സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 04

1692

പ്രാര്‍ത്ഥന

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ 

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 14 സൂറത്തു ഇബ്രാഹീം, ആയത്ത് 40

പ്രാര്‍ത്ഥിച്ചത് ആര്

ഇബ്രാഹീം നബി(അ)

പ്രാര്‍ത്ഥനാ സന്ദര്‍ഭം

ഇബ്റാഹീം നബി(അ) തന്റെ അവസാനകാലത്ത് റബ്ബിൽ നിന്നും ലഭിച്ച സന്താനാനുഗ്രഹങ്ങളെ ഓർക്കുകയും, അല്ലാഹുവിനെ പ്രകീർത്തിക്കുകയും അവന്ന് സ്തുതിപറയുകയും ചെയ്യുന്ന സന്ദർഭം, സൂറത്തു ഇബ്റാഹീം 39ൽ പ്രസ്താവിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: വാര്‍ദ്ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്. ഇതിനെ തുടർന്നാണ് ഇബ്റാഹീം നബി(അ) മേൽ പ്രസ്താവിക്കപ്പെട്ട പ്രാർത്ഥന നടത്തുന്നത്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ.

وَمِنْ ذُرِّيَّتِي

എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ)

رَبَّنَا وَتَقَبَّلْ دُعَاءِ

ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

*സാന്ത്വനം*

ആരാധനകളിൽ അതിശ്രേഷ്ഠമായതാണ് നമസ്കാരം. അല്ലാഹുവുമായി ദാസീ ദാസന്മാർ ഏറ്റവു കൂടുതൽ അടുത്തു നിൽക്കുന്ന സമയം നമസ്കാരത്തിലെ സൂജൂദിലാണ്. നിർബന്ധവും സമയനിർണ്ണിതവുമായ ഈ ഇബാദത്ത് കൃത്യനിഷ്ഠയോടെ നിലനിർത്താൻ സാധിക്കുന്നത് അല്ലാഹുവിൽ നിന്നുള്ള തൌഫീഖിലൂടെയാണ്. തന്നെയും സന്താനങ്ങളേയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാക്കേണമേ എന്ന പ്രാർത്ഥന പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്റാഹീം നബി(അ)യാണ് നടത്തുന്നത്. അദ്ദേഹത്തിൻറെ പ്രാർത്ഥനകൾക്ക് അല്ലാഹു ഉത്തരം നൽകിയിട്ടുണ്ട്. അതിനാൽ നമുക്കും പ്രാർത്ഥിക്കാം; നിരാശയില്ലാതെ.

Source: www.nermozhi.com