ഉമ്മുസലമ(റ): പ്രതിസന്ധികളെ വിശ്വാസം കൊണ്ട് അതിജയിച്ച മഹിള

168

സംഭവകാല സാഹചര്യത്തില്‍, ചരിത്രത്തിലിടം നേടിയ ഒരു മഹിളാ രത്നത്തിന്‍റെ കഥ സ്മരിക്കുന്നത് സംഗതമാണെന്ന് കരുതുന്നു. ഉമ്മു സലമ: എന്ന അപരനാമത്തില്‍ വിശ്രുതയായ ഹിന്ദ് ബിന്‍ത് ഉമയ്യത്ത് ബ്നുല്‍ മുഗീറ(റ)യുടെ കഥ. മഖ്സൂം ഗോത്രക്കാരിയായിരുന്നു അവര്‍. സാദുര്‍റാകിബ് എന്ന പേരിലറിയപ്പെട്ട ഉമയ്യത്താണ് പിതാവ്. ആതിഖ ബിന്‍ത് ആമിര്‍ മാതാവും. പ്രവാചകനുമായി അവര്‍ക്ക് കുടുംബ ബന്ധവുമുണ്ടായിരുന്നു.

തന്‍റെ പിതൃവ്യ പുത്രനായ അബ്ദുല്ലാഹിബ്നു അബ്ദില്‍ അസദ് എന്ന അബൂ സലമയുമായിട്ടാണ് അവര്‍ ആദ്യം വിവാഹിതയായത്. പ്രമുഖ സ്വഹാബിയാണദ്ദേഹം. ഇസ്ലാമിക ചരിത്രത്തില്‍ അനിതര സാധാരണമായ അനുഭവങ്ങളുടേയും ത്യാഗങ്ങളുടേയും ജ്വലിക്കുന്ന മാതൃകയാണ് അബൂ സലമ. പ്രവാചക തിരുമേനിയുടെ അമ്മായിയായ ബര്‍റ ബിന്‍ത് അബ്ദില്‍ മുത്തലിബിന്‍റെ മകന്‍ എന്ന പദവി കൂടി അദ്ദേഹത്തിനുണ്ട്.

അബ്സീനിയയിലേക്ക് ഹിജ്റ പോയവരുടെ കൂട്ടത്തില്‍ ഉമ്മു സലമ(റ)യും ഭര്‍ത്താവ് അബൂ സലമ(റ)യുമുണ്ടായിരുന്നു. ഇസ്ലാമിനോടും അതിന്‍റെ ആദര്‍ശത്തോടുമുള്ള അധമ്യമായ സ്നേഹവും ആദരവുമാണ് അബ്സീനിയന്‍ ഹിജ്റക്ക് ഉമ്മുസലമയേയും ഭര്‍ത്താവിനേയും പ്രേരിപ്പിച്ചത്.

മക്കയില്‍ ഖുറൈശികളുടെ ഭാഗത്തു നിന്നുമുള്ള ഉപദ്രവങ്ങള്‍ക്ക് ശമനം വന്നിട്ടുണ്ട് എന്ന വാര്‍ത്തയെ തുടര്‍ന്ന് ഉമ്മു സലമയും ഭര്‍ത്താവ് അബൂ സലമയും അബ്സീനിയയില്‍ നിന്ന് തിരിച്ചു വന്നു. പക്ഷെ, ഖുറൈശികളുടെ മര്‍ദ്ദന പീഢനങ്ങള്‍ പൂര്‍വോപരി ശക്തിമായി തുടര്‍ന്നു. ആ അവസരത്തിലാണ് മദീനയില്‍ നിന്നു ഹജ്ജിനു വന്നവരുടെ ഇസ്ലാമാശ്ലേഷണത്തെ സംബന്ധിച്ച് മഹതിയുടെ ഭര്‍ത്താവ് അബൂ സലമ അറിയുന്നത്. അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു. തങ്ങള്‍ക്കു പറ്റിയ മണ്ണും തങ്ങളെ സഹായിക്കാന്‍ തയ്യാറായ ആളുകളും യഥ്രിബിലുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം അവിടേക്ക് ഹിജ്റ പോകാന്‍ തീരുമാനിച്ചു. അദ്ദേഹം പ്രവാചകനെ സമീപിച്ച് യാത്രക്ക് അനുമതി തേടി. നബി(സ്വ) അനുവാദം നല്‍കുകയും അദ്ദേഹം യാത്രക്കൊരുങ്ങുകയും ചെയ്തു.
അബൂ സലമ തന്‍റെ പ്രിയതമയായ ഉമ്മു സലമയോട് വിവരം പറഞ്ഞു. ഒരു പലായനം കഴിഞ്ഞ് എത്തിയതേയുള്ളൂ. ഇപ്പോഴിതാ മറ്റൊരു പലായനം കൂടി മുന്നില്‍. സ്വന്തം നാടിനേയും, വീടിനേയും, കുടുംബക്കാരേയും വിട്ടു കൊണ്ടുള്ള അതി വിദൂരമായ യാത്ര! ഇനി ഒരിക്കല്‍ കൂടി മക്കയുടെ മണ്ണില്‍ കാലുകുത്താനാകുമൊ എന്നറിയില്ല. എന്തു പറയണം? മഹതി ഉമ്മു സലമ കൂടുതല്‍ ആലോചിച്ചില്ല. അവര്‍ പറഞ്ഞു: “അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ഏതു യാത്രയിലും അങ്ങയോടൊപ്പം ഈ ഞാനുമുണ്ടാകും. പോവുക തന്നെ.”

മദീനയിലേക്കുള്ള യാത്രക്കു വേണ്ടിയുള്ള തയ്യാറെടുപ്പിനെ പറ്റി ഉമ്മ സലമ(റ) തന്നെ പറയട്ടെ: അബൂ സലമ(റ) യാത്ര പോകാനുള്ള ഒട്ടകം തയ്യാറാക്കി. അദ്ദേഹം എന്നെയും കുഞ്ഞിനേയും ഒട്ടകപ്പുറത്ത് കയറ്റിയിരുത്തി. ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിന്നിടയിലാണ് ബനൂ മുഗീറ ഗോത്രത്തിലെ ചില ആളുകള്‍ ഞങ്ങളെ കാണുന്നത്. അവര്‍ അബൂ സലമയെ സമീപിച്ചു കൊണ്ട് പറഞ്ഞു: ഇവരേയും കൂട്ടി നീ എവിടേക്ക് പോകുന്നു അബൂ സലമാ? അദ്ദേഹം പറഞ്ഞു: മദീനയിലേക്ക്. അവര്‍ പറഞ്ഞു: നിനക്കു വേണമെങ്കില്‍ എങ്ങോട്ടേക്കും പോകാം. പക്ഷെ, ഇവരെയും കൂട്ടി നാടുവിടാന്‍ ഞങ്ങള്‍ നിന്നെ അനുവദിക്കില്ല.

വലിയൊരു പ്രതിസന്ധിയായിരുന്നു അത്. സ്വന്തം ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടസ്സവുമായി നില്‍ക്കുന്ന തന്‍റെ കുടുംബക്കാരെ ഞാന്‍ നിര്‍ന്നിമേഷയായി നോക്കിയിരുന്നു. എന്തു ചെയ്യാന്‍ കഴിയും. തന്നെയവര്‍ തന്‍റെ പ്രിയതമനോടൊപ്പം വിടില്ലെന്ന് തീര്‍ച്ച.

അവര്‍ അബൂ സലമയുടെ കയ്യില്‍ നിന്നും ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു വാങ്ങി. ഒട്ടകപ്പുറത്തുനിന്നും എന്നെയവര്‍ പിടിച്ചിറക്കി നടന്നു. അപ്പോഴേക്കും അബൂസലമയുടെ കുടുംബക്കാരായ ബനൂ അബ്ദില്‍ അസദ് അവിടെ എത്തിയിരുന്നു. ഈ രംഗം കണ്ട അവര്‍ കോപാകുലരായി. അവര്‍ ബനൂ മുഗീറക്കാരോടായി പറഞ്ഞു: നിങ്ങള്‍ ഉമ്മു സലമയെ കൊണ്ടു പോകുന്നെങ്കില്‍ കൊണ്ടു പൊയ്ക്കോളൂ. പക്ഷെ, അബൂ സലമയുടേതാണ് അവളുടെ കയ്യിലെ കുഞ്ഞ്. ആ കുഞ്ഞിനെ നിങ്ങള്‍ക്കു ഞങ്ങള്‍ വിട്ടുതരില്ല. അതും പറഞ്ഞ് എന്‍റെ കയ്യിലെ കുഞ്ഞിനെ പിടിച്ചു വാങ്ങാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ബനൂ മുഗീറക്കാര്‍ കുട്ടിയെ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. സലമ എന്ന പിഞ്ചു കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ച് രണ്ട് വിഭാഗവും വലിയായി. അന്യോന്യമുള്ള പിടിവലിയില്‍ സലമയുടെ കൈക്കുഴ തെന്നിമാറി.

ഇതെല്ലാം കണ്ണീരോടെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അവസാനം, ഭര്‍ത്താവിന്‍റെ കുടുംബക്കാര്‍ കുഞ്ഞിനേയും കൊണ്ട് നടന്നു നീങ്ങി. വേദനാ ജനകമായ അന്തരീക്ഷം. സ്വന്തം ഭര്‍ത്താവ് വിദൂര ദേശത്തേക്ക് ഏകാകിയായി യാത്ര പോകുന്നു. വിരഹവേദനയില്‍ അല്‍പമെങ്കിലും ആശ്വാസമാകുമായിരുന്ന തന്‍റെ പൊന്നോമന മകന്‍ തന്നില്‍ നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്നു. ആരാണൊരു കൂട്ട് തനിക്ക്? എന്നാകും ഇവരുമായൊക്കെയൊരു പുനഃസമാഗമം?! എന്‍റെ കുടുംബക്കാരോടൊപ്പം കനല്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ നടന്നു. ഒരു വേള തിരിഞ്ഞു നോക്കുമ്പോള്‍, തന്നെയും നോക്കി അബൂ സലമ(റ) കൈ വീശി നില്‍പ്പുണ്ടായിരുന്നു. അല്ലാഹുവിന്‍റെ സഹായത്തിലും കാരുണ്യത്തിലും അചഞ്ചലമായ പ്രതീക്ഷയുണ്ടായിരുന്നിട്ടായിരിക്കണം അബൂ സലമയുടെ മുഖം ശാന്തമായിരുന്നു. അദ്ദേഹം മദീനയിലേക്ക് യാത്ര തിരിച്ചു.

തുടര്‍ന്നുള്ള നാളുകളെ സംബന്ധിച്ച് ഉമ്മു സലമ(റ) പറയുകയാണ്: എന്നില്‍ നിന്ന് എന്‍റെ ഭര്‍ത്താവും കുഞ്ഞും നിഷ്കരുണം വേര്‍പെടുത്തപ്പെട്ടു. കനത്ത ദിന രാത്രങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. എല്ലാ പ്രഭാതത്തിലും അബ്ത്വഹ് താഴ്വരയില്‍ ചെന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാന്‍ അകലങ്ങളിലേക്ക് നോക്കിയിരിക്കും. പക്ഷെ, റബ്ബിന്‍റെ കാരുണ്യത്തിലുള്ള നിരാശ എന്നെ ഒരിക്കലും ബാധിച്ചിരുന്നില്ല.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ആയിടക്കാണ്, എന്‍റെ പിതൃവ്യന്‍റെ മകന്‍ എന്‍റെ ശോചനീയമായ അവസ്ഥ കാണുന്നത്. എന്നോടദ്ദേഹത്തിന് കരുണ തോന്നി. തീര്‍ച്ചയായും എന്‍റെ റബ്ബിന്‍റെ ഇടപെടലായാണ് ഞാനതിനെ കാണുന്നത്. അദ്ദേഹം എന്‍റെ കുടുംബക്കാരെ സമീപിച്ചു കൊണ്ട് പറഞ്ഞു: “നിങ്ങളെന്തിനാണ് ഈ പാവം പെണ്ണിനെ തടവറയിലെന്ന പോലെ പിടിച്ചു വെച്ചിരിക്കുന്നത്? നിങ്ങള്‍ അവളേയും ഭര്‍ത്താവിനേയും തമ്മില്‍ വേര്‍പെടുത്തി. പറക്കുമുറ്റാത്ത കുഞ്ഞിനെപ്പോലും അവളില്‍ നിന്ന് നിങ്ങള്‍ പറിച്ചു മാറ്റി. എന്തു ക്രൂരതയാണിത്?”

അവര്‍ പറയുകയാണ്: എന്‍റെ പിതൃവ്യ പുത്രന്‍റെ വാക്കു കേട്ട് അലിവു തോന്നിയ എന്‍റെ കുടുബക്കാര്‍ അവസാനം എന്നോട് പറഞ്ഞു: ‘നിന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്ക് നീ പൊയ്ക്കൊളൂ.’ ഇതറിഞ്ഞ ഭര്‍തൃ കുടുംബക്കാര്‍, എന്‍റെ കുഞ്ഞിനെ എനിക്ക് തിരിച്ചേല്‍പ്പിച്ചു. എന്തെന്നില്ലാത്ത സന്തോഷം. അവാച്യമായ മാനസികാനന്ദം. എനിക്ക് എന്‍റെ പ്രിയതമനോടൊപ്പം ചെന്നു ചേരാന്‍ സര്‍വശക്തനായ അല്ലാഹു അവസരമൊരുക്കിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്!
പക്ഷെ, സംഗതി അത്ര ലളിതമായിരുന്നില്ല. മദീനയിലേക്കാണ് യാത്ര. തന്‍റെ കൂടെ വരാന്‍ ഒരാളും സന്നദ്ധരല്ല. നീണ്ട വഴിദൂരം. നടക്കും തോറും അകന്നു പോകുന്ന മരുഭൂമി. കൂടെ കരുതാന്‍ അധികം സാമഗ്രികളില്ല. കൂടെയുള്ളത് തന്‍റെ കൈകുഞ്ഞു മാത്രം. പക്ഷെ, അവര്‍ക്ക് പോകണം. തന്‍റെ പ്രിയതമന്‍ ആദര്‍ശ ജീവിതം നയിക്കുന്ന മദീനാ മണ്ണില്‍ അദ്ദേഹത്തോടൊപ്പം ചെന്നു ചേരണം. ആനന്ദം മുഴുവന്‍ അവിടെയാണ്. അതാണ് ലക്ഷ്യം.

ഉമ്മുസലമ(റ) പറയട്ടെ: കൂടെയുണ്ടായിരുന്ന ഒട്ടകപ്പുറത്തു കയറി, എന്‍റെ മകനെ മാറിടത്തില്‍ ചേര്‍ത്തിരുത്തി. മദീനയെ ലക്ഷ്യം വെച്ച് ഞാന്‍ യാത്ര തിരിച്ചു. ആരുമുണ്ടാിയിരുന്നില്ല എന്‍റെ കൂടെ. ഭര്‍ത്താവിന്‍റെ അരികില്‍ സുരക്ഷിതമായെത്തിക്കാന്‍ തനിക്കൊപ്പം ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോയ സന്ദര്‍ഭം. അല്ലാഹു എന്നെ കൈവിട്ടില്ല. മക്കയോടടുത്തുള്ള തന്‍ഈമിലെത്തിയപ്പോള്‍, ബനൂ അബ്ദിദ്ദാര്‍ ഗോത്രത്തിന്‍റെ സഹോദര ഗോത്രത്തില്‍പ്പെട്ട ഉസ്മാന്‍ ബ്നു ത്വല്‍ഹ എന്നെ കണ്ടുമുട്ടി. “അബൂ ഉമയ്യയുടെ പുത്രീ, എവിടേക്കാണ് നിന്‍റെ ഒറ്റക്കുള്ള യാത്ര?” ആകാംക്ഷയോടെ ഉസ്മാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: “മദീനയിലേക്ക്, എന്‍റെ പ്രിയതമന്‍റെ അരികിലേക്ക്.” ഉസ്മാന്‍ ചോദിച്ചു: “ആരുണ്ട് നിന്‍റെ കൂടെ?” ഞാന്‍ പറഞ്ഞു: “ആരുമില്ല; അല്ലാഹുവും പിന്നെ എന്‍റെ ഈ പൈതലും മാത്രം!”
ഉസ്മാന്‍ ആശ്ചര്യപ്പെട്ടു. അയാള്‍ പറഞ്ഞു: “ഇല്ല, സഹോദരീ, നിന്നെ ഞാന്‍ ഏകാകിയായി വിടില്ല. ഞാനുണ്ടാകും നിനക്കു വഴികാട്ടിയായി.” മുസ്ലിമയായ ഉമ്മു സലമ(റ)ക്ക് അന്ന് അമുസ്ലിമായിരുന്ന ഉസ്മാന്‍ ബ്ന്‍ ത്വല്‍ഹ തുണയായി മുന്നില്‍ നടന്നു. അറബികള്‍ അങ്ങനെയാണ്, അവര്‍ ആരൊരാള്‍ക്ക് അഭയമേകിയൊ, അയാളുടെ സുരക്ഷക്കായി സ്വന്തം ജീവന്‍ നല്‍കിയും അവര്‍ നിലകൊള്ളും. ഉസ്മാന്‍, ഉമ്മു സലമയുടെ വാഹനത്തിന്‍റെ മൂക്കു കയര്‍ പിടിച്ച് യാത്ര തുടര്‍ന്നു. അല്ലാഹു അക്ബര്‍! ‘അല്ലാഹു പോരെ അവന്‍റെ അടിമക്ക് മതിയായവനായി’ എന്ന ഖുര്‍ആനിക ചോദ്യത്തിന്‍റെ മൂര്‍ത്തമായ ഉത്തരമാണ് ഉമ്മു സലമ(റ)യുടെ മദീന പലായനം!

യാത്രയിലുടെ നീളം തന്‍റെ സംരക്ഷകനും വഴികാട്ടിയുമായി തന്നോടൊപ്പമുണ്ടായിരുന്ന ഉസ്മാന്‍ ബ്നു ത്വല്‍ഹയെപ്പറ്റി മഹതി ഉമ്മു സലമ(റ) സ്മരിക്കാതെ വിട്ടിട്ടില്ല. അവര്‍ പറഞ്ഞു: “അറബികളില്‍ ഞാന്‍ കണ്ട ഏറ്റവും മാന്യനായ മനുഷ്യന്‍! എനിക്ക് വിശ്രമിക്കേണ്ട ഇടങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍, ഇറങ്ങാനായി എനിക്ക് സൗകര്യം ചെയ്തു തരും. ഒട്ടകത്തെ ഒരു മരത്തില്‍ കെട്ടിയിട്ട്, ഉസ്മാന്‍ ദൂരേക്ക് നടന്ന് മാറിയിരിക്കും. വിശ്രമാവശ്യങ്ങള്‍ കഴിഞ്ഞ് യാത്രക്കൊരുങ്ങിയാല്‍ ഞാന്‍ ഒട്ടകപ്പുറത്തേറി കാത്തു നില്‍ക്കും. അപ്പോള്‍ ഉസ്മാന്‍ വന്ന് ഒട്ടകത്തിന്‍റെ മൂക്കുകയര്‍ പിടിച്ചു മുന്നില്‍ നടക്കും. വിശ്രമം കഴിഞ്ഞ് വാഹനത്തില്‍ കയറിയാല്‍, ‘യാത്ര തുടങ്ങുകയല്ലെ’ എന്ന വാക്കല്ലാതെ മറ്റൊരു വര്‍ത്തമാനവും ഉസ്മാന്‍ എന്നോട് ഉരുവിട്ടിരുന്നില്ല.”

അവിശ്വാസിയായ ഒരു യുവാവ്; തനിച്ചു കിട്ടിയ ഒരു യുവതി. പക്ഷെ മൂന്നാമനായി തന്‍റെ ദാസിയുടെ സംരംക്ഷകനായി അല്ലാഹുവുണ്ടായിരുന്നു കൂടെ! ഖുര്‍ആന്‍ പറഞ്ഞത് എത്രമാത്രം സത്യം!

“അല്ലാഹുവെ നീ ഭരമേല്‍പിക്കുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.” (അഹ്സാബ്/3) “നിങ്ങള്‍ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി.” (നിസാഅ്/45)

ഉമ്മു സലമ(റ) തുടരുന്നു: ഞങ്ങള്‍ മദീനക്കരികിലെത്തി. അങ്ങ് കുറച്ചകലെയായി ബനൂ അംറ് ബ്നു ഔഫിന്‍റെ ഗോത്രം സ്ഥിതി ചെയ്യുന്ന ഖുബ പ്രദേശം കാണാറായി. ഉസ്മാന്‍ ആ ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു: “സഹോദരീ, ഈ ഗ്രാമത്തിലാണ് നിന്‍റെ ഭര്‍ത്താവ് അബൂസലമ(റ)യുളളത്. അവിടേക്ക് പൊയ്ക്കോളൂ, അനുഗൃഹീതമായ ഒരു പുന:സമാഗമത്തിന് അല്ലാഹു നിങ്ങള്‍ക്ക് അവസരമേകട്ടെ.” ഇതും പറഞ്ഞ് അയാള്‍ മക്കയിലേക്ക് തിരിച്ചു നടന്നു.

ഉമ്മുസലമ(റ) ഖുബായിലെത്തി. തന്‍റെ പ്രിയതമനെ അന്വേഷിച്ചു കണ്ടെത്തി. വികാര നിര്‍ഭരമായ നിമിഷങ്ങള്‍! പൊന്നുപുത്രന്‍ സലമയെ വാരിയെടുത്ത് കവിള്‍ത്തടങ്ങളില്‍ അബൂ സലമ മാറിമാറി ഉമ്മ വെച്ചു. പ്രിയതമയുടെ കൈകള്‍ വാരിപ്പുണര്‍ന്ന് ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി അല്ലാഹുവിന്ന് സ്തുതി പറഞ്ഞു. തങ്ങളുടെ വേര്‍പാടിനു ശേഷം തങ്ങളിരുവരുമനുഭവിച്ച മാനസിക വ്യഥകളുടെ കഥകള്‍ അവര്‍ അന്യോന്യം പറഞ്ഞു. വലില്ലാഹില്‍ ഹംദ്!

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്.” (ത്വാലാഖ്/2, 3)

ഉമ്മു സലമ(റ)! ലോക മുഅ്മിനുകളുടെ മാതാവാണവര്‍! പ്രതിസന്ധികളുടെയും പ്രലോഭനങ്ങളുടെയും വേലിയേറ്റത്തില്‍ പോലും അല്ലാഹുവിന്‍റെ ആദര്‍ശത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ നിലകൊണ്ട അനുപമ വിശ്വാസത്തിന്‍റെ ഉടമ. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനും അവന്‍റെ സഹായം -എത്ര വൈകിയാലും- തനിക്കായി വന്നെത്തും എന്ന് പ്രതീക്ഷ വെക്കാനും അസാമാന്യ മനക്കരുത്ത് കാണിച്ച മഹതി. അല്ലാഹു നമ്മോടൊപ്പമുണ്ട് എന്നത് വെറുതെ പറയാനുള്ളതല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവിതത്തില്‍ പ്രതിഫലിക്കാനുള്ളതാണ്.

ഇനിയുമുണ്ട്, ഉമ്മു സലമയെപ്പറ്റി പറയാന്‍. അവര്‍ പ്രവാചക പത്നിയായ കഥ. അവര്‍ക്ക് പ്രവാചകന്‍റടുത്തുണ്ടായിരുന്ന സ്ഥാനം. അവരുടെ ബുദ്ധികൂര്‍മ്മതയുടേയും വിവേകപൂര്‍ണ്ണമായ നിലപാടുകളുടേയും ഉദാഹരണങ്ങള്‍. ഹിജ്റ 61 ല്‍ യസീദ് ബ്നു മുആവിയയുടെ ഭരണകാലത്ത് തന്‍റെ 82ാമത്തെ വയസ്സിലാണ് മഹതി ഉമ്മു സലമ(റ) ഇഹലോക വാസം വെടിയുന്നത്. അല്ലാഹു അവരില്‍ എല്ലാ അനുഗ്രഹങ്ങളും വര്‍ഷിക്കട്ടെ.