നരകക്കൊയ്ത്തിനൊരുങ്ങി നില്‍ക്കുന്ന നാവുകള്‍

231

പരിഹാസം ദുര്‍ഗുണമാണ്. മനുഷ്യത്വ രഹിതമാണ്. സ്നേഹം, ബഹുമാനം, കരുണ തുടങ്ങിയ ആദരണീയ ഗുണങ്ങളെ നിഷ്ക്രിയമാക്കുന്ന ചീത്തവൃത്തിയാണത്. വിശുദ്ധ ഇസ്ലാം പരിഹാസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരിഹാസ പ്രവണതയില്‍ വീണുപോകാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയേയും ഇസ്ലാം ഉപദേശിക്കുന്നുമുണ്ട്. അന്യരുടെ അഭിമാനത്തിന് മാരകമായി ക്ഷതമുണ്ടാക്കും വിധം, അവരെ പരിഹസിക്കുന്ന ആളുകളെ കര്‍ക്കശമായ നിലയിലാണ് ഇസ്ലാം താക്കീത് ചെയ്തിട്ടുള്ളത്.
മനുഷ്യന്‍ ആദരണീയനാണ്. മനുഷ്യന്ന് ആദരണീയത നല്‍കിയതാകട്ടെ അവന്‍റെ സ്രഷ്ടാവായ അല്ലാഹുവാണ്. ഭൂമിയില്‍ ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊക്കെ നല്‍കി പലതിനേക്കാളും മേന്മയുള്ള സൃഷ്ടിയായി മനുഷ്യനെ അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ക്വുര്‍ആനത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്റാഅ്: 70)
മനുഷ്യന്‍ മനുഷ്യനെ ആദരിക്കണം. പരസ്പരം വ്യക്തിത്വങ്ങളെ മാനിക്കണം. നന്മകള്‍ നേരാനും ചൊരിയാനും ശ്രദ്ധിക്കണം. അഭിമാനങ്ങളെ പരിഗണിക്കാനും അവക്ക് ഭംഗം വരാതെ സൂക്ഷിക്കാനും ശ്രമിക്കണം. അഭിപ്രായാന്തരങ്ങളും ആശയ വ്യത്യാസങ്ങളും വ്യക്തബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുവോ എന്ന് കരുതിയിരിക്കണം. ഈ പറഞ്ഞവയുടെയെല്ലാം ബദ്ധശത്രുവാണ് പരിഹാസമെന്നത്.
എന്താണ് പരിഹാസം? അന്യരെ തന്നെക്കാള്‍ ചെറുതായി കാണുക എന്നതും, ആ നിലക്ക് അവര്‍ക്കെതിരില്‍ അധിക്ഷേപങ്ങള്‍ പറയുക എന്നതും പരിഹാസമാണ്. പല നിലക്ക് ഒരു മനുഷ്യനെ അപഹസിക്കാം. അത്, കണ്ണുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും ഗോഷ്ഠികള്‍ കാണിച്ചാകാം. ദുസ്സൂചനകള്‍ നല്‍കിയാകാം. വാക്കുകളുപയോഗിച്ചുമാകാം. എന്നാല്‍ പരിഹാസത്തിലെ ഏറ്റവും അപകടകാരി, വാക്കുകളുപയോഗിച്ചുള്ളതാണ്. നാക്ക് അങ്കുശമില്ലാത്ത ആയുധമാണ്. അതിന്‍റെ മൂര്‍ച്ച അസഹനീയവുമാണ്. അത് വരുത്തിവെക്കുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ്.
നാവിനെ സൂക്ഷിക്കുവാനും നല്ലകാര്യങ്ങള്‍ക്കു മാത്രമായി അതിനെ ഉപയോഗപ്പെടുത്തുവാനും ഇസ്ലാം സത്യവിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. മനുഷ്യത്വത്തിനും വിശ്വാസ വിശുദ്ധിക്കും കളങ്കമുണ്ടാക്കുന്ന എല്ലാത്തരം പ്രവണതകളില്‍ നിന്നും നാവിനെ സംരക്ഷിച്ചു നിര്‍ത്തുക എന്നത് ശ്രമകരമാണ്. എങ്കിലും, ഓരോരുത്തരുടേയും അനിവാര്യമായ ബാധ്യതയാണത്.
ഇന്ന് പരിഹാസങ്ങളുടെ കാലമാണ്. തലയില്‍ നിന്ന് കൊഴിഞ്ഞു വീഴുന്ന മുടിനാരിഴയോടുള്ളതിനേക്കാള്‍ നിസ്സാരമായ ഭാവമാണ് എല്ലാവര്‍ക്കും ഇന്ന് പരിഹാസത്തോട്. വാക്കുകളും ആംഗ്യങ്ങളും ചിത്രങ്ങളും ചിത്രീകരണങ്ങളും അന്യപരിഹസിത്തിനായി നിര്‍ലോപം നിസ്സങ്കോചം ഉപയോഗിക്കുന്ന അപകടരമായ കാലം. ആര്‍ക്കും ആരെയും ഒരു വിലയുമില്ല. ആരുടെ അഭിമാനത്തോടും ഒരാള്‍ക്കും ആദരവില്ല. ഒരാണിനെ ഒരു പെണ്ണിനെ പരിഹസിക്കാന്‍ അവര്‍ തന്‍റെ പ്രതിയോഗിയാകണം എന്ന നിബന്ധനപോലുമില്ല. ആരും ഏതു സമയത്തും എവിടെ വെച്ചും പരിഹസിക്കപ്പെടാന്‍ സാധ്യതയുള്ള വിധം എന്‍റെ യും നിങ്ങളുടേയും ജീവിത പരിസരങ്ങള്‍ പാകപ്പെട്ടിരിക്കുന്നു.
പരിഹാസത്തോട് മുഅ്മിനിന്‍റെ കണിശമായ നിലപാടെന്തായിരിക്കണം എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്കുകള്‍ സൂക്ഷിച്ചാകണം ഉപയോഗിക്കേണ്ടത് എന്ന് ക്വുര്‍ആന്‍ പറയുന്നു. എന്തുകൊണ്ടെന്നാല്‍ നാവില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോവാക്കും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. പ്രസ്തുത വാക്കുകളെപ്രതി ഓരോരുത്തരും അല്ലാഹുവിന്‍റെ നിശിതമായ വിചാരണക്ക് അന്ത്യനാളില്‍ വിധേയനാകേണ്ടി വരുകയും ചെയ്യും.
“അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.” (ക്വാഫ്: 18)
ഒരാള്‍ എന്ത് സംസാരിക്കുന്നുവൊ അത് മുഴുവന്‍ രേഖപ്പെടുത്തപ്പെടുന്നതാണ് എന്ന് ഇമാം ക്വുര്‍ത്വുബി(റ)യും, രോഗാവസ്ഥയിലെ ഒരാളുടെ പതംപറയല്‍ പോലും രേഖപ്പെടുത്തപ്പെടുന്നതാണ് എന്ന് മുജാഹിദ്‌(റ)വും ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ അന്യരോടായാലും സ്വന്തത്തോടായാലും നമ്മളുച്ചരിക്കുന്ന ഓരോ വാക്കും ഏറെ സൂക്ഷ്മത അര്‍ഹിക്കുന്നതാണ് എന്ന് ചുരുക്കം.
മുഅ്മിനിന്‍റെ വിശ്വാസം മേന്മയേറിയതാണ്. അതുകൊണ്ടുതന്നെ അവനില്‍ നിന്നുത്ഭവിക്കുന്ന കര്‍മ്മങ്ങളും സ്വഭാവങ്ങളും പെരുമാറ്റങ്ങളുമെല്ലാം മേന്മയുള്ളതാകണം. നല്ലതു പറയാനുപയോഗിക്കുന്ന നാവിനേക്കാള്‍ മെച്ചപ്പെട്ട ഒരു മരുന്നും ഭൂമിക്കു മുകളിലില്ലെന്നു തന്നെ പറയാം. എന്നാല്‍, പരിഹാസം ചൊരിയുന്ന നാവിനേക്കാള്‍ മാരകമായ മറ്റൊരു കാളകൂടം നമുക്കു കാണാനാകില്ല. അതുകൊണ്ടാണ് പ്രവാചക തിരുമേനി(സ്വ) മുഅ്മിനുകളെ താഴെകാണും വിധം ഉപദേശിച്ചത്.
അബൂ ഹുറയ്റ(റ) നിവേദനം. നബി(സ്വ) അരുളി: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതു സംസാരിക്കട്ടെ. അല്ലെങ്കില്‍ അവന്‍ നിശ്ശബ്ദത പാലിക്കട്ടെ.” (ബുഖാരി, മുസ്ലിം)
മുഅ്മിനിന്‍റെ നാവിന് മൗലികമായി രണ്ട് ധര്‍മ്മങ്ങളാണുള്ളതെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ട്.. ഒന്ന്, നല്ലത് പറയുക രണ്ട്, നിശ്ശബ്ദത പാലിക്കുക. രണ്ടു ധര്‍മ്മങ്ങളും പാലിക്കാനാകുക എന്നതാണ് സത്യവിശ്വാസിയുടെ ഈമാനികമായ സൗന്ദര്യം. അതു കൊണ്ടാണ് ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ഇമാം നവവി(റ) ഇപ്രകാരം പറഞ്ഞത്:
നവവി(റ) പറഞ്ഞു: “നല്ലതും പ്രത്യക്ഷത്തില്‍ ഉപകാരപ്രദവുമായ കാര്യങ്ങളേ സംസാരിക്കാവൂ എന്നും, സംശയാസ്പദമായ സംഗതികളില്‍ മൗനമവലംബിക്കുകയാണ് വേണ്ടത് എന്നും ഈ ഹദീസില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.”
അന്യദ്വേഷവും പരിഹാസവും ആരിലും നന്മയുണ്ടാക്കുന്നില്ല. വിദ്വേഷവും ശത്രുതയുമാണ് അവയുടെ ഉല്‍പന്നങ്ങള്‍. നാവില്‍ നിന്നുതിരുന്ന വാക്കും വില്ലില്‍ നിന്നു തെറിക്കുന്ന അമ്പും വേഗതയിലും ഏല്‍ക്കുന്നതിലും ഒരുപോലെയാണ്. കൈവിട്ടാല്‍ പിന്നെ ഖേദംകൊണ്ട് മാത്രം ഭേദമാകില്ല. അധികമാളുകളും പക്ഷെ, ഈ യാഥാര്‍ത്ഥ്യത്തെ ശ്രദ്ധിക്കാതെയാണ് ജീവിക്കുന്നത്. ഒരു വ്യക്തിയുടെ സ്വര്‍ഗ്ഗ പ്രവേശവും നരക പ്രവേശവും നാവിന്‍റെ ഉപയോഗ രീതികള്‍ക്കനുസൃതമായി ഭവിക്കുമെന്ന് റസൂല്‍(സ്വ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ സജീവമായ ശ്രദ്ധയര്‍ഹിക്കുന്നവയാണ് പ്രസ്തുത മുന്നറിയിപ്പുകള്‍. താഴെ നല്‍കുന്ന രണ്ടു ഹദീസുകള്‍ ശ്രദ്ധിച്ചു വായിക്കുക.
സഹ്ല് ബ്നു സഅദ്(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളി: “തന്‍റെ രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ള നാവിന്‍റേയും രണ്ട് തുടകള്‍ക്കിടയിലുള്ള ലൈംഗികാവയവത്തിന്‍റേയും കാര്യത്തില്‍ എനിക്ക് ഉറപ്പു തരുന്നവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാനിതാ ഉറപ്പു നല്‍കുന്നു.” (ബുഖാരി, മുസ്ലിം)
അബൂ ഹുറയ്റ(റ) നിവേദനം. നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: “ഒരു ദാസന്‍ ഇന്നാലിന്ന ആശയങ്ങളുള്ള ചില വര്‍ത്തമാനങ്ങള്‍ പറയും, അതു മുഖേന അവന്‍ ഉദയാസ്ഥമന സ്ഥാനങ്ങള്‍ക്കിടയിലെ ദൂര സമാനം നരകത്തിലേക്ക് വഴുതി വീഴും.” (ബുഖാരി, മുസ്ലിം)
അനുവദനീയമല്ലാത്തതും ആശാസ്യമല്ലാത്തതുമായ സംഗതികളില്‍ നിന്നെല്ലാം നാവിനെ സൂക്ഷിക്കേണ്ടതിന്‍റെ അനിവാര്യതയെയാണ് മുകളില്‍ പ്രസ്താവിക്കപ്പെട്ട തെളിവുകളെല്ലാം വ്യക്തമാക്കുന്നത്. പരിഹാസം പാപമാണ്. ഇതറിയാത്ത ഒരു പാമരനും പണ്ഡിതനുമില്ല. എന്നാല്‍ കുത്തുവാക്കുകളും ആക്ഷേപങ്ങളും ചീത്തവിളികളും കൊച്ചാക്കലുകളുമൊക്കെ എല്ലാവരിലും നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്നു. ആര്‍ക്കും ആരേയും ഉപദേശിക്കാന്‍ പറ്റാത്തവിധം പരിഹസിക്കുക എന്ന ചീത്തവൃത്തിയില്‍ എല്ലാവരുമുണ്ട്. വിശ്വാസ ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ ചീത്തവൃത്തി കഴിയുന്നത്ര ഒഴിവാക്കാന്‍ സമയം അതിക്രമിച്ചിട്ടുണ്ട്. അതിന്ന് അല്ലാഹുവിന്‍റെ ഉപദേശത്തിലേക്ക് ശ്രദ്ധനല്‍കുകയാണ് കരണീയം. അവന്‍ പറഞ്ഞു:
“സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.” (ഹുജുറാത്ത്:11)
ഒരു മുസ്ലിം തന്‍റെ സഹോദരനെ പരിഹസിക്കുന്നതിനെ ഈ സൂക്തത്തിലൂടെ അല്ലാഹു കര്‍ക്കശമായി വിലക്കുന്നു. നീചമായ ഈ പ്രവണതയെ വിശ്വാസികള്‍ നിര്‍ബന്ധമായും കയ്യൊഴിയണമെന്ന സന്ദേശമാണ്, ‘മുഅ്മിനുകളേ’ എന്ന ക്വുര്‍ആനിക സംബോധനയില്‍ നിന്ന് മനസ്സിലാകുന്നത്. ജനങ്ങളെ വിലയിരുത്തുന്നതിന് പുരുഷന്മാരും സ്ത്രീകളും സ്വയം സ്വീകരിക്കുന്ന ബാഹ്യമായ അളവുകോലുകളല്ല യഥാര്‍ത്ഥ മാനദണ്ഡങ്ങളെന്നും, അല്ലാഹുവിനു മാത്രമറിയാവുന്ന അജ്ഞാതമായ മറ്റു മാനദണ്ഡങ്ങള്‍ വേറെയുണ്ടാകുമെന്നും, അവ കൊണ്ട് അല്ലാഹു തന്നെയാണ് തന്‍റെ അടിമകളെ വിലയിരുത്തുന്നതെന്നുമൊക്കെയുള്ള പാഠങ്ങള്‍ ഈ സൂക്തം പഠിപ്പിക്കുന്നുണ്ട്. ദരിദ്രനെ പരിഹസിക്കുന്ന സമ്പന്നന്‍, ദുര്‍ബലനെ പരിഹസിക്കുന്ന ശക്തന്‍, രോഗിയെ പരിഹസിക്കുന്ന ആരോഗ്യവാന്‍, അവിവേകിയെ പരിഹസിക്കുന്ന ബുദ്ധിമാന്‍, വന്ധ്യതയുള്ളവനെ പരിഹസിക്കുന്ന കുഞ്ഞുങ്ങളുള്ളവന്‍, അനാഥകളെ പരിഹസിക്കുന്ന കൂട്ടുകുടുംബാദികളുള്ളവന്‍, വൈരൂപ്യമുള്ളവളെ പരിഹസിക്കുന്ന സുന്ദരികള്‍, വൃദ്ധകളെ പരിഹസിക്കുന്ന യുവതികള്‍, വികലാംഗകളെ പരിഹസിക്കുന്ന പൂര്‍ണ്ണവതികള്‍, ദരിദ്രയെ പരിഹസിക്കുന്ന ധനിക സ്ത്രീകള്‍… ഇങ്ങനെയുള്ള സംഭവങ്ങള്‍ നമുക്കിടയില്‍ ഒരുപാടു കാണാം. പക്ഷെ, അന്യരായ ആളുകളെ നിസ്സാരന്മാരായി കാണാന്‍ ഇത്തരമാളുകള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ മുഴുവനും നീതിരഹിതവും ഭൗതികവുമാണ്. അവയില്‍ തീര്‍ത്തും വ്യത്യസ്തവും യഥാര്‍ത്ഥവുമായ അളവുകോല്‍ അല്ലാഹുവിന്‍റേതാണ്. അവനാണ് തന്‍റെ ദാസീ ദാസന്മാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിശ്ചയിക്കുന്ന്ത്. “(പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.” “(പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം.” എന്നീ പ്രസ്താവനകള്‍ അതാണ് സൂചിപ്പിക്കുന്നത്.
ദുനിയാവില്‍ ആരും ആരേയും വിലയിരുത്തേണ്ടതില്ല. മനുഷ്യനിലെ ഉയര്‍ച്ചാതാഴ്ചകളെ പുകഴ്ത്താനും ഇകഴ്ത്താനും നില്‍ക്കേണ്ടതില്ല. അന്യോന്യം മാനിക്കുക. ഗുണങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. നന്മകളില്‍ പരസ്പരം സഹകരിക്കുക. വീഴ്ചകളില്‍ കൈത്താങ്ങാകുക. സ്കലിതങ്ങളെ ഗുണകാംക്ഷായോടെ ശാസിച്ചു തിരുത്തുക. നേര്‍വഴികളിലേക്ക് ക്ഷണിക്കുകയും ആ ക്ഷണം സ്വീകരിച്ച് നേര്‍വഴിയിലേക്ക് വരാത്തവരുണ്ടെങ്കില്‍ അവരോടുള്ള തന്‍റെ ബാധ്യത കഴിഞ്ഞിരിക്കുന്നൂ എന്ന് മനസ്സിലാക്കുകയും ചെയ്യുക. അവന്‍റെ പിറകെ നിരന്തര പ്രബോധനത്തിനായി വേണമെങ്കില്‍ കൂടാം. അവനെ നിന്ദിക്കാനും പരിഹസിക്കാനും സമൂഹമധ്യേ അപഹസിക്കാനുമായിട്ടാണ് എങ്കില്‍, അത് നാശഹേതുവാണ്.
പരിഹാസം ഒരു തരത്തില്‍ അഹങ്കാരത്തിന്‍റെ ഉല്‍പ്പന്നമാണ്. ആദം നബി(അ)യെ നോക്കി നിസ്സാരമായ മണ്ണില്‍ നിന്ന് ജന്മം കൊണ്ടവന്‍ എന്ന് പിശാച് പരിഹസിച്ചതും, ഇതാ ഒരു പരിശുദ്ധന്‍ വന്നിരിക്കുന്നൂ എന്ന് സദൂം ഗോത്രക്കാര്‍ ലൂത്വ് നബി(അ)യെ പരിഹസിച്ചതും, ഇവന്‍ വെറുമൊരു ഹീനന്‍ എന്ന് ഫിര്‍ഔന്‍ മൂസാ നബി(അ)യെ പരിഹസിച്ചതും, ഹോ, നീ മാത്രമൊരു വിവേവികയും വിവരക്കാരനും എന്ന് മദ് യന്‍കാര്‍ ശുഐബ് നബി(അ)യെ പരിഹസിച്ചതും, ഭ്രാന്തനും ആഭിചാരക്കാരനുമൊക്കെയായി ഖുറൈശികള്‍ പ്രവാചക തിരുമേനി(സ്വ)യെ പരിഹസിച്ചതും അഹങ്കാരത്തിന്‍റെ അഹങ്കാരം കൊണ്ടായിരുന്നു. മുഅ്മിനുകളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പ്രവാചക തിരുമേനി(സ്വ) ശഠിച്ചിട്ടുള്ള സ്വഭാവമാകുന്നൂ അഹങ്കാരം.
അതിനാല്‍, ആക്ഷേപ പരിഹാസ പ്രവണതകളില്‍ നിന്ന് ബോധപൂര്‍വ്വം മാറിനില്‍ക്കുക. നേര്‍ക്കു നേരെ നാം ആരെയും ഉപദ്രവിക്കുന്നില്ലെന്നും ദ്രോഹിക്കുന്നില്ലെന്നും പലരും കരുതുന്നുണ്ടാകും. അന്യരെ ഇകഴ്ത്തി സംസാരിക്കുന്നവരാണൊ നമ്മള്‍? എങ്കില്‍ നമ്മളെക്കാള്‍ വേറെ ദ്രോഹികളില്ലെന്നതാണ് വാസ്തവം. ഒരു പ്രവാചക ഹദീസ് വായിക്കൂ.
അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞിരുക്കുന്നു: “മുസ്ലിം മുസ്ലിമിന്‍റെ സഹോദരനാണ്. അവനെയവന്‍ അക്രമിക്കരുത്, അവനെ വഞ്ചിക്കരുത്, അവനെ വ്യാജമാക്കരുത്, അവനെ നിന്ദിക്കുകയുമരുത്…. ഒരാള്‍ തന്‍റെ മുസ്ലിം സഹോദരനെ നിന്ദിക്കുന്നതു തന്നെ മതിയാകും അവനെ ദ്രോഹിക്കുന്നവനാകാന്‍.” (മുസ്ലിം)
സമുഹത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ഇടപഴകലുകളിലും പെരുമാറ്റങ്ങളിലും മുഅ്മിനുകള്‍ക്കിടയില്‍ ഒരു മാറ്റം അനിവാര്യമാണ്. പാഴ്വാക്കുകളും പരിഹാസമൊഴികളും ആക്ഷേപഹാസ്യങ്ങളും നമ്മളറിയാതെ നമ്മുടെ ജീവിതത്തില്‍ നിറഞ്ഞാടുന്നുണ്ട്. സ്വയം വിചാരണക്കുള്ള ഒരു സദുപദേശമായി മാത്രം ഈ പ്രസ്താവനയെ കാണുക. നമ്മുടെ നാവെറിയുന്ന വിത്തുകള്‍ സ്വര്‍ഗ്ഗക്കൊയ്ത്തിന് സാധ്യമാകും വിധം നന്മയുടേതാകണം. അല്ല എങ്കില്‍ പ്രവാചക പ്രവചനം പോലെയാകും നമ്മുടെ പരലോക പരിണതി.
മുആദ് ബ്നു ജബല്‍(റ) നിവേദനം.. പിന്നീട് നബി(സ്വ) ചോദിച്ചു: ദീനിന്‍റെ ശിരസ്സ്, അതിന്‍റെ തൂണ്, അതിന്‍റെ ഉന്നതമായ സ്ഥാനം ഏതൊക്കെയാണെന്ന് നിനക്കു ഞാന്‍ പറഞ്ഞു തരട്ടെ. ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും, റസൂലേ. അദ്ദേഹം പറഞ്ഞു: ദീനിന്‍റെ ശിരസ്സ് ഇസ്ലാമിക നിഷ്ഠയാണ്. അതിന്‍റെ തൂണ്‍ നമസ്കാരമാണ്. അതിന്‍റെ ഉയര്‍ന്ന പദവി ജിഹാദാണ്. എന്നിട്ട് തിരുമേനി ചോദിച്ചു: ഇവ മുഴുവനും ജീവിതത്തില്‍ അധീനമാക്കാനുള്ള ശേഷിയെന്താണെന്ന് നിനക്കു പറഞ്ഞു തരട്ടെ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും, റസൂലേ. തിരുമേനി(സ്വ) തന്‍റെ നാവില്‍ തൊട്ടുകൊണ്ടു പറഞ്ഞു: ഇതാ, ഇതിനെ നീ നിയന്ത്രിച്ചു നിര്‍ത്തുക. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ നബിയേ, ഞങ്ങളുടെ സംസാരങ്ങളുടെ പേരില്‍ അല്ലാഹു ഞങ്ങളെ പിടിച്ചു ശിക്ഷിക്കുമെന്നൊ? നബി(സ്വ) തിരിച്ചു ചോദിച്ചു: കഷ്ടം! മനുഷ്യരെ മുഖം അല്ലെങ്കില്‍ മൂക്കു കുത്തിയവരായി നരകത്തിലെറിയുന്നത് അവരുടെ നാവുകള്‍ കൊയ്തെടുത്ത ഫലങ്ങളല്ലാതെ മറ്റെന്താണ്? (തിര്‍മിദി)
നമ്മുടെ നാവുകള്‍ കൊയ്തെടുക്കുന്ന ഫലങ്ങള്‍ ഇനി എങ്ങനെയുള്ളതാകണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. അതുന്നുവേണ്ടിയാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകേണ്ടത്.