അഥിതികളോട് ആദരവും സ്നേഹവുമാണ് നമുക്ക്. നമ്മുടെ ജീവിതത്തെ അനുകൂലമായി സ്വാധീനിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മള്‍ക്കരികിലേക്ക് അഥിതികളായെത്തുന്നതെങ്കില്‍ അവരെ സ്വീകരിക്കാന്‍ നാം കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതായിരിക്കും. വീടും പരിസരങ്ങളും വൃത്തിയായി വെക്കും. അവരെ സ്വീകരിക്കാനുള്ള ഏറ്റവും മാന്യമായ സംവിധാനങ്ങള്‍ ഒരുക്കും. അവര്‍ക്കൂട്ടാന്‍ വിഭവ വൈവിധ്യങ്ങള്‍ തയ്യാറാക്കും. അവരെത്തി യാല്‍ ഹൃദ്യമായി വരവേല്‍ക്കും. അവരെ പരിഗണിക്കാനും പരിചരിക്കാ നും ശ്രദ്ധവെക്കും. അവരുമായി കുശലാന്വേഷണം നടത്തും. അവരുടെ വാക്കുകകള്‍ക്ക് കാതോര്‍ക്കും. അവര്‍ നല്‍കുന്ന സമ്മാനങ്ങളില്‍ ആഹ്ളാദിക്കും. അങ്ങനെ, ആഥിത്യ മര്യാദയുടെ എല്ലാ രീതികളും നമ്മള്‍ പുറ ത്തെടുക്കും.
ഇതാ, നമുക്കരികിലേക്കൊരു അഥിതി നടന്നടക്കുന്നുണ്ട്. നാം സ്നേഹിക്കുന്ന, ആദരിക്കുന്ന അഥിതി. ഈ വരവ് നാം മുമ്പേ അറിഞ്ഞതാണ്. കഴിഞ്ഞ ആയുസ്സിനിടയില്‍ ഈ അഥിതിയെ നാം പലവുരു സ്വികരിച്ചിരു ത്തിയിട്ടുണ്ട്. അതു നല്‍കിയ സമ്മാനങ്ങളെ ഹൃദയപൂര്‍വം വാങ്ങി സൂക്ഷിച്ചിട്ടുമുണ്ട്. സഹോദരങ്ങളേ, വിശുദ്ധ റമദാന്‍ നമ്മുടെ അഥിതിയായെത്തുന്നു. ഇനിയൊരിക്കല്‍ കൂടി വിശുദ്ധ റമദാനിനു ആഥിത്യമരുളാന്‍ നമുക്കാവുമൊ എന്ന് നിനച്ചതല്ല; അതിന് സാധിക്കണേ എന്ന് നാം പ്രാര്‍ഥി ച്ചിരുന്നു വെങ്കിലും. ഇനിയും ഒരുപാടു ദിവസങ്ങള്‍ ബാക്കിയില്ല. റമദാ നിനു മര്‍ഹബ പറയാന്‍ നമുക്കാകുമൊ എന്നറിയില്ല. പക്ഷെ, പരമകാരുണികനായ അല്ലാഹുവിന്‍റെ ഔദാര്യമായി അതിന് അവസരം ലഭിക്കു ന്നുവെങ്കില്‍ നമുക്കതിന് ഒരുങ്ങണ്ടെ? തീര്‍ച്ചയായും!
വിശുദ്ധ റമദാനിന്‍റെ സാമീപ്യം സത്യവിശ്വാസികള്‍ക്ക് കുളിരാണ്. വിശപ്പിനും ദാഹത്തിനും വികാര നിയന്ത്രണത്തിനുമൊക്കെ മധുരമുണ്ടെന്ന് നാമറിയുന്നത് റമദാനിലാണ്. വ്രതമാണ് റമദാനിന്‍റെ സമ്മാനം. അതില്‍ നിറയെ കണ്‍കുളിര്‍മ നല്‍കുന്ന വിഭവങ്ങളാണ്. നന്മയല്ലാതെ മറ്റൊന്നുമതിലില്ല. മനസ്സിന് പരിശുദ്ധി നല്‍കുന്ന, ജീവിതത്തിന് ചൈതന്യമേകുന്ന നന്മകള്‍.
വിശുദ്ധിയോടെയാകണം വിശുദ്ധ മാസത്തിലേക്കുള്ള നമ്മുടെ പ്രവേശനം. ശുദ്ധിയും ശുദ്ധീകരണവുമൊക്കെ റമദാനിലെത്തിയതിനു ശേഷമാകാം എന്നതാകരുത് ചിന്ത. മനസ്സും തനുസ്സും കഴുകിയെടുക്കാന്‍ മുമ്പേ ശ്രദ്ധിക്കുന്നതാകും ഭംഗി. തികഞ്ഞ ഈമാനോടേയും ശുഭപ്രതീക്ഷയോടേ യുമുള്ള വ്രതനാളുകളാകണം റമദാനില്‍ നമ്മുക്കുണ്ടാകേണ്ടത്. എങ്കിലേ, നോമ്പിന്‍റെ ഫലം നമ്മില്‍ വന്നുചേരൂ. ധര്‍മ്മനിഷ്ഠയോടെയുള്ള ജീവിത ത്തിന് ഊര്‍ജ്ജം പകരാന്‍ നോമ്പിനാകുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രവാചകന്‍മാരുടെ അധ്യാപനങ്ങളിലൊക്കെ പ്രാധാന്യപൂര്‍വം കാണാനാകുന്ന പ്രമുഖ ആരാധനയാണ് നോമ്പ് എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തക്വ്വയുള്ളവരാകുവാന്‍ വേണ്ടിയത്രെ അത്.” (ബഖറ: 183)
തഖ്വയെ ജീവിത യാത്രയിലെ പാഥേയമാക്കിയവന്ന് ഭയക്കേണ്ടതില്ല. തഖ്വയാണ് മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഭക്ഷണമെന്ന് ഖുര്‍ആന്‍ പറഞ്ഞു തരുന്നുണ്ട്. അത് മനസ്സിനെയാണ് പോഷിപ്പിക്കുക. കര്‍മ്മങ്ങളേയാണ് വിമലീകരിക്കുക. ജീവിത വ്യവഹാരങ്ങളെയാണ് നിയന്ത്രിക്കുക. ദുനിയാവിലെ വിവിധ സാഹചര്യങ്ങള്‍ക്കിടയിലെ തിരക്കു പിടിച്ച ജീവിതവഴിയില്‍ വിശ്വാസിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ തഖ്വ ശക്തമായൊരു പരിചയാണ്. ധര്‍മ്മനിഷ്ഠ പ്രധാനം ചെയ്യുന്ന നോമ്പിനെ പ്രവാചക തിരുമേനി (സ്വ) ഉപമിച്ചത് പരിചയോടാണെന്ന കാര്യം ഇത്തരുണത്തില്‍ നാമോര്‍ക്കണം.
വെറും അന്നപാനീയങ്ങളൊഴിവാക്കലും വികാര നിയന്ത്രണങ്ങളും മാത്രമല്ല നോമ്പ് എന്നറിയാത്തവരാരുമില്ല. വ്രതാരാധനയിലൂടെ നേടേണ്ടുന്ന യഥാര്‍ഥ ലക്ഷ്യത്തിലേക്കെത്താന്‍ നോമ്പുകാരന്‍ ചെയ്യേണ്ട ഒരുപാടു സംഗതികളിലെ ചിലവ മാത്രമാണത്. വേറെയുമുണ്ട് ഒരുപാട് സംഗതികള്‍. റമദാനിന്‍റെ നാളുകളില്‍ വിശ്വാസികള്‍ അവകൂടി പാലിക്കുമ്പോഴാണ് നോമ്പ് അല്ലാഹുവിന്ന് പ്രിയമായിത്തീരുന്നതും പരിഗണിക്കപ്പെടുന്നതും. പ്രവാചകന്‍ (സ്വ) അരുളി: കളവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്‍, അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. നോമ്പുകാരന്‍ നുണ പറയരുത്. നുണ പറഞ്ഞു കൊണ്ടുള്ള കച്ചവടവുമരുത്. അവാസ്തവമായ കാര്യങ്ങള്‍ക്ക് സാക്ഷി പറയരുത്. സാക്ഷി നില്‍ക്കരുത്. ആരോപണങ്ങള്‍ ഒഴിവാക്കണം. ഓരോ ദിവസവും നോറ്റു വീട്ടുന്ന നോമ്പ് തീര്‍ത്തും ഫലവത്തായിത്തീരുന്ന കര്‍മ്മങ്ങളില്‍ മുഴുകാനായിരിക്കണം വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത് എന്ന് ചുരുക്കം.
ഖുര്‍ആനിന്‍റെ മാസമാണ് റമദാന്‍. നമ്മുടെയൊക്കെ ജീവിതവഴിയില്‍ വെളിച്ചം പകര്‍ന്നു നില്‍ക്കുന്ന ഖുര്‍ആന്‍. പരമ കാരുണികനായ റബ്ബിന്‍റെ ആഹ്വാനങ്ങളും ഉപദേശങ്ങളും താക്കീതുകളും സന്തോഷവര്‍ത്തമാനങ്ങളും നിറഞ്ഞൊഴുകുന്ന വിശുദ്ധ ഗ്രന്ഥം. ഇനിയുമാഗ്രന്ഥം തുറക്കാത്തവര്‍, അതിനെ ഒരിക്കലും തുറക്കാനാകാത്ത ദിനം വരും മുമ്പേ തുറന്നു വായിക്കാന്‍ ശ്രമിക്കലാണ് ഉത്തമം. ഖുര്‍ആന്‍ പാരായണം ആരംഭിക്കാന്‍ റമദാനിന്‍റെ കാലൊച്ചക്ക് കാതോര്‍ക്കണമെന്നില്ല. ഈ പരിശുദ്ധ ഗ്രന്ഥത്തെ വായിച്ചു കൊണ്ടേ നമുക്ക് റമദാനിലേക്ക് പ്രവേശിക്കാം. അതാണു നന്മ. കാരണം അതിലാണ് ഹുദ. അതില്‍ നിന്നാണ് തഖ്വ. ജീവിത വഴിയില്‍ അന്തിച്ചു നില്‍ക്കേണ്ടതില്ലാത്ത വിധം മാര്‍ഗം കാണിക്കുന്നത് ഖുര്‍ആനാണ്. അല്ലാഹു പറഞ്ഞു:
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (ബക്വറ:185)
നമ്മുടെ ജീവിതത്തില്‍ കാണുന്ന നന്മകള്‍ മുഴുവനും ഖുര്‍ആനിലൂടെ സിദ്ധിച്ചതാണ്. നമ്മളില്‍ നിന്ന് അകന്നു പോയ തിന്മകളൊക്കെ ഖുര്‍ആ നിലൂടെയാണ് മാറ്റിനിര്‍ത്തപ്പെട്ടിട്ടുള്ളത്. നന്മകളോട് സ്നേഹവും തിന്മകളോട് വെറുപ്പുമുള്ള വിശ്വാസികള്‍ ഈ വിശുദ്ധ ഗ്രന്ഥത്തെ നെഞ്ചോടു ചേര്‍ത്തു തന്നെ വെക്കണം എന്ന് സാരം. നമ്മുടെ ജീവിതത്തിലേക്ക് കടന്നെത്തുന്ന റമദാന്‍ ഖുര്‍ആനുമായുള്ള പുതിയൊരു ബന്ധത്തിന് വഴിയൊരുക്കണം. അതിന്നാകണം പ്രാര്‍ഥനയും പ്രവര്‍ത്തനവും. ഖുര്‍ആനിന്‍റെ മഹിമയും വിശ്വാസികള്‍ക്ക് അത് നല്‍കുന്ന വിലപറയാനാകാത്ത ഗുണങ്ങളും യഥാവിധം ബോധ്യപ്പെടുന്ന ഒരാളും ആ ദൈവിക ഗ്രന്ഥത്തെ പിടിവിടുകയില്ല. അല്ലാഹുവില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിച്ച ശക്തമായ പാശമാണത്. അതിനെ അവലംബിച്ചു ജീവിക്കുമെങ്കില്‍ ലഭ്യമാകുന്ന നേട്ടങ്ങളെ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
“നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടു വരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.” (മാഇദ: 15, 16)
സല്‍കര്‍മ്മങ്ങളെ സ്നേഹിക്കാത്തവര്‍ ആരുണ്ട് നമ്മളില്‍? ജീവിതം മുച്ചൂടും അമലുസ്സ്വാലിഹാത്തുകളാല്‍ പുഷ്കലമായിത്തീര്‍ന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് മുഴുവന്‍ സത്യവിശ്വാസികളും. ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളും, അവയിലെ സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും പല നന്മകളേയും പ്രാപിക്കുന്നതില്‍ നിന്നും പാലിക്കുന്നതില്‍ നിന്നും നമ്മളെ തടഞ്ഞു നിര്‍ത്തുന്നുണ്ട് എന്നതൊരു സത്യമാണ്. അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വേദനയും നമുക്കനുഭവപ്പെടാറുണ്ട്. നിരാശ വേണ്ടതില്ല; വിശുദ്ധ റമദാന്‍ സല്‍കര്‍മ്മങ്ങളുടെ നിറവാര്‍ന്ന മാസമാണ്. ‘നന്മകളോട് കൊതിയുള്ളവരേ, കടന്നു വരിക’ എന്ന ആഹ്വാന വുമായിട്ടാണ് നമ്മളിലേക്കുള്ള റമദാനിന്‍റെ വരവു തന്നെ! ഈ റമദാനെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാകണം ഇന്നു മുതലേയുള്ള നമ്മുടെ പ്രതിജ്ഞ. അതിന്നാവശ്യമായ നന്മകളെ മുഴുവന്‍ പരതിയെടുത്ത് കരുതി വെക്കുക. അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ഹജ്ജ്: 77)
വിജയം ലക്ഷ്യമാകുമ്പോള്‍ അധ്വാനം കൂടിയേ തീരൂ. സത്യവിശ്വാസികളുടെ ലക്ഷ്യം സ്വര്‍ഗമാണ്. കാരുണ്യവാനായ അല്ലാഹു തന്‍റെ സച്ചരിതരായ ദാസീ ദാസന്മാര്‍ക്കായൊരുക്കിയ സല്‍കാരവും സങ്കേതവുമാണത്. അതിനു വേണ്ടിയാകണം മത്സരം. ദുനിയാവുമായുള്ള മല്‍പിടുത്തത്തില്‍ ആഖിറത്തിനു വേണ്ടിയുള്ള മത്സരം നാം മറന്നു പോകാറുണ്ട്. അല്ലെങ്കില്‍ മാറ്റിവെക്കാറുണ്ട്. കപ്പലിലൂടെ സഞ്ചരിക്കാണം; അത് മരുഭൂമിയിലൂടെത്തന്നെ ആകുകയും വേണം എന്ന് വാശിപിടിച്ചാല്‍, ആ വാശിയും അതിനെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങളും മാത്രമേ ബാക്കിയായുണ്ടാകൂ. അതിനാല്‍ ഈ വിശുദ്ധ റമദാന്‍ മാറിച്ചിന്തിക്കാനുള്ള അവസരമായി നാമൊക്കെ ഉപയോഗപ്പെടുത്തണം. ദുനിയാവിന്‍റെ നശ്വരതയും നിസ്സാരതയും ബോധ്യപ്പെട്ടുകൊണ്ടുള്ള ഒരു ഒരുക്കം ഇന്നു മുതലേ അനിവാര്യമാണ്. അല്ലാഹു പറഞ്ഞു:
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ആലു ഇംറാന്‍: 133)
നിരന്തരമായ ജീവിത യാത്രയില്‍ മാലിന്യങ്ങളെമ്പാടും കടന്നു കയറുന്ന നമ്മുടെ മനസ്സിനെ കഴുകിക്കൊണ്ടേയിരിക്കണം. കറയേറിയാല്‍, അവ കഴുകി മാറ്റാന്‍ മറന്നാല്‍ പിന്നെയാ മനസ്സില്‍ വെളിച്ചം കടക്കില്ല. ഉണ്ടായിരുന്ന വെളിച്ചത്തില്‍ നിന്ന് പ്രഭ നിര്‍ഗളിക്കുകയുമില്ല. പാപം പ്രകാശത്തെ കെടുത്തും. പടച്ചവനുമായുള്ള ബന്ധത്തെ തകര്‍ക്കും. നന്മകളോടുള്ള ആഭിമുഖ്യം ചുരുക്കും. സത്യവിശ്വാസികള്‍ ഏറെ ഗൗരവത്തോടെ മനസ്സിരുത്തേണ്ട സംഗതികളാണിവയൊക്കെ. റമദാന്‍ പാപമോചനത്തിന്‍റെ മാസമാണ്. പാപങ്ങളുടെ കറയേറ്റ മനസ്സിനെ കഴുകി ശുദ്ധിയാക്കാന്‍ വിശ്വാസികള്‍ക്കു ലഭിക്കുന്ന സുവര്‍ണ്ണാവസരം! ആ അവസരത്തെ നഷ്ടപ്പെടുത്തുന്നവനെപ്പറ്റിയുള്ള ഹദീസ് നമുക്കിടയില്‍ സുവിദിതമാണ്.
അബൂ ഹുറയ്റ നിവേദനം: ഒരിക്കല്‍ നബി(സ്വ) മിമ്പറില്‍ കയറവേ, ‘ആമീന്‍’ എന്ന് മൂന്ന് പ്രാവശ്യം പറയുകയുണ്ടായി. ശേഷം, ‘എന്തിനാണ് റസൂലേ അങ്ങ് മിമ്പറില്‍ കയറുന്ന വേളയില്‍ മൂന്ന് പ്രാവശ്യം ആമീന്‍ പറഞ്ഞത്?’ എന്ന് സ്വഹാബികള്‍ തിരുമേനി(സ്വ)യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “റമദാനില്‍ ജീവിക്കാനായിട്ടും അല്ലാഹുവില്‍ നിന്ന് മാപ്പ് ലഭിച്ചിട്ടില്ലാത്തവന്‍, നരകത്തില്‍ പ്രവേശിക്കട്ടെ, അല്ലാഹു അവനെ വിദൂരത്തിലകറ്റട്ടെ. നീ, ആമീന്‍ ചൊല്ലുക എന്ന് ജിബ്രീല്‍ എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് ഒരു പ്രാവശ്യം ഞാന്‍ ആമീന്‍ ചൊല്ലിയത്.” (അഹ്മദ്)
“സര്‍വ രോഗത്തിനും ഔഷധമുണ്ട്. പാപങ്ങളാകുന്ന രോഗത്തിനുള്ള ഔഷധം ഇസ്തിഗ്ഫാറാണ്” എന്ന് അബുദ്ദര്‍ദാഅ് (റ) പറഞ്ഞിട്ടുണ്ട്. ദാസന്മാരോട് കരുണയുള്ള റബ്ബ് തൗബയെ പ്രാധാന്യപൂര്‍വമാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അന്‍ആം: 54) “നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (മുസ്സമ്മില്‍: 20) തുടങ്ങിയ ആയത്തുകളെ പരിഗണിച്ചു കൊണ്ടാകണം നമ്മുടെ ജീവിതം. വിശിഷ്യാ വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുന്ന ഈ അസുലഭ വേളയില്‍.
മരണത്തെ ഓര്‍ക്കുക; അതെപ്പോഴും ജാഗ്രതയോടെത്തന്നെ നമുക്കരികിലുണ്ട്. നെഞ്ചിലനുഭവപ്പെടുന്ന വേദന ഇടതു കൈകളിലേക്ക് പടരുമ്പോള്‍ മാത്രം ഓര്‍മ്മ വരേണ്ടതല്ല മരണം. ചെരുപ്പിന്‍റെ വാറിനേക്കാള്‍ സമീപത്തു നില്‍ക്കുന്ന മരണത്തെ ധാരാളമോര്‍ക്കണമെന്ന് റസൂല്‍(സ്വ) ഉപേദേശിച്ചിട്ടുണ്ട്. ഓരോ റമദാനും നമ്മെ മരണത്തെ സഗൗരവം ഓര്‍മ്മപ്പെടുത്തു ന്നുണ്ട്. വിടപറഞ്ഞു പോയ പ്രിയപ്പെട്ട മാതാപിതാക്കളും, ഭാര്യാ സന്താനങ്ങളും, കളിക്കൂട്ടുകാരുമൊക്കെ, അവരന്തിയുറങ്ങുന്ന പള്ളിപ്പറമ്പുമൊക്കെ റമദാനെത്തുമ്പോള്‍ നമ്മുടെ ഖല്‍ബുകളില്‍ ഓര്‍മ്മകളും കണ്ണുകളില്‍ നനവുകളുമുണ്ടാക്കുന്നുണ്ട്. ആ ഓര്‍മ്മകളും നനവുകളും ജീവിതത്തില്‍ ഉപകാരപ്രദമായി ഭവിക്കണം. അതിന്ന് പരമ കാരുണികനായ നാഥന്‍ നന്നാകാന്‍ നല്‍കുന്ന റമദാനിനെ പൂര്‍ണ്ണമനസ്സോടെ സ്വീകരി ക്കണം. തഖ്വ നേടാന്‍, പശ്ചാത്താപം ലഭിക്കാന്‍, പുണ്യങ്ങളോടടുക്കാന്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ നടക്കാന്‍ ഈ റമദാന്‍ നമുക്ക് അനുഗുണമായി ലഭിച്ചാല്‍ നാമെത്ര ഭാഗ്യവാന്‍മാര്‍! ‘അല്ലാഹുവേ, നീ ഞങ്ങളേ റമദാനിലേക്കെത്തിച്ചാലും.’