സ്വന്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന ക്വുര്‍ആനിക ചിന്തുകള്‍

401

എത്ര സമ്പാദിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്, സമ്പാദിച്ചവയില്‍ എത്ര അവശേഷിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതാണ്. ഒരിക്കല്‍ പ്രവാചക തിരുമേനി(സ്വ) ഒരു ആടിനെ അറുത്തു. അതിന്‍റെ മാംസം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തു. അനന്തരം പത്നി ആയിഷ(റ)യോടായി ചോദിച്ചു: ഇനി വല്ലതും ബാക്കിയിരുപ്പുണ്ടൊ? അവര്‍ പറഞ്ഞു: എല്ലാം തീര്‍ന്നു റസൂലേ, ഇനി ഒരല്‍പം തോളിറച്ചി മാത്രം ബാക്കിയുണ്ട്. നബി(സ്വ) പറഞ്ഞു: തോളിറച്ചി ഒഴികെയുള്ളതെല്ലാം ബാക്കിയായി! (തിര്‍മിദി)

സത്യവിശ്വാസിയുടെ കയ്യിലുള്ളതല്ല ബാക്കി; അവന്‍ ചെലവഴിച്ചതാണ് യഥാര്‍ത്ഥ ബാക്കി! അതാണ് സ്വത്ത്; അല്ലാഹുവിന്‍റെ കൈകളിലേല്‍പ്പിച്ച നഷ്ടം വരാത്ത സമ്പത്ത്. മഹതി ആയിഷ(റ)യോടുള്ള പ്രവാചക പ്രതികരണത്തിന്‍റെ പൊരുള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. കയ്യില്‍ അവശേഷിക്കുന്നത് എന്ന് നാം കരുതുന്നത് ഒരിക്കല്‍ തിന്നും കുടിച്ചും തീര്‍ന്നു പോകും. അല്ലാഹു പറഞ്ഞതാണ് വാസ്തവം:

“നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ.” (നഹ് ല്‍: 96)

ഒരിക്കലും നശിക്കാത്തതും ഗുണം നല്‍കിക്കൊണ്ടിരിക്കുന്നതുമായ അവശേഷിപ്പുകള്‍ക്കു വേണ്ടിയാകണം സത്യവിശ്വാസികളുടെ ശ്രദ്ധയും ശ്രമവും. ജീവിതത്തിലെ മുഴുവന്‍ സല്‍കര്‍മ്മങ്ങളുടേയും സല്‍ഫലം ആത്യന്തികമായി നമുക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന ഓര്‍മ്മയിലാകണം മുഅ്മിനുകളുടെ ജീവിതം.. ദുഷ്കര്‍മ്മങ്ങളുടെ ഫലവും നമ്മില്‍ തന്നെയാണ് വന്നു ചേരുന്നത്.

എല്ലാവരും അന്യരെപ്പറ്റിയാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. പിതാവും മാതാവും മക്കളെപ്പറ്റി ചിന്തിക്കുന്നു. അവരുടെ ഭാസുര ഭാവിയെപ്പറ്റിയോര്‍ത്ത് വിശ്രമമില്ലാതെ അധ്വാനിക്കുന്നു. അവര്‍ നന്നാകണമെന്നും അവര്‍ വഴിപിഴക്കരുതെന്നും പ്രാര്‍ത്ഥിക്കുന്നു. മക്കളാകട്ടെ, മാതാപിതാക്കളെപ്പറ്റിയുള്ള ചിന്തയിലാണ്. ചെറുപ്പത്തില്‍ സ്നേഹപരിഗണനകളോടെ വളര്‍ത്തി വലുതാക്കിയ അവരുടെ വാര്‍ദ്ധക്യം സുഖകരമായിരിക്കണം എന്നതിലാണ് അവരുടെ ശ്രദ്ധ. അതിന്നുവേണ്ടിയാണ് അവരുടെ പരിശ്രമങ്ങളും. ഭര്‍ത്താവ് ഭാര്യയുടെ സന്തോഷത്തിനും സൗഖ്യത്തിനുമായിട്ടാണ് പരിശ്രമിക്കുന്നത്. അവള്‍ക്ക് പ്രയാസമുണ്ടായിക്കൂടാ. അവള്‍ വഴിപിഴച്ചു കൂടാ. അവളുടെ അവകാശങ്ങള്‍ വിനഷ്ടമായിക്കൂടാ. ഭാര്യയുടെ മുഴുവന്‍ കാര്യത്തിലും അതീവ ശ്രദ്ധയാണ് ഭര്‍ത്താക്കന്മാര്‍ക്ക്. ഭാര്യമാരും അങ്ങനെത്തന്നെ. ഭര്‍ത്താവിന്‍റെ ക്ഷേമൈശ്വര്യങ്ങളാണ് എപ്പോഴും അവരുടെ ചിന്തയില്‍. അതിന്നു വേണ്ടിയുള്ള ശ്രമങ്ങളിലാണ് അധിക സമയവും അവരുള്ളത്. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെല്ലാം അവര്‍ക്ക് സന്തോഷമാണ്. അധ്യാപകര്‍ ശിക്ഷ്യഗണങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ആലോചനകളിലും അധ്വാനങ്ങളിലുമാണ്. നേതാക്കള്‍ അനുയായികളുടെ ക്ഷേമത്തിനു ചിന്തിക്കുമ്പോള്‍ അനുയായികള്‍ നേതാക്കളുടെ നന്മകള്‍ക്കായാണ് ആലോചിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

സ്വന്തത്തെപ്പറ്റി ചിന്തിക്കുകയും ജീവിതത്തെ സ്വയംവിലയിരുത്തലിന് വിധേയമാക്കുകയും ചെയ്യുന്നവര്‍ കുറവാണ്. തന്‍റെ അധ്വാനങ്ങളിലൂടെ തനിക്ക് ലഭിക്കുന്ന നേട്ടങ്ങളെപ്പറ്റിയും, ഭവിക്കുന്ന കോട്ടങ്ങളെപ്പറ്റിയും ആലോചിക്കുമ്പോഴാണ് സത്യവിശ്വാസിയുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. അപ്പോഴാണ്, ജീവിതത്തില്‍ കര്‍മ്മ നൈരന്തര്യം ഉണ്ടാകുന്നതും. തന്‍റെ നേട്ടകോട്ടങ്ങളെപ്പറ്റിയല്ലാതെ മറ്റൊരാളുടേതും പരിഗണിക്കേണ്ടതില്ല എന്നതല്ല ഈ പറഞ്ഞതിന്‍റെ സാരം. അതും വേണ്ടതു തന്നെയാണ്. മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുമ്പോഴും അവരുടെ പ്രയാസങ്ങള്‍ മനസ്സാ വാചാ കര്‍മ്മണാ പരിഹരിച്ചു കൊടുക്കുമ്പോഴും അവ വഴി തനിക്കുണ്ടാകുന്ന ദൈവിക ഗുണത്തെ സംബന്ധിച്ച ചിന്ത മുഅ്മിനിനുണ്ടാകണം എന്നതാണ് പ്രധാനം.

തന്‍റെ വിശ്വാസങ്ങള്‍ക്കും ആരാധനകള്‍ക്കും സ്വഭാവനിഷ്ഠകള്‍ക്കുമൊക്കെ തനിക്കെന്തു ലഭിക്കുന്നൂ എന്ന ചിന്തയുടെ ഫലം മരണാന്തരജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ ബോധമാണ് സത്യവിശ്വാസിയില്‍ ഉണ്ടാക്കുക. വരാനിരിക്കുന്ന പ്രസ്തുത ദിവസത്തെ കരുതിയിരിക്കാന്‍ മനുഷ്യരോട് മുഴുവന്‍ അല്ലാഹു ഉപേദശിച്ചിട്ടുണ്ടുതാനും.

നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (ബക്വറ/281)

അല്ലാഹു മനുഷ്യന് വിശ്വസിക്കാനും പ്രവര്‍ത്തിക്കാനുമായി ഒട്ടേറെ കാര്യങ്ങള്‍ ഉപദേശിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ മനുഷ്യ പ്രകൃതിക്കിണങ്ങുന്നതും അവന്‍റെ കഴിവിലൊതുങ്ങുന്നവയുമാണ്. മനസ്സിനേയും ശരീരത്തേയും ക്ലേശകരമായി ബാധിക്കുന്ന ഒരൊറ്റ ദൈവക കല്‍പനയും ഇല്ല എന്നു തന്നെ പറയാം. അല്ലാഹു അക്കാര്യം മനുഷ്യനെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. പ്രസ്തുത കല്‍പനാ നിര്‍ദ്ദേശിങ്ങളെ മനസ്സിലുള്‍ക്കൊണ്ട് ജീവിതത്തില്‍ പാലിക്കുമ്പോള്‍ മുഅ്മിനിന്‍റെ ശ്രദ്ധയിലുണ്ടാകേണ്ട പ്രഥമമായ കാര്യം, പ്രസ്തുത കര്‍മ്മങ്ങള്‍ പരലോകത്ത് വിലയിരുത്തപ്പെടുമെന്നും അവയുടെ സമ്പൂര്‍ണ്ണമായ പ്രതിഫലം തനിക്ക് നല്‍കപ്പെടും എന്നതുമാണ്. അല്ലാഹു പറഞ്ഞു:

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. (ബക്വറ/286)

അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങളെ ആലോചനക്കെടുത്തും അതിന്‍റെ സത്യതയെ അംഗീകരിച്ചും ജീവിക്കാനാണ് നമുക്കെല്ലാവര്‍ക്കും താത്പര്യം. ആ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം യഥാര്‍ത്ഥത്തില്‍ ഉപകരിക്കുന്നത് ആര്‍ക്കാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടൊ? നമുക്കു തന്നെയാണ്. അതേസമയം, പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ക്കു നേരെ കണ്ണടക്കുന്നുവെങ്കിലോ? അതിന്‍റെ നഷ്ടവും നമുക്കു തന്നെയാണ്. യഥാര്‍ത്ഥത്തില്‍, മുഅ്മിന്‍ സ്വീകരിക്കുന്ന ഓരോ നിലപാടും അവനെത്തന്നെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന ചിന്ത വിശുദ്ധ ക്വുര്‍ആന്‍ നമ്മളിലുണ്ടാക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. (അന്‍ആം/104)

തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന് തന്നെ.

കര്‍മ്മങ്ങളുടെ കാര്യത്തിലും ഇതേ ചിന്ത വിശുദ്ധ ക്വുര്‍ആന്‍ ഉണ്ടാക്കുന്നുണ്ട്. സല്‍കര്‍മ്മങ്ങളാല്‍ സമൃദ്ധമാകണം സ്വന്തം ജീവിതമെന്ന താത്പര്യം സത്യവിശ്വാസിയുടെ സ്വന്തമാണ്. ലാ ഇലാഹ ഇല്ലല്ലയില്‍ നിന്നു തുടങ്ങുന്നു വിശ്വാസിയുടെ സല്‍കര്‍മ്മങ്ങള്‍. ചെറുതും വലുതുമായ നന്മകളുമായി കഴിയുന്നത്ര ബന്ധപ്പെടുന്നവരെന്ന നിലക്ക്, അവയുടെയൊക്കെ ആത്യന്തിക പ്രതിഫലം തനിക്കു തന്നെ ഉപകാരപ്പെടുമെന്ന ധാരണ കൃത്യമായും മുഅ്മിനിലുണ്ടാകണം. ഒരു രോഗിക്ക്, ഒരു വിധവക്ക്, ഒരു അനാഥക്ക് ഒരു കടബാധ്യതക്കാരന് താന്‍ നല്‍കുന്ന സഹായധനം അവര്‍ക്കെങ്ങനെ ഉപകാരപ്പെട്ടു എന്നതിനെക്കുറിച്ചാലോചിച്ച് ആത്മനിര്‍വൃതി കൊള്ളുന്നതിനേക്കാള്‍ നാം പരിഗണിക്കേണ്ടത്, നമ്മള്‍ അവര്‍ക്കായി നല്‍കിയ സഹായധനം നമുക്കെങ്ങനെ ഉപകാരപ്പെടുന്നൂ, അല്ലാഹുവിങ്കല്‍ അതിന്നുള്ള പ്രതിഫലം എന്താകുന്നൂ എന്ന് ആലോചിച്ച് ആശ്വാസം കൊള്ളുന്നതിനെയാണ്. അല്ലാഹു പറഞ്ഞു:

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. (ഫുസ്സ്വിലത്ത്/46)

ജീവിക്കുന്ന കുടുംബത്തില്‍, പഠിക്കുന്ന വിദ്യാലയത്തില്‍, ജോലിചെയ്യുന്ന സ്ഥാപനത്തില്‍, പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തില്‍ ആളുകളെല്ലാം നല്ലവരും ഹൃദയവിശുദ്ധിയുള്ളവരും ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും, അങ്ങനെയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നമ്മളൊക്കെ. ഒരു മുഅ്മിനിലെ സന്മനസ്സിന്‍റെ നിദര്‍ശനമാണ് പ്രസ്തുത ആഗ്രഹവും പ്രാര്‍ത്ഥനയും. എന്നാല്‍ ഈ മേഖലകളിലുള്ള ആളുകള്‍ മുഴുവന്‍ ശുദ്ധഹൃദയരായിത്തീരുന്നതു മുഖേന നമുക്കു ലഭിക്കാനാകുന്ന ഗുണമെന്താണ? ആളുകളൊക്കെ നന്നാകണമെന്ന് കൊതിക്കുകയും നമ്മുടെ മാനസികാവസ്ഥയും നിലപാടുകളും മലിനമായി നിലകൊള്ളുകയുമാണെങ്കില്‍ എന്തുണ്ട് ഫലം? ജീവിത വിശുദ്ധി പാലിക്കാന്‍ പേര്‍ത്തും പേര്‍ത്തും കല്‍പ്പിക്കപ്പെട്ടവരാണ് മുസ്ലിമുകള്‍. അതിന്‍റെ ഗുണം അവനു തന്നെയാണ് ഉണ്ടാകുന്നത് എന്നും അവന്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആനതു പറഞ്ഞത് ഇപ്രകാരമാണ്:

വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം. (ഫാത്വിര്‍/18)

കൂടെയുള്ള ആളുകളെ നോക്കി അവന്‍ നന്ദിയുള്ളവന്‍ ഇവന്‍ നന്ദിയില്ലാത്തവന്‍ എന്നൊക്കെ നാം വിലയിരുത്താറുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ നമ്മളെപ്പറ്റി നമ്മള്‍തന്നെ വിലയിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടൊ? വേണ്ടതാണത്. കൃതജ്ഞതാ മനസ്ഥിതി മനുഷ്യന്‍റെ ഗുണമായിരിക്കണം. സത്യവിശ്വാസിയില്‍ നിര്‍ബന്ധമായും അതുണ്ടാകണം. അല്ലാഹുവിന്‍റെ എണ്ണമറ്റ അനുഗ്രഹങ്ങളെ രാപകലുകള്‍ വ്യത്യാസമില്ലാതെ അനുഭവിക്കുമ്പോള്‍ അതിന്നുള്ള നന്ദി നമ്മുടെ ജീവിതത്തിലുണ്ടാകണം. ദൈവികാനുശാസനങ്ങളെ കഴിയുന്നത്ര കൃത്യതയോടെയും ആത്മാര്‍ത്ഥതയോടെയും പാലിച്ചു കൊണ്ടുള്ള ജീവിതമാണ് അല്ലാഹുവിനോടു കാണിക്കുന്ന യഥാര്‍ത്ഥ നന്ദി. പ്രസ്തുത നന്ദിപ്രകടനങ്ങളുടെ ശരിയായ ഗുണഭോക്താവാകട്ടെ നാം തന്നെയാണ്. നമ്മുടെ താഴ്മയും വിനയവും നന്ദിയുമൊന്നും അല്ലാഹുവിന്‍റെ പ്രതാപാധികാരിങ്ങളില്‍ മാറ്റമൊന്നുമുണ്ടാക്കുന്നില്ല. മറിച്ച് നമ്മുടെ തന്നെ പാരത്രിക ജീവിതത്തിന് ഫലപ്രദമായിത്തീരുകയാണ് ചെയ്യുക. അല്ലാഹു പറഞ്ഞു:

വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. (നംല്: 40)

ചുരുക്കത്തില്‍, നമ്മിലെ വിശ്വാസങ്ങളും ആരാധനാനുഷ്ഠാനങ്ങളും, ജീവിത വിശുദ്ധിയും നിലപാടുകളുമൊക്കെ ആത്യന്തികമായി നമുക്കു തന്നെയാണ് മരണാനന്തര ജീവിതത്തില്‍ ഉപകരിക്കുന്നത്. തന്‍റെ സൃഷ്ടികളുടെ ജീവിതസൂക്ഷ്മതയോ അവരുടെ ധിക്കാരജീവിതമൊ പരിശുദ്ധനായ അല്ലാഹുവിനെ അനുകൂലമായൊ പ്രതികൂലമായൊ ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. നബിതിരുമേനി(സ്വ) പഠിപ്പിച്ച ഒരു ക്വുദ്സിയ്യായ ഹദീസ് വായിച്ചാല്‍ കാര്യം അല്‍പം കൂടെ വ്യക്തമാകും.

അബൂദര്‍റുല്‍ ഗിഫാരി(റ) നിവേദനം. നബി(സ്വ) തന്‍റെ റബ്ബില്‍ നിന്നും ഉദ്ധരിക്കുകയാണ്. ‘…. അല്ലാഹു പറഞ്ഞു: എന്‍റെ അടിയാറുകളേ, നിങ്ങളുടെ ആദ്യകാലക്കാര്‍ മുതല്‍ അവസാനകാലക്കാര്‍വരെയുള്ള മനുഷ്യ ജിന്ന് വര്‍ഗ്ഗങ്ങള്‍ മുഴുവന്‍, നിങ്ങളിലെ അതിഭക്തനായ ഒരു മനുഷ്യന്‍റെ മാനസികനിലയിലുള്ളവരായിരുന്നാലും അത് എന്‍റെ ആധിപത്യത്തില്‍ യാതൊന്നും കൂട്ടുകയില്ല. എന്‍റെ അടിയാറുകളേ, നിങ്ങളുടെ ആദ്യകാലക്കാര്‍ മുതല്‍ അവസാനകാലക്കാര്‍വരെയുള്ള മനുഷ്യ ജിന്ന് വര്‍ഗ്ഗങ്ങള്‍ മുഴുവന്‍, നിങ്ങളിലെ അതിധിക്കാരിയായ ഒരു മനുഷ്യന്‍റെ മാനസികനിലയിലുള്ളവരായിരുന്നാലും അത് എന്‍റെ ആധിപത്യത്തില്‍ നിന്ന് യാതൊന്നും കുറക്കുകയുമില്ല…’ (മുസ്ലിം)

അതെ, നമ്മുടെ വിശ്വാസ കര്‍മ്മാദികള്‍ മുഴുവനും നമ്മെത്തന്നെയാണ് ആത്യന്തികമായി ബാധിക്കുുന്നത്. ‘വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്’, ‘വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാണ്’, ‘വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു’, ‘വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്’, ‘വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്’, തുടങ്ങിയ അല്ലാഹുവിന്‍റെ സാരോപദേശങ്ങള്‍ മുഴുവനും അക്കാര്യമാണ് നമ്മുടെ ഹൃദയത്തില്‍ ഊട്ടിയുറപ്പിക്കുന്നത്.

അതു കൊണ്ടു തന്നെ എപ്പോഴും നാം നമ്മുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുക. ദുനിയാവിലെ അധ്വാനത്തില്‍ നിന്ന് അല്ലാഹുവിന്‍റെ അനുഗ്രഹമായി ലഭിച്ച വിഭവങ്ങളില്‍ പരലോകത്തിലേക്കായി എത്ര ശേഷിപ്പുണ്ട് എന്ന് എപ്പോഴും ആലോചിക്കുകയും നിലപാടുകള്‍ നിഷ്കൃഷ്ടമാക്കുകയും ചെയ്യുക. വിശ്രമമില്ലാത്ത അധ്വാനങ്ങളിലാണ് നാമോരോരുത്തരും. കുടുംബനാഥന്‍ ഭാര്യാമക്കള്‍ക്കു വേണ്ടിയും, ഒരു അധ്യാപകന്‍ ശിഷ്യഗണങ്ങള്‍ക്കു വേണ്ടിയും, ഒരു ഭരണാധികാരി തന്‍റെ പ്രജകള്‍ക്കു വേണ്ടിയും, അങ്ങനെ ഓരോരുത്തരും മറ്റുള്ളവര്‍ക്കു വേണ്ടിയും ജിവിതാധ്വാനത്തില്‍ നിരതമാകുകയാണ്. അക്കൂട്ടത്തില്‍, ഓരോരുത്തരും അവനവനു വേണ്ടിയും അധ്വാനിക്കുന്നുണ്ട് എന്നും അതിന്‍റെ ഗുണങ്ങള്‍ അവന്നു തന്നെ ലഭിക്കേണ്ടതുണ്ട് എന്നും നാമോര്‍ക്കേണ്ടതില്ലെ? തീര്‍ച്ചയായും വേണം. സാത്വികനായ ഹസനുല്‍ ബസ്വരി(റ)യോട് ഒരിക്കലൊരാള്‍ ചോദിച്ചു: ‘താങ്കളുടെ ശരീരത്തെ എന്തിനാണിത്ര നിങ്ങള്‍ ക്ലേശിപ്പിക്കുന്നത്?’അദ്ദേഹം മറുപടി പറഞ്ഞു: ‘എന്‍റെ ശരീരത്തിന് ഒരുനാള്‍ ആശ്വാസത്തോടെ വിശ്രമിക്കാനാകണം എന്ന് ഞാന്‍ ആശിക്കുന്നത് കൊണ്ട്.’ തന്‍റെ മുഴുവന്‍ അധ്വാനങ്ങളും കര്‍മ്മങ്ങളും, ആശ്വാസവും വിശ്രമവും നിറഞ്ഞ പാരത്രിക ജീവിതത്തിനുവേണ്ടിയാകുന്നൂ എന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് ഹസനുല്‍ ബസ്വരി(റ)യുടെ മറുപടി ഉയര്‍ന്നുവന്നത്.