പ്രാര്‍ത്ഥന
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 14 സൂറത്തു അമ്പിയാഅ്, ആയത്ത് 87
പ്രാര്‍ത്ഥിച്ചത് ആര്
യൂനുസ് നബി(അ)
പ്രാര്‍ത്ഥനാ സന്ദര്‍ഭം
ഇറാഖിലെ നീനവ എന്ന പ്രദേശത്തേക്ക് നിയോഗിതനായ പ്രവാചകനാണ് യൂനുസ് (അ). അദ്ദേഹം തന്റെ ജനതയെ നിരന്തരം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവരദ്ദേഹത്തെ കളവാക്കി. തങ്ങളുടെ ബിംബാരാധനയിൽത്തന്നെ അവർ ജീവിതം പതിവാക്കി. ഇതിൽ അസ്വസ്ഥനായ യൂനുസ്(അ) അവരോട് കോപാകുലനാകുകയും നീനവ വിട്ടുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ യാത്ര സമുദ്രമാർഗ്ഗം കപ്പലിലായിരുന്നു. യാത്രാമധ്യേ കപ്പൽ കാറ്റിലും കോളിലുമകപ്പെട്ടു. ഇത്തരം അവസരങ്ങളിൽ യാത്രക്കാരുടെ സുരക്ഷക്കായി, കപ്പലിലെ യാത്രക്കാരിൽ ഒരാളെ കടലിലെറിയുന്ന ആചാരം അവർക്കിടയിലുണ്ടായിരുന്നു. കടലിലെറിയപ്പെടേണ്ട ആൾക്കായുള്ള നറുക്കെടുപ്പിൽ മൂന്നു പ്രാവശ്യവും പേരുവീണത് യൂനുസ് നബിയുടേതായിരുന്നു. അവസാനം അദ്ദേഹം കടലിലേക്ക് എറിയപ്പെട്ടു. കടലിൽ, വലിയൊരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. ഈ സന്ദർഭത്തിലാണ് യൂനുസ് പ്രവാചകൻ സവിനയം അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത്. ഇതു സംബന്ധിച്ച് ഖുർആനിലെ പ്രസ്താവന ഇങ്ങനെയാണ്:
ദുന്നൂനിനെയും (ഓര്‍ക്കുക), അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളിള്‍ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ യാതൊരു ഇലാഹുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകുയെ ദു:ഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (അമ്പിയാഅ്/87-88)
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ
നീയല്ലാതെ യാതൊരു ഇലാഹുമില്ല. നീ എത്ര പരിശുദ്ധന്‍!
إِنِّي كُنتُ مِنَ الظَّالِمِينَ
തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
നീയല്ലാതെ യാതൊരു ഇലാഹുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
(ആകയാൽ അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരികയും, ഞാൻ അകപ്പെട്ട അപകടത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ, എന്ന് സാരം)
*സാന്ത്വനം*
ക്ഷമയില്ലായ്മ നമ്മുടെ ജീവിതത്തിൽ പല അവിവേകങ്ങളും വരുത്തിവെക്കും. അല്ലാഹുവിനോട് നാം കാണിക്കുന്ന ലംഘനങ്ങൾ അധികവും ബോധപൂർവമായിരിക്കുകയില്ല. ചെയ്തുപോയ ഒരു പ്രവൃത്തി തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ ഉടനെ റബ്ബിനോട് മാപ്പിരക്കുക എന്നതാകണം നമ്മുടെ സ്വഭാവം. അങ്ങനെയുള്ള വിനയാന്വിതരെ അല്ലാഹു ആശ്വസിപ്പിക്കുന്നത് കാണുക:
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍, -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! (ആലുഇംറാന്‍/135, 136)
പ്രശ്‌ന സങ്കീര്‍ണ്ണതകളിലകപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ സത്യവിശ്വാസികളായ നമുക്കും ഈ പ്രാര്‍ത്ഥന ഉപകരിക്കുന്നതാണ്.
Source: www.nermozhi.com