സൗഭാഗ്യത്തിന്‍റെ മധുരവും ദൗര്‍ഭാഗ്യത്തിന്‍റെ കയ്പും

89

മനുഷ്യര്‍ക്കിടയില്‍ വിജയികളും പരാജിതരുമുണ്ട്. എന്നാല്‍, ഭൗതിക ലോകത്ത് ഓരോരുത്തരുടേയും വിജയവും പരാജയവും ആപേക്ഷികം മാത്രമാണ്. ആത്യന്തികമായ വിജയവും ആത്യന്തികമായ പരാജയവും ആരുടേയും ഐഹിക ജീവിതത്തില്‍ കാണുക വയ്യ. ഇന്നത്തെ വിജയി നാളത്തെ പരാജിതനാകാം. ഇന്നത്തെ പരാജിതന്‍ നാളത്തെ വിജയിയുമാകാം. പക്ഷെ, ഒന്നുണ്ട്; വിജയിയും പരാജിതനും നിത്യജീവിതത്തില്‍ സദാ അധ്വാനത്തിലാണ്. ഇനിയും വിജയം കൈവരിക്കാനും പരാജയം സംഭവിക്കാതിരിക്കാനുമുള്ള അധ്വാനത്തിലാണ് ഒരാളെങ്കില്‍, പരാജയം ആവര്‍ത്തിക്കാതിരിക്കാനും വിജയം കൈവെള്ളയിലൊതുക്കാനുമുള്ള ശ്രമത്തിലാണ് മറ്റെയാള്‍.

പരിപൂര്‍ണ്ണമായ വിജയവും പരാജയവും ദുനിയാവിലില്ല എന്നത് നേരാണ്. പക്ഷെ, മരണാനന്തര ലോകത്ത് മനുഷ്യന്‍ ഒന്നുകില്‍ പരിപൂര്‍ണ്ണ വിജയയിയാകും അല്ലെങ്കില്‍ പരിപൂര്‍ണ്ണ പരാജിതന്‍. അവിടെ, വിജയികള്‍ക്ക് കൂടുതല്‍ വിജയത്തിനായി  അധ്വാനിക്കാന്‍ ഇടമില്ല. പരാജിതര്‍ക്ക് വിജയത്തിനായി ശ്രമിക്കാനും സന്ദര്‍ഭമില്ല. അവസരങ്ങളും അധ്വാനങ്ങളും ഐഹിക ജീവിതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ആഖിറത്തില്‍ വിചാരണയും വിജയികളെയും പരാജിതരേയും തരംതിരിച്ചു കൊണ്ടുള്ള പ്രതിഫലദാനവുമാണ്. ദുനിയാവില്‍ പണത്തിനും പദവിക്കും, അന്നത്തിനും പാര്‍പ്പിടത്തിനുമൊക്കെയായി  വ്യത്യസ്ത മേഖലകളില്‍ അധ്വാനിച്ച് നേട്ടമുണ്ടാക്കിയവനും, ആ രംഗങ്ങളില്‍ കോട്ടം ഭവിച്ചവനും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു സംഗതിയുണ്ട്. പരലോകത്ത് വിജയികളുടെ കൂട്ടത്തിലാകണം ഞാന്‍; ഒരിക്കലും പരാജിതരുടെ കൂട്ടത്തിലായിക്കൂടാ എന്ന്.

മേല്‍ പറയപ്പെട്ട രണ്ടു തരം ആളുകളേയും അവരുടെ പര്യവസാനങ്ങളേയും അനുഭവങ്ങളേയും പടച്ചതമ്പുരാന്‍ കൃത്യമായി വിശദീകരിച്ചു തന്നിട്ടുണ്ട്. ആത്യന്തിക വിജയികളെ സൗഭാഗ്യവാന്മാരെന്നും ആത്യന്തിക പരാജിതരെ ദൗര്‍ഭാഗ്യവാന്‍മാരെന്നുമാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറഞ്ഞു:

“ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും.”

“എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.”

“ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.  തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.” (ഹൂദ്/105-107)

ദൗര്‍ഭാഗ്യവാന്‍റെ സങ്കേതം നരകമാണ്. അവിടെയവനെ കാത്തിരിക്കുന്നത് നെടുവീര്‍പ്പുകളും അട്ടഹാസങ്ങളുമാണ്. തീര്‍ത്തും ഖേദത്തിന്‍റെ താവളം. ദുനിയാവില്‍ നീണ്ടകാലം ജീവിക്കാനവസരം ലഭിച്ചിട്ട്, ജീവിതത്തിന്‍റെ ലക്ഷ്യവും ധര്‍മ്മവുമറിഞ്ഞിട്ട്, അവക്കു വേണ്ടി അധ്വാനിക്കാനുള്ള അവസരങ്ങള്‍ അല്ലാഹുവില്‍ നിന്ന് ലഭിച്ചിട്ട്, അലസനും അഹങ്കാരിയുമായി ജീവിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ഭൂവാസത്തിലെ നഷ്ട ദിനങ്ങളെയോര്‍ത്തുള്ള നെടുവീര്‍പ്പുകളും കത്തിയാളുന്ന നരകവേദനയാലുള്ള ആക്രോശങ്ങളും മാത്രമാണവിടെ യുള്ളത്. ദൗര്‍ഭാഗ്യവാനെ സംബന്ധിച്ചിടത്തോളം അവയൊക്കെയും അവിടെ ഫലശൂന്യമാണ്.

അതേ സമയം, സൗഭാഗ്യവാന്‍മാരെപ്പറ്റിയുള്ള ഖുര്‍ആനിന്‍റെ പ്രസ്താവന കാണൂ:

“എന്നാല്‍ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.  നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്.” (ഹൂദ്/108)

പരലോകത്തിലെ സൗഭാഗ്യവാന്‍ ഐഹിക ജീവിതം കൊണ്ട് വിജയം വരിച്ചവനാണ്. സത്യസന്ധമായ വിശ്വാസം, ആത്മാര്‍ഥമായ ആരാധനകള്‍, ചന്തമാര്‍ന്ന സ്വഭാഗവ ഗുണങ്ങള്‍, ആദരണീയമായ പെരുമാറ്റ മര്യാദകള്‍, വിശ്വസ്തമായ ക്രയവിക്രയങ്ങള്‍, ഉത്തരവാദിത്തത്തോടെയുള്ള കുടുംബ ജീവിതം, സൂക്ഷ്മതയോടെയുള്ള രഹസ്യ-പരസ്യ നിലപാടുകള്‍, ധര്‍മ്മമറിഞ്ഞുള്ള സാമൂഹ്യബന്ധങ്ങള്‍; ഇവയൊക്കെയായിരിക്കും പ്രസ്തുത സൗഭാഗ്യവാന്‍റെ വിജയ ഹേതുക്കള്‍. സത്യവിശ്വാസികള്‍ തങ്ങളുടെ നിത്യജീവിതത്തില്‍ മനസ്സിരുത്തേണ്ട സംഗതികളാണ് ഇതൊക്കെ.

ആത്യന്തിക വിജയമെന്നത് നരകാഗ്നിയില്‍ നിന്ന് അകറ്റപ്പെടലാണ്; സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കപ്പെടലാണ്. അതാണ് യഥാര്‍ഥ സൗഭാഗ്യവും. അല്ലാഹു പറഞ്ഞു:

“അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്.” (ആലു ഇംറാന്‍/185)

പരലോകത്ത് താന്‍ വിജയിയാണൊ പരാജിതനാണൊ അഥവാ സൗഭാഗ്യവാനാണൊ ദൗര്‍ഭാഗ്യവാനാണൊ എന്നു തീര്‍ത്തു പറയാന്‍ ഒരാള്‍ക്കുമാകില്ല എന്നതു ശരിയാണ്. പക്ഷെ, തന്‍റെ വിശ്വാസ ജീവിതം മുന്നില്‍ വെച്ച് കൊണ്ട് അവനൊരു നിലപാടിലെത്താനാകും. സത്യവിശ്വാസവും സല്‍കര്‍മ്മങ്ങളും ധന്യമാക്കിയ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് മരണാനന്തരം നേടാനിരിക്കുന്ന തന്‍റെ വിജയ സൗഭാഗ്യങ്ങളെ  പ്രതീക്ഷിക്കാവുന്നതാണ്.

സത്യവിശ്വാസി മരണ സമയം മുതല്‍ തുടങ്ങും സൗഭാഗ്യത്തിന്‍റെ മധുരമനുഭവിക്കാന്‍. മരണവേളയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശ വാക്യം  ചൊല്ലാനായാല്‍, നെറ്റിത്തടം വിയര്‍ത്തു കൊണ്ട് മരണപ്പെടാനായാല്‍, ‘പരിശുദ്ധമായ ആത്മാവേ, പുറത്തേക്കു വരിക’ എന്ന മരണ മലക്കുകളുടെ ആജ്ഞ കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായി റൂഹു വെടിയാനായാല്‍, അല്ലാഹുവിന്‍റെ അനുമതിയോടെ, സൗഭാഗ്യവാന്‍മാരുടെ ചേരിയിലേക്കാകാം അവന്‍റെ യാത്ര.

ഇരുള്‍ നിറഞ്ഞ ഖബറിനുള്ളില്‍, മുന്‍കറും നകീറും വന്നു കൊണ്ട് ആരാണു നിന്‍റെ റബ്ബ്, ആരാണു നിന്‍റെ നബി, ഏതാണ് നിന്‍റെ ദീന്‍ എന്ന് ചോദിക്കുമ്പോള്‍, അല്ലാഹുവാണെന്‍റെ റബ്ബ്, മുഹമ്മദാ(സ്വ)ണെന്‍റെ നബി, ഇസ്ലാമാണെന്‍റെ ദീന്‍ എന്നിങ്ങനെ സവിനയം പ്രഖ്യാപിക്കാനായാല്‍, അല്ലാഹുവിന്‍റെ അനുമതിയോടെ, വിജയത്തിലേക്കാണ് വിശ്വാസിയുടെ നടത്തം.

വിചാരണാ നാളില്‍ പ്രതാപവനായ നാഥന്‍റെ കണിശമായ ചോദ്യങ്ങള്‍ക്കുത്തരം പറയാനായാല്‍ സത്യവിശ്വാസി സൗഭാഗ്യ വലയത്തിലായി. അന്നാളില്‍ ഐഹിക ജീവിതത്തിലെ കര്‍മ്മരേഖ വലതുവശം സ്വീകരിക്കാനായാലും അവന്‍റെ നീക്കം വിജയത്തിലേക്കു തന്നെ. സ്വന്തം കര്‍മ്മങ്ങളുടെ ഗ്രന്ഥം വലതു ഭാഗത്തു കൂടെ സ്വീകരിക്കാന്‍ ഔദാര്യം ലഭിക്കുന്ന സത്യവിശ്വാസികളുടെ വിജയ പ്രതീക്ഷയും അത് അവരിലുണ്ടാക്കുന്ന ആനന്ദാഹ്ലാദങ്ങളും ഖുര്‍ആന്‍ വരച്ചു വെച്ചിട്ടുണ്ട്.

“എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ. തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു, ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്.” (അല്‍ഹാഖ/19, 20)

ഐഹിക ലോകത്തിലെ തന്‍റെ സൂക്ഷ്മ ജീവിതം തീര്‍ത്ത ചന്തമാര്‍ന്ന രേഖ ചുറ്റുമുള്ളവരെ കാട്ടി സന്തോഷിക്കുകയാണ് സത്യവിശ്വാസി. ഇതു വെറുതെ ലഭിച്ചതല്ല. വരാനിരിക്കുന്ന ജീവിതത്തില്‍ തനിക്കു നേരിടേണ്ടി വരുന്ന നിശിതമായ വിചാരണയെ കരുതി ജീവിച്ചതു കൊണ്ടാണിത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ ആദര്‍ശത്തെ നെഞ്ചേറ്റിയതും, ആ ആദര്‍ശത്തിനനുസരിച്ച് ആരാധനകളില്‍ മുഴുകിയതും, സല്‍കര്‍മ്മങ്ങളിലേര്‍പ്പെട്ടതും, ശിര്‍ക്ക് ബിദ്അത്തുകളില്‍ നിന്ന് മാറിനിന്നതും പ്രസ്തുത വിചാരണയെ ഓര്‍ത്തു കൊണ്ടായിരുന്നു. മാതാപിതാക്കളെ കനിവോടെ പോറ്റിയതും, ജീവിത സഖികളോട് മാന്യമായി പെരുമാറിയതും, മക്കളുടെ കവിളുകളില്‍ ചുംബനങ്ങള്‍ നല്‍കിയതും, അനാഥകളുടെ ശിരസ്സുകളില്‍ തലോടിയതും, അയല്‍വാസികളോടുള്ള ധര്‍മ്മങ്ങള്‍ നിറവേറ്റിയതും എല്ലാമെല്ലാം പരലോക വിചാരണയെ നേരിടേണ്ടി വരുമെന്ന ബോധം കൊണ്ടു തന്നെയായിരുന്നു. എയ്ഡിസിനെ ഭയന്നല്ല വ്യഭിചരിക്കാതിരുന്നത്, കരള്‍വീക്കം വരുമെന്നതിനാലല്ല മദ്യം രുചിക്കാതിരുന്നത്, സമൂഹത്തില്‍ നാണം കെടുമെന്നതിനാലല്ല അന്യമുതല്‍ മോഷ്ടിക്കാതിരുന്നത്. അല്ലാഹുവിന്‍റെ നിശിതമായ വിചാരണ കടുത്തതാണെന്നും അതിനെ നേരിടാതെ കാലുകള്‍ സ്വര്‍ഗത്തിലേക്ക് ചലിക്കില്ല എന്നും ബോധമുള്ള ജീവിതം നയിച്ചതിനാലാണ് പ്രതിഫല നാളില്‍ സത്യവിശ്വാസിക്ക് തന്‍റെ കര്‍മ്മരേഖ വലതു വശത്തിലൂടെ ലഭിച്ചത്. അവന്‍ സൗഭാഗ്യവാനാണ്. അവനാണ് വിജയി. ഉന്നതമായ സ്വര്‍ഗത്തില്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും അവന്‍.

എന്നാല്‍ ദൗര്‍ഭാഗ്യവാന്‍റെ സ്ഥിതി ഇതല്ല. തീര്‍ത്തും ശോചനീയം. മരണവേള മുതല്‍ അവന്‍ തന്‍റെ ദൗര്‍ഭാഗ്യത്തിന്‍റെ കയ്പുനീരനുഭവിച്ചു കൊണ്ടിരിക്കും. ഖബറിനുള്ളിലും അതുതന്നെയാണ് അവസ്ഥ. വിചാരണാ നാളില്‍ ഇടതുവശം വഴിയാണ് അവന്‍റെ കര്‍മ്മരേഖ നല്‍കപ്പെടുക. ആ സമയം അവന്‍റെ വെപ്രാളവും വേവലാതിയും ഉച്ചകോടിയിലായിരിക്കും. വിശുദ്ധ ഖുര്‍ആന്‍ അത് വിവരിക്കുന്നത് ഇങ്ങിനെ:

“എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.” (അല്‍ഹാഖ/25-29)

ജീവിതത്തില്‍ ആത്യന്തിക പരാജയത്തിലകപ്പെട്ട ദൗര്‍ഭാഗ്യവാന്‍റെ ദുര്‍ഗതിയാണിത്. ധനവും അധികാരവും മൂര്‍ത്തമാണെന്നു കരുതി, ജീവിതം അലസമായും അഹങ്കാരത്തോടെയും തുലച്ചുകളഞ്ഞവന്‍റെ പരിദേവനമാണിത്. മരണത്തോടെ എല്ലാം അവസാനിക്കുമെന്ന ചിന്തയായിരുന്നു അത്തരമൊരു ജീവിതത്തിന് അവനെ പ്രേരിപ്പിച്ചത്. ജീവിതത്തില്‍ കര്‍മ്മവും അധ്വാനവുമുണ്ടൊ, മരണ ശേഷം വിചാരണയും പ്രതിഫലദാനവുമുണ്ട്; തീര്‍ച്ചയാണത്. അല്ലാഹു പറഞ്ഞു:

“അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.” (നജ്മ്/31)

ചുരുക്കത്തില്‍, മനുഷ്യരില്‍ വിജയിയും പരാജിതനുമുണ്ട്. ദുനിയാവിലേതല്ല ആത്യന്തികമായ വിജയവും ആത്യന്തികമായ പരാജയവും. ഏകനായ അല്ലാഹുവിനെ ഉള്‍ക്കൊണ്ടും ആരാധിച്ചും ജീവിത നിലപാടുകളെ അവന്‍റെ വിധിവിലക്കുകള്‍ക്കനുസൃതം ക്രമീകരിച്ചും, പരലോക വിചാരണയെ ഗൗരവത്തോടെ ആലോചിച്ചും ജീവിച്ചവന്‍ വിജയി; സൗഭാഗ്യവാന്‍! അല്ലാഹുവിനെ അവഗണിച്ചും അവനില്‍ പങ്കുവെച്ചും അവന്‍റെ നിയമ നിര്‍ദ്ദേശങ്ങളെ മാറ്റിവെച്ചും പരലോക ജീവിതത്തെ നിഷേധിച്ചും ജീവിച്ചവന്‍ പരാജിതന്‍; ദൗര്‍ഭാഗ്യവാന്‍. ‘അല്ലാഹുവേ, ഞങ്ങളെ നീ സൗഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ അകപ്പെടുത്തിയാലും’ എന്നതാകട്ടെ നമ്മുടെ എന്നത്തേയും പ്രാര്‍ഥന. ഔദാര്യവാനായ നാഥന്‍ തൗഫീഖു നല്‍കട്ടെ. ആമീന്‍