അല്ലാഹുവിനെ സ്നേഹിക്കുക; ഹൃദയപൂര്‍വം

101

നാം പരമമായി ആരെ സ്നേഹിക്കുന്നു? പ്രപഞ്ച സ്രഷ്ടാവിനെ, ഈ പ്രപഞ്ചത്തിന്‍റെ പരിപാലകനെ. നമ്മെ പടച്ചവനെ, നമ്മുടെ നിയന്താവിനെ; കാരുണ്യവാനും ദയാനിധിയുമായ അല്ലാഹുവിനെ. വിനീതനായ ഏതൊരു ദാസന്‍റേയും സന്ദേഹം കലരാത്ത മറുപടിയാണിത്. സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ബഖറ/165) എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്തുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കണം? അതിന്ന് കാരണങ്ങളൊരുപാടുണ്ട്. കടലാസിലെഴുതിത്തീര്‍ക്കാനാവുന്നതല്ല പ്രസ്തുത കാരണങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ പ്രസ്തുത കാരണങ്ങളില്‍ ചിലത് നമ്മെ കൊണ്ടു തന്നെ വായിപ്പിക്കുന്നുണ്ട്.

“നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.” (ഇന്‍ഫിത്വാര്‍/7, 8)

“അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും? തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരി ക്കുന്നു.” (ബലദ്/8-10)

“നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവന്‍.” (ബഖറ/22)

“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്റാഅ്/70)

“ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്.” (ബഖറ/186)

പരമകാരുണികനായ അല്ലാഹുവിനെ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ ഇനിയുമുണ്ട് ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാവുന്ന നിരവധി കാരണങ്ങള്‍.

അല്ലാഹുവിനോടുള്ള ഒരു ദാസന്‍റെ സ്നേഹം എന്താണ്? അതിന്‍റെ പ്രകടനം എങ്ങനെയാണ്? മനസ്സകത്തിലെ വെറും വികാരമാണൊ സ്നേഹം? നാവു കൊണ്ടുള്ള ഉച്ചാരണം മാത്രമാണൊ അത്? പ്രസ്തുത ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം ഖുര്‍ആനിലും പ്രവാചക മൊഴികളും തെളിഞ്ഞു കിടപ്പുണ്ട്.

അല്ലാഹുവിനെ സ്നേഹിക്കുന്ന ദാസീ ദാസന്‍മാരുടെ ജീവിതത്തില്‍ പ്രകടമായി കാണേണ്ടുന്ന സുപ്രധാനമായ ഒരുപാടു ഗുണങ്ങളുണ്ട്. ഖുര്‍ആനും പ്രവാചക മൊഴികളും വരച്ചു വെച്ചിട്ടുള്ള പ്രസ്തുത ഗുണങ്ങളെ തൊട്ടറിഞ്ഞ്, അവയൊക്കെ സ്വന്തം ജീവിതാവസ്ഥകളില്‍ സജീവമായി നിലകൊള്ളുന്നുണ്ടൊ എന്നന്വേഷിക്കുന്നത് എന്തു കൊണ്ടും നന്നായിരിക്കും. കാരണം നാം അല്ലാഹുവിനെ സ്നേഹിക്കുന്നു. കര്‍മ്മമില്ലാത്ത സ്നേഹം കപടമാണ്. അനുസരണമില്ലാത്ത സ്നേഹം അര്‍ഥശൂന്യമാണ്.

അല്ലാഹുവിനെ സത്യസന്ധമായി സ്നേഹിക്കുന്ന വിശ്വാസിയില്‍ ഒന്നാമതായുണ്ടാകേണ്ട ഗുണം വിശ്വാസ സ്ഥൈര്യമാണ്. അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍, അവന്‍ മാത്രമാണ് പ്രാര്‍ഥിക്കപ്പെടേണ്ടവന്‍, അവന്നു പുറമെ വേറൊന്നും ഇലാഹായിട്ടില്ല എന്ന മനസ്സിന്‍റെ ദൃഢബോധ്യമാണ് വിശ്വാസം അഥവാ ഈമാന്‍. പ്രപഞ്ച നാഥനായ അല്ലാഹുവിനെ മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളുക എന്നാല്‍, അവന്ന് തന്‍റെ മേലുള്ള ആധിപത്യത്തെയും ശാസനാധികാരത്തേയും അംഗീകരിക്കുക എന്നാണര്‍ഥം; സ്രഷ്ടാവിന്‍റെ മുന്നിലുള്ള സമ്പൂര്‍ണ്ണമായ കീഴ്വണക്കം. അല്ലാഹുവിനോടുള്ള സ്നേഹം മനസ്സില്‍ സജീവമായി നിലനില്‍ക്കുന്ന യഥാര്‍ഥ വിശ്വാസിയില്‍ മാത്രമേ സമ്പൂര്‍ണ്ണ വിധേയത്വത്തിനുള്ള സൂക്ഷ്മത കാണൂ. അല്ലാഹുവില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നൂ എന്ന് പ്രഖ്യാപിക്കുകയും തുടര്‍ന്ന്, ജീവിത നിലപാടുകളെ അതിനനുസരിച്ച് ഋജുവാക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുമ്പോഴാണ് റബ്ബിനോടുള്ള സ്നേഹം സാര്‍ഥകമാകുന്നതും സാധുവാകുന്നതും. പ്രവാചക തിരുമേനി(സ്വ)യോടും അനുയായികളോടുമുള്ള അല്ലാഹുവിന്‍റെ ഉപദേശങ്ങള്‍ കാണുക:

“അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നില കൊള്ളുകയും ചെയ്യുക.” (ശൂറ/15)

“ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ, നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക.” (ഹൂദ്/112)

നേരായ മാര്‍ഗം തൗഹീദിന്‍റേതാണ്. പ്രവാചകരെന്നല്ല, മനുഷ്യ സമൂഹം മുഴുവന്‍ പ്രാധാന്യപൂര്‍വം കല്‍പ്പിക്കപ്പെട്ട സംഗതിയാണത്; അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മനസ്ഥിതി. അവനില്‍ ആരെയും പങ്കുചേര്‍ക്കാത്ത ഋജുമനസ്കത. അല്ലാഹു പറഞ്ഞു:

“കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.” (ബയ്യിന/5)

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും അവന്‍റെ നിര്‍ദ്ദേശങ്ങളോട് കൂറ് കാണിക്കുക എന്നതും അടിമക്ക് അല്ലാഹുവിനോടുള്ള സ്നേഹത്തിന്‍റേയും വിധേയത്വത്തിന്‍റേയും ലക്ഷണമാണ്. ജീവിതത്തില്‍ തങ്ങളുടെ നാഥന്‍റെ കല്‍പനകളെ കണിശമായി പാലിക്കാനും, ജീവിത പ്രാരാബ്ധങ്ങളിലും പരീക്ഷണങ്ങളിലും അവനെ മാത്രം ആശ്രയിക്കാനും മനസ്സു കാണിക്കാന്‍ മുവഹിദിനു മാത്രമേ സാധിക്കൂ. നേട്ടങ്ങള്‍ക്കും കോട്ടങ്ങളില്‍ നിന്നുള്ള പരിഹാരങ്ങള്‍ക്കും അല്ലാഹുവിനെ വിട്ടുകൊണ്ടോ, അവനില്‍ മറ്റാരെയെങ്കിലും പങ്കുചേര്‍ത്തു കൊണ്ടൊ കുറുക്കു വഴികള്‍ സ്വീകരിക്കുന്നവനല്ല മുവഹിദ്. എന്തു കൊണ്ടെന്നാല്‍ അവന്‍ അല്ലാഹുവിനെ സ്നേഹിക്കുന്നൂ. അതേ സമയം, പ്രപഞ്ച നാഥനില്‍ പങ്കുചേര്‍ക്കുന്നവന്‍റെ സ്നേഹവും കൂറും വിധേയത്വവും, അല്ലാഹുവിനോടെന്ന പോലെ, ഇതര ദൈവങ്ങളോടായിരിക്കും. പടച്ച തമ്പുരാന്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

“അല്ലാഹുവിന് പുറമെയുള്ളവരെ അവന്ന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.” (ബഖറ/165)

യഥാര്‍ത്ഥ തൗഹീദില്‍ നിന്നുള്ള വ്യതിചലനം അടിമകളുടെ മനസ്സുകളെ അല്ലാഹുവില്‍ നിന്നും അകറ്റും എന്നതാണ് വാസ്തവം. തൗഹീദിന്‍റെ സമ്പൂര്‍ണ്ണതക്ക് നിര്‍ബന്ധമായും ഉണ്ടാകേണ്ട സ്നേഹം ഭയം പ്രതീക്ഷ എന്നിവ അല്ലാഹുവില്‍ നിന്ന് മാറി ഇതര ദൈവങ്ങളിലേക്ക് ചെന്നെത്തും. അപ്പോള്‍, അല്ലാഹുവിനെ ഞാന്‍ സ്നേഹിക്കുന്നൂ, ഭയക്കുന്നൂ, അവനില്‍ പ്രതീക്ഷവെക്കുന്നൂ തുടങ്ങിയ, ഒരു വ്യക്തിയുടെ പ്രസ്താവനകള്‍ വെറും അര്‍ഥശൂന്യമായ വാക്കുകളായി പരിണമിക്കും.

ഇബ്നുല്‍ ഖയ്യിം (റ) എഴുതി: “മഹോന്നതനായ അല്ലാഹുവിലേക്കുള്ള വിശ്വാസിയുടെ ഹൃദയ യാത്ര ഒരു പക്ഷിയുടേതിനു തുല്യമാണ്. സ്നേഹം അതിന്‍റെ ശിരസ്സാണെങ്കില്‍ ഭയവും പ്രതീക്ഷയും അതിന്‍റെ രണ്ടു ചിറകുകളാണ്. ശിരസ്സും ചിറകകളും സുശക്തമായിരിക്കുവോളം പക്ഷിയുടെ പറക്കലും സുഗമമായിരിക്കും. ശിരസ്സറ്റാല്‍ പക്ഷി മരിച്ചതു തന്നെ. ചിറകുകളാണ് നഷ്ടപ്പെടുന്നതെങ്കില്‍ പിന്നെ ഏത് വേടനും അതിനെ വേട്ടയാടാം.”

യഥാര്‍ഥ വിശ്വാസത്തിന്‍റെ മാധുര്യമിരിക്കുന്നത് എന്തിലാണെന്ന് നബി തിരുമേനി (സ്വ) വിശദീകരിച്ചു പഠിപ്പിച്ചിട്ടുണ്ട്. സത്യവിശ്വാസികളെന്ന നിലക്ക് പ്രസ്തുത സംഗതികളെ നാമോരോരുത്തരും മനസ്സിരുത്തി ഉള്‍ക്കൊള്ളേണ്ടതുണ്ട്.

അനസ് (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “മൂന്നു സംഗതികള്‍ ആരുടെ ജീവിതത്തിലുണ്ടൊ അവന്‍ ഈമാനിന്‍റെ മാധുര്യം ആസ്വദിക്കുന്നവനാണ്. അല്ലാഹുവും അല്ലാഹുവിന്‍റെ റസൂലും മറ്റാരേക്കാളും അവന്ന് പ്രിയപ്പെട്ടവരാകുക. അല്ലാഹുവിന്‍റെ പ്രീതിക്കു മാത്രമായി മറ്റൊരാളെ സ്നേഹിക്കുക. നരകത്തിലേക്ക് എടുത്തെറിയപ്പെടു ന്നതിനെ എത്രകണ്ട് വെറുക്കുന്നുവോ അത്രകണ്ട് കുഫ്റിലേക്ക് തിരിച്ചു പോകുന്നതിനെ വെറുക്കുക.” (ബുഖാരി, മുസ്ലിം)

‘ഹലാവത്തുല്‍ ഈമാന്‍’ അഥവാ ഈമാനിന്‍റെ മാധുര്യം എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്, ‘പുണ്യകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോഴുള്ള മനസ്സിന്‍റെ അനുഭൂതിയും, അല്ലാഹുവിന്‍റേയും റസൂലിന്‍റേയും ഇഷ്ടങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന മാര്‍ഗത്തിലെ ത്യാഗങ്ങളിലുള്ള ക്ഷമയും, ഐഹിക വിഭവങ്ങളേക്കാള്‍ അവയോടൊക്കെയുള്ള പ്രിയവുമാണ്’ എന്ന് ഇമാം നവവി(റ) തന്‍റെ ശറഹില്‍ വിശദീകരിച്ചിട്ടുണ്ട്.

അല്ലാഹുവിനെ സ്നേഹിക്കുക എന്നാല്‍ അവനിഷ്ടപ്പെട്ടവയെ ഇഷ്ടപ്പെടലാണ്. അവയുപയോഗിച്ച് ജീവിതത്തെ അലങ്കരിക്കലാണ്. അവന്‍ വെറുക്കുന്നവയെ വെറുക്കലും അത്തരം സംഗതികളെ തുടച്ചുമാറ്റി ജീവിതത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കലും റബ്ബിനോടുള്ള സ്നേഹം തന്നെയാണ്. അതിലാണ് ജീവിതവിജയമുള്ളത്. അത് മുഖേനയാണ് കര്‍മ്മങ്ങള്‍ വിനഷ്ടമാകാതെ, സഫലമാകുന്നത്. അല്ലാഹുവിന്‍റെ നിശിതമായ വിധികളിലും നിര്‍ണ്ണയ ങ്ങളിലും, അവന്‍ നടപ്പിലാക്കുന്ന പരീക്ഷണങ്ങളിലും നാം നീരസപ്പെടുന്നതും പരിഭവപ്പെടുന്നതും അവനോടുള്ള നമ്മുടെ സ്നേഹത്തിന്‍റെ മാറ്റ് കുറക്കുന്നതാണ്. നീരസവും പരിഭവവും അതിരുവിട്ടാല്‍ പിന്നെ ആരും നിരാശയില്‍ ആപതിച്ചതു തന്നെ. മനസ്സിന്‍റെ നിരാശ അല്ലാഹുവിന്‍റെ പ്രവിശാലമായ കാരുണ്യത്തോടുള്ള പകയാണ്. അതു കൊണ്ടു തന്നെ, അല്ലാഹുവിനെ സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഇണങ്ങുന്നതല്ല നിരാശ.

കരുണാമയനായ അല്ലാഹു അവനെ ഇഷ്ടപ്പെടുന്നവനെ തൃപ്തിപ്പെടുന്നവനാണ്. തന്‍റെ ഇഷ്ടങ്ങളെ റബ്ബിന്‍റെ ഇംഗിതങ്ങള്‍ക്കൊത്ത് മാറ്റാന്‍ ത്യാഗസന്നദ്ധനാകുന്ന അടിമയെ അല്ലാഹു തൃപ്തിപ്പെടാതിരിക്കുന്നതെങ്ങനെ? അല്ലാഹുവിനോടുള്ള നമ്മുടെ സ്നേഹം അവനിലേക്ക് നമ്മെ ഒരു ചാണ്‍ അടുപ്പിച്ചാല്‍ ഒരു മുഴം നമ്മിലേക്കവന്‍ അടുത്തുവരും എന്നാണ് പ്രവാചക തിരുമേനി(സ്വ)യുടെ മൊഴി! ഒരു മുഴമടുത്താല്‍ ഒരു മാറടുക്കുന്നവന്‍! നടന്നടുത്താല്‍ ഓടിയെത്തുന്നവന്‍! അവനെ കാണാനാഗ്രഹിക്കുന്നവരെ അവനും കാണാനാഗ്രഹിക്കുന്നൂ എന്ന് നബി(സ്വ) പറഞ്ഞു തന്നിട്ടുണ്ട്. പ്രപഞ്ച സ്രഷ്ടാവും അത്യുന്നതനും അത്യുദാരനുമായ അല്ലാഹുവിനോടുള്ള സ്നേഹമാകട്ടെ നമ്മുടെ ഹൃദയ വിശാലതയില്‍ മുഴുവന്‍.