ഇതു റമദാന്‍: ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരിക്കുക

1422

വിശുദ്ധ ക്വുര്‍ആനിന്‍റെ മാസം എന്നതാണ് റമദാനിന്‍റെ സവിശേഷത. മാനവരാശിക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച അനുപമവും അനര്‍ഘവുമായ സമ്മാനമാണ് ക്വുര്‍ആന്‍. ഐഹിക ജീവിതത്തെ നന്മകളാല്‍ പുഷ്കലമാക്കുവാനും പാരത്രിക ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാനും അനിവാര്യമായും അറിഞ്ഞാചരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ക്വുര്‍ആനില്‍ നിറയെ. പുണ്യകര്‍മ്മങ്ങളനുഷഠിക്കാനും പ്രതിഫലങ്ങള്‍ കൊയ്തെടുക്കാനും അവസരങ്ങള്‍ നിറയെയുള്ള റമദാനിലേക്ക് മുഅ്മിനുകള്‍ പ്രവേശിക്കുക എന്നാല്‍ ക്വുര്‍ആനിലേക്ക് പ്രവേശിക്കുക എന്നതാണ് യഥാര്‍ത്ഥ താത്പര്യം. ക്വുര്‍ആന്‍ അല്ലാഹു നമുക്കു നല്‍കിയത്, നമ്മുടെ ജീവിതലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാം ഉള്‍ക്കൊണ്ടിട്ടുള്ള വിശ്വാസങ്ങളും, നിലനിര്‍ത്തിപ്പോരുന്ന ആരാധനകളും, പാലിക്കുന്ന സ്വഭാവ ഗുണങ്ങളുമെല്ലാം ഈ ദൈവിക ഗ്രന്ഥത്തില്‍ നിന്നും പ്രവാചക സുന്നത്തില്‍ നിന്നും മാത്രമായി സിദ്ധിച്ചതാണ്. അതു കൊണ്ടു തന്നെ, റമദാന്‍ മാസത്തിലെ ജീവിതം വിശുദ്ധ ക്വുര്‍ആനിനോടൊപ്പമുള്ള യാത്രക്കായി മുഅ്മിനുകള്‍ പ്രത്യേകം മാറ്റിവെക്കേണ്ടതാണ്.

ഹൃദയത്തിന്‍റെ വസന്തം, മനസ്സിന്‍റെ പ്രകാശം, വ്യാകുലതകളുടെ പരിഹാരം എന്നൊക്കെ മഹാനായ പ്രവാചകന്‍(സ്വ) ക്വുര്‍ആനിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ‘നിര്‍മ്മലമായ ഹൃദയത്തിന് അല്ലാഹുവിന്‍റെ കലാമില്‍ നിന്ന് എത്ര കഴിച്ചാലും കൊതി തീരില്ല’ എന്നൊരു പ്രസ്താവന ഉസ്മാന്‍(റ)ന്‍റേതായി വന്നിട്ടുണ്ട്. ക്വുര്‍ആനിനോടൊപ്പമുള്ള ജീവിതം സ്വഹാബത്തിന് ജിഹാദായിരുന്നു. ക്വുര്‍ആനിനു മുമ്പും അതിന്നു ശേഷവും തങ്ങളിലുണ്ടായ ജീവിത മാറ്റങ്ങളെപ്പറ്റിയുള്ള അവരുടെ അറിവാണ് ഈ വിശുദ്ധ ഗ്രന്ഥത്തോട് സദാ ചേര്‍ന്നു നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ക്വുര്‍ആന്‍ പഠിക്കാനും ആശയങ്ങള്‍ സ്വീകരിക്കാനും ജീവിതത്തെ അവക്കനുസരിച്ച് ചിട്ടപ്പെടുത്താനും അനുഗ്രഹം ലഭിച്ച ഏതൊരാളും ഈ ഗ്രന്ഥത്തെ നെഞ്ചോടു ചേര്‍ത്തുവെക്കാതിരിക്കുകയില്ല. വ്രതകാലത്ത്, നോമ്പില്‍ മാത്രം ശ്രദ്ധിക്കുക എന്ന രീതിയുണ്ട് ചിലര്‍ക്ക്. ഇസ്ലാമിന്‍റെ അടിസ്ഥാന കര്‍മ്മങ്ങളിലൊന്ന് എന്ന പരിഗണനയില്‍ നോമ്പിനെ ശ്രദ്ധിക്കുകയും, നിര്‍വഹിക്കുകയും ചെയ്യേണ്ടതു തന്നെയാണ്. അതേ സമയം, വ്രതാനുഷ്ഠാനം ക്വുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിലെ പ്രത്യേകതയാണ് എന്ന് മനസ്സിലാക്കി, ആ ക്വുര്‍ആനിനെ കൂടി ശ്രദ്ധിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിച്ചിരിക്കണം. റമദാന്‍ ക്വുര്‍ആനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള അവസരമാണ്. അതിലെ ആയത്തുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭ്യമാകുന്ന ആശ്വാസവും അനുഭൂതിയും അവാച്യമാണ്.

വിശുദ്ധ ക്വുര്‍ആന്‍ മാനവന്‍റെ വഴികാട്ടിയാണെന്ന് പറയുന്നതും, അത് ഹൃദയശുദ്ധീകരണത്തിനുള്ള മരുന്നാണെന്ന് വിശ്വസിക്കുന്നതും, അല്ലാഹുവില്‍ നിന്നും തന്‍റെ ദാസീ ദാന്മാര്‍ക്കായി ലഭ്യമായ കാരുണ്യമാണെന്ന് മനസ്സിലാക്കുന്നതും ആ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മുഅ്മിനുകള്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം കൊണ്ടാണ്. അല്ലാഹു പറഞ്ഞു:

സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. (ഇസ്റാഅ്:82)

ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍(റ) എഴുതി: “മുന്നിലൂടെയൊ പിന്നിലൂടെയൊ അബദ്ധം കടന്നു വരാത്ത ക്വുര്‍ആനിനെ കുറിച്ച് അല്ലാഹു പറഞ്ഞത്, ‘അത് ശമനവും കാരുണ്യ’വുമാകുന്നൂ എന്നാണ്. അഥവാ സംശയം, കാപട്യം, ശിര്‍ക്ക്, വഴികേട്, ചാഞ്ചാട്ടം തുടങ്ങിയ മനസ്സിന്‍റെ രോഗങ്ങളെ അത് ശമിപ്പിക്കുന്നു. ഈമാനും അറിവും നന്മകളിലേക്കുള്ള താല്‍പര്യവും ആഗ്രഹവും നേടാന്‍ അത് കാരുണ്യമായി ഭവിക്കുന്നു. അതേസമയം ഈ രണ്ടു ഗുണവും ഖുര്‍ആനിലൂടെ അനുഭവിക്കാനാകുന്നത്, അതിനെ നിസ്സംശയം വിശ്വസിക്കുകയും, അത് സത്യസന്ധമെന്ന് ഉള്‍ക്കൊള്ളുകയും അതിനെ പിന്തുടരുകയും ചെയ്യുന്ന മുഅ്മിനുകള്‍ക്കു മാത്രമാണ്.” വിശുദ്ധ റമദാനില്‍ ക്വുര്‍ആനിനെ സംബന്ധിച്ച ഈ അറിവ് നമ്മളൊരോരുത്തരും മനസ്സില്‍ വെക്കണം. എങ്കില്‍ മാത്രമാണ് അതുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നമുക്ക് താത്പര്യമുണ്ടാകൂ.

മുസ്ലിമായി ജീവിക്കുന്നതില്‍ ഓരോരുത്തര്‍ക്കും ഇതിനകം വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പരലോക വിജയത്തിനായി അവതരിച്ചു കിട്ടിയ ക്വുര്‍ആനിന്‍റെ താളുകളില്‍ നിന്നും സ്വയം വായിക്കാനും സ്വയം പഠിക്കാനും എത്രമാത്രം പരിശ്രമം നടത്തിയിട്ടുണ്ട് എന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതാണ്. വളരെക്കുറച്ചേ ഉള്ളൂ എങ്കില്‍, അതോര്‍ത്ത് നിരാശപ്പെടാനല്ല; ഈ റമദാനില്‍ ആ കുറവ് നികത്തണമെന്ന് തീരുമാനമെടുക്കാനും പ്രാവര്‍ത്തികമാക്കാനുമാണ്. വിശുദ്ധ ക്വുര്‍ആന്‍ വായിക്കുന്ന മുഅ്മിനിനെ അത് എല്ലാ നിലക്കും തരളിതനാക്കും എന്നതില്‍ സംശയം വേണ്ട. മനസ്സിനേയും ശരീരത്തേയും ഒരുപോലെ വിജ്രംഭിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. അതിന്‍റെ സ്വരമാധുരിയും ആശയ ഗരിമയും ഒരുപോലെയാണ് സത്യവിശ്വാസിയെ സ്വാധീനിക്കുന്നത്. മനുഷ്യന്‍റെ ജീവിത പരിവര്‍ത്തനമാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്ന ദൗത്യം.

“അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ആയത്തുകള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.” (അന്‍ഫാല്‍:2)

ക്വുര്‍ആനിക വചനങ്ങള്‍ ഹൃദയത്തെ സ്വാധീനിക്കണം ശരീരത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കണം. സത്യവിശ്വാസികളില്‍ ഈ പറഞ്ഞ രണ്ടു സംഗതികളും അനുഭവവേദ്യമാകുമെന്നാണ് മേല്‍ സൂചിത ആയത്ത് പഠപ്പിക്കുന്നത്. ക്വുര്‍ആന്‍ മനസ്സാന്നിധ്യത്തോടെ ഇത്തിരി നേരം ഒഴിഞ്ഞിരുന്ന് വായിച്ചു നോക്കുക; നമ്മില്‍ മാറ്റങ്ങള്‍ കാണാം. മനസ്സില്‍ മാത്രമല്ല ശരീരത്തില്‍ പോലും. സൂറത്തു ഹൂദും ഹൂദിന്‍റെ സഹോദരിമാരുമാണ് എന്നെ നരപ്പിച്ചു കളഞ്ഞത് എന്ന് പ്രവാചക തിരുമേനി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. അഥവാ ക്വിയാമുത്തു നാളിനെ സംബന്ധിച്ചും അന്നത്തെ വിഹ്വലതകളെ സംബന്ധിച്ചും പ്രതിപാദിച്ചിട്ടുള്ള സൂറകളുടെ പാരായണവും അവ നല്‍കുന്ന സന്ദേശങ്ങളുടെ ഗാംഭീര്യവും പ്രവാചക ജീവിതത്തെ സാരമായി സ്വാധീനിച്ചിരുന്നൂ എന്നര്‍ത്ഥം.

ഇത്, ക്വുര്‍ആനിനെ ഗൗരവപൂര്‍വം പരിഗണിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്ന എല്ലാ സത്യവിശ്വാസികളിലും സംഗതമാണ്. അല്ലാഹു പറഞ്ഞു:

“അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു.” (സുമര്‍: 23)

‘പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാകുന്നൂ’ എന്നതിന്‍റെ താത്പര്യമായി ഇമാം ത്വബ് രി (റ) എഴുതി: അഥവാ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ ശരിവെക്കുവാനും അതില്‍ ഉള്ളതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും അവന്‍റെ ഹൃദയവും ശരീരവും പാകപ്പെടുന്നതാണ്.
ക്വുര്‍ആനിന്‍റെ പാരായണത്തിനും പഠനത്തിനും മികച്ച പ്രതിഫലമാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുള്ളത്. വളരെ ലളിതമാണ് ക്വുര്‍ആനിന്‍റെ പ്രതിപാദനം. ഏതു നിലവാരത്തിലെ ചിന്തയേയും സ്വാധീനിക്കാനും ഉദ്ദീപിപ്പിക്കാനും ക്വുര്‍ആനിനു സവിശേഷമായ മാസ്മരികതയുണ്ട്. അതു കൊണ്ടാണല്ലൊ, നിരവധി ശാസ്ത്ര സാമൂഹ്യ വിജ്ഞാനങ്ങള്‍ക്ക് സ്രോതസ്സായിത്തീരാന്‍ ക്വുര്‍ആനിനു സാധിച്ചത്. നിശിതമായ വിമര്‍ശനാര്‍ത്ഥം അതിനെ സമീപിച്ച എത്രയോ ചിന്തകരും നാസ്തികരും അതിന്‍റെ ബൗദ്ധിക വലയത്തിലകപ്പെട്ട് സത്യവിശ്വാസികളായിത്തീര്‍ന്നതും അതുകൊണ്ടു തന്നെ. വായിക്കുന്നവര്‍ക്കെല്ലാം വാരിക്കോരിക്കൊടുക്കുന്ന ക്വുര്‍ആനിനെ പക്ഷെ, മുസ്ലിമുകളായ നമ്മള്‍ വേണ്ടത്ര ഗൗരവപൂര്‍വം സമീപിക്കുന്നുണ്ടൊ എന്നത് ചിന്താവിഷയമാണ്.

ക്വുര്‍ആനിനെ അടുത്തറിയാനുള്ള അവസരമായി റമദാന്‍ മാസത്തെ നാം ഉപയോഗപ്പെടുത്തിയേ പറ്റൂ. പരലോകത്ത് നമുക്കു തണലായി വരേണ്ട ക്വുര്‍ആന്‍, അല്ലാഹുവിങ്കല്‍ നമുക്ക് ശുപാര്‍ശ പറയേണ്ട ക്വുര്‍ആന്‍, ഓതിനിര്‍ത്തിയ ആയത്തുകളോളം സ്വര്‍ഗ്ഗത്തില്‍ പദവികള്‍ ലഭ്യമാക്കുന്ന ക്വുര്‍ആന്‍. ഈ ദൈവിക ഗ്രന്ഥത്തെ മറന്നു കൊണ്ടാകരുത് നമ്മുടെ ജീവിതം. ഏതു ഭൗതിക വിഭവത്തേക്കാളും മികച്ചതാണ് ക്വുര്‍ആനിലെ ഓരോ വചനവും. അറേബ്യയിലെ ബുത്ഹാന്‍ താഴ് വരയില്‍ മേഞ്ഞു നടക്കുന്ന തടിച്ചു കൊഴുത്ത ഒട്ടകപ്പറ്റങ്ങള്‍ സമ്പത്തായി ലഭിക്കുന്നതിനേക്കാള്‍ മികച്ചതാണ്, മസ്ജിദില്‍ ചെന്നിരുന്ന് ക്വുര്‍ആനില്‍ നിന്ന് പാരായണം ചെയ്യുന്നത് എന്ന് പ്രവാചകന്‍ (സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചിരുന്നു. സ്വഹാബികളാകട്ടെ, അക്ഷരാര്‍ത്ഥത്തില്‍ ആ പാഠമുള്‍ക്കൊള്ളുകയും ക്വുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതമാകുകയും ചെയ്തിരുന്നു.

സ്വഹാബികള്‍; അവര്‍ ക്വുര്‍ആനിനെ നാവുകൊണ്ട് പാരായണം ചെയ്തു. ഹൃദയം കൊണ്ട് ചിന്തിച്ചു. അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ചു. ക്വുര്‍ആനുമായുള്ള മുഅ്മിനിന്‍റെ ബന്ധം ഈ മൂന്ന് മൗലിക സ്വാധീനവും അവനില്‍ ഉണ്ടാക്കണം. എങ്കില്‍ അത് തൗഫീക്വാണ്. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആനില്‍ നിറയെ ജീവിത ബന്ധിയായ ഉദ്ബോധനങ്ങളാണുള്ളത്. അല്ലാഹു പറഞ്ഞു:

ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്. (ക്വാഫ്: 37)

സ്വഹാബത്തിന്‍റെ മനസ്സിലേക്ക് പ്രസ്തുത ഉല്‍ബോധനങ്ങള്‍ ആഴ്ന്നിറങ്ങിയതു കൊണ്ടാണ് വായനയും ചിന്തയും പ്രവര്‍ത്തനവും അവരില്‍ ഒരുപോലെയുണ്ടായത്. പ്രവാചകനില്‍ നിന്നും ഒരു ആയത്ത് ഓതിക്കേട്ടാല്‍, അതിന്‍റെ ആശയം ഗ്രഹിക്കാനായാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വഹാബത്തിന് തിടുക്കമായിരുന്നു.

അനസ് ബ്നു മാലിക് (റ) വിവരിക്കുന്ന ഒരു സംഭവം വായിക്കുക. അബൂ ത്വല്‍ഹ അന്‍സാരികളിലെ ധനാഡ്യനാണ്. മികച്ച ഈത്തപ്പനത്തോട്ടങ്ങളുടെ ഉടമ. മദീന മസ്ജിദിനു മുന്നിലുള്ള തന്‍റെ ബൈറുഹാഅ് ഈത്തപ്പനത്തോട്ടത്തോടായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ഒരിക്കല്‍ നബി(സ്വ)ക്ക് ആയത്ത് അവതരിക്കുകയാണ്; ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.” (ആലു ഇംറാന്‍:92) ഈ വചനം അബൂത്വല്‍ഹയുടെ കാതുകളിലെത്തി. അദ്ദേഹം പ്രവാചകനെ ചെന്നു കണ്ടു. പ്രസ്തുത ആയത്തിനെപ്പറ്റി ചോദിച്ചുറിഞ്ഞു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, എനിക്കേറെ ഇഷ്ടമുള്ള എന്‍റെ സമ്പത്ത് ബൈറുഹാഅ് തോട്ടമാണ്. അല്ലാഹുവിന്നുള്ള സ്വദഖയായി അതിനെ ഞാനിതാ സമര്‍പ്പിക്കുന്നു. അല്ലാഹു കല്‍പിക്കും വിധം അങ്ങതിനെ വിനിയോഗിച്ചാലും. എനിക്കു വേണ്ടത് അല്ലാഹുവില്‍ നിന്നും അതിന്നുള്ള പുണ്യമാണ്. പരലോകത്തേക്കുള്ള കരുതല്‍ സ്വത്തായി എനിക്കതു മാറണം.’ ഇതു കേട്ട മാത്രയില്‍ പ്രവാചകന്‍ സന്തോഷാധിക്യത്താല്‍ പറഞ്ഞു: ‘ഭേഷ്! അതാണ് ലാഭകരമായ സ്വത്ത്, അതാണ് ലാഭകരമായ സ്വത്ത്. അബൂത്വല്‍ഹാ, നീ പറഞ്ഞത് ഞാന്‍ കേട്ടു. ഒരു കാര്യം ചെയ്യൂ, നീ ആ തോട്ടത്തെ നിന്‍റെ പാവപ്പെട്ട കുടുംബക്കാര്‍ക്കായി വീതിച്ചു നല്‍കൂ.’ പ്രവാചക നിര്‍ദ്ദേശാനുസരണം പ്രസ്തുത തോട്ടം തന്‍റെ ബന്ധുക്കള്‍ക്കും പിതൃവ്യന്‍റെ മക്കള്‍ക്കുമായി അബൂ ത്വല്‍ഹ വീതിച്ചു നല്‍കി (ബുഖാരി, മുസ്ലിം)

സഹോദരങ്ങളെ, പരലോകത്ത് അല്ലാഹുവില്‍ നിന്നുള്ള കാരുണ്യവും സ്വര്‍ഗ്ഗ പ്രവേശനവും ലഭിക്കണം എന്ന പരമമായ ലക്ഷ്യം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവരിലാണ് ക്വുര്‍ആനിന്‍റെ ഉദ്ബോധനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രേരണയുണ്ടാകൂ. നമ്മള്‍ സ്വര്‍ഗ്ഗത്തെ പരമലക്ഷ്യമായി കാണുന്നവരാണ്. ക്വുര്‍ആന്‍ വചനങ്ങള്‍ വായിച്ചറിയുമ്പോള്‍ സ്വഹാബികള്‍ക്കനുഭവപ്പെട്ട സല്‍കര്‍മ്മങ്ങളോടുള്ള താത്പര്യം നമുക്കും അനുഭവപ്പെടണം. അത് അസാധ്യമൊന്നുമല്ല. അല്‍പം മനസ്സുവെക്കുക; അല്ലാഹുവിന്‍റെ തൗഫീക്വാനായി പ്രാര്‍ത്ഥിക്കുക. ഭൗതികമായ ലാഭനഷ്ടങ്ങളെ ഗൗരവമായി കാണാതെ അല്ലാഹുവില്‍ നിന്നും ലഭ്യമാകേണ്ട ലാഭവിഹിതത്തിനായി പ്രാര്‍ത്ഥിക്കുക. ക്വുര്‍ആന്‍ നമ്മില്‍ മാറ്റമുണ്ടാക്കും. തീര്‍ച്ചയാണത്. പ്രവാചകനിലും സ്വഹാബത്തിലും ക്വുര്‍ആനുണ്ടാക്കിയ സ്വാധീനങ്ങളെ പഠിച്ചറിഞ്ഞ് ഈ റമദാന്‍ മാസത്തെ നമ്മുടെ ജീവിതമാക്കി മാറ്റുക; ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരുന്ന്.