വിവാഹം എത്ര പവിത്രം! ശാന്തം!

107

ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന നിര്‍ദ്ദേശങ്ങളും വിധികളും വിലപ്പെട്ടതാണ്.

രണ്ട് ഇണകള്‍ തമ്മിലുള്ള വിവാഹബന്ധത്തെ ബലവത്തായ കരാര്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അതിങ്ങനെ വായിക്കാം: ”അവര്‍ (സ്ത്രീകള്‍) നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങിയിരിക്കുന്നു.” (നിസാഅ്: 21)

വിവാഹ ജീവിതത്തിന്റെ അടിത്തറ സ്‌നേഹവും കാരുണ്യവുമാണ്. ഈ രണ്ട് ഘടകങ്ങളുടേയും അഭാവത്തില്‍ രണ്ടിണകളുടെ സ്വസ്ഥജീവിതം സാധ്യമല്ല. പടച്ച തമ്പുരാന്‍ മഹനീയമായ ഈ രണ്ട് ഗുണങ്ങളും മനുഷ്യരില്‍ പ്രകൃത്യാ സന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതാണ് നേര്.

അല്ലാഹു പറയുന്നു:
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (റൂം: 21)

തന്റെ ഇണയാകാന്‍ പോകുന്ന സ്ത്രീയെ കാണലും അറിയലും അവളുടെ ദീനി നിഷ്ഠപരിഗണിക്കലും വരനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടാന്‍ ആദര്‍ശപരമായ അന്തരീക്ഷം കൂടിയേ തീരൂ. ധനം, തറവാട്, സൗന്ദര്യം, മതനിഷ്ഠ എന്നീ നാലുകാര്യങ്ങളെ പരിഗണിച്ച് കൊണ്ട് ഒരു സ്ത്രീ വിവാഹിതയാകാറുണ്ടെന്നും, വിശ്വാസി അവളിലെ മതനിഷ്ഠയെ പരിഗണിച്ചു കൊണ്ടാകണം വിവാഹം കഴിക്കേണ്ടതെന്നും, ആ മാര്‍ഗത്തില്‍ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നാലും അതാണ് വിജയകരമെന്നും നബി(സ്വ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്.

വിവാഹിതയാകാന്‍ പോകുന്ന സ്ത്രീയുടെ കാര്യത്തിലും ഇത്തരത്തിലൊരുപദേശം നബി(സ്വ) നല്‍കിയിട്ടുണ്ട്. അതു പക്ഷെ, അവളുടെ പിതാവിനോടാണെന്ന് മാത്രം.

റസൂല്‍(സ്വ) പറഞ്ഞു:
അബൂ ഹുറയ്‌റ(റ) നിവേദനം. നബി തിരുമേനി(സ്വ) അരുളി: നിങ്ങളിഷ്ടപ്പെടുന്ന സ്വഭാവവും മതനിഷ്ഠയുമുള്ള ഒരാള്‍ (വിവാഹാലോചനയുമായി) നിങ്ങളെ സമീപിച്ചാല്‍, നിങ്ങളവന്ന് വിവാഹം ചെയ്തു കൊടുക്കുക. നിങ്ങളങ്ങനെ ചെയ്യുന്നില്ല എങ്കില്‍ ഭൂമിയില്‍ കുഴപ്പത്തിനും ദൂരവ്യാപകമായ പ്രശ്‌നത്തിനും അത് കാരണമാകുന്നതാണ്. (സ്വഹീഹുല്‍ ജാമിഅ്)

വിവാഹത്തിന്റെ ലക്ഷ്യത്തെപ്പറ്റി ഖുര്‍ആന്‍ കൃത്യമായി വ്യക്തമാക്കുന്നത് കാണുക: അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. (നഹ്്ല്‍: 72)

ദാമ്പത്യജീവിതത്തിലൂടെയാണ് മനുഷ്യപ്രകൃതിയുടെ സുപ്രധാന ഭാഗമായ ലൈംഗികതക്ക് ക്രമവും താളവുമുണ്ടാകുന്നത്. അരാജകത്വത്തിലേക്കും അപരി ഹാര്യമായ പ്രശ്‌നങ്ങളിലേക്കും മനുഷ്യകുലത്തെ കൂപ്പുകുത്തിക്കുന്ന ലൈംഗീകാഭാസങ്ങളില്‍ നിന്ന് സുരക്ഷയേകാന്‍ ദൈവബോധത്തിലധിഷ്ഠിതമായ വിവാഹ ജീവിതത്തിനുമാത്രമേ സാധിക്കുകയുള്ളൂ. കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണയും, ബ്രഹ്മചര്യം മുഖേനയുള്ള ലൈംഗിക വിമുഖതയും മനുഷ്യപ്രകൃതിക്ക് യോജിച്ചതല്ല.

ബ്രഹ്മചര്യം ഇസ്‌ലാമികമല്ല എന്ന കാര്യം നബിതിരുമേനി(സ്വ) കൃത്യമായും പഠിപ്പിച്ചിട്ടുള്ളതാണ്.
പരിശുദ്ധവും ഉദ്ദേശ്യാധിഷ്ഠിതവുമായ വിവാഹമെന്ന കര്‍മ്മം ഇന്ന് പക്ഷെ, അതിന്റെ ലക്ഷ്യംവിട്ട് സഞ്ചരിക്കുന്നൂ എന്നത് കഷ്ടമാണ്.

ദാമ്പത്യജീവിതത്തിന്റെ നിഷ്‌കൃഷ്ടമായ ധര്‍മ്മങ്ങളെ സംബന്ധിച്ച് ബോധവത്കരണം സിദ്ധിച്ച ജനത മുസ്‌ലിംകളെ പോലെ മറ്റൊന്നില്ല. എന്നിട്ടും അവര്‍ക്കിടയിലെ വിവാഹരംഗവും, ദാമ്പത്യജീവിതവും കുത്തഴിഞ്ഞുപോകുന്നത് കാണുമ്പോള്‍ വേദന തോന്നുകയാണ്. വിവാഹം കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും, മനുഷ്യത്വവും കരുണയും ദാമ്പത്യമേഖലയില്‍ അന്യംനില്‍ക്കുന്നുവെന്നും കാര്യബോധമുള്ള കേന്ദ്രങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിന് ചെവികൊടുക്കാന്‍ ഒരു ചെറിയ വിഭാഗമല്ലാതെ ഇനിയും തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്.

സ്ത്രീധനമെന്ന മുസീബത്ത് മുസ്ലിം ഉമ്മത്തിനെ കാര്‍ന്നുതിന്നുകയാണ്. വിവാഹിതയാകാന്‍ പോകുന്ന വധുവിനാകണം സമ്മാനം നല്‍കേണ്ടതെന്ന ഇസ്‌ലാമിക വിധിയെ, എല്ലാവരും കാറ്റില്‍ പറത്തിയാണ് ജീവിക്കുന്നത്.

ഇന്ന് സ്വന്തം പുത്രിയുടെ വിവാഹത്തിന് സ്ത്രീധനം നല്‍കാനില്ലാതെ കരയുന്നവന്‍ ഇന്നലെ സ്ത്രീധനം വാങ്ങി ഒരു പെണ്ണിനെ വീട്ടിലേക്ക് കൊണ്ടുവന്നവനാണ്! നാളെ, സ്ത്രീധനം പറഞ്ഞു വാങ്ങി തന്റെ മകന്റെ വിവാഹത്തിന് ആലോചന നടത്തുന്നവനാണ്! പണവും പണ്ടവുമാണ് ജീവിതത്തിന്റെ മുഖ്യമെന്ന് കരുതുന്നവര്‍ ജീവതത്തിന്റെ സുഖവും ശാന്തിയുമനുഭവിക്കുന്നില്ല എന്നതാണ് സത്യം.

ചില വീടുകളുടെ ചുമരുകള്‍ പെണ്ണുങ്ങളുടെ ഗദ്ഗദങ്ങള്‍ കേള്‍ക്കവയ്യതെ, കാതുപൊത്തുകയാണ്! ചിലവീടുകളുടെ ചുമരുകള്‍ മണ്ണെണ്ണയുടേയും വെന്ത മാംസത്തിന്റേയും രൂക്ഷഗന്ധങ്ങള്‍ സഹിക്കവയ്യാതെ മൂക്കുപൊത്തുകയാണ്! ചില വീടുകളുടെ ചുമരുകള്‍ സാരിയില്‍ തൂങ്ങിയാടുന്ന പെണ്‍പ്രേതങ്ങളുടെ തുറിച്ചുന്തിയ കണ്ണുകള്‍ കാണാനാകാതെ കണ്ണുപൊത്തുകയാണ്! എന്നിട്ടും പച്ചക്കരളുള്ള മനുഷ്യനില്‍ ഈവക ദൃശ്യങ്ങളൊന്നും യാതൊരു വികാരവുമുണ്ടാക്കുന്നില്ല. പാറപോലെ കടുത്ത മനസ്സുള്ളവര്‍.

ഉറവകളൊഴുക്കുന്ന എത്രയോ പാറക്കെട്ടുകളുണ്ട്. എന്നാല്‍, ഈ ‘മനുഷ്യപ്പാറ’കളില്‍ കനിവിന്റെ നനവ് വിദൂരമായിപ്പോലുമില്ല!!

വിവാഹ രംഗത്തെ അനഭിലഷണീയതകളുടെ പേരില്‍ നമ്മില്‍ ആര്‍ക്ക് ആരെയാണ് പഴിക്കാനാകുക?
നമ്മിലെ അനിസ്‌ലാമികതകളെ ആരുടെയെങ്കിലും മേല്‍ ചാരിവെച്ച് കൈകഴുകി മാറിനില്‍ക്കാന്‍ നമുക്കാകുമൊ?

നമ്മുടെ ജീവിതത്തെ നാമാണ് ശുദ്ധീകരിക്കേണ്ടത്. നമ്മുടെ ജീവിത കര്‍മ്മങ്ങളെ അല്ലാഹുവിന്റെ മുന്നില്‍ നാം മാത്രമാണ് ന്യായീകരിക്കേണ്ടത്. വൈവാഹിക രംഗവും ദാമ്പത്യജീവിതവും പരിപാവനവും സന്തോഷദായകവുമാക്കാന്‍ നാം വിചാരിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ. പെണ്ണിന്റെ കണ്ണീരില്ലാത്ത, അമ്മോശന്റെ നെടുവീര്‍പ്പില്ലാത്ത, പൊരുത്തക്കേടു നിറഞ്ഞ കിടപ്പറയില്ലാത്ത ഒരു ജീവിതത്തിന് വളരുന്ന യുവതയെങ്കിലും മനസ്സുവെച്ചാല്‍ ആരേയും പഴിക്കാതെ ആഹ്ലാദത്തോടെ മുന്നോട്ടു പോകാന്‍ തീര്‍ച്ചയായും സാധിക്കും.

സ്ത്രീധനവും, വിവാഹധൂര്‍ത്തും, ആഘോഷക്കസര്‍ത്തും, അനാവശ്യമാമൂലുകളും കൊണ്ട് നടുതളര്‍ന്ന മുസ്‌ലിം ഉമ്മത്തില്‍, അവക്കെതിരെ ഇസ്‌ലാമികനിഷ്ഠ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഉണര്‍ന്നു നില്‍ക്കുന്ന ഒരു മുസ്‌ലിം യുവനിരയെ, ഇനിയും നിരാശ ബാധിച്ചിട്ടില്ലാത്ത സുമനസ്സുകള്‍ പ്രതീക്ഷിക്കുകയാണ്. ആരും ആരേയും പഴിക്കാതെ, ഓരോരുത്തരും അവനവന്റെ മനസ്സുമാറ്റാന്‍, നിലവിലുള്ള നിലപാടുകള്‍ മാറ്റാന്‍ ശ്രദ്ധവെച്ചാല്‍ വിവാഹരംഗം മാറ്റുള്ളതാകും.

ദാമ്പത്യം ഇണകളുടെ ശാന്തജീവിതത്തിനു വേണ്ടിയാണ്. അതിന്റെ അടിത്തറ സ്‌നേഹവും കരുണയുമാണ്. വിലമതിക്കാനാകാത്ത ഈ രണ്ടു ദൈവികാനുഗ്രങ്ങള്‍ നമ്മില്‍ തന്നെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അവയെ സജിവമാക്കി നിര്‍ത്തുമെങ്കില്‍ ആഹ്ലാദവും ആത്മഹര്‍ഷവും നമ്മോടൊപ്പം ഒഴിയാതെയുണ്ടാകും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

🖥Website:
www.nermozhi.com
👥Facebook:
Https://www.fb.com/nermozhi
🎥Youtube Channel:

www.youtube.com/nermozhi
📱Instagram:
www.instagram.com/nermozhi
📨Telegram Channel:
https://t.me/nermozhi