റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍

1687

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക് സൂചനകള്‍ നല്‍കുന്ന, മനുഷ്യ ധിഷണയില്‍ ചിന്തയുടേയും അറിവിന്റേയും ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്ന, സാമൂഹ്യജീവിതത്തില്‍ മുഴുവന്‍ നന്മകളുടേയും പ്രകാശം പരത്തുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആന്‍ മനുഷ്യനില്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ക്വുര്‍ആനിനെ വിവിധതരം നാമങ്ങളിലൂടെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നാമങ്ങളില്‍ ചിലതു മാത്രമാണ് ഇവിടെ നല്‍കുന്നത്.

  1. الْقُرْآنُ – വായിക്കപ്പെടുന്നത് എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

إِنَّ هَذَا الْقُرْآنَ يِهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا -الإسراء:9

“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.” (ഇസ്രാഅ്/9)

  1. الْفُرْقَانُ – സത്യാസത്യവിവേചനത്തിനുള്ള പ്രമാണം എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا -الفرقان:1

“തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്.” (ഫുർക്വാൻ/1)

  1. الذِّكْرُ – ഉദ്ബോധനം എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ -النحل:44

“നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (നഹ്ൽ/44)

  1. الْكِتَابُ – ഗ്രന്ഥം എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

ذَلِكَ الْكِتَابُ لاَ رَيْبَ فِيهِ هُدًى لِّلْمُتَّقِينَ -البقرة:2

“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.” (ബക്വറ/2)

  1. الْمَوْعِظَةُ – സദുപദേശം എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ -يونس: 57

“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു.” (യുനുസ്/57)

  1. الْحَبْلُ – കയര്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا  -آل عمران: 103

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക.” (ആലുഇംറാൻ/103)

ക്വുര്‍ആനിനെ നെഞ്ചകങ്ങളില്‍ സൂക്ഷിക്കുന്ന ആളുകള്‍ എന്ന നിലക്ക്, അതിന്റെ അവതീര്‍ണ്ണ മാസത്തില്‍ അതിനെ സംബന്ധിച്ചുള്ള അല്‍പം അറിവുകളാണ് നാം മനസ്സിലാക്കിയത്. ക്വുര്‍ആനിനെക്കുറിച്ച് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള പേരുകള്‍, നമ്മളില്‍ അതുണ്ടാക്കുന്ന സ്വാധീനങ്ങളേയും പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തിയാണ് എന്ന് മനസ്സിലാക്കാന്‍ ഈ അറിവുകള്‍ നമുക്ക് ഉപകരിക്കുന്നുണ്ട്. ക്വുര്‍ആനിന്ന് നല്‍കപ്പെട്ടിട്ടുള്ള നാമങ്ങളും വിശേഷണങ്ങളും വേറെ ഇനിയുമുണ്ട്. അവകൂടി പഠിക്കാനും ആശയങ്ങള്‍ ഗ്രഹിച്ച് ഉള്‍ക്കൊള്ളാനും അല്ലാഹു നമുക്ക് തൗഫീക്വ് നല്‍കട്ടെ. ആമീന്‍