എല്ലാ വര്‍ഷവും റമദാന്‍ അടുക്കുന്നതോടെ പ്രബോധകന്മാരും പ്രസംഗകരും ആവര്‍ത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; നാം ഒരുങ്ങിയൊ? ആവര്‍ത്തന വിരസതകൊണ്ട് ഈ ചോദ്യം തന്നെ പലര്‍ക്കും വിരക്തമായിട്ടുണ്ടാകാം. ചിലര്‍ക്കെങ്കിലും ഈ ചോദ്യം ഒരു വീണ്ടുവിചാരത്തിന് പ്രചോദനമായിട്ടുമുണ്ടാകാം.
സഹോദരങ്ങളേ, വിശുദ്ധ റമദാനിന് ഒരുങ്ങിയൊ എന്ന് സത്യവിശ്വാസികള്‍ പരസ്പരം ചോദിക്കുന്നതിലെ സാരം, റമദാനിലെ വ്രതാനുഷ്ഠാനത്തിന് ഒരുങ്ങിയൊ എന്നാണ്. വ്രതകാല ആരാധനകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ഒരുങ്ങിയൊ എന്നാണ്. സ്വന്തത്തെ വിചാരണ ചെയ്യാനും ഖേദിക്കാനും പശ്ചാത്തപിക്കാനും ഒരുങ്ങിയൊ എന്നാണ്. ജീവിതത്തിന്‍റെ വഴിയില്‍ ലക്ഷ്യത്തിലേക്ക് വെട്ടം പകര്‍ന്ന് നിലകൊള്ളുന്ന ഖുര്‍ആനിനോട് കൂടുതല്‍ ചേര്‍ന്നിരിക്കാന്‍ ഒരുങ്ങിയൊ എന്നാണ്.
എങ്കില്‍ ഈ പറഞ്ഞതിനൊക്കെ ശ്രദ്ധാപൂര്‍വം നമുക്കൊന്നൊരുങ്ങാം. പൂര്‍വ്വസൂരികള്‍, റമദാനിന്‍റെ വരവിന് കൊതിക്കുകയും അതിനെ എതിരേല്‍ക്കാന്‍ അഹമഹമികയാ ശ്രമിക്കുകയും ചെയ്തവരായിരുന്നു. റമദാനണഞ്ഞാല്‍ ആനന്ദാതിരേകത്താല്‍ അവരുടെ ഹൃദയങ്ങള്‍ തുടിക്കുമായിരുന്നു. കാരണമുണ്ട്. റമദാനിന്‍റെ ദിനരാത്രങ്ങള്‍ നന്മകളാല്‍ സമ്പന്നമാക്കാനുള്ള അല്ലാഹുവിന്‍റെ അലിവാര്‍ന്ന അനുഗ്രഹമാണ് എന്നവര്‍ക്കറിയാമായിരുന്നു. പുണ്യങ്ങളിലമരാന്‍ കൊതിക്കുന്നവര്‍ക്ക് സ്വാഗതമോതിയും, അലസതയില്‍ വ്യാപരിക്കുന്നവരോട് മതിയാക്കാന്‍ ആഹ്വാനം ചെയ്തുമാണ് വ്രതനാളുകളുടെ വരവ്. അതുകൊണ്ടുതന്നെ അല്ലാഹുവിനെ സ്നേഹിക്കുന്ന, പ്രവാചക തിരുമേനി(സ്വ)യെ അനുധാവനം ചെയ്യുന്ന പരലോകമോക്ഷം നിശ്ചയമായും ആഗ്രഹിക്കുന്ന മുഅ്മിനുകള്‍ റമദാനിനോട് ഹൃദയം ചേര്‍ത്തുവെക്കുകയാണ് ചെയ്യുക. ആകയാല്‍, നമുക്കൊരുങ്ങാം.
ജീവിതത്തില്‍ നമുക്കു ലഭിക്കുന്ന അവസരങ്ങളെല്ലാം പരലോക ജീവിതത്തിലേക്ക് അനുകൂലമാകും വിധം നാമുപയോഗപ്പെടുത്തണം. നമ്മുടെ ആരോഗ്യം, അറിവ്, സമ്പത്ത്, യുവത്വം, ഒഴിവ് സമയം എല്ലാമെല്ലാം ഐഹിക ജീവിതത്തില്‍ നമുക്കുള്ള അവസരങ്ങളാണ്. ഇവ മുഖേന അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കാന്‍ നമുക്കാകണം. തക്വ് വ വെളിച്ചം നല്‍കിയ ഹൃദയമാണ് ന്യൂനതകളില്ലാത്ത ഹൃദയം. അതിലൂടെയാണ് കര്‍മ്മസമ്പന്നമായ ഇഹലോകവും പടച്ചവനില്‍ നിന്ന് പരിഗണന ലഭിക്കുന്ന പരലോകവും നമുക്ക് ലഭ്യമാകൂ. അല്ലാഹു പറഞ്ഞു:
“സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് (അന്ന്) സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്.” (ശുഅറാഅ്: 88-90)
ആകയാല്‍, നമുക്കൊരുങ്ങാം. സമയക്രമീകരണത്തില്‍ നിന്നു തന്നെ തുടങ്ങാം. സമയം വിലപ്പെട്ടതാണ്. നമ്മെക്കടന്നു പോയാല്‍ വീണ്ടും തിരിച്ചു വരാത്ത സ്വത്ത്. സമയം നഷ്ടമാകുന്നൂ എന്നാല്‍ ആയുസ്സ് വിനഷ്ടമാകുന്നൂ എന്നാണ്. നടപ്പിലാക്കേണ്ട ഉത്തരവാദിത്തങ്ങളും നടക്കാനുള്ള വഴിദൂരവും എത്തിപ്പെടേണ്ട ലക്ഷ്യസ്ഥാനവും ഉള്ളവര്‍ക്കാണ് സമയക്രമീകരണത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുകയുള്ളൂ. അനുഗ്രഹവശാല്‍ നമ്മള്‍, മുഅ്മിനുകള്‍ ഇപ്പറഞ്ഞവയൊക്കെ കൃത്യമായി ബോധ്യമുള്ളവരാണ്. സമയക്രമീകരണത്തില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നമുക്ക് ലഭിക്കുന്ന ഒഴിവു സമയങ്ങളാണ്. അധിക പേരും ഇക്കാര്യത്തില്‍ അശ്രദ്ധരാണ് എന്ന് മുഹമ്മദ് നബി(സ്വ) അരുളിയിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “രണ്ടനുഗ്രഹങ്ങളുടെ കാര്യത്തില്‍ മനുഷ്യരധികവും പരാജിതരാണ്; ആരോഗ്യവും ഒഴിവുസമയവുമാണവ.” (ബുഖാരി)
ഒഴിവു സമയങ്ങള്‍ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ് എന്ന് നാം മനസ്സിലാക്കണം. സമയം പോകുന്നില്ല എന്ന് ആവലാതി പറയുന്നവന്‍, യഥാര്‍ത്ഥത്തില്‍ തന്‍റെ ജീവിതം പോകുന്നില്ല എന്നാണ് പറയുന്നത്. സത്യത്തില്‍ അങ്ങനെയല്ല; സമയവും അതുവഴി ജീവിതവും പോകുന്നുണ്ട്. നമ്മിലെ സമയനഷ്ടം നമ്മെ പരാജയത്തിലേക്കാണൊ തള്ളിവിടുന്നത് എന്ന ചിന്തയാണ് പ്രധാനം. ഇഹലോകത്തിലെയും പരലോകത്തിലേയും വിജയകരമായ പര്യവസാനത്തിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ട ഒഴിവുസമയങ്ങളെ കളിയിലും തമാശയിലും അലസതയിലും അശ്രദ്ധയിലും തളച്ചിട്ട് ജീവിതം പരാജയത്തിലേക്ക് നയിക്കുന്നവരാണ് മനുഷ്യരില്‍ അധികവും. റസൂല്‍ (സ്വ) പറഞ്ഞതിന്‍റെ പൊരുള്‍ അതാണ്. സത്യവിശ്വാസികള്‍ അങ്ങനെയാകരുത്. ‘ഏതു കാര്യത്തിലാണ് നിന്‍റെ ആയുസ്സ് അഥവാ സമയം ചെലവഴിച്ചത് എന്ന ചോദ്യത്തിന് വിധേയനാകാതെ ഒരാളുടെ കാലും വിചാരണാ നാളില്‍ മുന്നോട്ടു ചലിക്കില്ല’ എന്ന് പ്രവാചക തിരുമേനി(സ്വ) മുന്നറിയിപ്പു നല്‍കിയത് ഇതിനോട് ചേര്‍ത്തു വായിക്കുക. ‘ദുനിയാവിന്‍റെ കാര്യങ്ങള്‍ക്കും പരലോകത്തിന്‍റെ കാര്യങ്ങള്‍ക്കുമായി സമയം വിനിയോഗിക്കാതെ അലസമായിരിക്കുന്ന ഒരുത്തനെക്കാണുക എന്നതാണ് എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം’ എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പ്രസ്താവിച്ചിട്ടുണ്ട്.
നമസ്കാരം പോലുള്ള നിര്‍ബന്ധകര്‍മ്മങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കുക. ദിക്റുകള്‍ക്കും ദുആഉകള്‍ക്കുമായി സമയങ്ങള്‍ വിനിയോഗിക്കുക. ഖുര്‍ആന്‍ പാരായണത്തിനും വിജ്ഞാന സമ്പാദനത്തിനുമായി അവസരങ്ങള്‍ സൃഷ്ടിക്കുക. ജീവിതസന്ധാരണത്തിനായി അധ്വാനിക്കുന്നതോടൊപ്പം അന്യരുടെ സേവനങ്ങള്‍ക്കായിക്കൂടി സമയം കണ്ടെത്തുക. നാം ഈ ആയുഷ്കാലയളവില്‍ ഒരുപാട് ദീനറിവുകള്‍ നേടിയിട്ടുണ്ട്. അവയില്‍ പത്തു ശതമാനം പോലും പ്രാവര്‍ത്തികമാക്കുന്നില്ല എന്നതാണ് വാസ്തവം. ഈ റമദാനിനെ ഈ പറഞ്ഞവക്കൊക്കെയുള്ള നിര്‍ണ്ണായക അവസരമായി നമുക്ക് ഉപയോഗപ്പെടുത്താം.
റമദാന്‍ പുണ്യങ്ങളുടെ വസന്തകാലമാണ്. ഖുര്‍ആന്‍ അവതരിച്ച മാസം. വ്രതാനുഷ്ഠാനമാണ് ഈ മാസത്തിലെ നിര്‍ബന്ധമായ ആരാധനാ കര്‍മ്മം. അല്ലാഹു പറഞ്ഞു:
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (ബക്വറ: 185)
ഇനി നാം വൈകരുത്. നമുക്കൊരുങ്ങാം. ജീവിതത്തില്‍ അഞ്ചു സംഗതികള്‍ സംഭവിക്കുന്നതിനു മുമ്പ് അഞ്ചുകാര്യങ്ങളെ നിങ്ങള്‍ ഉപയോഗപ്പെടുത്തണം എന്ന പ്രവാചക തിരുമേനി(സ്വ)യുടെ സാരോപദേശം നമ്മുടെ ഓര്‍മ്മയിലില്ലെ? ആ അഞ്ചു കാര്യങ്ങളില്‍ ഒന്ന്, ‘ജീവിതത്തില്‍ തിരക്കു വരുംമുമ്പെ, ഒഴിവു സമയങ്ങളെ ഉപയോഗപ്പെടത്തണം’ എന്നതാണ്.
മരണം അല്ലാഹുവിന്‍റെ കല്‍പനക്കായി കാത്തു നില്‍ക്കുകയാണ്. അത് എപ്പോഴാണ് നമ്മെത്തേടി അരികിലെത്തുന്നത് എന്ന് നമുക്കറിയില്ല. മരണം വന്നാല്‍, ‘സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ സമയം മതിയായില്ല റബ്ബേ’ എന്ന് ആവലാതിപ്പെടുകയും, ‘അല്‍പ സമയം നീട്ടിനല്‍കിയാലും’ എന്ന് കരഞ്ഞു പറയുകയും ചെയ്യുന്ന അവസ്ഥ ചിലര്‍ക്കുണ്ടാകുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അവര്‍ പരാജിതരാണ്. ദുനിയാവില്‍ മതിയായത്ര സമയം അല്ലാഹു ഔദാര്യമായി നല്‍കിയിട്ടും സല്‍പ്രവൃത്തികള്‍ക്ക് മുതിരാത്തവന്‍ ദുനിയാവ് വിടുമ്പോള്‍ കരയുകയാണ്; അവന്ന് സമയം മതിയായില്ലത്രെ! അത്തരക്കാരെക്കുറിച്ചുള്ള ഖുര്‍ആനിന്‍റെ പ്രസ്താവന നോക്കൂ.
“അന്നേരത്ത് (അഥവാ മരണ സമയത്ത്) അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (മുനാഫിഖൂന്‍: 10, 11)
ആകയാല്‍ നമുക്കൊരുങ്ങാം. വരാനിരിക്കുന്ന റമദാനിലെ സുവര്‍ണ്ണ സമയങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്താനും അല്ലാഹുവിലേക്ക് അടുക്കാനും മരണസമയത്ത് പുഞ്ചിരിയോടെ ദുനിയാവൊഴിയാനാകും വിധം അധ്വാനിക്കാനും ആയുസ്സ് ക്രമീകരിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍