മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്‍റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്‍റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്‍കര്‍മ്മമാണ് ഇസ്തിഗ്ഫാര്‍.
നില്‍പിലും ഇരുപ്പിലും കിടപ്പിലും എന്നല്ല, നടപ്പിലും യാത്രയിലുമൊക്കെ പടച്ചതമ്പുരാനോട് പാപമോചനത്തിന്തേടാന്‍ ഏതൊരാള്‍ക്കും സുസാധ്യമാണ്. ഒരൊറ്റ നിമിഷത്തില്‍ തന്നെ ഒരാള്‍ക്ക് തന്‍റെ നാഥനോട് നൂറുപ്രാവശ്യം ഇസ്തിഗ്ഫാര്‍ നടത്താനാകും. ഈ മഹത്തായ കര്‍മ്മത്തിന്‍റെ പ്രാധാന്യവും ഗുണവശവും അറിയുന്ന ഏതൊരു വിശ്വാസിയും, തന്നോടോെപ്പം നിത്യവും ഇതിനെ കാത്തു സൂക്ഷിച്ചു പോരണം. എങ്കില്‍, ദൈനംദിന ജീവിതത്തിലെ കര്‍മ്മ മേഖലയില്‍ ഇസ്തിഗ്ഫാര്‍ ചെലുത്തുന്ന ഗുണപരമായ സ്വാധീനം തീര്‍ച്ചയായും അനുഭവിക്കാനാകും.
എന്താണ് ഇസ്തിഗ്ഫാര്‍? പ്രവാചക സ്വഹാബത്തും പണ്ഡിതമഹത്തുക്കളും അതു സംബന്ധമായ വിശദീകരണങ്ങള്‍ നല്‍കിയതായി കാണാം.
മഹാനായ അനസ്(റ) പറഞ്ഞു: ‘ഇസ്തിഗ്ഫാറെന്നാല്‍ പാപമോചനത്തിനു വേണ്ടിയുള്ള തേട്ടമാണ്.’
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവിനോടുള്ള ദാസ്യപ്രകടനവും തന്‍റെ രക്ഷിതാവിനോടുള്ള നന്ദിപ്രകടനവുമാണ് ഇസ്തിഗ്ഫാര്‍.’
ഇമാം ഖുര്‍തുബി(റ) (മരണം ഹി. 671 ല്‍) പറഞ്ഞു: ‘പാപങ്ങള്‍ക്കു വേണ്ടി മാപ്പ് തേടുക എന്നതാണ് ഇസ്തിഗ്ഫാറിന്‍റെ വിവക്ഷ.’
അബൂഹയ്യാന്‍(റ) (മരണം ഹി. 745 ല്‍): ‘മനസ്സാ പശ്ചാത്തപിച്ച്കൊണ്ട് പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോടുനാവെടുത്തു തേടലാണ് ഇസ്തിഗ്ഫാര്‍.’
റാഗിബ് അല്‍ ഇസ്വ്ബഹാനി(റ) (മരണം ഹി. 565 ല്‍) പറഞ്ഞു: ‘ഇസ്തിഗ്ഫാറെന്നല്‍
വാക്കുകൊണ്ടും കര്‍മ്മം കൊണ്ടും മാപ്പുതേടലാണ്.’
ഇബ്നു അത്വിയ്യ(റ) (മരണം ഹി. 546 ല്‍) പറഞ്ഞു: ‘അല്ലാഹുവില്‍ നിന്ന് പാപമോചനം ലഭിക്കാനായി നടത്തുന്ന പ്രാര്‍ഥനയാണ് ഇസ്തിഗ്ഫാര്‍.’
(ഉദ്ധരണികള്‍, അബ്ദുല്ലാഹ് ബ്ന്‍ മുഹമ്മദ് അല്‍ ഉമൈറിന്‍റെ സിയഗുല്‍ ഇസ്തിഗ്ഫാര്‍ഫില്‍ ഖുര്‍ആനി വസ്സുന്ന എന്ന കൃതിയില്‍ നി്ന്ന് )
മനുഷ്യ സമൂഹത്തെ സ്വര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം തങ്ങളുടെ ഉപദേശങ്ങളുടെ കൂട്ടത്തില്‍ പാപമോചനാര്‍ഥനയെ പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തിയതായി കാണാം.
ഏതൊരു ദാസനും അല്ലാഹുവിന്‍റെ പരമമായ കാരുണ്യത്തിനര്‍ഹനാകുന്നത്, അവനില്‍ നിന്നും ആദ്യം പാപമോചനം ലഭിക്കുമ്പോള്‍ മാത്രമാണ്. പടച്ച തമ്പുരാനെ പരിചയപ്പെടുത്തുന്ന ഭാഗങ്ങളില്‍ അവന്‍ പൊറുന്നക്കുവനും കരുണചൊരിയുന്നവനുമാണ് എന്ന് കാണാന്‍ സാധിക്കും. ആദ്യം മാപ്പും തുടർന്നു കരുണയുമെന്ന ആശയം ഈ പരിചയപ്പെടുത്തലില്‍ നിന്നും നമുക്ക് മനസ്സിലാക്കാനാകും.
മഹാനായ നൂഹ് നബി(അ) തന്‍റെ ജനതയോട് ചെയ്ത ഉപദേശങ്ങളെ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്കാണുക: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. ” (നൂഹ്: 9-14)
ആദ് സമൂഹത്തോടുള്ള ഹൂദ് നബി(അ)യുടെ ഉപദേശത്തിലും ഇതേ പ്രസ്താവന കാണാനാകും. അദ്ദേഹം പറഞ്ഞു: “എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക.” (ഹൂദ്: 52)
സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ) നമസ്കരിക്കാനും സകാത്ത് നല്‍കാനും
ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കാനും ഉപദേശിച്ച കൂട്ടത്തില്‍ നമുക്ക് നല്‍കിയ മഹിത മായൊരുപദേശം കാണുക: “നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (മുസ്സമ്മില്‍:20)
പാപമോചനത്തേട്ടത്തിന്‍റെ പ്രാധാന്യം മേലെവായിച്ച ഖുര്‍ആനിക വചനങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെട്ടുകാണും. പ്രവാചകന്മാരല്ലാത്ത ഏത് വിശുദ്ധനേയും പാപകര്‍മ്മങ്ങളില്‍ അകപ്പെടുത്താന്‍ പോന്ന സംവിധാനമാണ് ദുനിയാവിന്‍റേത്.
ആര്‍ക്കും അവരുടെ ചുറ്റുപാടുകള്‍ അത്ര സുരക്ഷിതമല്ല. കണ്ണഞ്ചിപ്പിക്കുന്ന നിഷിദ്ധങ്ങളും അവയിലേക്ക് പ്രലോഭനങ്ങളുടെ കയറിട്ടു വലിക്കുന്ന പിശാചും സജീവമായി നില്‍ക്കുകയാണ്. യഥാര്‍ഥ ഈമാനും തഖ്വയും ഇഴചേര്‍ന്നു ജാഗ്രത്തായ ഒരു മനസ്സ് കൈമുതലായുള്ളവര്‍ക്കേ അധികം വീഴ്ചകളില്‍നിന്ന് അകന്നു നില്‍ക്കാന്‍ സാധിക്കൂ. പക്ഷെ, വീഴ്ചകളില്ലാത്ത ജീവിതം മനുഷ്യരിലൊരാള്‍ക്കും സാധ്യ
മല്ലതന്നെ
അനസ് ബ്നു മാലിക്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു പ്രാര്‍ഥിക്കുന്നവരാണ്.” (തിര്‍മിദി, ഇബ്നു മാജ, അഹ്മദ്)
രണ്ടു ലോകങ്ങളിലും അല്ലാഹുവിന്‍റെ കൃപാകടാക്ഷങ്ങള്‍ പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ ഹൃദയത്തിലെകളങ്കങ്ങളും ജീവിതത്തിലെ പാപങ്ങളും കഴുകി വൃത്തിയാക്കിക്കൊണ്ടേയിരിക്കണം. പരിശുദ്ധമായ മനസ്സുമായി പടച്ചവനെ കണ്ടുമുട്ടുന്നവര്‍ക്കാണ് പരലോകത്ത് ഉപകാരങ്ങളുണ്ടാകുന്നത്.
ദൈനംദിന ജീവിതത്തില്‍ വന്നുഭവിക്കുന്ന തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കുന്ന മാത്രയില്‍ പാപമോചനത്തിനര്‍ഥിക്കാന്‍ തയ്യാറാകുന്നു വെങ്കില്‍ അത്തരമൊരു മനസ്സ് ലഭിക്കാന്‍ അല്ലാഹു നമുക്ക് അവസരമുണ്ടാക്കിത്തരും.
പാപം രോഗമാണെങ്കില്‍ പശ്ചാത്താപം ഔഷധമാണ് എന്നറിയിക്കുന്ന ഒരു തിരുവചനമുണ്ട്. അനസ് ബ്നു മാലിക്(റ) നിവേദനം. നബി(സ്വ) അരുളി: “നിങ്ങളെ ബാധിക്കാവുന്ന പ്രധാന രോഗവും നിങ്ങള്‍ക്കുള്ള മരുന്നും ഞാന്‍ പറഞ്ഞു തരട്ടെ. നിങ്ങളുടെ രോഗം പാപങ്ങളാണ്. നിങ്ങള്‍ക്കുള്ള മരുന്ന് പശ്ചാത്താപവും.” (ബൈഹഖി)
സത്യവിശ്വാസികള്‍ക്കാണ് ജീവിതത്തെ സംബന്ധിച്ച ഗൗരവമായ കാഴ്ചപ്പാടുള്ളത്. തങ്ങളെ വീക്ഷിച്ചും, തങ്ങളുടെ ചെയ്തികളെ രേഖപ്പെടുത്തിയും സ്രഷ്ടാവായ റബ്ബിന്‍റെ ശ്രദ്ധ തങ്ങളോടൊപ്പമുണ്ടെന്ന് ധാരണയാണ് അതിവര്‍ക്ക് പ്രചോദനമായിത്തീരുന്നത്.
മരണാനന്തര ജീവിതത്തില്‍ വിജയിച്ചേ പറ്റൂ എന്ന് തീര്‍പ്പുള്ള വിശ്വാസികള്‍ റബ്ബിന്‍റെ മുന്നില്‍ മാപ്പിരുന്നു കഴിയാന്‍ ശ്രദ്ധകാണിക്കുന്നവരാണ്.
തെറ്റുകളുടെ എണ്ണവും, അവയുടെ വലുപ്പച്ചെറുപ്പവും നോക്കാതെ ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് സദാ പറഞ്ഞു കൊണ്ടിരിക്കാന്‍, പാപകര്‍മ്മങ്ങളിലൊിലും അകപ്പെടാതിരു ന്നിട്ടുപോലും ദിവസത്തില്‍ എഴുപതിലധികം തവണ അപ്രകാരം ചൊല്ലിയിരു പ്രവാചകന്‍റെ അനുയായികള്‍ക്ക് മടിയേതുമുണ്ടാകില്ല.
അടിമകളോട് അത്യധികം ദയയുള്ളവനാണ് അല്ലാഹു. ആകാശ ഭൂമികളോളം പോന്ന തെറ്റുകളുമായി തന്നിലേക്ക് ഖേദിച്ചെത്തുന്നവരെ അത്രതന്നെ മാപ്പുനല്‍കി അല്ലാഹു
അനുഗ്രഹിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.
തെറ്റിലകപ്പെട്ടു എന്ന് ബോധ്യംവന്നാലുടന്‍, ‘അല്ലാഹു എനിക്ക് മാപ്പേകുമൊ’ എന്ന സന്ദേഹമില്ലാതെ അവനിലേക്ക് കൈയ്യും കണ്ണുമുയര്‍ത്തി പ്രാര്‍ഥിക്കുക എന്നത് മുഅ്മിനുകളുടെ സ്വഭാവമായിരിക്കണം.
സത്യവിശ്വാസികളുടെ പ്രസ്തുത ഗുണത്തെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പ്രസ്താവിച്ചത് ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: “വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? – ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവർ
‘പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?’ എന്ന റബ്ബിന്‍റെ ചോദ്യം
മനുഷ്യസമൂഹത്തിന് സ്രഷ്ടാവില്‍ നിന്ന് ലഭിച്ച ഏറ്റവും മഹത്തായ പ്രത്യാശയാണ്.
‘സ്വന്തത്തോട് അതിരുവിട്ട് പ്രവര്‍ത്തിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശരാകരുത്. അല്ലാഹു പാപങ്ങള്‍ മുഴുവനും പൊറുക്കുവനാണ്’ എന്ന മറ്റൊരു ഖുര്‍ആന്‍ വാക്യം പ്രസ്തുത പ്രത്യാശക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നുണ്ട്.
ആകയാല്‍ നമ്മളെും റബ്ബിങ്കല്‍ ആശയുള്ളവരാവുക. ജീവിതത്തിലുണ്ടാകുന്ന തെറ്റുകളുടെ ആധിക്യം അല്ലാഹുവില്‍ നിന്ന് അകന്നു കഴിയാന്‍ ഇടവരുത്തരുത്.
പ്രാര്‍ഥനയില്‍ നമുക്ക് മടുപ്പനുഭവപ്പെടാത്തിടത്തോളം അല്ലാഹുവിന്ന് മടുപ്പനുഭവപ്പെടുന്ന പ്രശ്നമില്ല. ‘നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങളെ പരിഗണിക്കു മായിരുന്നില്ല’എന്ന ഖുര്‍ആന്‍ സൂക്തം ഇതൊടൊന്നിച്ച് ചേര്‍ത്ത് മനസ്സിലാക്കുക.
നമ്മുടെ ഹിസാബില്‍ പശ്ചാത്താപത്തിന്‍റെ എണ്ണം കൂടുതല്‍ രേഖപ്പെടുത്തപ്പെടണം. അബ്ദുല്ലാഹ് ബ്നു ബുസ്ര്‍(റ) നിവേദനം ചെയ്ത പ്രവാചകമൊഴിയില്‍ ഇങ്ങനെ കാണാം:
“കര്‍മ്മരേഖയില്‍ ധാരാളം ഇസ്തിഗ്ഫാറുകള്‍ കാണപ്പെട്ടവന്ന് ത്വൂബാ എന്ന സ്വര്‍ഗീയ
വൃക്ഷമുണ്ട്.” (ഇബ്നു മാജ)
പരലോകത്ത് സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലുമായി കഴിഞ്ഞുകൂടുന്ന മുത്തഖികളെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അതിന്നവര്‍ക്ക് സഹായകമായി വര്‍ത്തിച്ചത് എന്തായിരുന്നുവെന്ന് സൂറത്തുദ്ദാരിയാത്തില്‍ നിന്നു വായിക്കാം.”രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.” (ദാരിയാത്ത്:
18)
പാപമോചനത്തിനുവേണ്ടി അല്ലാഹുവിനോടുള്ള അര്‍ഥന വിശ്വാസിയിലെ തൗഹീദിന്‍റെ തേട്ടമാണ്. ഖുര്‍ആനത് പഠിപ്പിക്കുന്നുണ്ട്. “ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലന്നു നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാ സിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.)” (മുഹമ്മദ്: 19)
ദൈവനിയുക്തരായ പ്രവാചകന്‍മാരെല്ലാം തങ്ങളുടെ സമൂഹത്തെ ഇസ്തിഗ്ഫാറിന്‍റെ
പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തിയിരുന്നു ലേഖനത്തിന്‍റെ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇസ്തിഗ്ഫാറിന്‍റെ കാര്യത്തില്‍ പ്രസ്തുത പ്രവാചകന്മാരുടെ അവസ്ഥയെന്തായിരുന്നു?പാപമോചനാര്‍ഥനയുടെ ചരിത്രം മഹാനായ ആദം നബി(അ)യില്‍ നിന്നാണ് ആരംഭിക്കുന്നത്.
തന്നില്‍ നിന്നൊരപാകതയുണ്ടായി എന്ന് തിരിച്ചറിഞ്ഞ മാത്രയില്‍ അദ്ദേഹം അല്ലാഹുവിനോട് മാപ്പിരക്കുകയായിരുന്നു. സൂറത്തു അഅ്റാഫില്‍ നി്ന്ന് അദ്ദേഹത്തിന്‍റെ പ്രാര്‍ഥന നമുക്ക് വയിക്കാനാകും.ഇബ്റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും (ബഖറ: 128), മൂസാ നബി(അ)യും (അഅ്റാഫ്: 155) മുഹമ്മദ് നബി(അ)യും (ശൂറ: 10) പടച്ച തമ്പുരാന്നിലേക്ക് സവിനയം
ഖേദിച്ചു മടങ്ങിയതായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന്‍മാരുടെ ജീവിത കഥകള്‍ വെറുതെ വായിച്ചു പോകാനുള്ളതല്ല; അവരോടൊപ്പം സ്വര്‍ഗപ്രവേശത്തിന് കൊതിക്കുന്ന നമുക്ക് മാതൃകയായി ഉള്‍ക്കൊള്ളാനുള്ളതാണ്.
നിന്‍റെ അനുഗ്രഹം ലഭിച്ചവരുടെ ചൊവ്വായ മാര്‍ഗ്ഗത്തില്‍ ഞങ്ങളെ നീ വഴിനടത്തേണമേ എന്ന് ദിനേന മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നവരാണ് വിശ്വാസികള്‍ എന്നതിനാല്‍ പ്രത്യേകിച്ചും.
നന്നായി ജീവിക്കാന്‍ ഭൂമുഖത്തൊരു സ്ഥലവും, ആവശ്യാനുസൃതം ഭക്ഷിക്കാന്‍ സ്വാദിഷ്ടമായ വിഭവങ്ങളും, സുഖനിദ്രക്കുതകുന്ന നിര്‍ഭയത്വവും, സ്വര്‍ഗത്തിലേ ക്കെത്താനുള്ള വെട്ടമാര്‍ന്ന മാര്‍ഗവും തന്ന കാരുണ്യവാനായ നമ്മുടെ റബ്ബ് ഏറെ പൊറുക്കുന്നവനും ഔദാര്യവാനുമാണ്.
ആകയാല്‍;”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.” (ഹൂദ്:90)
Nermozhi
©Online Islamic Dawa And Guidance
www.nermozhi.com