ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)

80


പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്:
”അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.” (അന്‍ആം: 90)
അഥവാ അല്ലാഹുവിനാല്‍ നേര്‍വഴിയിലാക്കപ്പെട്ടവരും ലോകത്തിന് സ്വീകരിക്കാന്‍ മാതൃകയായി നിശ്ചയിക്കപ്പെട്ടവരുമാണ് പ്രവാചകന്മാര്‍ എന്നര്‍ഥം. ഈ അര്‍ഥത്തില്‍, വളരെ പ്രാധാന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ഒരു പ്രവാചകനാണ് മഹാനായ ഇബ്‌റാഹീം നബി(അ).

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ സംഭവ ബഹുലവും പാഠനിബിഡവുമായ പ്രബോധന ജീവിതം വിശുദ്ധ ഖുര്‍ആനില്‍ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. ”നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്.” (മുംതഹിന: 4) എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതു കൊണ്ടുതന്നെ ഇബ്‌റാഹീമീ ജീവിതം വിശ്വാസികള്‍ പഠിച്ചറിഞ്ഞേ പറ്റൂ.

ത്യാഗവൃദ്ധനായ ഇബ്‌റാഹീം പ്രവാചക(അ)ന്റെ മാര്‍ഗം അവക്രമാണ്. പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി (സ്വ) ലോകത്തിന് നല്‍കിയത് ആ മഹിത ദീനാണ്. അതാണ് ഇസ്‌ലാം. മനുഷ്യ സമൂഹത്തിന് മുഴുവന്‍ സന്ദേഹമില്ലാതെ സ്വീകരിക്കാവുന്ന ശരീഅത്ത്.

ലോകസ്രഷ്ടാവിനെ, അവന്റെ ആരാധ്യതയെ, അവന്റെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളെ, അതു വഴി ലഭിക്കാനിരിക്കുന്ന ഐഹികവും പാരത്രികവുമായ പ്രതിഫലങ്ങളെ മുഴുവന്‍ പഠിച്ചറിയാനും പിന്തുടരാനും കൊതിക്കുന്ന ആര്‍ക്കും ഖലീലുല്ലാഹിയുടെ ജീവിതത്തെ കലവറയില്ലാതെ സമീപിക്കാവുന്നതാണ്. അങ്ങനെയുള്ളവരാണ് ഉല്‍കൃഷ്ടന്‍മാര്‍ എന്ന് ഖുര്‍ആന്‍ തന്നെ പറയന്നുണ്ട്.
”സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.” (നിസാഅ്: 125)

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തിലുണ്ടായിരുന്ന സവിശേഷ ഗുണങ്ങളെ വിവിധ ആയത്തുകളിലൂടെ പടച്ചതമ്പുരാന്‍ വ്യക്തമാക്കിത്തരുന്നുണ്ട്. ത്യാഗങ്ങളുടെ വഴിയില്‍ വാടാതെ തളിര്‍ത്തു നിന്ന ഖലീലുല്ലാഹിയെപ്പറ്റി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന സവിശേഷ ഗുണങ്ങളിലൂടെ നമുക്കൊരു ഹൃസ്വ യാത്ര നടത്താം.

1. ഉമ്മത്ത് (സമുദായം, മാതൃക)
ഇബ്‌റാഹീം നബി(അ)യെ പരിചയപ്പെടുത്താന്‍ അല്ലാഹു ഉപയോഗിച്ച പദമാണിത്.
”തീര്‍ച്ചയായും ഇബ്രാഹീം ഒരു ഉമ്മത്ത് തന്നെയായിരുന്നു” (നഹ്ല്‍)
“നന്മകളില്‍ പിന്തുടരപ്പെടാന്‍ യോഗ്യതയുള്ള മാതൃക” എന്നാണ് ഉമ്മത്ത് എന്ന പദത്തിന് ഇബ്‌നു ജരീര്‍, ഇബ്‌നു കഥീര്‍ പോലുള്ള മുഫസ്സിറുകള്‍ വിശദീകരിണം നല്‍കിയിട്ടുള്ളത്. അല്ലാഹു ഏല്‍പിച്ച പ്രബോധന ദൗത്യം ഒറ്റക്ക്, ഒരു സമൂഹത്തിന്റെ ചുറുചുറുക്കോടെയും ചങ്കുറപ്പോടെയും, പാറിനടന്ന് നിര്‍വഹിച്ചവരെന്ന നിലക്കും ഇബ്‌റാഹീം നബി(അ) ഉമ്മത്ത് എന്ന വിശേഷണത്തിന് അര്‍ഹനായിത്തീരുന്നതാണ്.

2. ഖാനിത് (കീഴ്‌പ്പെട്ടു ജീവിക്കുന്നവന്‍)
”തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്നവനായിരുന്നു” (നഹ്ല്‍) അല്ലാഹുവിന്റെ കല്‍പനകള്‍ മുഴുവന്‍ ശിരസ്സാവഹിക്കുകയും, അവ നടപ്പിലാക്കുന്നതില്‍ തികഞ്ഞ അനുസരണയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. ഖലീലുല്ലാഹിയുടെ അനുസരണമനസ്ഥിതിയെ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്.
”നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞ പ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.” (ബഖറ: 131)

3. ഹനീഫ് (നേര്‍വഴിയില്‍ നിലകൊള്ളുന്നവന്‍)
”തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു” (നഹ് ല്‍)
‘ശിര്‍ക്കില്‍ നിന്നും മനസ്സറിഞ്ഞു മാറുകയും തൗഹീദിലേക്ക് ചായുകയും ചെയ്തവന്‍’ എന്നാണ് ഹനീഫ് എന്ന പദത്തിന് ഇബ്‌നു കഥീര്‍ അര്‍ഥം നല്‍കിയിട്ടുള്ളത്.
സൂര്യ, ചന്ദ്ര നക്ഷത്രാധികള്‍ സാക്ഷാല്‍ ദൈവമല്ലെന്നും, അവ ആരാധിക്ക പ്പെടേണ്ടവയല്ലെന്നും സ്വന്തം സമൂഹത്തെ ബോധ്യപ്പെടുത്തിയതിനു ശേഷം ഇബ്‌റാഹീം നബി(അ) നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ നേര്‍മാര്‍ഗ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണ്. അദ്ദേഹം പറഞ്ഞു:
”തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.” (അന്‍ആം: 79)

4. ശാകിര്‍ (നന്ദികാണിക്കുന്നവന്‍)
അല്ലാഹു പറഞ്ഞു: ”അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം.” (നഹ് ല്‍)
ചെറുതും വലുതുമായ ഏതനുഗ്രഹം അനുഭവിക്കുമ്പോഴും ദൈവദാസന്മാരില്‍ ഉണ്ടാകേണ്ട സല്‍ഗുണമാണ് കൃതജ്ഞത. ശുക്‌റിമെന വിശദീകരിക്കുന്നിടത്ത് കൃതജ്ഞതയുടെ അഞ്ച് അടിസ്ഥാന ങ്ങളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

1. അനുഗ്രഹദാതാവായ അല്ലാഹുവിന്ന് സമ്പൂര്‍ണ്ണമായി കീഴൊതുങ്ങുക.
2. അവനെ പരമമായി സ്‌നേഹിക്കുക
3. അനുഗ്രഹങ്ങള്‍ ലഭിച്ചത് അല്ലാഹുവില്‍ നിന്നു തന്നെയാണ് എന്ന് അംഗീകരിക്കുക.
4. അതിന്റെ പേരില്‍ അവനെ പുകഴ്ത്തുക.
5. ലഭിച്ച അനുഗ്രഹങ്ങള്‍ അല്ലാഹുവിന്ന് ഇഷ്ടമില്ലാത്ത മേഖലയിലും സംഗതികളിലും ഉപയോഗിക്കാതിരിക്കുക. ഇവയാണ് പ്രസ്തുത അഞ്ച് അടിസ്ഥാനങ്ങള്‍.
മഹാനായ ഇബ്‌റാഹീം നബി(അ)യുടെ ജീവിതം പരിശോധിച്ചാല്‍ ഈ അഞ്ച് വശങ്ങളും അതില്‍ സമഞ്ജസമായി ഉള്‍ച്ചേര്‍ന്നതായി നമുക്ക് കാണാനാകും.

5. ഹലീം (സഹനശീലന്‍)
പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെയാണ് ഇബ്‌റാഹീം നബിയുടെ പ്രബോധന ജീവിതം കടന്നുപോയത്. ദൈവിക ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ത്യാഗസന്നദ്ധനായിരുന്ന അദ്ദേഹം പരീക്ഷണങ്ങളെ മുഴുവന്‍ സഹനത്തോടെ നേരി’തായി ഖുര്‍ആന്‍ പറഞ്ഞു തരുന്നുണ്ട്. അല്ലാഹു പറഞ്ഞു:
”തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്.” (ഹൂദ്: 75)

6. അവ്വാഹ് (അനുകമ്പയുള്ളവന്‍)
മേലെ നല്‍കിയ ഹൂദിലെ ആയത്തി്ല്‍ ഇബ്‌റാഹീം നബിയുടെ ഈ ഗുണവും എടുത്തു പറയുന്നുണ്ട്. ആരിലും ഉണ്ടാകേണ്ട മികച്ച ഗുണമാണിത്. തികഞ്ഞ ദൈവബോധമുള്ള, മനുഷ്യത്വവും, സമശിഷ്ടി ബോധവുമുള്ള ഏതൊരാളിലും ഈ ഗുണത്തിന്റെ നിറവ് സജീവമായി നില്‍ക്കുന്നത് കാണാനാകും. ശത്രുവെ ന്നൊ, മിത്രമെന്നൊ നോക്കാതെ നന്മ നല്‍കാനും നന്മനേരാനുമുള്ള മനസ്സ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത് ഖുര്‍ആനിലെ ഇത്തരം പാഠങ്ങളി്ല്‍ നിന്നാണ്.
വിനീതന്‍, പ്രാര്‍ഥനാനിരതന്‍ തുടങ്ങിയ അര്‍ഥങ്ങളും ‘അവ്വാഹി’ന് പറയപ്പെ ടാറുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ കാര്യത്തില്‍ ഈ സവിശേഷതകളും സാര്‍ഥകമാണ്.

7. ഉത്തരവാദിത്തമുള്ള കുടുംബ സ്‌നേഹി
പരിശുദ്ധമായ തൗഹീദീ പ്രബോധനത്തിന് നിയോഗിതനായ ഇബ്‌റാഹീം നബി(അ) ആദ്യമായി അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതും ശിര്‍ക്കി ന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുന്നതും സ്വന്തം പിതാവിന്നാണ്. ബിംബ നിര്‍മ്മാതാവും, ബിംബാരാധകനുമായിരുന്ന പിതാവിനെ തന്മയത്വത്തോടെ യാണ് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കുന്നു:
”അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.” (മര്‍യം: 42, 43)
സ്വന്തം പിതാവിനോടുള്ള വാത്സല്യവും, അദ്ദേഹം ദൈവിക ശിക്ഷയിലക പ്പെട്ടുകൂടാ എന്ന നിര്‍ബന്ധവുമാണ് മേലെ വായിച്ച ആയത്തുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
അതേ പ്രകാരം തന്നെ, അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു:

”എന്റെ രക്ഷിതാവേ, നീ എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തേണമേ.” (ഇബ്‌റാഹീം: 35)

മറ്റൊരു പ്രാര്‍ത്ഥന ഇപ്രകാരമാണ്:
”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ.” (ഇബ്‌റാഹീം: 37)

ഈ പ്രാര്‍ത്ഥനകളെല്ലാം തന്നെ ഇബ്‌റാഹീം നബി(അ)യുടെ തികഞ്ഞ കുടുംബ സ്‌നേഹത്തിന്റേയും, നന്മകള്‍ക്കു വേണ്ടിയുള്ള ആഗ്രഹത്തിന്റെയും മാതൃകകളായിട്ടാണ് നമുക്ക്‌ കാണാനാകുന്നത്.

അല്ലാഹുവിന്റെ കൂട്ടുകാരനെന്ന് അല്ലാഹു തന്നെ വിശേഷിപ്പിച്ച ഇബ്‌റാഹീം നബി(അ)യുടെ മഹിത ഗുണങ്ങള്‍ ഇനിയും ഒട്ടേറെ എടുത്തെഴുതാനുണ്ട്. കൂടുതല്‍ അടുത്തറിയാന്‍ അവ ഖുര്‍ആന്‍ പഠിതാക്കള്‍ക്കു വിടുകയാണ്.

”നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ മാതൃകയുണ്ട്” (മുംതഹിന: 4) എന്ന വിശുദ്ധവാക്യം മാനിച്ചു കൊണ്ട് ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)യുടെ ധന്യമായ ജീവതത്തെ നമുക്ക് നെഞ്ചേറ്റാം.