നോമ്പുകാലമാണിത്.
പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍.
കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം.
നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട് നോമ്പെടുക്കുന്നവര്‍. നോമ്പിന്റെ രുചിയറിയുമ്പോഴും ഇഫ്താറിന്റെ രുചിയറിയാത്തവര്‍ എത്രയോ ഉണ്ട്.
അവരൊക്കെയും നമ്മുടെ വിശ്വാസീ സഹോദരങ്ങളാണ്. അവരെ പരിഗണിക്കാതെ നമുക്കെന്ത് നോമ്പും ഇഫതാറും?
നബി(സ്വ) പറഞ്ഞു:
ഒരു നോമ്പുകാരന് ഇഫ്താറൊരുക്കുന്നവന്ന് ആ നോമ്പുകാരന്റെ കൂലിയുടെയത്രയും പ്രതിഫലം ലഭിക്കുന്നതാണ്. ആ നോമ്പുകാരന്റെ കൂലി ഒട്ടും കുറയുകയുമില്ല. (തിര്‍മിദി)
വളരെ ലഘുവായൊരു കര്‍മ്മം. ഒരു മുസ്ലിം സഹോദരനെ നോമ്പുതുറപ്പിക്കുക. അതിലൂടെ ലഭിക്കുന്നതൊ; ആ സഹോദരന്റെ നോമ്പിനു ലഭിക്കുന്ന പൂര്‍ണ്ണമായ അതേ പ്രതിഫലവും!
കുടുംബ ബന്ധത്തില്‍പ്പെട്ടവരെ ക്ഷണിക്കാം.
അയല്‍വാസികളെ ക്ഷണിക്കാം. സുഹൃത്തുക്കളെ ക്ഷണിക്കാം. അങ്ങനെ ആരെയും. പുതുതായി ഇസ്്‌ലാം സ്വീകരിച്ചവരെ നോമ്പു തുറക്കുന്നതിന്നായി പ്രത്യേകം ക്ഷണിക്കാവുന്നതാണ്. മിക്കപ്പോഴും ഒറ്റക്കായിരിക്കാം അവരുടെ നോമ്പും നോമ്പുതുറയും.
സാഹോദര്യത്തിന്റെ താങ്ങും തണലുമറിയാന്‍ ഇഫ്താര്‍ ക്ഷണം അവര്‍ക്കൊരു നിമിത്തമാകും. അത് അവര്‍ക്കൊരു ബലമാണ്. നമുക്കാകട്ടെ അല്ലാഹുവില്‍ നിന്ന് പ്രതിഫലം നേടാനുള്ള സദ്കര്‍മ്മവും.
ഭക്ഷണം നല്‍കുക എന്നത് വലിയ സ്ദകര്‍മ്മമായി പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്‌നേഹോഷ്മളമായ വ്യക്തിബന്ധങ്ങള്‍ക്കും, സൗഹൃദ സാഹോദര്യങ്ങള്‍ക്കും ഭക്ഷണദാനം നിമിത്തമാണ്.
ദരിദ്രന്‍ ദനാഢ്യന്‍ എന്ന വിവേചനമില്ലാതെ വിശ്വാസികള്‍ക്കിടയിലെ സാഹോദര്യവും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള മാസമായി വിശുദ്ധ റമദാനിനെ ഉപയോഗപ്പെടുത്തുക. പരസ്പരം സ്‌നേഹം അത് ആരാധനയാണ്. വിശ്വാസത്തിന്റെ സമ്പൂര്‍ണ്ണതയാണ്.
അല്ലാഹുവിന്റെ ദൂതന്‍(സ്വ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണൊ അവനില്‍ സത്യം! വിശ്വസിക്കുന്നതുവരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ക്ക് വിശ്വാസിയാകാനും സാധ്യമല്ല.
ആകയാല്‍, ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ. അയാള്‍ നമ്മുടെ സ്‌നേഹമറിയട്ടെ.സാഹോദര്യമറിയട്ടെ. അതുവഴി അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലങ്ങള്‍ നമ്മളിലേക്ക് ഒഴുകട്ടെ.