ധർമ്മനിഷ്ഠയിലേക്ക് ക്വുര്‍ആന്‍ നല്‍കുന്ന വഴികള്‍

26

ധര്‍മ്മനിഷ്ഠ, സൂക്ഷ്മത, ഭക്തി എന്നൊക്കെ അര്‍ഥം പറയാവുന്ന തഖ്വയെപ്പറ്റി ധാരാളം ആയത്തുകളിലൂടെ ഖുര്‍ആന്‍ സംസാരിച്ചിട്ടുണ്ട്. തഖ്വയുടെ നിര്‍ബന്ധതയെപ്പറ്റി, അതിലൂടെ ലഭ്യമാകുന്ന ഫലങ്ങളെപ്പറ്റി, അതിലേക്കെത്താനുള്ള മാര്‍ഗങ്ങളെപ്പറ്റിയൊക്കെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്.
ഇസ്ലാമില്‍ തഖ്വക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. നബി തിരുമേനി(സ്വ) അവിടുത്തെ മുഴുവന്‍ പ്രസംഗങ്ങളും ആരംഭിച്ചിരുന്നത് തഖ്വയെ സംബന്ധിച്ച കല്‍പനകളുള്‍ക്കൊള്ളുന്ന ഏതാനും ആയത്തുകള്‍ ആമുഖമായി ഓതിക്കൊണ്ടാണ്. ആ സമ്പ്രദായമാണ് ഇക്കാലത്തും ഖതീബുമാരും ഇതര സാരോപദേശകരും സ്വീകരിച്ചു പോരുന്നത്. ഒരു മുസ്ലിം തന്‍റെ വിശ്വാസ ജീവിതത്തില്‍ അതിപ്രാധാന്യത്തോടെയാണ് തഖ്വയെ കാണേണ്ടതും സ്വീകരിക്കേണ്ടതും.
എന്താണ് തഖ്വ എന്നറിയലും, തുടര്‍ന്ന് അതിനനുസരിച്ച് ജീവിക്കലുമാണ് വിശ്വാസിയുടെ മൗലവിക ധര്‍മ്മം. വീക്ഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവനിഷ്ഠകളിലും ക്രയവിക്രയങ്ങളിലുമൊക്കെ ഏതു വിധത്തിലാണ് ധര്‍മ്മനിഷ്ഠ കൈക്കൊള്ളേണ്ടത് എന്നറിയാത്തവന്ന് മുത്തക്വിയാകാന്‍ സാധിക്കുന്നതല്ല. അതു കൊണ്ടു തന്നെ, ഇസ്ലാമിന്‍റെ പ്രമാണങ്ങളില്‍ നിന്ന് ധര്‍മ്മനിഷ്ഠയുടെ പാഠങ്ങളും പരിശീലനങ്ങളും നേടാനാകണം സത്യവിശ്വാസികളുടെ പ്രഥമ ശ്രമങ്ങള്‍. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കാണിക്കേണ്ട സൂക്ഷ്മതയെന്ത് എന്നറിയാത്തവന്‍ മഹാപാതകമായ ശിര്‍ക്കിലകപ്പെട്ടുപോകും. അല്ലാഹു പഠിപ്പിച്ച ആരാധനാ കര്‍മ്മങ്ങളില്‍ ശ്രദ്ധിക്കേണ്ട സൂക്ഷ്മതയെന്ത് എന്നറിയാത്തവന്‍ ഇഖ്ലാസില്ലാത്ത കാട്ടിക്കൂട്ടലുകളില്‍ ആപതിച്ചു പോകും. പ്രവാചക തിരുമേനിയുടെ സുന്നത്തുകളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മത എന്ത് എന്നറിയാത്തവന്‍ അടിസ്ഥാന രഹിതമായ ബിദ്അത്തുകളില്‍ ചെന്നു ചാടും. സാമ്പത്തിക രംഗങ്ങളില്‍ പാലിക്കേണ്ട സൂക്ഷ്മത എന്ത് എന്നറിയാത്തവന്‍ പലിശ, അഴിമതി, ചൂഷണം പോലുള്ള പാപമേഖലകളില്‍ വിഹരിക്കും.
പാപമെന്താണ്, അതിന്‍റെ പരിണതിയെന്താണ്, ഹറാമുകള്‍ ഏതൊക്കെയാണ്, ഹറാമുകളിലകപ്പെട്ടാലുള്ള ദുരിതമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവും പ്രവാചകനും വ്യക്തമാക്കിയിട്ടുണ്ട്. ഉല്‍കൃഷ്ടമായ ആദര്‍ശത്തിന്‍റെ വക്താക്കളെന്ന നിലക്ക് അവ ബോധ്യപ്പെട്ടു വേണം ജീവിക്കാന്‍.
ഹൃദയത്തില്‍ തഖ്വയെ ഉദ്ദീപിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇസ്ലാമിന്‍റെ പാഠങ്ങളില്‍ അനവധിയുണ്ട്. അവയെ പ്രാമാണികമായി അറിയാനും പ്രാവര്‍ത്തികമാക്കാനും വിശ്വാസികള്‍ തയ്യാറാകുമെങ്കില്‍, തഖ്വയുടെ സാന്നിധ്യവും അതിന്‍റെ സ്വാധീനവും തങ്ങളുടെ നിത്യജീവിതത്തില്‍ അവര്‍ക്ക് അനുഭവിക്കാനാകും. വിശുദ്ധ ഖുര്‍ആനിലും പ്രവാചക സുന്നത്തിലും അതിനു സഹായകമായി വിശദീകരിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരവധിയാണ്. അവയിലൂടെയാകട്ടെ ഇനിയുള്ള നമ്മുടെ വായന.
അല്ലാഹുവിന്നുള്ള കൃത്യനിഷ്ഠയോടെയുള്ള ഇബാദത്തുകള്‍.
ആരാധനകള്‍ അല്ലാഹുവിനോടുള്ള തഖ്വയെ പുഷ്ടിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നമസ്കാരവും നോമ്പും സകാത്തും ഹജ്ജുമൊക്കെ അല്ലാഹുവിന്നുള്ള ആരാധനകളാണ്. ഇവയിലൂടെയൊക്കെ സിദ്ധിക്കുന്ന വെളിച്ചവും ഊര്‍ജ്ജവും നിത്യജീവിതത്തില്‍ തക്വ്വയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കും എന്നത് നാമൊക്കെ അനുഭവിച്ചറിഞ്ഞവരാണ്. അല്ലാഹു പറഞ്ഞു:
“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.” (ബക്വറ: 21)
ഇസ്ലാമിക ശരീഅത്തിനോടുള്ള ഗൗരവമാര്‍ന്ന സമീപനം.
അല്ലാഹുവില്‍ നിന്ന് പ്രവാചകനിലൂടെ ലഭ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്‍റെ ജീവിതത്തിന് അനിവാര്യമാണെന്ന് ബോധ്യപ്പെടുകയും അവ ജീവിതത്തില്‍ പാലിക്കുന്നതിലൂടെ മാത്രമെ വിജയം കൈവരുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അവയുമായി നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക ശരീഅത്തിനോടുള്ള ഗൗരവമാര്‍ന്ന സമീപനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിന്‍റെ കണിശമായ അനുശാനമാണ് അത്. അവ ആത്മാര്‍ത്ഥമായി ഉള്‍ക്കൊണ്ട് ജീവിക്കുകവഴി തക്വവയുടെ വെളിച്ചമാണ് വിശ്വാസികള്‍ക്ക് സിദ്ധമാകുന്നത്.അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൗരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).” (ബക്വറ: 63)
ഇസ്ലാം നല്‍കുന്ന മഹനീയമായ സ്വഭാവനിഷ്ഠകളെ ജീവിതത്തില്‍ അനുവര്‍ത്തിക്കുക.
ഏറ്റവും ആദരണീയമായ സ്വഭാവങ്ങളെ മനുഷ്യ സമൂഹത്തില്‍ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ നിയോഗിതനായത് എന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുള്ളത് സത്യവിശ്വാസികളുടെ ഓര്‍മ്മയില്‍ എപ്പോഴുമുണ്ടാകണം. മാത്രമല്ല, ഈമാനിലൂടെ കൈവരുന്ന പ്രസ്തുത ഉല്‍കൃഷ്ട ഗുണങ്ങളെ സമൂഹമധ്യേ പ്രാവര്‍ത്തികമാക്കുന്നതില്‍ താത്പര്യമെടുക്കുകയും വേണം. വിശ്വാസിയുടെ ജീവിതത്തില്‍ സല്‍സ്വഭാവങ്ങളും നല്ല ശീലങ്ങളും മാനവിക മൂല്യങ്ങളും ഇസ്ലാം സന്നിവേശിപ്പിക്കുന്നുണ്ട്. വിശ്വാസകാര്യങ്ങളും കര്‍മ്മ കാര്യങ്ങളും ഗൗരവപൂര്‍വം പഠിപ്പിക്കുന്ന ഇസ്ലാം, മനുഷ്യനിലുണ്ടാകേണ്ട ഭൂതദയ, കാരുണ്യം, പരോപകാര മനസ്സ്, പരീക്ഷണങ്ങളിലെ ക്ഷമ, നിലപാടുകളിലെ സത്യസന്ധത തുടങ്ങിയ നിരവധി പ്രകൃതഗുണങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:
“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.” (ബക്വറ: 177)
വ്രതാനുഷ്ഠാനം നിര്‍വഹിക്കുക.
വ്യക്തിയില്‍ തഖ്വയുണ്ടാക്കുന്നതില്‍ സുപ്രധാനമായ പങ്ക് വ്രതാനുഷ്ഠാനത്തിനുണ്ട്. മനസ്സിനേയും ശരീരത്തേയും ശീലങ്ങളേയും ഇച്ഛകളേയുമൊക്കെ നിയന്ത്രിക്കാന്‍ വിശ്വാസിക്ക് ബലമേകുന്നത് ഉല്‍കൃഷ്ടമായ ഈ ആരാധന കര്‍മ്മമാണ്. പ്രവാചകന്‍ (സ്വ) പഠിപ്പിച്ച വ ഐച്ഛികമായ ഏതു വ്രതവും വിശ്വാസികളില്‍ തക്വ് വയെ പ്രതിഫലിപ്പിക്കുന്നതാണ്. വിശുദ്ധ റമദാനിലെ നോമ്പിനെ സംബന്ധിച്ച് പ്രസ്താവിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.” (ബക്വറ: 183)
അല്ലാഹു പവിത്രമായി പ്രഖ്യാപിച്ച മതചിഹ്നങ്ങളെ ബഹുമാനിക്കുക.
പ്രപഞ്ചനാഥന്‍ തന്‍റെ ദാസീ ദാസന്മാരോടായി കല്‍പിച്ച എല്ലാ കാര്യങ്ങളെയും പൊതുവില്‍ അല്ലാഹുവിന്‍റെ മതചിഹ്നങ്ങള്‍ എന്നു പറയാം. ഇബാദത്തുകള്‍, സദാചാര നിര്‍ദ്ദേശങ്ങള്‍, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ അനുശാസനങ്ങള്‍ എല്ലാം മതചിഹ്നങ്ങളാണ്. ചില സ്ഥലങ്ങളേയും, സ്ഥാനങ്ങളേയും, മാസങ്ങളേയും സമയങ്ങളേയും പ്രത്യേകം പരിഗണിക്കാനും ആദരിക്കാനുമായി ക്വുര്‍ആനും സുന്നത്തും മുഅ്മിനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവയെ അല്ലാഹുവിന്‍റെ ശിആറുകളായി ഉള്‍ക്കൊണ്ട് ആദരിച്ചാചരിക്കാന്‍ സത്യവിശ്വാസികള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറഞ്ഞു:
“അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.” (ഹജ്ജ്: 32)
നീതി പാലിക്കുക.
സാമൂഹ്യ ജീവിയായ മനുഷ്യനില്‍ നിര്‍ബന്ധമായും സജീവമായിരിക്കേണ്ട ഗുണമാണ് നീതിപാലനം എന്നത്. ഇസ്ലാം നല്‍കുന്ന മികച്ച സാമൂഹ്യപാഠങ്ങളിലൊന്നാണ് നീതി എന്നത്. ഭദ്രമായ സാമൂഹ്യ നിര്‍മ്മാണത്തിന് വ്യക്തികള്‍ക്കിടയിലെ നീതിപാലനവും തദടിസ്ഥാനത്തിലുള്ള നിലപാടുകളും അനിവാര്യമാണ്. ദരിദ്രനോടും സമ്പന്നനോടും ഉയര്‍ന്ന സ്ഥാനീയനോടും താഴ്ന്ന സ്ഥാനീയനോടും ശത്രുവിനോടും മിത്രത്തോടും ആണിനോടു പെണ്ണിനോടുമൊക്കെ മുസ്ലിം സ്വീകരിക്കുന്ന നിലപാട് നീതിയുക്തമായിരിക്കണം. അനീതിയെ ഇസ്ലാം അംഗീകരിക്കുന്നില്ല. അല്ലാഹു നീതിമാനായിരിക്കെ അവന്‍റെ അടിമകളും നീതിമാന്മാരായിരിക്കണം എന്നതാണ് ഇസ്ലാമിന്‍റെ കര്‍ക്കശമായ താത്പര്യം. ‘നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’ (ശൂറ: 15) എന്ന് പ്രഖ്യാപിക്കുവാന്‍ പ്രവാചക തിരുമേനിയോട് അല്ലാഹു ആവശ്യപ്പെട്ടിട്ടുമുണ്ട്. അതു കൊണ്ടു തന്നെ, നീതിപാലനം എന്നത് സത്യവിശ്വാസിയിലെ തക്വ്വയുടെ ഉല്‍പന്നമായി വേണം നാം മനസ്സിലാക്കുവാന്‍. അല്ലാഹു പറഞ്ഞു: “നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്.” (മാഇദ: 8)
സഹജീവികളോട് വിട്ടു വീഴ്ച ചെയ്യുക.
സാമൂഹ്യജീവിയാണ് മനുഷ്യന്‍. പരസ്പരം ബന്ധപ്പെട്ടു കഴിയേണ്ടവന്‍. നിത്യജീവിതത്തിലെ ഇടപഴകലുകളില്‍ ആളുകള്‍ക്കിടയില്‍ അവിവേകങ്ങളും അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളും വക്കാണങ്ങളുമൊക്കെ ഉണ്ടാകാം. ശത്രുതയും പ്രതികാരങ്ങളുമല്ല വിട്ടുവീഴ്ചയും സഹിഷ്ണുതയുമാണ് മനുഷ്യര്‍ക്കിടയിലെ ബന്ധം ഭദ്രമാക്കി നിര്‍ത്തുന്നത്. ഇസ്ലാം വിട്ടുവീഴ്ചക്ക് മഹനീയ സ്ഥാനം നല്‍കിയ മതമാണ്. ‘എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും’ (മാഇദ: 13) എന്ന് മുഹമ്മദു നബി(സ്വ)യോടും മുസ്ലിംകളോടും അല്ലാഹുവിന്‍റെ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞു: “നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മ്മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്.” (ബക്വറ: 237)
പ്രവാചക ശ്രേഷ്ഠനെ(സ്വ) ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
ലോകത്തിന്‍റെ ഗുരുവാണ് മുഹമ്മദ് നബി(സ്വ). സ്വര്‍ഗത്തിലേക്ക് നടന്നടുക്കാന്‍ നേരായ പാതയും അതിലേക്കാവശ്യമായ വെളിച്ചവും കാണിച്ചു തന്ന അന്ത്യ ദൂതന്‍. പ്രവാചകനെ കേള്‍ക്കാന്‍, അവിടുത്തെ കല്‍പനകള്‍കപ്പുറത്തേക്ക് പോകാതിരിക്കാന്‍, അവിടുത്തെ തിരുമൊഴികള്‍ക്ക് വിലകല്‍പ്പിച്ചു പാലിക്കാന്‍ മുഅ്മിനുകള്‍ തയ്യാറാകണം. പ്രവാചകനെ വിശ്വസിച്ച് ആചരിക്കുന്നതിലാണ് മുഅ്മിനിന്‍റെ ജീവിത വിജയമിരിക്കുന്നത്.
സത്യവിശ്വാസികളില്‍ മുമ്പന്‍മാരാണ് സ്വഹാബികള്‍. അല്ലാഹുവിനെ തൃപ്തിപ്പെടുകയും അല്ലാഹു തൃപ്തിപ്പെടുകയും ചെയതവര്‍. നബി(സ്വ)യെ വിശ്വസിക്കുന്നതിലും സ്നേഹിക്കുന്നതിലും അനുധാവനം ചെയ്യുന്നതിലും അവിടുത്തെ കല്‍പനകള്‍ ശിരസ്സാ വഹിക്കുന്നതിലും സ്വഹാബത്തിനുണ്ടായിരുന്ന ശ്രദ്ധയും താത്പര്യവും അല്ലാഹുവിനാല്‍ പ്രീകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. അവരുടെ ഹൃദയങ്ങളെ അല്ലാഹു പരിചയപ്പെടുത്തുന്നത് കാണുക:
“തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധര്‍മ്മനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്.” (ഹുജുറാത്ത്: 3)
നബി(സ്വ)യുടെ ജീവിത കാലത്ത് അവിടുത്തെ ശിഷ്യന്മാരുടെ മേല്‍ മാത്രം ബാധ്യതയായ കാര്യമല്ല മേല്‍ സൂചിത ആയത്തിലുള്ളത്. അവരുടെ പില്‍കാലക്കാരായ നമ്മിലും പ്രസ്തുത സ്വഭാവം നിലനില്‍ക്കണം. പ്രവാചകന്‍ (സ്വ) ഇന്ന് നമ്മോടൊപ്പമില്ല എന്നത് നേരാണ്. എന്നാല്‍, തിരുനബിയുടെ ജീവസ്സുറ്റ തിരുമൊഴികള്‍ നമ്മോടു കൂടെയുണ്ട് എന്നത് മറക്കരുത്. പ്രസ്തുത തിരുമൊഴികളെ അവഗണിക്കുന്നതും, അവക്കെതിരില്‍ അഭിപ്രായങ്ങള്‍ പറയുന്നതും, അവക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും പ്രവാചക ശബ്ദത്തിനു മീതെയുള്ള ശബ്ദങ്ങളായാണ് ഗണിക്കപ്പെടുക.
ചുരുക്കത്തില്‍, തക്വ വയിലേക്കെത്താനും ഐഹിക ജീവിതം സദാചാരനിഷ്ഠമാക്കാനും തദനുസൃതം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാനും സാധ്യമാക്കുന്ന ഒട്ടേറെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദയാനിധിയായ അല്ലാഹു മനുഷ്യ കുലത്തിനു നല്‍കിയിട്ടുണ്ട്. അവ പഠിക്കുകയും പ്രാവര്‍ത്തികമാകുകയും ചെയ്യുക എന്നതാണ് ഇരുലോക വിജയത്തിനായി ആഗ്രഹിച്ചധ്വാനിക്കുന്ന നമുക്ക് അനുഗുണമായിട്ടുള്ളത്.