ആരാധനകള്‍ ജീവിതത്തിന് നല്‍കുന്ന മൗലിക ഗുണങ്ങള്‍

84

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിത്യജീവിതത്തില്‍ ഒട്ടേറെ ഇബാദത്തുകള്‍ നാമനുഷ്ഠിച്ചു പോരുന്നുണ്ട്. ഓരോ ആരാധനാ കര്‍മ്മവും പ്രാമാണികമായും കഴിയുന്നത്ര ആത്മാര്‍ത്ഥമായുമാണ് നാം നിര്‍വഹിച്ചു വരുന്നത്. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കാവുന്ന പ്രതിഫലങ്ങളെ കുറിച്ചും ജീവതത്തിലുണ്ടാകുന്ന ഗുണവശങ്ങളെ കുറിച്ചും നന്നേ ബോധവാന്മാരാണ് നാമെല്ലാവരും. അല്ലാഹുവും റസൂലും(സ്വ) നിര്‍ദ്ദേശിച്ച ഏതൊരു ആരാധനാ കര്‍മ്മം നിര്‍വഹിച്ചു കഴിയുമ്പോഴും അതിലൂടെ മൗലികമായ ചില ഗുണങ്ങള്‍ സത്യവിശ്വാസികളുടെ ജീവിതത്തില്‍ വളര്‍ന്നു വരുന്നുണ്ട്.

നമസ്കാരം നല്‍കുന്ന മൗലിക ഗുണങ്ങള്‍

നമസ്കാരം നിര്‍ബന്ധമായ ഇബാദത്താണ്. മുഅ്മിനുകള്‍ തങ്ങളുടെ ജീവിതത്തില്‍ നിര്‍ബന്ധമായും നിലനിര്‍ത്തിപ്പോരേണ്ടുന്ന സമയബന്ധിതമായ ആരാധനയാണത്. നമസ്കാരം കൃത്യനിഷ്ഠയോടെയും ഇഖ്ലാസ്വോടെയും നിര്‍വഹിക്കുന്ന സത്യവിശ്വാസിക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേ സമയം നമസ്കാരമെന്ന ഈ ആരാധനാ കര്‍മ്മം നമ്മുടെ ഐഹിക ജീവിതത്തില്‍ ചില മൗലികമായ ഗുണങ്ങളെ സന്നിവേശിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:

“നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.” (അങ്കബൂത്ത്: 45)

ആയത്തില്‍ പ്രസ്താവിക്കപ്പെട്ട ഫഹ്ശാഅ്, മുന്‍കര്‍ എന്നിവയെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇബ്നുല്‍ അറബി(റ) എഴുതി:

“അല്‍ഫഹ്ശാഅ് എന്നാല്‍ ചെറിയതോതിലുള്ള പാപങ്ങളാണ് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പാപങ്ങളില്‍ നിന്ന് ഏതൊരാളെ തന്‍റെ നമസ്കാരം തടയുന്നില്ലയൊ, തെറ്റുകളിലകപ്പെടുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍, നമസ്കാരത്തിലൂടെയും അതിലെ കര്‍മ്മങ്ങളിലൂടെയും മനസ്സ് നിയന്ത്രിതമാകും വിധം അവന്‍റെ അവയവങ്ങള്‍ റുകൂഇലും സുജൂദിലും പൂര്‍ണ്ണമായും മുഴുകുന്നില്ലയൊ, ആ നമസ്കാരം അപര്യാപ്തമായതാണ്. മുന്‍കര്‍ എന്നാല്‍ ശര്‍അ് നിഷിദ്ധമാക്കുകയും നിരോധിക്കുകയും ചെയ്തിട്ടുളള മുഴുവന്‍ കാര്യങ്ങളുമാണ്.” (അഹ്കാമുല്‍ ക്വുര്‍ആന്‍: 4/439)

ഇബ്നു ആശൂറാഅ്(റ) എഴുതി: “അല്ലാഹുവിനെ ഓര്‍മ്മിപ്പിക്കുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും അടങ്ങിയതാണ് നമസ്കാരം. അല്ലാഹുവിനെ സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സദുപദേശകന്‍ എന്ന് അതിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രസ്തുത സദുപദേശകനെ കേള്‍ക്കുന്ന ഒരാള്‍ക്ക് അല്ലാഹുവിന്നിഷ്ടമില്ലാത്ത പാപങ്ങളിലേറുന്നതില്‍ നിന്ന് മാറിനില്‍ക്കാനാകും. നിന്‍റെ പോരായ്മകള്‍ കാണാനാകുന്ന കണ്ണാടിയാണ് നിന്‍റെ കൂട്ടുകാരന്‍ എന്ന് പറയുന്നതു പോലെയാണ നമസ്കാരവും.” (അത്തഹ്രീറു വത്തന്‍വീര്‍ 20/178)

ശൈഖ് സഅദീ(റ) വിശദീകരിച്ചത് ഇപ്രകാരമാണ്: “നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നുണ്ട്. അഥവാ നമസ്കാരം നിലനിര്‍ത്തുകയും, അതിന്‍റെ റുക്നുകളും ശര്‍ത്വുകളും അതിലാവശ്യമായ ഭക്തിയും പൂര്‍ണ്ണമായി നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്, അവന്‍റെ ഹൃദയം പ്രകാശമാനമാകുകയും, അവന്‍റെ മനസ്സ് പരിശുദ്ധമാകുകയും, അവന്‍റെ ഈമാനിന് വര്‍ദ്ധനവ് ലഭിക്കുകയും ചെയ്യുന്നതാണ്. നന്മകള്‍ ചെയ്യാനുള്ള അവന്‍റെ താത്പര്യം ശക്തിപ്പെടുകയും തിന്മകളോടുള്ള ആഭിമുഖ്യം ശുഷ്കമായിത്തീരുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ നമസ്കാരത്തെ ജീവിതത്തില്‍ സദാ സൂക്ഷ്മതയോടെ നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. എങ്കിലാണ്, അത് ചീത്തവൃത്തികളില്‍ നിന്നും നിഷിദ്ധങ്ങളില്‍ നിന്നും അവനെ തടഞ്ഞു നിര്‍ത്തുകയുള്ളൂ. ഇതാണ് നമസ്കാരത്തിന്‍റെ ഏറ്റവും മഹത്തായ ലക്ഷ്യവും നേട്ടവുമായി മനസ്സിലാക്കാവുന്നത്.” (തഫ്സീറുസ്സഅദീ/632)

വ്രതം നല്‍കുന്ന മൗലിക ഗുണങ്ങള്‍

വിശിഷ്ടമായ മറ്റൊരു ആരാധനയാണ് നോമ്പ്. അല്ലാഹുവിന്‍റെ ആജ്ഞപ്രകാരം മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വം അനുഷ്ഠിക്കുന്ന ഇബാദത്താണത്. അല്ലാഹു പറഞ്ഞു:

“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.” (ബക്വറ/183)

നോമ്പ് നിര്‍വഹിക്കണമെന്നും അതുമുഖേന ലഭ്യമാകുന്ന നേട്ടമെന്താണെന്നും വിശുദ്ധ ക്വുര്‍ആന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. തക്വ്വയാണ് അതിലൂടെയുള്ള മുഖ്യ നേട്ടം. ജീവിതത്തില്‍ ദോഷബാധയെ സൂക്ഷിക്കുവാനുള്ള പരിചയായിട്ടാണ് സത്യവിശ്വാസിക്ക് നോമ്പ് ഉപകാരപ്പെടുന്നത്. ആത്മീയമായ പരിശുദ്ധിയും മാനസികമായ ഐശ്വര്യവും ഈമാനികമായ അഭിവൃദ്ധിയും നല്‍കുന്ന വ്രതം മുഅ്മിനിന്‍റെ സാധാരണജീവിതത്തില്‍, അവന്‍റെ കര്‍മ്മസ്വഭാവ മേഖലകളില്‍ സാരമായ മാറ്റമാണ് ഉണ്ടാക്കുന്നത്. വ്രതം വിശ്വാസിയുടെ സംസാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും സൂക്ഷ്മതയുണ്ടാക്കുന്നുണ്ട്. പ്രസ്തുത സൂക്ഷ്മത നല്‍കാത്ത വ്രതം അല്ലാഹുവിന്ന് ആവശ്യമില്ല എന്ന് പ്രവാചക തിരുമേനി(സ്വ) വ്യക്തമാക്കിയിട്ടുമുണ്ട്.

ഉമര്‍ ബ്നുല്‍ ഖത്വാബ്(റ) പറഞ്ഞു: ‘അന്നപാനീയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക എന്നതുമാത്രമല്ല, അസത്യം, കളവ് പറയല്‍, മോശമായ വര്‍ത്തമാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് മാറി നില്‍ക്കല്‍ കൂടിയാണ് നോമ്പ്.’

ജാബിര്‍ ബ്നു അബ്ദില്ല(റ) ഇപ്രകാരം പറയുകയുണ്ടായി: “നീ വ്രതമനുഷ്ഠിക്കുന്നുവെങ്കില്‍ കളവില്‍ നിന്നും പാപത്തില്‍ നിന്നും നിന്‍റെ കാതിനേയും കണ്ണിനേയും നാവിനേയും അടക്കി നിര്‍ത്തുക. നിന്‍റെ വീട്ടുജോലിക്കാരനെ ദ്രോഹിക്കുന്നതില്‍ നിന്നു പോലും നീ മാറിനില്‍ക്കണം. നോമ്പു നാളുകളില്‍ നിന്നിലുണ്ടാകേണ്ടത് ശാന്തതയും സൂക്ഷ്മതയുമാണ്.” (ഇബ്നു ഹസം അല്‍മുഹല്ലയില്‍ ഉദ്ദരിച്ചവ)

അല്ലാഹുവിന്‍റെ തൗഫീക്വോടെ റയ്യാന്‍ എന്ന വിശിഷ്ട കവാടത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ സത്യവിശ്വാസികള്‍ക്ക് അവസരം നല്‍കുന്ന ഇബാദത്താണ് നോമ്പ്. അതേ സമയം, മുഅ്മിനിന്‍റെ സാധാരണജീവതത്തില്‍ ഒരുപാടൊരുപാട് മൗലികമായ ഗുണങ്ങള്‍ നോമ്പ് എന്ന ഇബാദത്ത് സന്നിവേശിപ്പിക്കുന്നുമുണ്ട്.

സകാത്ത് നല്‍കുന്ന മൗലിക ഗുണങ്ങള്‍

സകാത്ത് ഇസ്ലാമിന്‍റെ അടിസ്ഥാന കര്‍മ്മങ്ങളിലെ ഒന്നാണ്. സാമ്പത്തിക ശേഷിയുള്ള ഒരു മുഅ്മിനിന്‍റെ മേല്‍ നിര്‍ബന്ധമായ ഇബാദത്താണ് സകാത്ത്. ധനാഡ്യരില്‍ നിന്ന് സകാത്ത് വിഹിതം ശേഖരിച്ചു വിതരണം ചെയ്യാന്‍ അല്ലാഹുവില്‍ നിന്നുള്ള കല്‍പനയുമുണ്ട്. സകാത്ത് നല്‍കുക വഴി ഒരു മുഅ്മിനിന്ന് ലഭിക്കുന്ന പാരത്രികമായ നേട്ടങ്ങളെപ്പറ്റി ക്വുര്‍ആനും സുന്നത്തും വ്യക്തമാക്കിയത് നമുക്കറിയാം. സ്വര്‍ഗ്ഗം കൊണ്ട് വിജയിക്കുന്നവരാണ് സകാത്ത് നിര്‍വഹിക്കുന്ന സത്യവിശ്വാസികള്‍ എന്ന് സൂറത്തുല്‍ മുഅ്മിനൂനില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. അതേ സമയം സകാത്തെന്ന ആരാധനാ കര്‍മ്മം നമ്മിലുണ്ടാക്കുന്ന മറ്റു ഗുണങ്ങളെന്തൊക്കെയാണ്? അല്ലാഹു പറഞ്ഞു:

“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക.” (തൗബ/103)

തന്‍റെ സമ്പാദ്യങ്ങളെയും അവരെത്തന്നെയും ശുദ്ധീകരിക്കുകയും മാനസികമായി അവരെ സംസ്കരിക്കുകയും ചെയ്യുന്ന പ്രവൃത്തി സകാത്ത് നിര്‍വഹിക്കുന്നുണ്ട് എന്ന് സാരം. കൈവന്ന ധനമൊന്നും തന്‍റേതു മാത്രമല്ല എന്ന് മനസ്സിലാക്കാന്‍, തന്‍റെ സമ്പത്തില്‍ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും അവകാശമുണ്ട് എന്ന് ഓര്‍മ്മിക്കാന്‍, ആ അര്‍ഹമായ അവകാശങ്ങളെ അതിന്‍റെ ആളുകള്‍ക്കായി കൃത്യതയോടെ വീതിച്ചു നല്‍കാന്‍ സത്യവിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട് സകാത്ത്. ദുനിയാവിനോടുള്ള ആര്‍ത്തിയും സമ്പത്ത് കൈവിട്ടു പോകാതിരിക്കാനുള്ള പിശുക്കും മനുഷ്യ മനസ്സിനെ മലിനമാക്കുന്ന രണ്ട് അഴുക്കുകളാണ്. ഈ രണ്ട് അഴുക്കുകളും കഴുകി വൃത്തിയാക്കാനുള്ള മാധ്യമമാണ് സകാത്ത് എന്ന ഇബാദത്ത്. തന്‍റെ സമ്പത്ത് വിനിയോഗിക്കേണ്ടതെങ്ങനെയെന്ന് ചോദിച്ച ധനികനായ ഒരു സ്വഹാബിക്ക് നബി(സ്വ) നല്‍കിയ മറുപടി പ്രസ്താവ്യമാണ്. അനസ്(റ)വാണ് അത് നിവേദനം ചെയ്തിട്ടുള്ളത്.

നബി(സ്വ) അരുളി: “നിന്‍റെ ധനത്തില്‍ നിന്ന് നീ സകാത്ത് നല്‍കുക; അത് നിന്നെ കഴുകി ശുദ്ധിയാക്കുന്ന ശുദ്ധജലമാണ്. നിന്‍റെ കുടുംബക്കാരുമായി നിന്നെയത് ഇണക്കി നിര്‍ത്തും. അയല്‍വാസിയുടേയും അഗതിയുടേയും ചോദിച്ചു വരുന്നവന്‍റെയും അവകാശങ്ങളെ മനസ്സിലാക്കാന്‍ അത് നിന്നെ സഹായിക്കുകയും ചെയ്യും.”

വിശ്വാസത്തില്‍, സ്വഭാവ നിഷ്ഠകളില്‍, വ്യക്തബന്ധങ്ങളില്‍, സാമൂഹ്യ ബാധ്യകളില്‍ ഒക്കെ സകാത്ത് എന്ന ഒരൊറ്റ ഇബാദത്ത് മുഅ്മിനുകളില്‍ ഉണ്ടാക്കുന്ന ഗുണങ്ങളാണ് നാമിവിടെ വായിച്ചെടുക്കുന്നത്.

ഹജ്ജ് നല്‍കുന്ന മൗലിക ഗുണങ്ങള്‍

സുപ്രധാനമായ മറ്റൊരു ഇബാദത്താണ് ഹജ്ജ്. ഭൗതികമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒത്തുവന്ന ഓരോ വിശ്വാസിയും വിശ്വാസിനിയും തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനാ കര്‍മ്മം. ഹജ്ജ് നിര്‍വഹണം നിര്‍ബന്ധമാണെന്ന് അറിയിക്കുന്ന കല്‍പനകള്‍ അല്ലാഹുവില്‍ നിന്നും പ്രവാചകനില്‍ നിന്നും വന്നിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞു:

“ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.” (ആലു ഇംറാന്‍: 97)

ഹജ്ജ് നിര്‍വഹണത്തിലൂടെ ലഭ്യമാകുന്ന ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ എന്താണെന്ന് പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീ സംസര്‍ഗ്ഗത്തിലേര്‍പ്പെടാതെ, ചീത്തവര്‍ത്തമാനങ്ങളിലും മോശമായ പ്രവര്‍ത്തനങ്ങളിലും മുഴുകാതെ ഹജ്ജ് പൂര്‍ത്തിയാക്കുന്ന മുഅ്മിന്‍ നവജാത ശിശുവിനെപ്പോലെ പാപരഹിതനായിട്ടായിരിക്കും വീട്ടിലേക്ക് തിരിക്കുന്നത് എന്നും നബി(സ്വ) സന്തോഷവാര്‍ത്ത പറഞ്ഞിട്ടുണ്ട്. മറ്റൊരു ഹദീസ് ഇപ്രകാരമാണ്:

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളി: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല.” (ബുഖാരി, മുസ്ലിം)

ഹജ്ജുന്‍ മബ്റൂര്‍ എന്ന അറബി പദത്തിന് പുണ്യമാക്കപ്പെട്ട ഹജ്ജ് എന്ന അര്‍ത്ഥമാണ് സാധാരണയായി പറഞ്ഞു വരാറുള്ളത്. എന്നാല്‍, എന്താണ് ഹജ്ജുന്‍ മബ്റൂര്‍ എന്ന ചോദ്യത്തിന് മഹാനായ ഹസനുല്‍ ബസ്വരി നല്‍കിയ ഉത്തരമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അദ്ദേഹം പറഞ്ഞു: “മബ്റൂറായ ഹജ്ജ് നിര്‍വഹിച്ച് വരുക എന്നാല്‍, ദുനിയാവിനോട് വിരക്തനും പരലോകത്തോട് ആസക്തനുമായ മാനസികാവസ്ഥയില്‍ തിരിച്ചു വരുക എന്നതാണ്. ദുനിയാവിനോട് വിരക്തി കാണിക്കുക എന്നാല്‍ ജീവിതത്തില്‍ അനുവദനീയമായവയെല്ലാം നിഷിദ്ധമാക്കി ഒഴിവാക്കുക എന്നോ, കൈവശമുള്ള സമ്പത്ത് പൂര്‍ണ്ണമായും കയ്യൊഴിയുക എന്നൊ അല്ല അര്‍ത്ഥം. ഐഹിക വിരക്തിയെന്നാല്‍ തന്‍റെ കയ്യിലുള്ളതിനേക്കാള്‍ വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതും അല്ലാഹുവിന്‍റെ കയ്യിലുള്ളതിലാണ് എന്ന ധാരണയില്‍ ജീവിക്കലാണ്.”

ഹജ്ജനുഷ്ഠാനത്തിലൂടെ നാം ആത്യന്തികമായി ലക്ഷ്യമിടുന്നത് സ്വര്‍ഗ്ഗമാണ് എങ്കിലും ഐഹിക ലോകത്തിലെ മുഅ്മിനിന്‍റെ ജീവിതത്തിന് കൃത്യതയാര്‍ന്ന അച്ചടക്കങ്ങളും മര്യാദകളും ഹജ്ജിലൂടെ ലഭ്യമാകുന്നുണ്ട് എന്നതാണ് വാസ്തവം.

ചുരുക്കത്തില്‍, പാരത്രിക വിജയത്തിനായി അല്ലാഹുവിന്ന് വിധേയപ്പെട്ട് ആത്മാര്‍ത്ഥതയോടെ നാം നിര്‍വഹിക്കുന്ന ചെറുതും വലുതുമായ ഏതൊരു ഇബാദത്തിലൂടെയും, ഭൂമിയില്‍ യഥാര്‍ത്ഥ മുഅ്മിനായി ജീവിക്കാനുതകുന്ന ഒട്ടേറെ ഗുണങ്ങളാണ് സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്നത്. അതു കൊണ്ടു തന്നെ ആരാധനകളനുഷ്ഠിക്കുന്ന കാര്യത്തില്‍ മുഅ്മിനുകള്‍ കൃത്യതയോടെയുള്ള നൈരന്തര്യം കാത്തുസൂക്ഷിക്കണം. കുറച്ചാണെങ്കിലും നിത്യമായി നിര്‍വഹിക്കുന്ന പ്രവൃത്തിയാണ് അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടമുള്ളതെന്ന് നബി(സ്വ) ഉപദേശിച്ചിട്ടുണ്ട്.