പ്രാര്‍ത്ഥന
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 11 സൂറത്തു ഹൂദ്, ആയത്ത് 47
പ്രാര്‍ത്ഥിച്ചത് ആര്
നുഹ് നബി(അ)
പ്രാര്‍ത്ഥനാ സന്ദര്‍ഭം
നൂഹ് നബി(അ) തന്റെ ജനതയുടെ നിഷേധവും പരിഹാസവും ദ്രോഹവും സഹിക്ക വയ്യാതായപ്പോള്‍ അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയുണ്ടായി. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. അഥവാ ഒരു കപ്പല്‍ നിര്‍മ്മിക്കാനും താനും തന്നില്‍ വിശ്വസിച്ചവരും അതിന്നുള്ളില്‍ അഭയം തേടാനും നൂഹ് നബി(അ)യോട് അല്ലാഹു കല്‍പ്പിച്ചു. അദ്ദേഹവും കുടെയുള്ളവരും അപ്രകാരം പ്രവവര്‍ത്തിക്കുകയും ചെയ്തു. സത്യനിഷേധികളെ നശിപ്പിക്കാനായി അല്ലാഹു ഒരു മഹാ പ്രളയമൊരുക്കി.
നൂഹ് നബി(അ)യുടെ ഭാര്യയും അദ്ദേഹത്തിന്റെ മകന്‍ കന്‍ആനും അവിശ്വാസികളുടെ കൂട്ടത്തില്‍ ആയിരുന്നു. ആ മഹാ പ്രളയത്തില്‍ തന്റെ മകന്‍ മുങ്ങിമരിക്കാന്‍ പോകുന്നൂ എന്ന് കണ്ടപ്പോള്‍, പുത്രവത്സലനായ അദ്ദേഹം, തന്റെ മകനെ രക്ഷിക്കണേ നാഥാ എന്ന് അല്ലാഹുവിനോട് തേടുകയുണ്ടായി. ആ സമയം അദ്ദേഹത്തെ തിരുത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ് (ഹൂദ്/46). ഈ സന്ദര്‍ഭത്തിലാണ് നൂഹ് നബി(അ) മുകളില്‍ പ്രസ്താവിച്ചവിധം പ്രാര്‍ത്ഥിക്കുന്നത്.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
رَبِّ إِنِّي أَعُوذُ بِكَ
എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് ശരണം തേടുന്നു
أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ
എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന്
وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي
നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം
أَكُن مِّنَ الْخَاسِرِينَ
ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
*സാന്ത്വനം*
ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രതിസന്ധികളിൽ അസ്വസ്ഥനാകേണ്ടതില്ല. അല്ലാഹുവിൻറെ നിശ്ചയങ്ങളിൽ നമുക്ക് നന്മകളേ ഉണ്ടാകൂ. എനിക്ക്, എൻറെ മാതാവിന്, പിതാവിന്, ഭാര്യക്ക്, മക്കൾക്ക് എന്തുകൊണ്ടാണ് പരീക്ഷണങ്ങളുണ്ടാകുന്നത് എന്നോർത്ത് അല്ലാഹുവിൻറെ ഖളാഇനോട് നീരസം കാണിക്കുന്നതിന് പകരം, എല്ലാവർക്കുമായി പാപമോചനത്തിനും പ്രയാസങ്ങളിൽ നിന്നുള്ള നിവൃത്തിക്കും തുടർച്ചയായ കാരുണ്യത്തിനും വേണ്ടി അവനോട് പ്രാർത്ഥിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. അല്ലാഹു നൽകുന്ന സാന്ത്വനം കാണുക: “(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്‍മാരെവിവരമറിയിക്കുക.” (ഹിജ്‌റ്/49)
Source: www.nermozhi.com