ഒരു സ്വകാര്യം കേൾക്കണോ ?

73

അയൽപക്കത്തൊരു മരണം സംഭവിച്ചു .അന്നുമുതൽ നിത്യവും അവിടേയ്ക്ക് ആശ്വാസത്തിൻറെ പ്രവാഹമാണ്. പല നിലയ്ക്കും സഹായവുമായി വരുന്നവർ.നമുക്കു ചുറ്റും കണ്ടുവരാറുള്ള ഒരു സാധാരണ സംഭവമാണിത്. ആശ്വാസത്തിൻറെ വാക്കുകൾ നല്ലതു തന്നെ, അതോടൊപ്പം വിസ്മരിച്ചു കൂടാത്ത മറ്റൊന്നുകൂടിയുണ്ട്. ദുഃഖത്തിൽ പങ്കുചേരൽ അത്ര വലിയ ത്യാഗമല്ല,ആർക്കും എപ്പോഴും കഴിയാവുന്നത്

എന്നാൽ,അയൽപക്കക്കാരന് നല്ലൊരു ജോലിക്കിട്ടിയെന്നറിഞ്ഞാൽ അവനെ വീട്ടിൽ ചെന്നനുമോദിക്കാൻ കഴിയുക, കളങ്ക മില്ലാത്ത നല്ല മനസ്സുകൾക്ക് മാത്രം .തൻറെ മകൻറെ കൂട്ടുകാരൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. ആ കൂട്ടുകാരന് നല്ലൊരു സമ്മാനം നൽകണമെന്നാവശ്യപ്പെടുന്ന മക്കൾ നമുക്കുണ്ടെങ്കിൽ, ആ മക്കളാണ് ജീവിതത്തിലെ സുകൃതം. അവരെയാണ് സമൂഹത്തിനാവശ്യം

പ്രാവാചക ജീവിതത്തിൽ ഒരു സംഭവമുണ്ട് .ശുദ്ധീകരണത്തിന് തൻറെ മുന്നിൽ ആരോ വെള്ളം വെച്ചിരിക്കുന്നു. ആരാണിത് ഇവിടെ വെച്ചതെന്ന് അന്വേഷിക്കുന്നു പ്രവാചകൻ .”ഞാനാണെന്ന് പറയുന്നു ” — കുട്ടിയായ അബ്ദുല്ലാഹിബ്നു മസ്ഊദ്.ഒരു പ്രാർഥന കൊണ്ടാണ് പ്രവാചകൻ അബ്ദുല്ലാഹിബ്നു മസ്ഊദെന്ന ബാലനെ അനുമോദിക്കുന്നത്.”അല്ലാഹുവേ ,ദീനിൽ അവഗാഹവും വിശദീകരണവും ഈ കുട്ടിക്ക് നീ പഠിപ്പിച്ചു കൊടുക്കേണമേ ”

പിശുക്കില്ലാത്ത മനസ്സുകൾക്കേ മറ്റൊരാളുടെ സന്തോഷവും നന്മയും കാണാൻ കഴിയൂ. അവർക്കു മാത്രമേ മറ്റുള്ളവരെ കൈ പിടിച്ചുയർത്താൻ കഴിയൂ. കരയുന്നവരോടൊപ്പം മാത്രമല്ല, സന്തോഷിക്കുന്നവൻറെയും ഒപ്പം നിൽക്കാൻ കഴിയണം. അവൻറെ ചിരിയിൽ പങ്കു ചേരണം .ജീവിതമെന്നത് ദുഃഖം മാത്രമല്ലല്ലോ സുഖവും അതിൻറെയൊരു അംശമല്ലേ