വിശുദ്ധ റമദാന്‍ നമ്മെ ആത്മധന്യരാക്കണം

69


ജീവിതത്തിന് മുതല്‍ കൂട്ടുന്ന അവസരങ്ങള്‍ ദാനങ്ങളാണ്. സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം ദയാനിധിയായ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ദാനങ്ങള്‍.

താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്ന് ലഭിക്കന്നു ദാനം ഒരാളും ഒഴിവാക്കുകയോ അവഗണിക്കുകയൊ ഇല്ല.

ജീവിതത്തില്‍ എപ്പോഴും അതിനെ കാത്തുവെക്കും. ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗപ്പെടുത്തും. അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന ഏതൊരു ദാനവും മുഅ്മിനുകള്‍ക്ക് പ്രിയമാണ്, അമൂല്യമാണ്.

രാപകല്‍ ഭേദമെന്യെ, നന്മയുടെ അവസരങ്ങള്‍ക്കായി കൊതിക്കുന്നവരുംപ്രാര്‍ത്ഥിക്കുന്നവരുമാണ് സത്യവിശ്വാസികള്‍.
അത്തരമൊരവസരമാണ് വിശുദ്ധ റമദാന്‍.

നിറയെ പുണ്യം എന്നതാണ് അതിന്റെ പ്രത്യേകത. വിശ്വാസം ശുദ്ധീകരിക്കാന്‍, കര്‍മ്മങ്ങള്‍ സജീവമാക്കാന്‍, സ്വഭാവങ്ങള്‍ പര്യാലോചനക്ക് വിധേയമാക്കാന്‍,നിലപാടുകളില്‍ സൂക്ഷ്മത വരുത്താന്‍, പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍, അല്ലാഹുവുമായുള്ള ബന്ധങ്ങളില്‍ ദൃഢത വരുത്താന്‍, ഗതകാല ജീവിതത്തെ വിലയിരുത്താന്‍, കുറവുകള്‍ നികത്താന്‍, കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍, മരണത്തിനു തയ്യാറെടുക്കാന്‍ അങ്ങനെയങ്ങനെ ജീവിതം മുഴുവനും ചലനാത്മകമാക്കാന്‍ വിശുദ്ധ റമദാന്‍ സഹായകമാകുന്നുണ്ട്.

റമദാനിലെ നോമ്പ് നിര്‍ബന്ധമാണെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആനിക വചനത്തില്‍, നോമ്പു മുഖേന വിശ്വാസികള്‍ക്കു ലഭിക്കുന്ന ആത്മീയ നേട്ടമെന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍വേണ്ടിയത്രെ അത്.” (ബഖറ:183)

റമദാന്‍ മാസം സവിശേഷമാകുന്നത്അതില്‍ വിശ്വാസീ സമൂഹം നിര്‍ബന്ധമായും ആചരിക്കുന്ന വ്രതത്തിലൂടെയാണ്. ഒരു അടിമ തന്റെ ജീവിതത്തില്‍ ചെയ്യുന്ന ആരാധനകള്‍ മുഴുവനും അല്ലാഹുവിന്നുള്ളതാണ്; അവനില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചുള്ളവയുമാണ്.

നോമ്പും അങ്ങനെത്തന്നെ. പക്ഷെ, മറ്റാരാധനകളില്‍നിന്നും വ്യത്യസ്തമായൊരു പദവി നോമ്പിന് അല്ലാഹു നല്‍കിയിട്ടുണ്ട്. 
അബൂ ഹുറയ്‌റ(റ) നിവേദനം. നബി(സ്വ) അരുളി: അല്ലാഹു പറയുന്നു: ”മനുഷ്യന്റെ മുഴുവന്‍ കര്‍മ്മങ്ങളും അവന്നുള്ളതാണ്; നോമ്പൊഴികെ. അത് എനിക്കുള്ളതാണ്,അതിന്ന് ഞാന്‍ പ്രതിഫലം നല്‍കുന്നതാണ്.” (ബുഖാരി)

വളരെ ചിന്തനീയമായൊരു ഹദീസാണിത്. ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് മുഫസ്സിറുകള്‍ ഒരുപാടെഴുതിയിട്ടുണ്ട്. പരലോകത്ത് മനുഷ്യര്‍ക്കിടയില്‍ പരസ്പരം പ്രതിക്രിയയുണ്ടെന്ന് നമുക്കറിയാം.

ചിലയാളുകള്‍ പര്‍വതങ്ങള്‍ കണക്കെ സല്‍കര്‍മ്മങ്ങളുമായിട്ടായിരിക്കും വിചാരണാ നാളിലെത്തുന്നത്. പക്ഷെ, അവന്‍ തന്റെ ജീവിത കാലത്ത് പലരേയും അന്യായമായി ആക്ഷേപിച്ചിട്ടുണ്ട്, ദ്രോഹിച്ചിട്ടുണ്ട്, അപരന്റെ സമ്പത്ത് അപഹരിച്ചിട്ടുണ്ട്, അത് ഭക്ഷിച്ചിട്ടുണ്ട്. പരലോകത്തു വെച്ച് ആ വ്യക്തി പ്രതിക്രിയക്ക് വിധേയനാകുന്നതാണ്.

തന്നിലൂടെ ആക്ഷേപിക്കപ്പെട്ടവര്‍ക്ക്, ദ്രോഹിക്കപ്പെട്ടവര്‍ക്ക്, സമ്പത്ത് അപഹരിക്കപ്പെട്ടവര്‍ക്ക് തന്റെ സല്‍കര്‍മ്മങ്ങളില്‍ നിന്ന് അവന്‍ വീതിച്ചു നല്‍കേണ്ടി വരും. അടിമകളോടുള്ള അല്ലാഹുവിന്റെ നീതിയുക്തമായ വിചാരണയുടെ ഭാഗമാണത്. അതേ സമയം നോമ്പെന്ന സല്‍കര്‍മ്മം മാത്രം അടിമകള്‍ക്കിടയിലെ പ്രതിക്രിയക്കായി വീതിച്ചു നല്‍കപ്പെടുകയില്ല. അത് അല്ലാഹുവിന്നുള്ളതാണ്. അതിനെ അനുഷ്ഠിച്ചവന്നു തന്നെ അതിന്റെ പ്രതിഫലം നല്‍കുമെത് അല്ലാഹുവിന്റെ കരാറാണ്. നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു വിശദീകരണമാണ് ഇത്.
ഹൃദയത്തിലുണ്ടാകേണ്ട വിശ്വാസാധിഷ്ഠിതനിലപാടാണ് തക്വ്‌വ.

‘തക്വ്‌വ ഇവിടെയാണ്’ എന്ന് സ്വന്തം നെഞ്ചിലേക്ക് വിരല്‍ ചൂണ്ടിക്കാണിച്ച് പ്രവാചകന്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തെയും അതിലെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളേയും എല്ലാ സമയവും പരിചിന്തനക്ക് വിധേയമാക്കാനും കുറവുകളെ പരിഹരിച്ച് പൂര്‍ണ്ണതയിലേക്ക് സഞ്ചരിക്കാനും ധര്‍മ്മനിഷ്ഠ അനുഷ്ഠിക്കുവര്‍ക്കാണ് സാധിക്കുക.

അല്ലാഹു പറഞ്ഞു:
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.” (ഹശ് ര്‍:18)

റമദാനിന്റെ വരവിനു മുമ്പെ അതിനെ സ്വീകരിക്കാന്‍ മനസ്സൊരുക്കുന്നവരാണ് സത്യവിശ്വാസികള്‍. കഴിഞ്ഞ റമദാനിലും ഇതേ മനസ്സൊരുക്കമുണ്ടായിരുന്നു നമുക്ക്. പശ്ചാത്തപിച്ചും സല്‍കര്‍മ്മങ്ങളനുഷ്ഠിച്ചും സല്‍സ്വഭാവങ്ങളെ അലങ്കരിച്ചും അന്ന് ഒരുപാട് ഐശ്വര്യങ്ങളിലേക്ക് നാം പ്രവേശിച്ചിരുന്നു. ഇിതാ ഒരു റമദാനില്‍ കൂടി ജിവിക്കാനാകുന്നു. വലിച്ചെറിഞ്ഞ പലതും ജീവിതത്തിലേക്ക് വീണ്ടും വലിഞ്ഞു കയറിക്കൂടിയിട്ടുണ്ട്. ദൈനംദിന ജീവിത പരിസരത്തു നിന്നും വിശ്വാസ-കര്‍മ്മദികളിലെല്ലാം മാലിന്യങ്ങള്‍ ഏറിയൊ കുറഞ്ഞൊ ബാധിച്ചിട്ടുണ്ട്. അതങ്ങനെയാണ്; മനുഷ്യ ജീവിതം എത്രതന്നെ പരിശുദ്ധി കൈവരിക്കുമെങ്കിലും ദുനിയാവ് അതിനെ മലീമസമാക്കിക്കൊണ്ടിരിക്കും.

കണ്ണുകളിലൂടെ, കാതുകളിലൂടെ, ഹൃദയത്തിലൂടെ, അവയവങ്ങളിലൂടെയൊക്കെയാകും മാലിന്യങ്ങള്‍ കടന്നെത്തുന്നത്. ഈ ബോധം എപ്പോഴും മുഅ്മിനുകളുടെ ശ്രദ്ധയിലുണ്ടാകും. അതുകൊണ്ടാണ് ജീവിതത്തെ ശുദ്ധീകരിക്കാന്‍ അവര്‍ അവസരങ്ങള്‍ തേടുന്നതും, കിട്ടുന്ന അവസരങ്ങളെ കൃത്യതയോടെ അവര്‍ ഉപയോഗപ്പെടുത്തുന്നതും.

അല്ലാഹുവിന്റെ കല്‍പനകള്‍ സത്യവിശ്വാസികള്‍ പാലിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇത്. അല്ലാഹു പറഞ്ഞു:
”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ആലു ഇംറാന്‍:133)

പാപമോചനവും സ്വര്‍ഗ്ഗവും മുത്തക്വികള്‍ക്ക് ലഭിച്ച ദൈവിക വാഗ്ദാനങ്ങളാണ് എന്ന് മനസ്സിലക്കുന്ന സത്യവിശ്വാസി അവയിലേക്ക് ധൃതിയോടെ ചെല്ലുക സ്വാഭാവികമാണ്. റമദാനിലെ മുഅ്മിനില്‍ ഈ ധൃതി ധാരാളം കാണാനാകും.

നമസ്‌കരിക്കുന്നതില്‍, നോമ്പനുഷ്ഠിക്കുന്നതില്‍, മാപ്പിരക്കുന്നതില്‍, ദാനധര്‍മ്മങ്ങള്‍ നല്‍കുന്നതില്‍,ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍,ദിക്‌റുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍, കുടുംബ ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍, അങ്ങനെ എല്ലാ മേഖലകളിലും ധൃതിപ്പെട്ട് മുേന്നറുന്ന അവസ്ഥയിലായിരിക്കും റമദാനില്‍ സത്യവിശ്വാസികള്‍.

മനസ്സിന്റെ പവിത്രത തൗഹീദിലൂടെയാണ് സംജാതമാകുന്നത്. ആരാധനകള്‍ മുഴുവന്‍ പ്രാര്‍ത്ഥനാ പൂര്‍വം അല്ലാഹുവിനുമാത്രം ആത്മാര്‍ത്ഥമായി സമര്‍പ്പിക്കലാണ് തൗഹീദിന്റെ കാതല്‍. ലോകമാന്യം കലരാത്തവിധമാകണം നമ്മുടെ ഇബാദത്തുകളെല്ലാം. നോമ്പിന് ഒരു പ്രത്യേകതയുണ്ട്; അതില്‍ ലോകമാന്യത വരാന്‍ സാധ്യതയില്ല എന്നതാണത്.

നോമ്പ് എനിക്കുള്ളതാണ് എന്ന പടച്ചവന്റെ പ്രസ്താവന, അതിനെ സംബന്ധിച്ച നിജസ്ഥിതി അല്ലാഹുവിനു മാത്രമേ അറിയൂ എന്നതു കൊണ്ടാണ്. എന്റെ നോമ്പ് മറ്റുള്ളവര്‍ കൂടി കാണട്ടെ എന്ന് ചിന്തിച്ചാലും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കാണാകുക? അതെ, നോമ്പ് തീര്‍ത്തും അല്ലാഹുവിന്നുള്ളതാണ്.

അതുകൊണ്ടാണ്, ‘അതിന്ന് ഞാന്‍ അവന് പ്രതിഫലം നല്‍കുന്നതാണ്’ എന്ന വാഗ്ദാനം പ്രത്യേകമായി അല്ലാഹു എടുത്തു പറഞ്ഞത്.