റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം

1363

റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം
വിശ്വാസിയുടെ മനസ്സിൽ ആഹ്ലാദത്തിന്റെ നറുമണം വീശി പരിശുദ്ധ റമദാൻ സമാഗതമാകുകയാണ് .മുസ്‌ലിം ഉമ്മത്തിന് റമദാനൊരു ആവേശവും ഉൾപുളകവുമാണ്. വീടുകൾ, നിരത്തുകൾ ഇതിനകം റമദാനിനെ സ്വീകരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു കാരണം മറ്റൊന്നുമല്ല, കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് റമദാനിന്റെ വരവ്

ഇനിയുള്ള നാളുകൾ വിശ്വാസിക്ക് നന്മയുടെ തഖ്‌വയുടെ ,ഖുർആൻ പാരായണത്തിന്റെ ദാന ധർമ്മങ്ങളുടെ ദിനങ്ങളാണ് .റമദാൻ വരും മുൻപേ റമദാനിനെ സ്വീകരിക്കാൻ വിശ്വാസിയുടെ മനസ്സ് പാകമാകേണ്ടതുണ്ട് .കർഷകൻ ഭൂമിയിൽ വിത്തറക്കും മുൻപേ മണ്ണിനെ ഫലപുഷ്ടമാക്കാൻ ശ്രദ്ധിക്കാറുണ്ടല്ലോ ആവശ്യമായ വെള്ളവും വളവും നൽകി ,ദിവസങ്ങളോളം ഉഴുതു മറിച്ച് മണ്ണിനെ പാകപ്പെടുത്തിയതിനു ശേഷമാണ് ഓരോ കർഷകനും വിത്തിറക്കുക .എങ്കിൽ മാത്രമേ നൂറു മേനി കൊയ്തെടുക്കുവാൻ കഴിയൂ .

നോമ്പ് അമൂല്യമായൊരു വിത്താണ് .ആ വിത്തിനെ മുളപ്പിച്ചെടുക്കുവാൻ വിശ്വാസി തൻറെ ഹൃദയത്തെ ഉഴുതു മറിക്കേണ്ടതുണ്ട്.

നനവില്ലാത്ത ഹൃദയം മരുഭൂമിക്ക് തുല്യമാണ് ഹൃദയമാണ് വിശ്വാസിയുടെ കർമ്മങ്ങളുടെ വിള നിലം അവിടെയാണ് നാം നോമ്പിനെ കുടിയിരുത്തേണ്ടത് വിജയസോപാനത്തിലെത്തിച്ചേരാനുള്ള മാന ദണ്ഡം ഹൃദയ ശുദ്ധീകരണമാണെന്ന് ഇസ്‌ലാം പേർത്തും പേർത്തും നമ്മെ ഓർമ്മിപ്പിക്കുന്ന കാര്യമാണ് .

“നിശ്ചയമായും അതിനെ (അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു ,അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യം അടയുകയും ചെയ്തു (സൂറത്തു ശശംസ് ;9 ,10 )

പ്രവാചകൻ صلى الله عليه وسلم ഉണർത്തി ‘അറിയുക മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി ,അത് ദുഷിച്ചാൽ ശരീരം മുഴുവൻ മോശമായി ,അറിയുക അതത്രെ ഹൃദയം ‘
ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നുഹജർ (റ ) എഴുതുന്നു ‘റസൂൽ (صلى الله عليه وسلم ) ഹൃദയത്തെ എടുത്ത് പറഞ്ഞത് ഹൃദയം ശരീരത്തിൻറെ ഭരണാധികാരിയായതുകൊണ്ടാണ് .ഭരണാധികാരി നന്നായാൽ പ്രജകൾ നന്നാവും .ഭരണാധികാരീ ദുഷിച്ചാൽ പ്രജകളും ദുഷിച്ചു (ഫത്ഹുൽ ബാരി വാള്യം 1 ,പേജ് 126 )

ഈ ആശയം ഇബ്നുൽ ഖിയ്യിം (റ ) ഇപ്രകാരം വിശദീകരിക്കുന്നു .”ശരീരം രോഗാതുരമാകുന്നതു പോലെ ഹൃദയവും രോഗാതുരമാകും ,അത് ഭേദമാകുന്നത് തൗബയിലൂടെയും ഈമാൻ പകരുന്ന ഊർജ്ജത്തിലൂടെയുമാണ് .കണ്ണാടി ഒളിമങ്ങും പോലെ ഹൃദയവും ഒളിമങ്ങും അതിന് തിളക്കമേറ്റേണ്ടത് ദൈവ സ്മരണകൊണ്ടാകുന്നു ശരീരം നഗ്നമാകുന്നതു പോലെ ഹൃദയവും നഗ്നമാകും അതിനെ ഉടുപ്പിട്ട് അലങ്കരിക്കേണ്ടത് തഖ്‌വ കൊണ്ടാകുന്നു .

ശരീരത്തിന് എന്നപോലെ ഹൃദയത്തിനുമുണ്ട് ദാഹം .അതിൻറെ ആഹാര പാനീയങ്ങൾ ജ്ഞാനവും ദൈവാനുഗ്രവും അർപ്പണവും പശ്ചാതാപവും, സേവനവുമാകുന്നു
(അൽഫവാഇദ് പേജ് 129 )

രണ്ടാമതൊരുവട്ടം ചിന്തിക്കേണ്ട ആവശ്യമില്ല റമദാനിനെക്കാൾ ജീവിത ശുദ്ധീകരണത്തിന് പറ്റിയ വേറൊരുമാസം നമുക്കില്ല തന്നെ .നോമ്പാകുന്ന വിത്തിറക്കാൻ ഹൃദയത്തിൽ നിന്നും സകല മാലിന്യങ്ങളാകുന്ന കളകളും പിഴുതെറിയുക , ശിർക്കും ബിദ്അത്തും അനാചാരങ്ങളും ,പകയും വിദ്വേഷവും അസൂയയും പിണക്കവും ശത്രുതയും അകൽച്ചയും ഹൃദയത്തിൽ അലിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് .കുപ്പത്തൊട്ടിലല്ല നന്മയുടെ കതിരുകൾ തലയുയർത്തി നിൽക്കേണ്ടത് സുഗന്ധം വമിക്കുന്ന മന്ദമാരുതൻ തലോടുന്ന നന്മയുടെ പൂക്കൾ സ്വന്തം ഹൃദയത്തിൽ വളർത്തിയെടുക്കാൻ ഈ റമദാൻ നമുക്ക് പ്രചോദനമാകണം.

നമുക്ക് കാത്തിരിക്കാം ഈ റമദാനിനെ..പിന്നെയും നമുക്ക് കാത്തിരിക്കാം ‘ഒരു നേത്രവും ഇതുവരെ ദർശിക്കാത്ത ഒരു ഒരു ചെവിയും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മനുഷ്യ ഹൃദയത്തിനും ഇതു വരെ വിഭാവനം ചെയ്യാൻ കഴിയാത്ത ആ സ്വർഗ്ഗത്തിലേക്ക് റയ്യാനിലൂടെ കാലെടുത്തു വെയ്ക്കാൻ നമുക്ക് കാത്തിരിക്കാം ..അതാ റമദാനിന്റെ കുളിർ കാറ്റ് നമ്മുടെ നെഞ്ചകത്ത് മെല്ലെ മെല്ലെ വീശുകയായി .. കൺ കുളിർക്കെ മാനത്തമ്പിളി കാണാൻ അൽപം ആനന്ദാശ്രുകണങ്ങൾ മാറ്റിവെക്കുമല്ലോ ഞാനും നിങ്ങളും ….