അശ്ലീലതയോട് വിട അഞ്ചു പരിഹാര മാർഗ്ഗങ്ങൾ…!

214

ഇന്റർനെറ്റിന്റെ വ്യാപനത്തോട് കൂടി ആർക്കും നിമിഷങ്ങൾക്കകം എത്തിപ്പിടിക്കാവുന്ന ഒന്നായി അശ്ളീലത മാറിയിരിക്കുന്നു.
ദിവസവും ഇന്റർനെറ്റിൽ കൂട്ടിച്ചേർക്കപ്പെടുന്ന കോടിക്കണക്കിന് അശ്ളീലപേജുകൾ ഇന്ന് ലോകത്തെ വരിഞ്ഞ് മുറുക്കിക്കഴിഞ്ഞു.
ലൈംഗികച്ചുവയുള്ള ചിത്രങ്ങൾക്കും, വീഡിയോകൾക്കും മുമ്പിൽ ജീവിതം തന്നെ അടിയറവെക്കേണ്ടി വരുന്ന എത്രയോ യുവതീയുവാക്കൾ…

പഠനത്തിൽ നിന്നുൾവലിയുന്ന കൗമാരക്കാർ..
തകർന്നുപോകുന്ന വിവാഹബന്ധങ്ങൾ…
മറ്റനേകം സാമൂഹ്യവിപത്തുകൾ…

സുഹൃത്തേ…
നിങ്ങൾ അശ്ളീലതക്ക് അടിമപ്പെട്ടയാളാണോ..?
എത്ര ശ്രമിച്ചിട്ടും അശ്ളീലതയിൽ നിന്ന് മുക്തമാകാൻ നിങ്ങൾക്കാവുന്നില്ലേ..?

വിഷമിക്കേണ്ടതില്ല. പരിഹാരമുണ്ട്.
നന്മയുടെ വഴിതേടുന്ന നിങ്ങൾക്കു മുമ്പിൽ പ്രാവാചകദ്ധ്യാപനത്തിലെ ഏതാനും മൊഴിമുത്തുകൾ സമർപ്പിക്കുന്നു.

1.കണ്ണുകൾ താഴ്ത്തുക.

അന്യ പുരുഷ-സ്ത്രീകളിൽ നിന്നും കണ്ണുകളെ താഴ്ത്തുക. കാരണം ചിന്തകൾക്ക് ജീവൻ നൽകുന്നത് കണ്ണുകളാണ്. വികാരോദ്ധീപനമുണ്ടാക്കുന്ന ചിത്രമാകട്ടെ, വിഡിയോകളും സാഹിത്യവുമാകട്ടെ പാടെ ഉപേക്ഷിക്കാൻ ശ്രമിക്കുക.
അല്ലാഹു പറയുന്നു:
“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.”
[വി. ക്വു. 24:30]

2.ഒറ്റക്കിരിക്കുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക.

കൂടുതൽ സമയം ഏകാന്തമായി ഇരിക്കുന്നവരിലാണ് അശ്ളീലതയോട് കൂടുതൽ താൽപര്യമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സമൂഹ്യമായി ഇടപെടാൻ കൂടുതൽ ശ്രദ്ധ കൊടുക്കുക. ഏകാന്തതയകറ്റാൻ പ്രത്യേകമായ ചില ശീലങ്ങൾ വളർത്തിയെടുക്കുന്നതും ഉചിതമാണ്. ഇനി ഒറ്റക്കിരിക്കേണ്ടി വന്നാലും തുറസ്സായ ഇടങ്ങൾ തെരെഞ്ഞെടുക്കുക.

3.ഇന്റർനെറ്റ് ഉപയോഗത്തിന് പരിധി നിശ്ചയിക്കുക.

വീട്ടിലെ കമ്പ്യൂട്ടറുകൾ, ടെലിവിഷനുകൾ തുടങ്ങിയവ എല്ലാവരും കാണുന്ന രീതിയിൽ തുറസ്സായ ഇടങ്ങളിൽ സ്ഥാപിക്കുക. മൊബൈൽ, ലാപ്ടോപ്പ് ഇവ ഉപയോഗിച്ച് പ്രത്യേക ലക്ഷ്യമില്ലാതെയുള്ള ബ്രൗസിങ് നിയന്ത്രിക്കുക. വിശേഷിച്ചും രാത്രി സമയങ്ങളിൽ.

4.വിവാഹം കഴിക്കുക.

വിവാഹമാണ് അശ്ളീലതയിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം.

മുഹമ്മദ് നബി(സ) പറഞ്ഞു: ”ഓ യുവസമൂഹമേ, നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. എന്തെന്നാല്‍ അത് ദൃഷ്ടികളെ താഴ്ത്താനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുവാനും സഹായിക്കും…” (നസാഈ)

5.നോമ്പനുഷ്ടിക്കുക.

തിന്മയിൽ നിന്നും, ദുർവിചാരങ്ങളിൽ നിന്നും മനുഷ്യനെ തടയുന്ന പരിചയായിട്ടും കൂടിയാണ് ഇസ്‌ലാം നോമ്പിനെ പരിചയപ്പെടുത്തുന്നത്.

മുഹമ്മദ് നബി(സ) പറഞ്ഞു:
“…വിവാഹം കഴിക്കാൻ സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം നോമ്പ് അവന് ഒരു പരിച(നിയന്ത്രണം)യാണ്.”

•അല്ലാഹുവിനോട് ആത്മാർഥമായി പ്രാർത്ഥിക്കുക.

തിന്മയിൽ നിന്നും, അനാവശ്യ വികാരങ്ങളിൽ നിന്നും രക്ഷതേടാൻ സർവ്വലോക രക്ഷിതാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുക.

അല്ലാഹു പറയുന്നു:
“നബിയേ പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.”
[വി. ക്വു. 39:53]

മേൽപറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പുലർത്തുക വഴി അശ്ളീലതയിൽ നിന്നും നന്മയുടെ മാർഗം തുറന്ന് കിട്ടുകതന്നെ ചെയ്യും. തീർച്ച..
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
ആമീൻ.