ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍

82

ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍

عَنْ شَدَّادِ بْنِ أَوْسٍ، قَالَ: قَالَ رَسُولُ اللَّهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْكَيِّسُ مَنْ دَانَ نَفْسَهُ، وَعَمِلَ لِمَا بَعْدَ الْمَوْتِ، وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا، وَتَمَنَّى عَلَى اللَّهِ»

സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര(സൗഭാഗ്യ)ത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ്)

ആരാണ് ബുദ്ധിമാന്‍ എന്ന ചോദ്യത്തിന് പലതരം ഉത്തരങ്ങളുണ്ടാവും. ഏതൊരു മനുഷ്യന്റെയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന പ്രതിഭാസമാണ് ബുദ്ധി. ഭൗതിക കാഴ്ചപ്പാടനുസരിച്ച് അതിബുദ്ധിയും ശരാശരി ബുദ്ധിയും ദുര്‍ബലബുദ്ധിയും ബുദ്ധിശൂന്യതയുമൊക്കെ ഉള്ളതുപോലെ ആത്മീയ വീക്ഷണപ്രകാരവും ഈ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇമാം ഗസ്സാലി പറയുന്നു: ‘ബുദ്ധി എന്ന പദം നാല് അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ഒന്ന്, ചിന്താപരമായ വിവരങ്ങള്‍ ഗ്രഹിക്കുന്നതിന് സഹായകമായ സഹജസിദ്ധി. പ്രകൃത്യായുള്ള ഈ കഴിവുകൊണ്ടാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്ന് വേര്‍തിരിയുന്നത്. രണ്ട്, വകതിരിവു പ്രായമെത്തുന്നതോടെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലളിതജ്ഞാനം. മൂന്ന്, പരീക്ഷണങ്ങളിലൂടെ നേടിയെടുക്കുന്ന അനുഭവജ്ഞാനം. നാല്, കാര്യങ്ങള്‍ അവയുടെ പരിണതികള്‍ ചിന്തിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്നതിനുള്ള ആര്‍ജവം. ഈ ധൈഷണിക ശക്തി താല്‍ക്കാലിക ആസ്വാദനത്തിന് പ്രേരകമായി വര്‍ത്തിക്കുന്ന ശരീരേഛയെ അതിജയിച്ച് ആത്മനിയന്ത്രണത്തിലൂടെ ജീവിതവിജയം വരിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു. (ഇഹ്‌യാ ഉലൂമിദ്ദീന്‍)

എന്റെയും ഈ ലോകത്തിന്റെയും ഉടമസ്ഥനാര്? ഈ പ്രപഞ്ചത്തില്‍ എന്റെ സ്ഥാനമെന്ത്? ഈ ജീവിതത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും ലക്ഷ്യമാക്കേണ്ടതുണ്ടോ? മരണാന്തരം എന്താണ് സംഭവിക്കുന്നത്? മറ്റൊരു ജീവിതമുണ്ടെങ്കില്‍ അതിന് വേണ്ടി ഞാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടോ? ഈ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആരോടെങ്കിലും ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടോ? തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും അതിനനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യാത്തവന്‍, ഭൗതികാര്‍ഥത്തില്‍ എത്ര വലിയ ധിഷണാശാലിയാണെങ്കിലും യഥാര്‍ഥത്തില്‍ വിഡ്ഡിയത്രെ.

ഈ ലോകത്ത് നാം പ്രവാസികളാണ്; സ്വദേശമായ പരലോകത്തേക്ക് വേണ്ടി എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് അനുനിമിഷം വിശകലനം ചെയ്യുമ്പോഴാണ് നാം ശരിക്കും പ്രതിഭാശാലികളാകുന്നത് എന്നാണ് ഉപരിസൂചിത ഹദീസിലൂടെ പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഖുര്‍ആനും നമ്മോട് പറയുന്നു: ഓരോരുത്തരും നാളേക്ക് വേണ്ടി എന്താണ് മുന്‍കൂട്ടി ചെയ്തുവെച്ചതെന്ന് പരിശോധിക്കട്ടെ (അല്‍ഹ്ശ്ര്‍: 18). ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോവുകയും അവിടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതകളില്‍ അഭിരമിച്ച് സമയം പാഴാക്കുകയും ചെയ്യുന്നവന്‍ ബുദ്ധിമാനാണെന്ന് ആരും പറയില്ലല്ലോ.

ഉമര്‍(റ) പറഞ്ഞതായി ഉദ്ദരിക്കപ്പെടുന്നു: ‘നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി സ്വയം വിചാരണ നടത്തൂ. നിങ്ങള്‍ (നിങ്ങളുടെ കര്‍മങ്ങള്‍) തൂക്കിനോക്കപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം തൂക്കിനോക്കൂ. ഇന്ന് ആത്മപരിശോധന നടത്തുന്നത് നാളത്തെ വിചാരണ എളുപ്പമാകാന്‍ സഹായിക്കും. എല്ലാം മറനീക്കി പുറത്തുവരുന്ന നാളിലേക്കായി അണിഞ്ഞൊരുങ്ങുവിന്‍’.

ഇമാം ഹസന്‍ ബസ്വരി പറയുന്നു: ‘വിശ്വാസി ഏതവസ്ഥയിലും സ്വന്തത്തെ അധിക്ഷേപിച്ചുകൊണ്ടിരിക്കും. ചെയ്യുന്നതൊന്നും പോരാ എന്ന് സ്വയം തോന്നി ദുഃഖിക്കുകയും സ്വന്തത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അതേയവസരം ദുര്‍വൃത്തന്‍ ഒരിക്കലും സ്വന്തത്തെ അധിക്ഷേപിക്കാതെ മുന്നോട്ടുപോകുന്നു…. ഇഹലോകത്ത് വെച്ച് സ്വയം വിചാരണ നടത്തിയവര്‍ക്ക് പരലോക വിചാരണ ലഘുവായിരിക്കും. ഇവിടെ സ്വയം വിചാരണ നടത്താത്തവരാണ് അവിടെ കടുത്ത വിചാരണ നേരിടേണ്ടി വരിക’.

ആത്മപരിശോധന രണ്ടുവിധമുണ്ട്: ഒന്ന്, കര്‍മത്തിനു മുമ്പുള്ളത്. അഥവാ, ഒരു കാര്യം ചെയ്യാന്‍ ഉദ്യമിക്കുമ്പോള്‍ അതിന്റെ ഗുണദോഷങ്ങളെ പറ്റിയും അനുവദനീയതയെപ്പറ്റിയും അനന്തരഫലത്തെ കുറിച്ചുമെല്ലാം ചിന്തിക്കുക. കര്‍മത്തിന് ശേഷമുള്ളതാണ് രണ്ടാമത്തേത്. ഈ കര്‍മത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചുവോ? വേണ്ട വിധം ഭംഗിയായി നിര്‍വഹിച്ചുവോ? ആത്മാര്‍ഥതക്ക് കളങ്കമേറ്റുവോ? ഇത് ചെയ്യലായിരുന്നോ അതല്ല ഉപേക്ഷിക്കലായിരുന്നോ നല്ലത്? എന്തിനാണ് ഞാന്‍ ഈ കര്‍മം ചെയ്തത്? പരലോകത്തെ പ്രതിഫലമാണോ ഞാന്‍ കാംക്ഷിച്ചത്, എങ്കില്‍ ഇത് ലാഭകരം തന്നെ. അതല്ല, ഇഹലോകത്തെ ക്ഷണികമായ ലക്ഷ്യങ്ങളാണ് എനിക്കുണ്ടായിരുന്നതെങ്കില്‍ ഇത് മുഖേന പരലോകത്തേക്ക് നിക്ഷേപമൊന്നുമുണ്ടാവില്ല തുടങ്ങിയ ആത്മവിചാരങ്ങളാണ് ഇതില്‍ പെടുന്നത്.

എന്നാല്‍ ഇത്തരം ചിന്തകളൊന്നുമില്ലാതെ ജീവിക്കുന്നവര്‍ നാശത്തിലേക്കായിരിക്കും നടന്നടുക്കുന്നത്. അവന്‍ എളുപ്പത്തില്‍ തെറ്റില്‍ അകപ്പെടും. തെറ്റുകളുമായി ഇണങ്ങിച്ചേരുകയും അവയുമായി ബന്ധം വിഛേദിക്കുന്നത് പ്രയാസകരമാവുകയും ചെയ്യും. ഇങ്ങനെ അന്തരഫലങ്ങളെ കുറിച്ച ആലോചനകളില്ലാതെ താന്തോന്നിയായി നടക്കുന്നവന്‍ ആളുകളുടെ കണ്ണില്‍ എത്രകേമനാണെങ്കിലും ഇസ്‌ലാമിക ദൃഷ്ട്യാ ബുദ്ധിശൂന്യനാണ്.

എങ്ങനെയൊക്കെ ജീവിച്ചാലും അല്ലാഹുവിന്റെയടുക്കല്‍ ഞാന്‍ രക്ഷപ്പെടുമെന്ന മൂഢധാരണയിലാണ് പലരും നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തിലെ അംഗമായാല്‍ പ്രവാചകന്റെയും മഹാന്‍മാരുടെയും ശിപാര്‍ശയിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് അവര്‍ വ്യാമോഹിക്കുന്നു. ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളാണ്, അവന്റെ പ്രിയപ്പെട്ടവരാണ്, അതിനാല്‍ ഞങ്ങളെ നരകം സ്പര്‍ശിക്കുകയില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ ഏതാനും തുഛമായ നാളുകള്‍ മാത്രം എന്ന ജൂതന്‍മാരുടെ അതേ സ്വപ്നലോകത്താണ് മുസ്‌ലിം സമൂഹത്തിലെ പലരും.

സ്വന്തം ഇഛയുടെ അടിമയാവാതെ, അതിന്റെ ഉടമയാവാനും അതിന് കടിഞ്ഞാണിടാനും സാധിച്ചാല്‍ തെറ്റുകളില്‍ നിന്ന് മുക്തി നേടി നന്മയിലൂടെ സഞ്ചരിക്കാം. അതിനുള്ള സുപ്രധാന വഴിയാണ് ആത്മ പരിശോധന. അതുവഴി സ്വന്തം ന്യൂനതകള്‍ തിരിച്ചറിയാനും തിരുത്താനും സാധിക്കും. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കുന്നുണ്ട്. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് മാത്രം. അതുകണ്ടുപിടിച്ച് തിരുത്തുക. ഓരോ നീക്കവും വിലയരുത്തിനോക്കുക. ഇബാദത്തുകള്‍, സ്വഭാവം, പെരുമാറ്റം, കുടുംബബന്ധം, സാമ്പത്തിക ഇടപാട്, സദാചാരം, സുഹൃദ്ബന്ധം, അയല്‍പക്കബന്ധം, നാവ്, ഹൃദയം, അല്ലാഹുവുമായുള്ള ബന്ധം, സത്യവിശ്വാസി എന്ന നിലക്കുള്ള ബാധ്യതാ നിര്‍വഹണം, തെറ്റുകളോടുള്ള നിലപാട്, ഖുര്‍ആനുമായുള്ള ബന്ധം എല്ലാം പരിശോധിക്കുക. ഓരോ ദിവസവും പരിശോധിക്കുക. നല്ല നാളേക്കുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. അങ്ങനെ ചെയ്യുന്നവനാണ് ബുദ്ധിമാന്‍. ഇഹലോകത്തെ പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങി, ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലി അവന് ഉണ്ടായിക്കൊള്ളണമെന്നില്ല. അതേസമയം ഓരോ ദിവസവും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അതുവഴി തെറ്റുകളോട് വിടപറയാനും അവന് സാധിക്കും. അതത്രെ മഹത്തായ വിജയം.

ദേഹേഛക്ക് കീഴ്‌പെടാതെ, വാക്കും പ്രവൃത്തിയും വികാരവിചാരങ്ങളും പരലോകത്ത് എങ്ങനെയായിരിക്കും പ്രതിഫലിക്കുക എന്നു ചിന്തിച്ചും ആത്മപരിശോധന നടത്തിയും ജീവിതം അല്ലാഹുവിന് വിധേമാക്കലാണ് ബുദ്ധിമാന്റെ ലക്ഷണം.

അതേസമയം ദേഹേഛയുടെ പിന്നാലെ പോവുകയും ചെയ്യുന്ന തെറ്റില്‍ പശ്ചാത്താപമില്ലാതെ അല്ലാഹു എല്ലാം പൊറുക്കുമെന്ന വ്യാജപ്രത്യാശ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നത് കഴിവുകേടിന്റെ അടയാളമാണ്. സ്വന്തത്തെ അല്ലാഹുവിന് വിധേയമാക്കാന്‍ സാധിക്കാത്തവന് മറ്റെന്തൊക്കെ കഴിവുകളുണ്‍ായാലും പരലോകത്ത് യാതൊരു പ്രയോജനവുമുണ്ടാവില്ല.

كَيِّسٌ എന്നതിന്റെ വിപരീതം سَفِيهٌഎന്നും عَاجِزٌ എന്നതിന്റെ വിപരീതംقَادِرٌ എന്നുമാണ്. ആത്മസംസ്‌കരണത്തിന് സാധിക്കുന്നവനാണ് യഥാര്‍ഥത്തില്‍ കഴിവുള്ളവനെന്നും അത് സാധിക്കാത്തവന്‍ വിഡ്ഢിയാെണെന്നും പ്രഖ്യാപിക്കുന്നു ഈ വചനം.