ഹിജാബ്..! ശാലീനതയാണ്, കുലീനതയാണ്‌

3507

ഹിജാബണിഞ്ഞ് പൊതുവേദികളില്‍ സജീവമാകുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം ആഗോളാടിസ്ഥാനത്തില്‍ വര്‍ദ്ധിതമായിട്ടുണ്ട്.

എന്തുകൊണ്ടാണ് സമൂഹത്തിലെ സത്രീകള്‍ക്കിടയില്‍ ഹിജാബിന്ന് സ്വീകാര്യത കൂടി വരുന്നത്?

വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പ്രാധാന്യപൂര്‍വം ഹിജാബിനെ എടുത്തണിയുന്നത്?

അതിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകളെ മനസ്സിലാക്കിയാല്‍ ഹിജാബിനെ സംബന്ധിച്ചുള്ള തെറ്റുധാരണകളും അതിനോടുള്ള ഭീതിയും നീങ്ങിക്കിട്ടും.

ഹിജാബണിയുന്നതിന്റെ പ്രാധാന്യവും അതിലൂടെ ലഭ്യമാകുന്ന ഗുണവും ആദ്യമായി മനസ്സിലാകേണ്ടത്മുസ്‌ലിം സഹോദരിക്കു തന്നെയാണ്. അവരാണ് അതിന്റെ ഗുണവശത്തെ സംബന്ധിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്.

മുസ്‌ലിം സ്ത്രീകള്‍ എന്തു കൊണ്ട് ഹിജാബ് അണിയുന്നു?

ഹിജാബണിഞ്ഞ മുസ്‌ലിം സ്ത്രീയെ കാണുമ്പോള്‍ “എന്തുകൊണ്ടാണിങ്ങനെ മൂടിപ്പുതച്ച്” എന്ന്, സഹോദരീ നീ അത്ഭുതപ്പെടുന്നുണ്ടോ?

ഒരു മുസ്‌ലിംസ്ത്രീയെന്ന നിലക്ക് ഹിജാബണിയുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണ് എന്നറിയാന്‍ നിനക്ക് ആഗ്രഹമുണ്ടൊ?

സഹോദരീ,
ഹിജാബണിഞ്ഞു നടക്കുമ്പോഴും, ഹിജാബിലൂടെ ലഭ്യമാകുന്ന ഗുണങ്ങളെന്തൊക്കായാണ് എന്നറിയാന്‍ നീ കൊതിക്കുന്നുണ്ടൊ?

ഇതാ ലളിതമായ ചില ഉത്തരങ്ങള്‍.

ഹിജാബ് ഒരു സുരക്ഷാ കവചമാണ്‌
അല്ലാഹു സൗന്ദര്യം നല്‍കിയാണ് സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീ സൗന്ദര്യം സുരക്ഷിതമായി മറച്ചുവെക്കപ്പെടണം എന്നത് ആ സ്രഷ്ടാവിന്റെ നിയമമാണ്.

ലൈംഗികമായി പീഢിപ്പിക്കപ്പെടാതിരിക്കുവാനും, പൊതു സമൂഹത്തില്‍ അപമാനിക്കപ്പെടാതിരിക്കുവാനും, പരസ്യപ്പലകകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാതിരിക്കുവാനും മുസ്‌ലിം സ്ത്രീകള്‍ അവരുടെ ശാരീരിക സൗന്ദര്യം ഹിജാബിലൂടെ സുരക്ഷിതമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്കാണ് സമൂഹത്തില്‍ നിന്ന് ആദരവുകളും ബഹുമാനങ്ങളും ലഭിക്കുന്നത്.

സ്വഭാവം, വ്യക്തിത്വം, ധിഷണ, ശാലീനത എല്ലാം ഒരു മുസ്‌ലിം സ്ത്രീയില്‍ പ്രകടമാകുന്നത് അവള്‍ ധരിക്കുന്ന ഹിജാബിലൂടെയാണ്.
ഹിജാബ് അല്ലാഹുവിനോടുള്ള വിധേയത്വമാണ്‌
ഒരു മുസ്‌ലിം പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കണം എന്നത് അല്ലാഹുവിന്റെ കണിശമായ നിര്‍ദ്ദേശമാണ്.

ഒരു സ്ത്രീ ഹിജാബണിയുമ്പോള്‍ അല്ലാഹുവിന്റെ പ്രസ്തുത നിര്‍ദ്ദേശമാണ് വിനയപൂര്‍വം നടപ്പിലാക്കുന്നത്. തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വം ജീവിതത്തില്‍ എല്ലായിടത്തും പ്രകടിപ്പിക്കുന്നതില്‍ ഒരു മുസ്‌ലിം സ്ത്രീക്ക് എപ്പോഴും സന്തോഷമേ ഉണ്ടാകൂ.

അതെ, മുസ്‌ലിം സ്ത്രീയുടെ മതവിശ്വാസത്തിന്റെ പ്രത്യക്ഷ സിംബലാണ് ഹിജാബ്.

ഹിജാബ് ലജ്ജയുടെ ഭാഗമാണ്‌
ഹിജാബ് മുസ്‌ലിം സ്ത്രീയുടെ നിലപാടാണ്. ഹിജാബണിയുക എന്നാല്‍ തന്റെ ശാലീനത കാത്തുസൂക്ഷിക്കുക എന്നതുമാണ്. അല്ലാഹുവിലേക്ക് അടുക്കാന്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ആചരിക്കണമൊ അവ മുഴുവനും കഴിയുന്നത്ര പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലിം സഹോദരിയുടെ ഹിജാബ്. ലജ്ജാശീലം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന മുഹമ്മദ് നിബി(സ്വ)യുടെ അധ്യാപനം ഹിജാബണിയുന്നതിന് അവള്‍ക്ക് പ്രചോദനമാണ്. അതെ, ശാലീനത മുസ്‌ലിം സ്ത്രീയുടെ കുലീനതയാണ്.

ഹിജാബ് ഹൃദയ വിശുദ്ധി നല്‍കുന്നതാണ്‌
മനസ്സിന് പവിത്രത പകരുന്നതും ശാന്തിയേകുന്നതുമാണ് ഇസ്‌ലാമിക വസ്തധാരണം. അല്ലാഹുവിന്നിഷ്ടമുള്ള വസ്ത്രം ധരിക്കുന്നൂ എന്ന ബോധം സത്യവിശ്വാസിനികളില്‍ കൂടുതല്‍ ആത്മബേധമുണ്ടാക്കും. ഹിജാബണിയുന്നവള്‍ എന്നതു കൊണ്ടു തന്നെ ജീവിതത്തില്‍ കുടൂതല്‍ സൂക്ഷ്മത കൈവരുകയും ചെയ്യും.

ഹിജാബ് ജീവിത വിശുദ്ധിക്കും നന്മക്കുമുതകുന്ന കര്‍മ്മമാണ്‌
മുസ്‌ലിം സ്ത്രീയുടെ ജീവിത മാതൃകകളില്‍ പ്രവാചക പത്‌നിമാരും സ്വഹാബാ വനിതകളുമാണ് മുന്‍പന്തിയില്‍നില്‍ക്കുന്നത്. പൂര്‍വികരായ മഹതികളെല്ലാം അവരുടെ ജീവിത വിശുദ്ധിയുടെ ഭാഗമായി ഉള്‍ക്കൊണ്ട നിലപാടാണ് ഹിജാബ്.

തങ്ങളുടെ സൗന്ദര്യം പ്രദര്‍ശന വസ്തുവല്ലെന്നും അത് അന്യരില്‍ നിന്ന് മറച്ചു പിടിക്കേണ്ടത് ജീവിത സുരക്ഷക്കും സമാധാന ജീവിതത്തിനും സര്‍വോപരി ദൈവപ്രീതിക്കും അനിവാര്യമാണെന്നും അറിവുള്ള ഒരു വിശ്വാസിനി ബോധപൂര്‍വമാണ് തന്നില്‍ ഹിജാബ് സ്വീകരിക്കുന്നത്‌
ഹിജാബ് സ്വര്‍ഗ്ഗത്തില്‍ നിന്ന് പ്രതിഫലം ലഭ്യമാകുന്നതാണ്‌
സത്യവിശ്വാസിനികള്‍ക്ക് അവരുടെ സല്‍കര്‍മ്മങ്ങള്‍ക്കനുസൃമായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

ഒരു മുസ്‌ലിം സ്ത്രീ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കുന്നത് അവളുടെ ജീവിതത്തിലെ സല്‍കര്‍മ്മമാണ്. തന്റെ വിശ്വാസത്തിന്റെപ്രകടനവുമാണത്. അവള്‍ക്കതിന് അര്‍ഹമായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുക തന്നെ ചെയ്യും.

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച്കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല്‍: 97)

പ്രിയ സഹോദരീ, ഹിജാബ്

വിശ്വാസമാണ്..
വിശുദ്ധിയാണ്..
വ്യക്തിത്വമാണ്..
ശാലീനതയാണ്..
കുലീനതയാണ്‌..

അല്ലാഹു നിന്നില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ. ആമീന്‍