എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്

1721

പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചി ലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്‍റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്ന വയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്.
പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും, നശിക്കാനടുക്കുന്നൂ എന്ന സന്നിഗ്ദഘട്ടങ്ങളും തരണം ചെയ്യുമ്പോഴേ ലക്ഷ്യം സഫലമാകൂ. യഥാര്‍ത്ഥ ഭക്തിയില്‍ നിന്നാണ് അതിന്നുള്ള നെഞ്ചുറപ്പു ലഭിക്കുന്നത്.

ഒരിക്കല്‍ ഇബ്നു അബ്ബാസ്(റ) പ്രവാചക(സ്വ)നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: “മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചു കേട്ടോളണം.

ഒന്ന്, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്.
രണ്ട്, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്‍റെ മുന്നിൽ കാണാവുന്നതാണ്.
മൂന്ന്, നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക.
നാല്, നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല.
അഞ്ച്, നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല.
ആറ്, പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.” (തിര്‍മിദി)

അല്ലാഹുവിനെ സൂക്ഷിക്കണമെന്നതു കൊണ്ട് അര്‍ഥമാക്കുത്, അവന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും, വിരോധങ്ങളില്‍ നിന്ന് മാറിനിന്നും ജീവിക്കുക എന്നതാണ്. തന്നെ ബാധിച്ചിരിക്കുന്ന, നിവൃത്തിക്കപ്പെടാത്ത പരീക്ഷണങ്ങളെ വിലയിരുത്തുമ്പോള്‍ വിശ്വാസി ആദ്യം ചിന്തിക്കേണ്ടത് ഈ രംഗത്ത് താന്‍ വേണ്ടത്ര കരുതലോടെ ജീവിക്കുന്നുണ്ടൊ എന്നതാണ്. വിശ്വാസ കര്‍മ്മാദികളില്‍ ദൈവബോധമോ, ദൈവഭയമോ ഇല്ലാതിരിക്കുകയും, ദൈനം ദിന ജീവിതത്തില്‍ ദേഹേച്ഛയെ പിന്തുടരുകയും ചെയ്യുമ്പോള്‍ ‘അല്ലാഹു നിന്നെ കാത്തുരക്ഷിക്കുന്നതാണ്, ‘അവനെ നിനക്ക് നിന്‍റെ മുന്നില്‍ കാണാവുന്നതാണ്’ എന്നിങ്ങനെയുള്ള പടച്ചവന്‍റെ വാഗ്ദാനങ്ങള്‍ അപ്രാപ്യമായിത്തീരുമെന്നതില്‍ സംശയമില്ല.

നമ്മുടെ വിശ്വാസം സുരക്ഷിതമായിരിക്കാന്‍ കരുതലോടെയിരിക്കുന്നത്, അല്ലാഹുവിനെ സൂക്ഷിക്കുന്നതിന്‍റെ ഭാഗമാണ്. ഇരുളില്‍, കറുത്ത പാറപ്പുറത്ത് ഒരു കറുത്ത ഉറുമ്പരിക്കുന്നത് എത്രകണ്ട് ഗോപ്യമാണൊ, അതിനേക്കാള്‍ ഗോപ്യമാണ് ശിര്‍ക്കിന്‍റെ വരവെന്ന് നബി തിരുമേനി(സ്വ) അരുളിയിട്ടുണ്ട്. അഥവാ നമ്മുടെ വിശ്വാസത്തിലേക്ക് ശിര്‍ക്കിന്‍റെ കടുന്നുവരവ് തടഞ്ഞു നിര്‍ത്താന്‍ ജാഗ്രതയോടെയിരിക്കണം എര്‍ഥം.

പ്രവാചകന്മാരില്‍ പലരും സ്വന്തം മക്കളോട് തങ്ങളുടെ കാലശേഷം അവര്‍ ആരെയാണ് ആരാധിക്കുക എന്ന് ചോദിച്ചതായി ഖുര്‍ആനില്‍ കാണാവുന്നതാണ്. ഒരു ഉദാഹരണം കാണുക:
“എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക? എന്ന് യഅ്ഖൂബ് മരണം ആസമായ സന്ദര്‍ഭത്തില്‍ തന്‍റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇസ്ഹാഖിന്‍റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും.” (ബഖറ: 133)

ഒരു സമൂഹത്തെ തൗഹീദിലധിഷ്ഠിതമായി ജീവിക്കാന്‍ പര്യാപ്തരാക്കിയ പ്രവാചകന്മാര്‍ പോലും അവരുടെ കാലശേഷവും, തങ്ങളുടെ പൂര്‍ണ്ണ സംരക്ഷണത്തില്‍ വളര്‍ന്ന മക്കളുടെ വിശ്വാസരംഗം കലര്‍പ്പില്ലാതെ നിലനില്‍ക്കാന്‍ ശ്രദ്ധകാണിച്ചതില്‍ നമുക്ക് പാഠങ്ങളുണ്ട്.

വിശ്വാസരംഗം മലിനമാകാതിരിക്കാന്‍ മറ്റൊരു പ്രവാചകന്‍ കാണിച്ച സൂക്ഷ്മത, പടച്ച തമ്പുരാനോട് മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക എന്നതായിരുന്നു. ഖുര്‍ആനില്‍ നമുക്കതിങ്ങനെ വായിക്കാം:
“ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.” (ഇബ്രാഹീം: 35)

അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വരേണ്ടത് നമ്മുടെ വിശ്വാസം തന്നെയാകണം. എന്നത്രെ ഈ വചനങ്ങളെല്ലാം പഠിപ്പിക്കുന്നത്. ഏകനായ സ്രഷ്ടാവിനെ റബ്ബായി അംഗീകരിക്കുകയും, എന്നാല്‍ സാധാരണ ജീവിതത്തില്‍ പ്രാര്‍ഥനകളും, സഹായത്തേട്ടങ്ങളും, നേര്‍ച്ച വഴിപാടുകളും മറ്റുള്ളവരിലാവുകയും ചെയ്യുന്നുവെങ്കില്‍ പ്രസ്തുത സൂക്ഷമത നമ്മിലുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

എന്നാല്‍ അല്ലാഹു പറയുന്നതാകട്ടെ:
“വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അന്‍ആം: 82)

വിശ്വാസകാര്യങ്ങളിലെ പോലെത്തെ ആരാധനാകാര്യങ്ങളിലും സൂക്ഷ്മത അനിവാ ര്യമാണ്. അല്ലാഹുവിനെ സൂക്ഷിക്കുതിന്‍റെ ഭാഗം തന്നെയാണ് അതും. ഒരു ഉദാഹരണ മെടുക്കുക; ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നമസ്കാരം എന്ന് നമുക്കറിയാം. അക്കാര്യത്തില്‍ കാണിക്കേണ്ട സൂക്ഷമതയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:
“നമസ്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്‍റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നു കൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.” (ബഖറ: 238)

കണ്ണും, കാതും, നാവും, ലൈംഗികാവയവവുമെല്ലാം അല്ലാഹുവിനെ സൂക്ഷിക്കുതില്‍ ഭാഗവാക്കാകേണ്ടതാണ്. കാണുക, കേള്‍ക്കുക, പറയുക തുടങ്ങിയ മുഴുവന്‍ കാര്യങ്ങളിലും പടച്ച തമ്പുരാന്‍റെ നിയമാവലികള്‍ പരിഗണിക്കുകയാണ്, അക്കാര്യങ്ങളിലുള്ള വിശ്വാസിയുടെ സൂക്ഷ്മത. സ്വര്‍ഗമാണ് അതിനുള്ള പ്രതിഫലമായി നമുക്ക് ലഭിക്കുക.

സഹ്ല്‍ ബ്നു സഅദ്(റ) നിവേദനം ചെയ്ത ഹദീസ് കാണുക:
നബി(സ്വ) പറഞ്ഞു: “രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും (അഥവാ നാവും), രണ്ട് തുടകള്‍ക്കിടയിലുള്ളതും (അഥവാ ലൈംഗികാവയവവും) നിഷിദ്ധങ്ങളിലുപയോഗിക്കില്ലെന്ന് എനിക്ക് വാക്ക് നല്‍കുന്നതാരോ, അവന്ന് ഞാന്‍ സ്വര്‍ഗത്തിന് ജാമ്യം നില്‍ക്കുന്നതാണ്.” (ബുഖാരി)

വിശ്വാസത്തിലും കര്‍മ്മങ്ങളിലും ധാര്‍മ്മികതകളിലും, എല്ലാം നോക്കിക്കാണുന്ന പടച്ചതമ്പുരാനെ സൂക്ഷിച്ചു കൊണ്ട് കണിശത പാലിക്കാന്‍ മുഅ്മിനുകള്‍ക്കാകുന്നുവെങ്കില്‍, അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കുമെതില്‍ രണ്ടു പക്ഷമില്ല. അതിന് ജീവിത സൂക്ഷ്മതക്കൊപ്പം നിഷ്കളങ്കമായ പ്രാര്‍ഥനയും അവരില്‍ നിന്നുണ്ടാകണം. അതുകൊണ്ടത്രെ, അല്ലാഹുവിന്‍റെ സുരക്ഷ ലഭിക്കുമെന്നും, അവനെ മുന്നില്ർ കാണാനാകുമെന്നും പഠിപ്പിച്ച റസൂല്‍ (സ്വ) അല്ലാഹുവിനോട് ചോദിക്കാനും അവനോട് സഹായാര്‍ഥന നടത്താനും ഇബ്നു അബ്ബാസി(റ)നെ ഉപദേശിക്കുത്.

മേലെ വായിച്ച ഹദീസില്‍ സുപ്രധാനമായ മറ്റ് രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. ദുനിയാവില്‍ എന്തു ചെയ്തുതരാനും ശേഷിയുള്ള സമൂഹവലയം തനിക്കുണ്ടെന്ന അഹങ്കാരവും, സമൂഹം ഒന്നടങ്കം തനിക്കെതിരെ തിരിഞ്ഞാല്‍ സഹായിക്കാന്‍ ആളില്ലാത്തവിധം താന്‍ നശിച്ചതു തന്നെ എന്ന നിരാശയും. എന്നാല്‍, അല്ലാഹു നിശ്ചയിച്ചതല്ലാത്തതൊന്നും നന്മയില്‍ നിന്ന് ചെയ്തു തരാൻ ആര്‍ക്കും സാധ്യമല്ല, അവന്‍ നിശ്ചയിച്ചതല്ലാത്തതൊന്നും ആര്‍ക്കും ഉപദ്രവമായി ചെയ്യാനുമാവുകയില്ല എന്ന വിശദീകരണത്തിലൂടെ ഈ രണ്ട് സംഗതികളേയും പ്രവാചകന്‍(സ്വ) തിരുത്തുകയാണ് ചെയ്തിട്ടുള്ളത്.

കയ്യിലെ ആസ്തി കണ്ടുള്ള അഹങ്കാരമൊ, ഖല്‍ബിലെ ആദികൊണ്ടുള്ള നിരാശയൊ വിശ്വാസിയിലുണ്ടായിക്കൂടെന്നും, എല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കാനും, അവനില്‍ നിന്ന് ചോദിച്ചു വാങ്ങാനുമാണ് വിശ്വാസി ശ്രമിക്കേണ്ടതെന്നും ഉണര്‍ത്തുകയാണ് ഇവിടെ.
മുസ്ലിമിനെ മുന്നോട്ടു നയിക്കുന്നതും, പ്രശ്നങ്ങളെ കരുത്തോടെ നേരിടാന്‍ അവനെ സന്നദ്ധമാക്കുന്നതും സ്രഷ്ടാവിലുള്ള വിശ്വാസവും, തന്നെ കാത്തുരക്ഷിക്കാന്‍ എന്നും അല്ലാഹു സമീപത്തുണ്ട് എന്ന ദൃഢബോധവുമാണ്.

സൗര്‍ ഗുഹയിലഭയമിരുന്ന മുഹമ്മദ് നബി(സ്വ), ‘റസൂലേ, ശത്രുക്കളൊന്ന് താഴ്ന്ന് നോക്കിയാല്‍ നാം പിടിക്കപ്പെട്ടതു തന്നെ എന്ന് ആവലാതിപ്പെട്ട സിദ്ധീഖി(റ)ന് നല്‍കിയ ഒരു ആശ്വാസ വാക്കുണ്ട്; ‘മൂന്നാമനായി അല്ലാഹു കൂട്ടിനുള്ള രണ്ടാളുടെ കാര്യത്തില്‍ നീ ആശങ്കിക്കരുത്’ എന്ന മനംനിറക്കുന്ന വാക്ക്. സുരക്ഷിതമായി, നിര്‍ഭയം രണ്ടുപേരും മദീനയിലെത്തിയ വേളയില്‍ ആ ആശ്വാസവാക്കിന്‍റെ അനുഭൂതി, തീര്‍ച്ചയായും, അബൂബക്കര്‍(റ) അനുഭവിച്ചിരിക്കണം.

മുന്നില്‍ ആര്‍ത്തലക്കുന്ന കടലും പിന്നില്‍ ഫിര്‍ഔനിന്‍റെ സജ്ജരായ സൈന്യവും ബനൂ ഇസ്രാഈല്യരെ ‘ഇതാ, പിടിക്കപ്പെട്ടിരിക്കുന്നൂ’ എന്ന അങ്കലാപ്പിലകപ്പെടുത്തിയപ്പോള്‍, ‘ഇല്ല, എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്, അവനെനിക്ക് മാര്‍ഗം കാണിച്ചു തരിക തന്നെ ചെയ്യും’ (ശുഅറാഅ്: 62) എന്ന ആശ്വാസവാക്കു നല്‍കിയത് മൂസാ നബി(അ)യാണ്. നെടുകെ പിളര്‍ന്ന കടലിന്‍റെ വരണ്ട പ്രതലത്തിലൂടെ നിര്‍ബാധം നടന്ന് അക്കരെ രക്ഷപ്പെട്ടെത്തിയപ്പോള്‍ ബനൂ ഇസ്രാഈല്യരും ആ ആശ്വാസവാക്കിന്‍റെ ആനന്ദം അനുഭവിച്ചു കാണണം.

അതെ, ദിനേനയൊണേം പരീക്ഷണങ്ങളുടെ കടല്‍ത്തിരക്കും ശത്രുസംഘത്തിന്‍റെ സജ്ജീകരണത്തിനും നടുവിലാണ് മുഅ്മിന്‍. ‘മൂന്നാമനായി അല്ലാഹുവുണ്ട്’ എന്ന പ്രവാചക(സ്വ)ന്‍റെ ആശ്വാസ വചനവും, ‘എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്, അവനെനിക്ക് മാര്‍ഗം കാണിച്ചു തരികതന്നെ ചെയ്യും’ എന്ന മൂസാ നബി(അ)യുടെ പ്രതീക്ഷാ ശബ്ദവും വിശ്വാസികളില്‍ ആത്മധൈര്യം പകർന്നു നില്‍ക്കണമെങ്കില്‍, അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ; ജീവിതത്തിൽ എല്ലാ രംഗത്തും.