അറിവു നേടുകയും മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നവര്‍

103

അബൂമൂസല്‍ അശ്‌അരി (റ) നിവേദനം. നബി (സ്വ) പറഞ്ഞു: വിജ്ഞാനവും നേര്‍വഴിയും കൊണ്ട്‌ എന്നെ അല്ലാഹു നിയോഗിച്ചതിന്റെ ഉപമ ഒരു പ്രദേശത്ത്‌ മഴ ലഭിച്ചതുപോലെയാണ്‌. വിശിഷ്‌ടമായൊരു വിഭാഗം നിലവിലുണ്ടായിരുന്നു. അവിടം ജലം സ്വീകരിച്ചു. ധാരാളം പുല്ലുകളും ചെടികളും ഉണ്ടായി. ഉറച്ച ഭൂമിയും ഉണ്ടായിരുന്നു. അതില്‍ വെള്ളം തടഞ്ഞുനിര്‍ത്തി. ആ പ്രദേശംകൊണ്ട്‌ അല്ലാഹു ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്‌തു. അവര്‍ അതില്‍ നിന്ന്‌ കുടിക്കുകയും നനക്കുകയും കാലികളെ മേയ്‌ക്കുകയും ചെയ്‌തു. മറ്റൊരു പ്രദേശമുണ്ടായിരുന്നു. മരുഭൂമിയായിരുന്നു അത്‌. അവിടെ വെള്ളം തടഞ്ഞുവെക്കുകയോ പുല്ല്‌ ഉല്‍പാദിപ്പിക്കുകയോ ഉണ്ടായില്ല. അല്ലാഹുവിന്റെ മതകാര്യത്തില്‍ പഠിച്ചവന്റെ ഉപമ ഇങ്ങിനെയാണ്‌. എന്നെ അല്ലാഹു നിയോഗിച്ചത്‌ കൊണ്ട്‌ അവന്‍ ഉപകാരം സിദ്ധിക്കുന്നു. അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ആ (മതവിഷയത്തില്‍) തല ഉയര്‍ത്താത്തവന്റെയും ഉപമയും (ഇങ്ങിനെതന്നെ) ഞാന്‍ നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ നേര്‍വഴി അവന്‍ സ്വീകരിച്ചില്ല. (മുസ്‌ലിം)
ഒരു മഹാ തത്വമാണ്‌ ഇതിലൂടെ നബി (സ്വ)പഠിപ്പിക്കുന്നത്‌. മതവിഷയത്തില്‍ അറിവു നേടുകയും അതനുസരിച്ച്‌ അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ മറ്റാര്‍ക്കും അവന്റെ അറിവ്‌ കൊണ്ടു ഒരു പ്രയോജനവും ലഭിച്ചില്ല. ഇത്തരക്കാര്‍ നല്ലൊരു മഴ ലഭിക്കുകയും അത്‌ കാരണമായി ആ പ്രദേശം സസ്യഭൂയിഷ്‌ഠമാവുകയും ചെയ്‌തത്‌ പോലെയാണ്‌. എന്നാല്‍ മറ്റു ചിലര്‍ മതവിജ്ഞാനം നേടുകയും അതുകൊണ്ടു താന്‍ സല്‍പ്രവര്‍ത്തനങ്ങള്‍ നടത്തി സ്വയം നന്നാവുക മാത്രമല്ല തനിക്ക്‌ ലഭിച്ച അറിവ്‌ മറ്റുള്ളവര്‍ക്കും നല്‍കി. അവരും സല്‍പ്രവര്‍ത്തനങ്ങളിലൂടെ നല്ലവരായി. ഇവരാകട്ടെ കിട്ടിയ മഴവെള്ളം കുടിക്കുകയും തടഞ്ഞുവെക്കുകയും അതില്‍ നിന്നും മറ്റു മനുഷ്യരും കന്നുകാലികളും കുടിക്കുകയും കുളിക്കുകയും ചെയ്യാന്‍ പ്രയോജനകരമായ ഒരു ഭൂമിയുടെ ഉപമയാണ്‌.
എന്നാല്‍ വെള്ളം തടഞ്ഞുവെക്കുകയോ പുല്ലു ഉല്‍പാദിപ്പിക്കുകയോ ചെയ്യാത്ത ഭൂമി അറിവ്‌ നേടുകയോ, മറ്റുള്ളവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുകൊടുക്കുകയോ ചെയ്യാത്തവനെപ്പോലെയാണെന്നാണ്‌ പ്രവാചകന്‍ പഠിപ്പിക്കുന്നത്‌. അപ്പോള്‍ മഴവെള്ളം ശേഖരിക്കുകയും അതുവഴി പുല്ല്‌ ഉല്‍പാദിപ്പിച്ചും മറ്റുള്ളവര്‍ക്കവ ഉപകരിക്കുകയും ചെയ്യുന്ന ഭൂമിയോടു തുല്യരാകുന്നവരാണ്‌ ഏറ്റവും ഉത്തമനെന്ന്‌ മനസ്സിലാക്കാം. തനിക്ക്‌ ഗുണം ലഭിച്ചില്ലെങ്കിലും തന്റെ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ ഉപകരിക്കാന്‍ അവസരമൊരുക്കുന്നവനും സമൂഹത്തിന്‌ ഗുണകരമാണെന്നത്‌ സമൂഹത്തിന്‌ സമാധാനിക്കാന്‍ വകനല്‍കുന്നു. സ്വന്തത്തിന്‌ ഫലം ചെയ്യുന്നില്ല സമൂഹത്തിനും ഫലം ചെയ്യാത്തവന്‍ യഥാര്‍ഥത്തില്‍ സമൂഹത്തിന്‌ ദോഷമായി ഭവിക്കുന്ന കാര്യം ഗൗരവമായിതന്നെ മനസ്സിരുത്തേണ്ടതാണ്‌.