ഇന്നാണ് ആ പ്രഭാതം

1402

കൈനിറയെ നന്മപ്പൂക്കളുമായി നമ്മെ സമീപിച്ച വിശുദ്ധ റമദാനിന്‍റെ ധവളമനോഹരമായ പ്രഭാതം. പ്രപഞ്ച നാഥനായ അല്ലാഹു തന്‍റെ ദാസീ ദാസന്മാരുടെ ഇഹപരവിജയങ്ങള്‍ക്കായി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഈ വിശുദ്ധ മാസവും അതിന്‍റെ രാപകലുകളും. പുണ്യങ്ങളെപ്പുല്‍കാന്‍ കൊതിയോടെ നില്‍ക്കുന്ന ആര്‍ക്കും ഈ രാപ്പകലുകള്‍ സുവര്‍ണ്ണാവസരമാണ്. റമദാനിന്‍റെ വരവും അതിന്‍റെ പ്രത്യേകതകളും അതില്‍ നിന്ന് ലഭിക്കാവുന്ന നന്മകളും വിശദീകരിച്ചു കൊണ്ട് പ്രവാചക തിരുമേനി(സ്വ) പ്രസ്താവിച്ച ചില ഹദീസുകളുണ്ട്.

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: റമദാന്‍ വന്നാല്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടും. നരകവാതിലുകള്‍ അടക്കപ്പെടും. പിശാചുക്കള്‍ ചങ്ങലക്കിടപ്പെടും (മുസ്ലിം)

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: റമദാനിന്‍റെ ആദ്യരാത്രിയായാല്‍, പിശാചുക്കളും അഭിശപ്തരായ ജിന്നുകളും ചങ്ങലക്കിടപ്പെടും. നരക വാതിലുകള്‍ അടക്കപ്പെടും; അതില്‍ നിന്ന് ഒരു വാതില്‍ പോലും തുറക്കപ്പെടുകയില്ല. സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടും: അതില്‍ നിന്ന് ഒരു വാതില്‍പോലും അടക്കപ്പെടുകയില്ല. അന്ന് ആകാശമണ്ഡലത്തില്‍, നന്മയെ കൊതിക്കുന്നവനേ, മുന്നോട്ടു വരിക. തിന്മയെ കൊതിക്കുന്നവനേ, മതിയാക്കുക എന്നൊരു ആഹ്വാനമുണ്ടാകും. റമദാനിന്‍റെ എല്ലാ രാത്രിയിലും നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ അല്ലാഹുവിന്നുണ്ടാകും. (തിര്‍മിദി)

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: അനുഗൃഹീതമാസമായ റമദാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നു. ഈ മാസത്തിലെ വ്രതാനുഷ്ഠാനം അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ മാസത്തില്‍ ആകാശ വാതിലുകള്‍ തുറന്നുവെക്കപ്പെടും. നരകത്തിന്‍റെ വാതിലുകള്‍ അടക്കപ്പെടുകയും, ശപിക്കപ്പെട്ട പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും. ഈ മാസത്തില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്; ആ രാവിന്‍റെ നന്മകള്‍ നഷ്ടമായവന്നാണ് യഥാര്‍ത്ഥ നഷ്ടം! (നസാഈ)

പ്രിയ സഹോദരീ സഹോദരങ്ങളേ, മലര്‍ക്കെ തുറന്നുവെക്കപ്പെട്ട സ്വര്‍ഗ്ഗകവാടങ്ങളിലൂടെ പ്രവേശിക്കാന്‍ സാധിക്കും വിധം കലര്‍പ്പില്ലാത്ത ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും ആരാധനകളില്‍ മുഴുകാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍