റമദാനിന്‍റെ കവാടത്തില്‍ ഇത്തിരി നേരം

769

ആയുസ്സ് വളരെ ധൃതിയില്‍ നടക്കുന്നു. ഒപ്പമെത്താന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്‍റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്‍റെ തൗഫീക്വോടെ കഴിവില്‍പ്പെട്ടത്ര അവസരങ്ങളെ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന ആശ്വാസവുമുണ്ട്. പരലോക വിജയത്തിനായുള്ള പ്രതീക്ഷയോടെ ഓരോ കര്‍മ്മം നിര്‍വഹിച്ചു തീര്‍ന്നാലും, അല്ലാഹുവേ നീയിതു സ്വീകരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് നമ്മുടെ വിനയം.

പുണ്യങ്ങളാല്‍ പുഷ്കലമായ ഒരു വിശുദ്ധമാസം നമ്മുടെ മുന്നിലുണ്ട്. റമദാന്‍; അതിന്‍റെ കവാടത്തിലാണ് നാമിന്നുള്ളത്. കഴിഞ്ഞ റമദാനില്‍ ജീവിക്കാനായ സന്തോഷത്തിലാണ് നാം. അന്ന്, റമദാനിനെ യാത്രയാക്കുമ്പോള്‍ ഹൃദയം വേദനിച്ചിരുന്നു. ഒരിക്കല്‍ കൂടി റമദാനിനെ വരവേല്‍ക്കാന്‍ സാധിക്കുമൊ എന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെ. കാരണം, മരണം അരികിലാണല്ലൊ. എങ്കിലും പ്രതീക്ഷയും പ്രാര്‍ത്ഥനയുമുണ്ട് നമുക്ക്; അല്ലാഹുവേ, നീ ഞങ്ങളെ റമദാനിലേക്കെത്തിച്ചാലും. കഴിഞ്ഞ വര്‍ഷം ഒപ്പം നോമ്പു നോറ്റവര്‍, നോമ്പുതുറന്നവര്‍, നാട്ടുകാര്‍, വീട്ടുകാര്‍, കൂട്ടുകാര്‍; അവരില്‍ പലരും ഇന്ന് കൂടെയില്ല. ഖബറിടത്തിലുറങ്ങുകയാണ്. അവരുടെ ഖബര്‍ ജീവിതം അല്ലാഹു കരുണ നിറഞ്ഞതാക്കട്ടെ.

റമദാനിനുവേണ്ടി ഒരു മാസം മുമ്പെ നാം ഒരുങ്ങിക്കഴിഞ്ഞു. സത്യത്തില്‍ നാം ഒരുങ്ങിയൊ? നമുക്കറിയാം;  മുത്തക്വികളുടെ മനസ്സിനെ എപ്പോഴും ആകര്‍ഷിക്കുകയും ആശിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാന്‍. അതൊരു അനുഭൂതിയാണ്. റഹ്മത്തിന്‍റെ മാസം. മഗ്ഫിറത്തിന്‍റെ മാസം. അനുഗ്രഹങ്ങളുടേയും പുണ്യങ്ങളുടേയും മാസം.

ഈ മാസത്തില്‍;

സ്വര്‍ഗ്ഗവാതിലുകള്‍ മലര്‍ക്കെ തുറന്നിടപ്പെടുന്നു

നരകവാതിലുകള്‍ പാടെ കൊട്ടിയടക്കപ്പെടുന്നു

പിശാചിന്‍റെ കരചരണങ്ങള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെടുന്നു

നിരവധി ദാസീ ദാസന്മാര്‍ ദൈവകൃപയാല്‍ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു

ആരാധനകള്‍ക്ക് ഇരട്ടി പ്രതിഫലങ്ങള്‍ നിശ്ചിയക്കപ്പെടുന്നു

ഹൃദയത്തില്‍ അല്ലാഹുവിനോടിഷ്ടവും സ്വര്‍ഗ്ഗത്തോട് ആര്‍ത്തിയുമുള്ള ആര്‍ക്കാണ് ഈ മാസത്തോട് വൈമുഖ്യമുണ്ടാകുക!

നാം പ്രവേശിക്കാനാരിക്കുന്നത് പുണ്യങ്ങളുടെ പൂക്കാലത്തിലേക്കാണ്. പറിക്കാനും പെറുക്കാനും മണക്കാനും പറ്റിയ പുണ്യങ്ങളുടെ പൂക്കള്‍ വിടര്‍ന്നാടുന്ന പൂന്തോപ്പ്. ഇവിടെ ഒരു നിമിഷം നമുക്ക് നില്‍ക്കാം! പക്ഷെ, ഒരു നിമിഷം! റമദാനിന്‍റെ പൂവാടിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍പ സമയം മാറിനിന്ന് നമുക്കൊന്നാലോചിച്ചു നോക്കാം. ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ റമദാനില്‍ നിന്നും പറിച്ചും പെറുക്കിയുമെടുക്കുന്ന പുണ്യപ്പൂക്കളെ സുരക്ഷിതമായി നിക്ഷേപിക്കാന്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ മതിയായ ഇടമുണ്ടൊ? അവയൊക്കെയും വാടാതെയും ഇതള്‍കൊഴിയാതെയും പുതുമയോടെ നില്‍ക്കാനുള്ള സ്ഥലമുണ്ടൊ? പാപചിന്തകളാല്‍, പകയാല്‍, കോപത്താല്‍, ശത്രുതയാല്‍, അസൂയയാല്‍, കുതന്ത്രങ്ങളാല്‍, അഹങ്കാരങ്ങളാല്‍, പരിഹാസങ്ങളാല്‍, നിഷേധങ്ങളാല്‍, ധാര്‍ഷ്ട്യങ്ങളാല്‍, സ്വാര്‍ത്ഥകളാല്‍, ധുരയാല്‍, ധൂര്‍ത്തിനാല്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന എന്‍റെയും നിങ്ങളുടേയും ഹൃദയത്തില്‍ ഇനിയും ഇടമുണ്ടൊ, നന്മകളുടെ, പുണ്യങ്ങളുടെ പൂക്കളും മണങ്ങളും ചേര്‍ത്തുവെക്കാന്‍? സംശയമാണ്.

എങ്കില്‍, നമുക്കൊരല്‍പം പണിയുണ്ട്. മനസ്സാസകലം ഒരു നനച്ചു കുളി! ഹൃദയത്തില്‍ ശേഖരിച്ചു വെച്ച പലതും അനാവശ്യമാണ്. തീര്‍ത്തും ഉപകാരമില്ലത്തവ. മാത്രമല്ല, അല്ലാഹുവിന്ന് ഇഷ്ടമില്ലാത്തവ. നമ്മുടെ പരലോക ജീവിതത്തെ പരാജയത്തിലകപ്പെടുത്തുന്നവ. അതു കൊണ്ട്, ഹൃദയ ശുദ്ധീകരണം കൊണ്ട് നമുക്ക് തുടങ്ങാം. അല്ലാഹു പറഞ്ഞില്ലെ: “വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്.” (ഫാത്വിര്‍: 18)

റമദാന്‍ ഇസ്തിഗ്ഫാറിന്‍റെ മാസമാണ്. ജീവിത യാത്രയില്‍ ചുറ്റുപാടുകളില്‍ നിന്നുമേറ്റ മാലിന്യങ്ങളെ കഴുകി ശുദ്ധിയാക്കാനുള്ള സുവര്‍ണ്ണാവസരം. ഹൃദയ ശുദ്ധിയോടെയാകണം റമദാനിലേക്കുള്ള നമ്മുടെ കാല്‍വെപ്പ്. വ്രതകാല ദിനങ്ങളില്‍ ഈമാനിന്ന് പുതുക്കം ലഭിക്കണം. ഹൃദയത്തിന് കൂടുതല്‍ തിളക്കം ലഭിക്കണം. ആരാധനകളില്‍ മുമ്പത്തേക്കാള്‍ ഇഖ്ലാസ്വ് നിറയണം. അല്ലാഹുവുമായുള്ള ബന്ധം പൂര്‍വ്വോപരി സുദൃഢമാകണം. അതിന് എന്തു ചെയ്യണം എന്നതാണ് ഈ ശഅബാനിലെ നമ്മുടെ ചിന്ത.

റമദാന്‍ ഇസ്തിഗ്ഫാറിന്‍റെ മാസമാണ്. ജീവിത യാത്രയില്‍ ചുറ്റുപാടുകളില്‍ നിന്നുമേറ്റ മാലിന്യങ്ങളെ കഴുകി ശുദ്ധിയാക്കാനുള്ള സുവര്‍ണ്ണാവസരം. ഹൃദയ ശുദ്ധിയോടെയാകണം റമദാനിലേക്കുള്ള നമ്മുടെ കാല്‍വെപ്പ്. വ്രതകാല ദിനങ്ങളില്‍ ഈമാനിന്ന് പുതുക്കം ലഭിക്കണം. ഹൃദയത്തിന് കൂടുതല്‍ തിളക്കം ലഭിക്കണം. ആരാധനകളില്‍ മുമ്പത്തേക്കാള്‍ ഇഖ്ലാസ്വ് നിറയണം. അല്ലാഹുവുമായുള്ള ബന്ധം പൂര്‍വ്വോപരി സുദൃഢമാകണം. അതിന് എന്തു ചെയ്യണം എന്നതാണ് ഈ ശഅബാനിലെ നമ്മുടെ ചിന്ത. ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനയാണ് അതിലെ മുഖ്യം. സ്വന്തം തെറ്റുകളെ തിരിച്ചറിയുന്ന ഒരാള്‍ക്കു മാത്രമാണ് ഇസ്തിഗ്ഫാറിന്‍റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുകയുള്ളൂ.

തന്നിലെ പാപങ്ങളെ മനസ്സിലാക്കാന്‍ ശ്രദ്ധിക്കണമെന്ന് വിശ്വാസികളോട് ഇസ്ലാം പറയുന്നത്, താന്‍ പാപിയായിത്തീര്‍ന്നിരിക്കുന്നൂ എന്നു പറഞ്ഞ് കരഞ്ഞിരിക്കാനല്ല. മറിച്ച്, മനസ്സിനെ ബാധിച്ച പാപക്കറി കഴുകി വൃത്തിയാക്കി കൂടുതല്‍ ഊര്‍ജ്ജസ്വലനായി ജീവിക്കാനാണ്. വിശുദ്ധ മനസ്സുമായി അല്ലാഹുവിനെ സമീപിക്കാനും ആ മാനസിക നിലയില്‍ അവനെ വാഴ്ത്താനും പ്രകീര്‍ത്തിക്കാനുമാണ്. ജീവിതത്തെ ജാഗ്രതാപൂര്‍വം പരിഗണിക്കാനും പരിവര്‍ത്തിപ്പിക്കാനുമാണ്. ഉപയോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രമവും പണവും മനുഷ്യര്‍ ചെലവഴിക്കുന്നത്, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളിലെ കേടുകള്‍ തീര്‍ത്ത് നന്നാക്കാനും മാലിന്യങ്ങള്‍ നീക്കി ശുദ്ധിയാക്കാനുമാണ്. ഇത് മനുഷ്യരുടെ പ്രകൃതമാണ്. മനസ്സിനോടുള്ള നമ്മുടെ പ്രകൃതവും ഇതു തന്നെയായിരിക്കണം എന്ന് ഇസ്ലാം പഠപ്പിച്ചിട്ടുണ്ട്.

കീറിപ്പോയ മതനിഷ്ഠ തുന്നിച്ചേര്‍ക്കാനുള്ള അനുയോജ്യമായ നൂലാണ് ഇസ്തിഗ്ഫാര്‍. ചെളിപുരണ്ട മനസ്സ് കഴുകി വൃത്തിയാക്കാനുള്ള ശുദ്ധജലമാണ് ഇസ്തിഗ്ഫാര്‍. അല്ലാഹുവില്‍ നിന്ന് അകന്നു തുടങ്ങുന്ന ഹൃദയത്തെ അവനിലേക്കു തന്നെ അടുപ്പിക്കാനുള്ള മാധ്യമമാണ് ഇസ്തിഗ്ഫാര്‍. പാപങ്ങളില്‍പ്പെട്ട് അലസമായിത്തീരുന്ന ജീവിതത്തെ ഈമാനികമായി ഊര്‍ജ്ജസ്വലമാക്കുന്ന ഇബാദത്താണ് ഇസ്തിഗ്ഫാര്‍. ഇസ്തിഗ്ഫാര്‍ വെറും വാക്കല്ല, അത് ജീവിതമാണ്. ഒരു ദിവസം ഞാന്‍ നൂറു തവണ ഇസ്തിഗ്ഫാര്‍ നടത്താറുണ്ട്. നിങ്ങളും ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക, എന്ന പ്രവാചകന്‍റെ പ്രസ്താവനയില്‍ നിന്നും നാം അതിന്‍റെ ഗൗരവം മനസ്സിലാക്കുന്നുണ്ട്.

റമദാന്‍ വരും പോകും. റമദാനിന്‍റെ വരവും പോക്കും നമ്മിലുണ്ടാക്കേണ്ട ഗുണം, അല്ലാഹുവില്‍ നിന്ന് പാപമോചനം ലഭിക്കുക എന്നതാണ്. റമദാനില്‍ ജീവിക്കാനായിട്ട് അത് തിരിച്ചു പോകും മുമ്പെ, പാപങ്ങള്‍ക്ക് മാപ്പു ലഭിക്കാത്തവന്ന് നാശം! എന്ന് ജിബ് രീല്‍ (അ) പ്രാര്‍ത്ഥിക്കുകയും അതിന്ന് പ്രവാചക തിരുമേനി(സ്വ) ആമീന്‍ ചൊല്ലുകയും ചെയ്തിട്ടുണ്ട്. സര്‍വ്വശക്തനായ റബ്ബില്‍ നിന്ന് മാപ്പു ലഭിച്ച് ഹൃദയശുദ്ധീകരണം വന്ന് വിശാലമായ സ്വര്‍ഗ്ഗത്തിലേക്ക് കാലെടുത്തുവെക്കാനാകണം നമ്മുടെയൊക്കെ ശ്രമം. റമദാനിന്‍റെ കവാടത്തില്‍ നിന്ന് കൊണ്ട് അല്‍പ സമയം നമ്മെപ്പറ്റി നാം തന്നെ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെയൊക്കെ ശ്രദ്ധയില്‍ വരുന്ന ഒരു ഖുര്‍ആനിക വചനമുണ്ട്. അതില്‍ ശ്രദ്ധയൂന്നുക. അല്ലാഹു പറഞ്ഞു:

“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.” (ആലുഇംറാന്‍ : 133-135)