വിശ്വാസിയുടെ ജീവിതത്തെ ധന്യമാക്കുന്ന മൂന്ന് പ്രവാചകോപദേശങ്ങള്‍

79

മുഹമ്മദ് നബി(സ്വ) മനുഷ്യന്റെ നന്മക്കും അവന്റെ സംതൃപ്തമായ ജീവിതത്തിനും ഉപയുക്തമാകുന്ന സാരോപദേശങ്ങള്‍ അനവധി നല്‍കിയിട്ടുണ്ട്. അത്തരം സാരോപദേശങ്ങളില്‍ നിന്നുള്ള മൂന്നു സന്ദേശങ്ങളാണ് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്.

അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) നിവേദനം. ഒരിക്കല്‍ പ്രവാചക സവിധത്തില്‍ ഒരു വ്യക്തി വന്നു കൊണ്ട് പറഞ്ഞു:‘റസൂലേ, എനിക്ക് സംക്ഷിപ്തമായി ചില സാരോപദേശങ്ങള്‍ നല്‍കിയാലും.’

അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: “നീ നമസ്‌കാരത്തിനായി നിന്നാല്‍, ആ നമസ്‌കാരത്തോട് വിടചോദിക്കുന്നവനെ പോലെ നമസ്‌കരിക്കുക. നാളെ, അന്ത്യനാളില്‍ ഖേദത്തിന് ഇടവരുത്തുന്ന സംസാരങ്ങള്‍ പറയാതിരിക്കുക. ജനങ്ങളുടെ കൈവശമുള്ളതില്‍ ആശ വെക്കാതിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക.”
(അഹ്മദ്, ഇബ്‌നുമാജ)

മുഹമ്മദ് നബി(സ്വ) തന്റെ അനുചരന്നു നല്‍കുന്ന സുപ്രധാനമായ മൂന്ന് സാരോപദേശങ്ങളാണ് ഈ ഹദീസിലെ പ്രതിപാദ്യം.

ഒന്ന്:
നമസ്‌കാരം കൃത്യതയോടെയും അതീവ ശ്രദ്ധയോടെയും നിര്‍വഹിക്കുക.
താന്‍ നിര്‍വഹിക്കുന്ന നമസ്‌കാരം തന്റെ ജീവിതത്തിലെ അവസാനത്തെ നമസ്‌കാരമാണെന്ന് കരുതുക. അതുമായി ഇനിയൊരു കൂടിക്കാഴ്ചക്ക് സാധ്യമാകില്ലെന്നു കരുതി, ആത്മസുഹൃത്തിനോട് വിടപറയുന്നവന്റെ മനോവികാരത്തോടെ പ്രസ്തുത നമസ്‌കാരത്തെ സമീപിക്കുക. എങ്കില്‍ ആത്മാര്‍ത്ഥതോടെയും ഹൃദയ സാന്നിധ്യത്തോടെയും ഏതു നമസ്‌കാരത്തേയും നിര്‍വഹിക്കാന്‍ സാധിക്കും.

രണ്ട്:
നാവിനെ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക
സംസാരങ്ങള്‍ -നാളെയായാലും അന്ത്യനാളിലായാലും- ഖേദത്തിന് ഇടവരുത്തുന്നതാകരുത്. നല്ലതു പറയാനാണ് നാവെടുക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ നിശ്ശബ്ദതയാണ് മുഅ്മിനിന്ന് അഭികാമ്യം. ‘നാവ് നേരെ നിന്നാല്‍ ശരീരത്തിലെ അവയവങ്ങളെല്ലാം നേരെ വര്‍ത്തിക്കും അത് വളഞ്ഞു നടന്നാല്‍ അവയവങ്ങളും അതുവഴിയെ നടക്കും’ എന്ന് പ്രവാചക തിരുമേനി(സ്വ) ഉപദേശിച്ചിട്ടുണ്ട്. നമ്മുടെ എല്ലാ സംസാരങ്ങളും രേഖപ്പെടുത്താന്‍ അല്ലാഹു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവക്കെല്ലാം കണക്കു പറയേണ്ടി വരും എന്നുമുള്ള ബോധം നാവിനെ സൂക്ഷിക്കാന്‍ നമ്മെ സഹായിക്കും.

മൂന്ന്:
ലഭ്യമായ ഉപജീവനത്തില്‍ സംതൃപ്തിപ്പെടുകയും അല്ലാഹുവില്‍ മാത്രം ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്യുക.
അതിപ്രധാനമായ ഒരു സന്ദേശമാണ് ഇത്. അടിമകള്‍ അനുഭവിക്കുന്ന മുഴുവന്‍ അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്. അതുകൊണ്ടുതന്നെ അന്യരുടെ സ്വത്തില്‍ ആശവെക്കുന്നതും അത്യാഗ്രഹം കാണിക്കുന്നതും മുഅ്മിനിന്ന് യോജിച്ചതല്ല. അല്ലാഹു നല്‍കിയിരിക്കുന്ന ജീവിത വിഭവങ്ങള്‍ എത്രയാകട്ടെ അവയില്‍ മാനസിക സംതൃപ്തി രേഖപ്പെടുത്തുകയാണ് വേണ്ടത്. ആ നിലപാടിന് മനസ്സിനെ സന്നദ്ധമാക്കണമെന്ന ഉപദേശമാണ് നബി(സ്വ) ഇവിടെ നല്‍കുന്നത്.

എല്ലാം അല്ലാഹുവിനോട് ചോദിക്കുക. അവനില്‍ മാത്രം പ്രതീക്ഷവെക്കുക. അന്യരുടെ മെച്ചപ്പെട്ട ജീവിതാവസ്ഥകളെ നോക്കി നെടുവീര്‍പ്പിടുകയും നിരാശയിലാപതിക്കുകയം ചെയ്യാതിരിക്കുക. ഇവയെല്ലാം വിശ്വാസിയുടെ സന്തോഷകരമായ ജീവിതത്തിന് വഴിവെക്കുന്നതാണ്.

തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലെ! (സുമര്‍:36)
ആര് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ, അല്ലാഹു അവന്ന് മതായാകുന്നതാണ് (ത്വലാഖ്: 3)
എന്നിങ്ങനെയുള്ള ആയത്തുകള്‍ ചിന്തനീയങ്ങളാണ്.

ഒരു നബി വചനം ഇതോടു ചേര്‍ത്തു വായിക്കുക: അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: “മുസ്‌ലിമായവന്‍ വിജയിച്ചു. മിതമായ ഉപജീവനം കിട്ടിയവനും വിജയിച്ചു. ലഭ്യമായ വിഭവങ്ങളില്‍ അല്ലാഹു മാനസിക സംതൃപ്തി നല്‍കിയവനും വിജയിച്ചു.”
(മുസ്‌ലിം)