തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍ ഉണ്ടാക്കുന്ന ഗുണസവിശേഷതകള്‍ എന്തെല്ലാമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഗുണസവിശേഷതകളാണ്, അല്ലാഹുവിന്‍റെ അനുമതിയാല്‍, മുത്തക്വികളുടെ ഇഹപര സൗഭാഗ്യങ്ങളെ നിശ്ചയിക്കുന്നത്.
ആരാണ് മുത്തക്വി എന്നത് അല്ലാഹു കൃത്യമായി പറഞ്ഞു തന്നിട്ടുള്ളതാണ്. സൂറത്തുല്‍ ബഖറയിലെ 14-മത്തെ വചനം ശ്രദ്ധിക്കുക.
“അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്‍റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍)”.
മുത്തക്വിയിലെ സുപ്രധാനമായ അഞ്ച് ഗുണങ്ങളാണ് ഈ ആയത്തുകളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
1. ഗൈബില്‍ വിശ്വസിക്കുന്നവന്‍ 2. നമസ്കാരം നിലനിര്‍ത്തുന്നവന്‍ 3. എല്ലാ നന്മകളുടെ മാര്‍ഗ്ഗത്തിലും ഐച്ഛികവും നിര്‍ബന്ധവുമായ നിലകളില്‍ സമ്പത്ത് ചെലവഴിക്കുന്നവന്‍ 4. ക്വുര്‍ആനിലും മുന്‍കാല ദൈവിക ഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവന്‍ 5. പരലോക ജീവിതത്തെ സന്ദേഹമില്ലാതെ അംഗീകരിച്ചു വിശ്വസിക്കുന്നവന്‍
മുകളില്‍ പ്രസ്താവിക്കപ്പെട്ട സവിശേഷതകള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന മുത്തക്വികളാകാന്‍ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.