്ലാഹുവും അവന്റെ റസൂലും വിലക്കിയ ഗീബത്തെന്ന പ്രവണത യഥാര്‍ത്ഥ ദൈവഭക്തി കൊണ്ടേ നമുക്ക് നിയന്ത്രിച്ചു നിര്‍ത്താനാകൂ.
ഗീബത്തിന് ചെറുപ്പ വലിപ്പമില്ല. വിശ്വാസികളുടെ പ്രിയപ്പെട്ട മാതാവ് ആയിഷ(റ)യുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം പറയട്ടെ. പ്രവാചകന്റെ അടുത്തുവെച്ച് അവരൊരിക്കല്‍ തിരുമേനിയുടെ മറ്റൊരു ഭാര്യയായ സ്വഫിയ്യ(റ)യെപ്പറ്റി, ‘ആ കുള്ളിപ്പെണ്ണല്ലെ’ എന്ന് പറയുകയുണ്ടായി. സ്വഫിയ്യ(റ)ന്റെ അഭാവത്തില്‍ അവരെപ്പറ്റി ആയിഷ(റ) പറഞ്ഞ ഈ ദൂഷണം നബി(സ്വ)യില്‍ വേദനയുണ്ടാക്കി. അദ്ദേഹം പറഞ്ഞു: ”ആയിഷാ, ഇത് വല്ലാത്തൊരു വാക്കാണ്. കടലില്‍ കലക്കിയാല്‍ അതിലെ ജലം മുഴുവന്‍ വിഷമയമാക്കുന്ന കടുത്ത വാക്ക്!” ഈ സംഭവത്തെ മുന്നില്‍ വെച്ച് ഒരിക്കല്‍ കൂടി പറയട്ടെ; സഹോദരിമാരേ, ഗീബത്തിന് ചെറുപ്പ വലിപ്പമില്ല!
കൂട്ടുകാരികളോടൊത്ത് വര്‍ത്തമാനത്തിനിരിക്കുമ്പോള്‍, അവരുമായി ഫോണിലൂടെ സംസാരിക്കുമ്പോള്‍ അന്യരെപ്പറ്റി ദൂഷണം പറയാന്‍ നാവ് ചൊറിഞ്ഞു വരും. പിശാചതിന് ആക്കം കൂട്ടും. പിന്നെ, ലക്കും ലഗാനുമില്ലാതെ, സ്വന്തം ഉടപ്പിറപ്പുകളെക്കുറിച്ച് പലതും പറഞ്ഞു കൂട്ടം.
സഹോദരീ, സംസാരത്തിനൊടുവില്‍, ”ഞാന്‍ ഗീബത്ത് പറയ്യ്യല്ലാട്ടൊ” എന്ന് ജാമ്യമെടുത്താല്‍ അല്ലാഹുവിങ്കല്‍ അത് മാപ്പിന് സ്വീകാര്യമായിത്തീരില്ല.
പരദൂഷണം പറയുന്നതു പോലെത്തെന്ന പാപമാണ്, അത് കേള്‍ക്കാനിരിക്കുന്നതും. ‘നൂനിപ്രിയ’രായ എത്രപേരാണ് നമ്മിലുള്ളതെന്നൊ! ആരാന്റെ പച്ചമാംസം എത്ര രുചിയോടെയാണ് അവര്‍ ഭക്ഷിക്കുക! പരദൂഷണം പറയുന്നവര്‍ക്ക് എരിവുപകര്‍ന്ന്, സംഭാഷണത്തെ ശ്രവണരസമാക്കുന്ന ചില സഹോദരിമാരുണ്ട്. പറയുന്നവര്‍ക്കേല്ല കുറ്റം, കേള്‍ക്കുന്ന എനിക്കെന്ത് കുറ്റം? എന്ന ചിന്തയാണ് അവര്‍ക്ക്.
സത്യത്തില്‍, ഗീബത്ത് പറയുന്നവളും അത് ആവേശത്തോടെ കേള്‍ക്കുന്നവളും പാപത്തില്‍ തുല്യരാണ്. സഹോദരിമാരേ, അല്ലാഹുവിന്റെ കോപത്തിനിരയാക്കുന്ന ഈ പണി വേണൊ നമുക്ക്? ശരിയാണ്; അന്യരുടെ പച്ച മാംസത്തിന് രുചിയേറും. പക്ഷെ, അരുത്; അത് തിന്നരുത്.