കലാലയം ഇസ്ലാമിന്‍റെ മാനവികത വായിക്കണം

75

ജീവിതത്തിന് വിശാലമായ നന്മകള്‍ നല്‍കുന്ന വിജ്ഞാന സ്രോതസ്സാണ് കലാലയം. ശബ്ദമുഖരിതവും ക്ഷുഭിതവുമാണ് അന്തരീക്ഷമെങ്കിലും കലാലയ വാസികള്‍ ലക്ഷ്യബോധമുള്ളവരാണ്. അപവാദങ്ങള്‍ ഏറെ കാണാനാകും. വഴിയും ദിശയും കൃത്യതയോടെ ലഭിക്കാതെ വരുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നകുന്നു ജീവിക്കുന്നവരാണ് പ്രസ്തുത അപവാദങ്ങള്‍. അവരില്‍ ആരും ഫലരഹിതവും ലക്ഷ്യം തകര്‍ന്നതുമായ ജീവിതത്തെ ആഗ്രഹിക്കുന്നവരേയല്ല. അടിച്ചു പൊളിച്ചും കുടിച്ചു മദിച്ചും കലാലയ കാലം കഴിച്ചു കൂട്ടുന്ന അല്‍പം ചിലരെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകാം. അവരെ ആക്ഷേപിക്കുക, അകലത്തേക്ക് അവഗണിച്ചു മാറ്റിനിര്‍ത്തുക എന്നതിനേക്കാള്‍ നല്ലതും ഗുണകരവുമായ സംഗതി അവരെ പരിഗണിച്ചും ഗുണദോഷിച്ചും അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്. വളരാനും പുരോഗതിയിലേക്കുയരാനും സാധ്യമാകുന്ന അന്തരീക്ഷം മുന്നില്‍ സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍, വൈകിയായാലും ആ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താന്‍ ആരും തയ്യാറാകും; വിശിഷ്യാ വിജ്ഞാനത്തിന്‍റെ മഹിമയറിയുന്ന കലാലയ സഹോദരങ്ങള്‍.
‘ഇരുട്ടിലേ ഞാന്‍ നടക്കൂ’ എന്ന് വാശിപിടിക്കുന്നവന്‍റെ പിന്നിലും വിളക്കുമായി നടക്കുന്നതാകണം മാനവികതയെ സ്നേഹിക്കുന്നവരുടെ രീതി. ദൈവ നിയോഗിതരായ പ്രവാചകന്മാരുടെ ജീവിതം അതിന്ന് കൃതകൃത്യമായ മാതൃകയാണ്. വിശാലമായ അര്‍ത്ഥത്തില്‍ അവരും സമൂഹത്തിന്‍റെ അധ്യാപകരായിരുന്നല്ലൊ. ലോകത്ത് നിയോഗിക്കപ്പെട്ട അവസാന ദൂതന്‍ മുഹമ്മദു നബിയെപ്പറ്റിയുള്ള ഖുര്‍ആനിക പ്രസ്താവന ഇപ്രകാരമാണ്:
‘അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ അഥവാ അല്ലാഹു.’ (അധ്യായം ജുമുഅ, വചനം: 2)
പ്രവാചക നിയോഗം മനുഷ്യ സമൂഹത്തില്‍ ഗുണകാംക്ഷയുള്ള ഒരു അധ്യാപകന്‍റെ ധര്‍മ്മ നിര്‍വഹണത്തിനു വേണ്ടിയുള്ളതായിരുന്നൂ എന്നര്‍ത്ഥം.
കലാലയം കളരിയാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഏറെക്കുറെ അവിടെയുണ്ടാകണം. ക്ഷുഭിത യൗവനത്തിനുമപ്പുറം വിവേകം നയിക്കേണ്ട ജീവിതത്തിലേക്കാണ് കലാലയ ജീവിതം വിട്ട് നാമെല്ലാവരും പോകേണ്ടത്. കൊഴിഞ്ഞു വീഴുന്ന പഠനകാല യാമങ്ങള്‍ നഷ്ടബോധവും നിരാശയും നല്‍കുന്ന കനല്‍ച്ചിന്തകളാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഗുണകാംക്ഷികള്‍ പറയുന്നത് സദാചാരഗുണ്ടായിസത്തിന്‍റെ ഭാഗമായല്ല. സദാചാര ഗുണ്ടായിസമെന്ന അശ്ലീലപദം രൂപം കൊള്ളുന്നതിനും എത്രയോ കാലങ്ങള്‍ക്കു മുമ്പേ, പൗരബോധവും പൗരധര്‍മ്മ ബോധവുമുള്ള നമ്മുടെ പൂര്‍വികര്‍ ശീലിച്ചും പാലിച്ചും വന്ന നന്മയുടെ ഭാഗമായിട്ടാണ് അതുള്ളത്..
വ്യക്തിയുടെ ചിന്തയെ ഉദ്ദീപിപ്പിക്കുയും മുന്നോട്ടുള്ള സുഗമമായ ഒഴുക്കിന് സഹായകമാകുകയും ചെയ്യുന്ന അറിവുകളും ധാരണകളുമാണ് കലാലയത്തിന്‍റെ സ്വത്ത്. പുരോഗതിയോട് മമതയും ജീര്‍ണ്ണതകളോട് സമരവും നടത്തേണ്ട കാലഘട്ടമാണ് കലാലയ ജീവിതം. അതുകൊണ്ടു തന്നെ, പ്രസ്തുത രംഗത്ത് കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തയ്യാറാകേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍. പുരോഗതി എന്നത് ഭൗതികം മാത്രമല്ല; ആത്മീയം കൂടിയാണ്. ശാരീരികമായി ഒരാള്‍ക്ക് സിക്സ് പാക്കിലേക്ക് പുരോഗമിക്കാം. എന്നാല്‍ മാനസികമായി അവന്‍ സീറോപാക്കില്‍ തന്നെയാണെങ്കില്‍ അത് ജീര്‍ണ്ണതയാണ്; പുരോഗതിയല്ല.
പ്രപഞ്ചത്തേയും പ്രാപഞ്ചിക വസ്തുക്കളേയും സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന അനുപമനായ സ്രഷ്ടാവിനെ പ്രാമാണികമായി പരിചയപ്പെടുകയും അവന്‍റെ ഏകത്വത്തേയും ആരാധ്യതയേയും സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യരെല്ലാവരും ഉയര്‍ന്നു വരണം എന്ന് ഇസ്ലാം ഉണര്‍ത്തുന്നുണ്ട്. വെറുതെ ചില ധാരണകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ദൈവബോധമോ സദാചാര നിര്‍വഹണമൊ അല്ല മനുഷ്യരിലുണ്ടാകേണ്ടത്. തീര്‍ത്തും പഠന മനനങ്ങളെ സ്വീകരിച്ചു കൊണ്ടുള്ള സത്യഗ്രഹണം. “ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ അറിയുക.” (അധ്യായം മുഹമ്മദ്, വചനം 19) എന്നതാണ് പ്രപഞ്ച സ്രഷ്ടാവിനെ അംഗീകരിക്കാനായി ഖുര്‍ആന്‍ നടത്തുന്ന ആഹ്വാനം. അഥവാ തീര്‍ത്തും ‘അറിവോടെയുള്ള ഉള്‍ക്കൊള്ളല്‍.’ ബാഹ്യമായ പ്രലോഭനങ്ങളോ നിര്‍ബന്ധങ്ങളോ സ്വാധീനം ചെലുത്തിയിട്ടില്ലാത്ത ധാരണകള്‍ക്കു മാത്രമേ മനസ്സിലും പ്രവര്‍ത്തനങ്ങളിലും ഗുണപരമായി നിലനില്‍ക്കാനാകൂ എന്നത് ഇസ്ലാമിന്‍റെ അടിസ്ഥാനപാഠമാണ്. ഇസ്ലാമിനെ സമീപിക്കുന്ന ഏതൊരു സഹൃദയനും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പ്രാഥമിക പാഠം, ‘മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു’ (അധ്യായം അല്‍ബക്വറ, വചനം 256) എന്നതാണ്.
സത്യവിശ്വാസത്തിലും സദാചാരനിഷ്ഠയിലും അധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് ദൈവനിയുക്തരായ പ്രവാചകന്‍മാര്‍ വന്നത്. സത്യസന്ധന്മാരും ധര്‍മ്മനിഷ്ഠരും ഗുണകാംക്ഷയുള്ളവരുമായിരുന്നൂ അവര്‍. മനുഷ്യ സമൂഹത്തെ ഒരേ ആദര്‍ശത്തിലും വിശ്വാസ കര്‍മ്മങ്ങളിലും ഒന്നിപ്പിക്കാനും, ഉചനീചത്വങ്ങളില്ലാത്ത ജീവിതത്തിലേക്ക് നയിക്കാനും, ലക്ഷ്യബോധത്തോടെയുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമേകാനും നിരന്തരം യത്നിച്ചവരായിരുന്നൂ പ്രവാചകന്മാര്‍. മുഹമ്മദ് നബി(സ്വ) അവരിലെ അന്തിമനാണ്. അദ്ദേഹത്തിന് പ്രപഞ്ച സ്രഷ്ടാവില്‍ നിന്ന് ലഭിച്ച ബോധനങ്ങള്‍ സുരക്ഷിതാവസ്ഥയില്‍ ഇന്നും ഗ്രന്ഥരൂപത്തില്‍ നമുക്കു മുന്നിലുണ്ട്. പ്രസ്തുത ബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്‍റെ പ്രബോധനവും ജീവിതവും ഏറെ സുതാര്യമാം വിധം നിലനില്‍ക്കുന്നുമുണ്ട്. ഇസ്ലാമിനെ വായിക്കാനും മനസ്സിലാക്കാനും തുനിഞ്ഞ ചരിത്രവിദ്യാര്‍ത്ഥികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. കലവറയില്ലാത്ത മനുഷ്യ സ്നേഹമായിരുന്നു പ്രവാചകന്‍റേത്. ‘ലോകത്തിനുള്ള കാര്യണ്യം’ എന്നാണ് പ്രപഞ്ച സ്രഷ്ടാവ് തന്‍റെ ദൂതനെ വിശേഷിപ്പിച്ചിട്ടുള്ളത് തന്നെ. അത് മനസ്സിലാക്കാന്‍ നമുക്കാകണമെങ്കില്‍ മാറിനിന്നു കൊണ്ടുള്ള ദൂരവായന മതിയാവില്ല. ഏതു കാര്യത്തെപ്പറ്റിയും പഠിച്ചുള്‍ക്കൊള്ളുന്നതിന് വിഘാതമായി നില്‍ക്കുന്നത് മുന്‍ധാരണകളും ഭീതിയും ആശങ്കകളുമാണ്. അടുത്തു നില്‍ക്കുമ്പോഴും അടുത്തറിയുമ്പോഴുമാണ് ഭീതിയും ആശങ്കകളുമൊക്കെ മാറുന്നതും, തുറന്ന സമീപനങ്ങള്‍ക്കും അറിവുകള്‍ക്കും സാധ്യമാകുന്നതും. ഇസ്ലാമിനേയും പ്രവാചകനെയും പരിചയപ്പെടുത്തുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥീ സഹോദരനില്‍ നിന്നും പ്രതീക്ഷിക്കുന്നത് സ്നേഹമനസ്സോടെയുള്ള ചേര്‍ന്നു നില്‍പാണ്.
ശാന്തിയും സമാധാനവും നിറഞ്ഞ സാമൂഹ്യജീവിതമാണ് ഇസ്ലാം മനുഷ്യനില്‍ പ്രതീക്ഷിക്കുന്നത്. അതിന്നു വേണ്ടിയുള്ള പൗരധര്‍മ്മവും സാമൂഹ്യപാഠങ്ങളും പൊതു നിര്‍ദ്ദേശങ്ങളും ഖുര്‍ആനില്‍ ധാരാളമുണ്ട്. കലാപങ്ങളോട് അതിന്ന് പ്രിയമില്ല. കൊല്ലാനും കൊലക്ക് പ്രേരണ നല്‍കാനും അത് പഠിപ്പിക്കുന്നില്ല. മതങ്ങളുടെ പേരിലുള്ള തീവ്രവാദവും ഭീകരചിന്തകളും അതിനെ തുടര്‍ന്നുള്ള കലാപങ്ങളും കഴുത്തറുക്കലുകളും ലോകത്ത് വ്യാപകമാണിന്ന്. ഇസ്ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണതകളും കൂടുതലാണ്. സത്യത്തില്‍ കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സമാധാനത്തിന്‍റെ മതമായ ഇസ്ലാമിന് മനുഷ്യപ്പറ്റില്ലാത്ത ഏതൊരു പ്രവൃത്തിയോടും വെറുപ്പാണ്, വിയോജിപ്പാണ്.
അന്യായമായി ഒരാളെ കൊല്ലുന്നവന്‍ മനുഷ്യ കുലത്തെ മുഴുവന്‍ കൊല്ലുകയാണ് എന്ന കാഴ്ചപ്പാടാണ് ഇസ്ലാം ലോകത്തിനു നല്‍കുന്നത്. ഇസ്ലാം ഭീകരതയാണെങ്കില്‍ ഭൂമുഖത്ത് ഇസ്ലാമിക രാഷ്ട്രങ്ങളുടെ അസ്ഥിത്വം നിലനില്‍ക്കുന്നതെങ്ങനെയാണ്? അവരുമായുള്ള രാജ്യാന്തര ബന്ധങ്ങള്‍ തുടരുന്നതെങ്ങനെയാണ്? ബഹുസ്വരതയുടെ ചന്തം നിറഞ്ഞ നമ്മുടെ രാജ്യത്ത്, ഇടകലര്‍ന്നും ഒന്നിച്ചിരുന്നും കളിപറഞ്ഞും നമുക്കൊക്കെ ജീവിക്കാനാകുന്നതെങ്ങനെയാണ്? നമ്മുടെ കലാലയാന്തരീക്ഷം നമ്മെ പഠിപ്പിക്കുന്നതു തന്നെ മതങ്ങള്‍ ഭീകരത പഠിപ്പിക്കുന്നില്ല എന്ന സത്യമാണ്. അന്യമത ധ്വംസനവും അസഹിഷ്ണുതയും അതിലില്ല. അങ്കുശമില്ലാത്ത പ്രതികാര വാഞ്ഛയല്ല; അതിരില്ലാത്ത വിട്ടുവീഴ്ചകളാണ് ഇസ്ലാമിന്‍റേത്. കോപിച്ചും ദ്രോഹിച്ചും, ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് പുറത്താക്കിയും പീഡിപ്പിച്ച സ്വന്തം ജനതയോട്, ഏതു പ്രതികാരവും ചെയ്യാനുള്ള അധികാരശേഷികള്‍ വന്നു കിട്ടിയപ്പോള്‍, ‘നിങ്ങള്‍ സ്വതന്ത്രരാണ്, സുരക്ഷിതരാണ്, ഇന്ന് പ്രതികാര ദിനമല്ല, കാരുണ്യത്തിന്‍റെ ദിനമാണ്’ എന്നു പറഞ്ഞ അലിവിന്‍റെ ആള്‍രൂപമാണ് ഇസ്ലാമിന്‍റെ പ്രവാചകന്‍.
മരണാനന്തര ജീവിതത്തെപ്പറ്റി ഇസ്ലാം പറയുന്നുണ്ട്. അതിന്‍റെ സംഭവ്യതയെ പ്രബോധകന്മാര്‍ ബോധ്യപ്പെടുത്തുന്നത് മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ഏകദൈവ ബോധത്തിലും ആരാധനകളിലും സദാചാര നിഷ്ഠകളിലും ധാര്‍മ്മികമായ കര്‍മ്മങ്ങളിലുമാകണം മനുഷ്യന്‍റെ ജീവിതം. നമ്മുടെ സ്രഷ്ടാവു നല്‍കിയ ഉപദേശമാണത്. പ്രസ്തുത ഉപദേശങ്ങളെ നിത്യജീവിതത്തില്‍ പാലിക്കുന്നതു മുഖേന ആര്‍ക്കും ഒരു നഷ്ടവും വന്നുഭവിക്കുന്നില്ല എന്നതാണ് നേര്. ഐഹിക ലോകത്ത് നാം അനുവര്‍ത്തിക്കുന്നതും അനുഷ്ഠിക്കുന്നതുമായ സകല കര്‍മ്മങ്ങള്‍ക്കും കണക്കു പറയാനും പ്രതിഫലം വാങ്ങാനുമുള്ള വേദിയാണ് മരണാനന്തര ജീവിതം. അതിനെ മനുഷ്യ ധിഷണ നിഷേധിക്കേണ്ടതില്ല. മദ്യപിക്കരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, ദ്രോഹിക്കരുത്, കൈക്കൂലി വാങ്ങരുത്, കച്ചവടത്തില്‍ വഞ്ചന നടത്തരുത്, പ്രജകളെ ചൂഷണം ചെയ്യരുത് തുടങ്ങിയ ഇസ്ലാമിക ഉപദേശങ്ങളെ പാലിക്കുന്നതിലൂടെ എന്തെങ്കിലും ജീവിതത്തില്‍ വല്ല നഷ്ടവും വന്നുഭവിക്കുമൊ? ഇല്ല, തീര്‍ച്ചയായും ഇല്ല. മാതാപിതാക്കളെ സ്നേഹിക്കണം, മക്കളെ താലോലിക്കണം, സ്ത്രീകളെ പരിഗണിക്കണം, സത്യസന്ധത പാലിക്കണം, നീതിനിര്‍വഹിക്കണം, പരോപകാരങ്ങള്‍ ചെയ്യണം, സഹജീവികളോട് കരുണയോടെ വര്‍ത്തിക്കണം തുടങ്ങിയ കണിശമായ ഇസ്ലാം നിര്‍ദ്ദേശങ്ങളെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടാല്‍ ഏതെങ്കിലും തരത്തിലുള്ള ഭൗതിക വിപത്ത് നമുക്കുണ്ടാകുന്നുണ്ടൊ? ഇല്ല, തീര്‍ച്ചയായും ഇല്ല. എങ്കില്‍, ഇസ്ലാം പഠിപ്പിക്കുന്ന എല്ലാ നന്മകളോടുമുള്ള നമ്മുടെ അനുകൂല സമീപനം മരണാനന്തര ജീവിതത്തിലും നമുക്ക് ഗുണകരാമായിട്ടേ ഭവിക്കൂ.നന്മകള്‍ക്ക് നല്ല പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കണമെന്നത് ബുദ്ധിയുടെ തേട്ടമാണ്. ഖുര്‍ആന്‍ പറഞ്ഞത് വായിച്ചാല്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും:
“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവര്‍ അനീതി കാണിക്കപ്പെടുകയില്ല.” (അല്‍ബഖറ/281)