കൗമാര-യുവത്വ ദശകളിലെ തലമുറകളെ വിശേഷിപ്പിക്കാന്‍ പലകാലത്തും സമൂഹം പല പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ന്യൂജെന്‍ പ്രയോഗത്തിനു മുമ്പ് കൗമാരക്കാരെ സൂചിപ്പിക്കാന്‍ ടീനേജേഴ്സ് എന്നും യുവജനങ്ങളെ വിശേഷിപ്പിക്കാന്‍ പച്ചമലയാളത്തില്‍ ക്ഷുഭിതയൗവനം എന്നുമൊക്കെയാണ് നാം പ്രയോഗിച്ചു വന്നത്. ബോധപൂര്‍വ്വമോ കൃത്രിമമായോ എന്തിനും ഏതിനും ക്ഷോഭിക്കാനും കളത്തിലിറങ്ങാനും വരുംവരായ്കകളെ അവഗണിച്ച് ആകാശത്തേക്ക് മുഷ്ടിയെറിയാനും ധൈര്യം കാണിച്ചിരുന്ന ഒരു തലമുറയായതു കൊണ്ടായിരുന്നു, അന്നു നാമവരെ ക്ഷുഭിതയൗവനം എന്ന് വിളിച്ചുവന്നത്.

ജാഹീലീ കവി, ഇംറഉല്‍ ക്വൈസ് തന്‍റെ കുതിരയെ വര്‍ണ്ണിക്കുന്ന രണ്ടു വരികളുണ്ട്. ‘മലമുകളില്‍ നിന്ന് കുതിച്ചു ചാടുന്ന വെളളച്ചാട്ടത്തില്‍ താഴേക്കുപതിക്കുന്ന കല്‍ക്കഷണം പോലെ, ഒരേ സമയം അതിധ്രുതം ഓടാനും ചാടാനും, മുന്നോട്ടും ഒപ്പം പിന്നോട്ടും പായാനും ശേഷിയുള്ളതാണെന്‍റെ കുതിര’. ഇത്തരം കുതിരകളായിരുന്നു ക്ഷുഭിതയൗവനകാല യുവാക്കള്‍. അതിനും മുമ്പെ, ഹിപ്പികളായിരുന്നു. സ്വാര്‍ത്ഥതയിലേക്കൊതുങ്ങി, കിട്ടാവുന്ന ആസ്വാദനങ്ങളില്‍ മുഴുകി അലസതയുടെ കടലോരങ്ങളില്‍ ഒബ്ളിഗേഷന്‍സുകളില്ലാതെ ജീവിച്ചവരായിരുന്നു ഹിപ്പികളെങ്കില്‍, ക്ഷുഭിതയൗവ്വനക്കാര്‍ നേരെ വിപരീത ദിശയിലായിരുന്നു. എല്ലാറ്റിലും വിപ്ലവം കൊതിക്കുകയും, എല്ലാറ്റിനും കലഹം സ്വീകരിക്കുകയും ചെയ്തവര്‍. അവരധികവും സമൂഹത്തോടൊപ്പമായിരുന്നു. സ്വയം മറന്ന് അന്യപ്രശ്നങ്ങളില്‍ തലയിട്ടു ജീവിക്കുന്നതിലായിരുന്നു അവരുടെ ആസ്വാദ്യത. വിളിക്കുന്നിടത്തേക്കൊക്കെ പോകുകയും തെളിക്കുന്ന വഴികളിലൂടെയൊക്കെ പായുകയും ചെയ്തിരുന്ന അവര്‍ക്കു പക്ഷെ, കൃത്യമായ ജീവിത ലക്ഷ്യമുണ്ടായിരുന്നില്ല. നയിക്കുന്നവരൊന്നും അവര്‍ക്കത് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നില്ല. വിപ്ലവ പ്രസ്ഥാനങ്ങളധികവും അവരെ ചൂഷണം ചെയ്ത് നശിപ്പിക്കുകയായിരുന്നു.

ഇന്നത്തെ കൗമാര-യുവതലമുറകളെ ന്യൂജനറേഷന്‍ എന്ന് ഒന്നിച്ചാണ് നാം വിശേഷിപ്പിക്കാറ്. കൗമാരക്കാരനുള്ള ടീനേജേഴ്സ് എന്ന പ്രയോഗം വെറും മന:ശ്ശാസ്ത്രജ്ഞന്‍മാരുടെ കൗണ്‍സലിംഗ് ടേബിളുകള്‍ക്കു മുന്നില്‍ മാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. ന്യൂജെന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രശ്നക്കാരുടെ തലമുറയെന്ന തോന്നലാണ് നമ്മുടെയൊക്കെ ബോധത്തിലുണ്ടാകുന്നത്. പ്രസ്തുത തോന്നലിന് മൗലികമായ ചില കാരണങ്ങളുണ്ട്. നമ്മുടെ തന്നെ വീടകങ്ങളില്‍ നിന്നാണ് ആ കാരണങ്ങള്‍ നാം കണ്ടെത്തുന്നത്. പാര്‍ക്കുകളിലും കടലോരങ്ങളിലുമൊക്കെ ഹിപ്പികളെ കാണാമായിരുന്നു. പാതകളിലും സമരമുഖങ്ങളിലും ക്ഷുഭിതയൗവനങ്ങളെ കാണാമായിരുന്നു. ന്യൂജെനെ നാം കാണുന്നത് അധികവും നമ്മുടെ വീടകങ്ങളില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഓരോ കുടുംബത്തിനും അവരെപ്പറ്റി അനുഭവങ്ങളുണ്ട്, നിരീക്ഷണങ്ങളുണ്ട്, നിരൂപണങ്ങളും നിലപാടുകളുമുണ്ട്.

കൗമാരം സ്വപ്നാടനത്തിന്‍റെ കാലമാണ്. കാണാവുന്നതും കാണേണ്ടതുമായ സ്വപ്ന സൂചനകള്‍ ഓള്‍ഡ് ജനറേഷന്‍ ശ്രദ്ധാപൂര്‍വം അവര്‍ക്ക് നല്‍കുന്നില്ല എങ്കില്‍ കാണുന്ന സ്വപ്നങ്ങളിലെല്ലാം അവര്‍ മുഴുകുയൊഴുകും. യാഥാര്‍ത്ഥ്യങ്ങളെപ്പോലും വെറും സ്വപ്നതുല്യമായി മാത്രമേ അവര്‍ പരിഗണിക്കൂ. അവരില്‍ ശാഠ്യവും നിഷേധവുമുണ്ടാകുന്നത് നമ്മില്‍ നിന്ന് വിരോധങ്ങള്‍ മാത്രം കാണുന്നതു കൊണ്ടും കേള്‍ക്കുന്നതു കൊണ്ടുമാണ്. നല്‍കാന്‍ കഴിയുന്നുവെങ്കിലാണ് വിരോധിക്കാനുള്ള അവകാശം പോലും ആര്‍ക്കുമുണ്ടാകുന്നത്. ഇസ്ലാം ഇവിടെ ഉയര്‍ന്നു നില്‍ക്കുന്നു. കൗമാരക്കാരനായിരുന്ന അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)ന്ന് പ്രവാചക ശ്രേഷ്ഠന്‍(സ്വ) നല്‍കിയ സാരോപദേശവും ഉപദേശ സന്ദര്‍ഭവും ഹദീസില്‍ വന്നിട്ടുണ്ട്.

പതിവു പോലെ പ്രവാചകനോടൊപ്പം അവിടുത്തെ ഒട്ടക്കപ്പുറത്തിരുന്ന് സഞ്ചരിക്കുകയായിരുന്നു ഇബ്നു അബ്ബാസ്(റ). നബി(സ്വ) സ്നേഹമസൃണമായി വിളിച്ചു: “മോനേ, നിനക്ക് ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞുതരികയാണ്. ശ്രദ്ധയോടെ കേള്‍ക്കണം. ജീവിതത്തില്‍ അല്ലാഹുവിനെ എന്നും സുക്ഷിക്കുക. അവന്‍ നിന്നെ സംരക്ഷിച്ചു കൊള്ളും. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുമെങ്കില്‍ നിന്‍റെ ഏതു ജീവിത ഘട്ടത്തിലും അവനെ നിനക്കുമുന്നില്‍ കാണാനാകും. എല്ലാം അല്ലാഹുവിനോടു മാത്രം ചോദിക്കുക. ഏതു കാര്യത്തിനും അവനോടു മാത്രം സഹായം തേടുക. ഒരു കാര്യം ഓര്‍മ്മ വേണം; സമൂഹം ഒന്നടങ്കം ശ്രമിച്ചാലും അല്ലാഹു നിനക്കു നിശ്ചയിച്ചതല്ലാതെ യാതൊന്നും അവര്‍ക്കു ചെയ്തു തരാന്‍ സാധിക്കില്ല. സമൂഹം മുഴുവന്‍ ഒരുമിച്ചാലും അല്ലാഹു നിനക്കായി തീരുമാനിച്ച പരീക്ഷണമല്ലാതെ മറ്റൊരു ഉപദ്രവവും നിന്നെ ഏല്‍പ്പിക്കാനും അവര്‍ക്കാകില്ല.” (തിര്‍മിദി)

യുവത്വം ചലനാത്മകമാണ്. വേഗമാണ് അവരുടെ സ്വഭാവം. പ്രതീക്ഷയേക്കാള്‍ ആകാംക്ഷയുടെ തേരിലാകും അവരുടെ യാത്ര. അതു കൊണ്ടുതന്നെ നാമവര്‍ക്കു നല്‍കേണ്ടത് കൃത്യമായ ദിശയും അതിലേക്കുള്ള വഴിയും ആ വഴിയേ സഞ്ചരിക്കാനുള്ള വെളിച്ചവുമാണ്. ഈ മൂന്നും നാമവര്‍ക്കു നല്‍കുന്നുണ്ട്. പക്ഷെ, ഭാവിയിലെ ജോലിയും അതിലേക്കുള്ള പഠനവും അതിന്നായുള്ള ഗൈഡുകളും മാത്രമാണ് നാമവര്‍ക്കു നല്‍കുന്ന ദിശയും വഴിയും വെളിച്ചവും എന്നു മാത്രം!

ഇത്, അതിവിപുലമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലമാണ്. ആകാംക്ഷയില്‍ വരുന്ന ഏത് വിവരവും വിരല്‍കൊണ്ട് ‘തോണ്ടി’യെടുക്കാന്‍ സാധിക്കുന്ന വിസ്മയ കാലം! നമുക്കോര്‍മ്മയുണ്ടാകും: ക്ഷുഭിത യൗവനക്കാര്‍ മുദ്രാവാക്യങ്ങളിലായിരുന്നു അഭിരമിച്ചിരുന്നത്. അതുകൊണ്ടാണ് ശബ്ദകോലാഹലങ്ങളുമായി നമുക്കവരെ തെരുവുകളില്‍ കാണാന്‍ കഴിഞ്ഞത്. ന്യൂജനറേഷന്‍ പക്ഷെ, വെറും ‘മുദ്ര’കളിലാണ് -ഐക്കണുകള്‍- അഭിരമിക്കുന്നത്. മുദ്രാവാക്യങ്ങള്‍ക്ക് തുറന്ന ‘സ്പെയ്സ്’ വേണം. അതു കേള്‍ക്കാന്‍ വലിയ ‘മാസ്സ്’ വേണം. മുദ്രകള്‍ക്ക് ഇതു രണ്ടും വേണമെന്നില്ല. വീട്ടിലെ റൂം, കാമ്പസിലെ ക്ലാസ് മുറി, ബീച്ചിലെ സിമന്‍റു ബെഞ്ച്, നടക്കുന്ന വഴിയോരം ഇങ്ങനെയൊക്കെയുള്ള ചെറിയ സ്പെയ്സുകള്‍ മതി ഐക്കണുകള്‍ക്ക്. കോളേജിലെ മരച്ചുവട്ടില്‍ ക്ലാസ്മേറ്റ്സിനോടൊപ്പമിരിക്കുമ്പോഴും, അവര്‍ക്കിടയില്‍ താനിരിക്കുന്ന ചെറിയ സ്പെയ്സിലിരുന്ന് ലോകസഞ്ചാരം നടത്തുന്ന ന്യൂജനെ കൃത്യമായി വിലയിരുത്തുക അസാധ്യമാണ്. ‘താന്‍ തന്നെത്തന്നെ മാത്രമാണ് ശ്രദ്ധിക്കുന്നത്’ എന്ന അപവാദമം ന്യൂജനറേഷന്‍ കേള്‍ക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അത് സത്യമാകാം. എന്നാല്‍, നമുക്കു കാണാന്‍ കഴിയാത്ത വലിയ ഒരു ആള്‍ക്കൂട്ടം ഒരു ചെറിയ ഡിവൈസിനകത്ത് അവനോടൊപ്പമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അദൃശ്യ ആള്‍ക്കൂട്ടമാണ് നമ്മുടെ യുവതക്ക് വഴികാട്ടുന്നതും അല്ലെങ്കില്‍ അവരെ വഴിപിഴപ്പിക്കുന്നതും.

വീട്ടിനരികിലെ, കാംപസുകള്‍ക്കകത്തെ, ജോലിസ്ഥലങ്ങളിലെ സൗഹൃദങ്ങള്‍ യാന്ത്രികമായിത്തീരുകയും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അയച്ചു കിട്ടുന്ന ‘സൗഹൃദാപേക്ഷ’കളില്‍ മുഴുവന്‍ കഴ്സര്‍കുത്തി ആണ്‍പെണ്‍ സുഹൃദ്വലയങ്ങള്‍ സാര്‍വത്രികമാകുകയും ചെയ്തിട്ടുള്ള കാലമാണിത്. തന്‍റെ മകനോടൊപ്പം നടക്കുന്ന കൂട്ടുകാരന്‍റെ സ്വഭാവം നോക്കി അവനോടൊപ്പം നടക്കണൊ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കാനുള്ള സാധ്യത ഓരോ രക്ഷിതാവിനുമുണ്ടായിരുന്ന കാലം കഴിഞ്ഞിരിക്കുകയാണ്. തന്‍റെ കൂട്ടുകാരനെ കൂട്ടുകാരിയെ താന്‍ മാത്രം തെരഞ്ഞെടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മിക്ക പ്രൊഫൈലുകളും കപടമാണ് എന്നതു കൊണ്ടു തന്നെ പ്രൊഫൈലുകളെ നോക്കി സൗഹൃദം ചേരുന്നവര്‍ പോലും അപകടത്തിലകപ്പെടുന്ന ദുരവസ്ഥ! യുവ സമുഹത്തിന് മുഹമ്മദു നബി(സ്വ) നല്‍കിയ സാരോപദേശം ഗുണകാംക്ഷയോടെ പുതുതലമുറയെ പഠിപ്പിക്കുക എന്നതാണ് ഇവിടെ കരണീയം.

പ്രവാകന്‍(സ്വ) പറഞ്ഞത് ഇപ്രകാരമാണ്; അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “ഓരോ വ്യക്തിയും താന്‍ സ്വീകരിക്കുന്ന കൂട്ടുകാരന്‍റെ ആദര്‍ശത്തിലായിരിക്കും നിലകൊള്ളുക. അതിനാല്‍ ആരുമായി കൂട്ടുകൂടണമെന്ന് ഗൗരവപൂര്‍വം നിങ്ങളാലോചിക്കുക.” (അഹ്മദ്)

നമ്മുടെ വിശ്വാസത്തേയും ഭക്തിയേയും ജീവിത സൂക്ഷ്മതകളേയും നശിപ്പിക്കുന്ന ആശയഗതികളും നിലപാടുകളും സ്വഭാവങ്ങളും കൈമുതലായുള്ളവരുമായുള്ള സൗഹൃദങ്ങളെ അവഗണിക്കാനും, ഇസ്ലാമിക ജീവിതത്തിനും പാരത്രിക വിജയത്തിനും സഹായകമാകുന്ന സൗഹൃദങ്ങളെ കണ്ടെത്താനും അവയെ നിലനിര്‍ത്താനും പ്രേരിപ്പിക്കുകയാണ് മുഹമ്മദു നബി(സ്വ) ഈ സാരോപദേശത്തിലൂടെ ചെയ്യുന്നത്. ഈ ബോധം പുതുതലമുറയുടെ മനസ്സില്‍ ഗാഢമായി സന്നിവേശിപ്പിക്കാനാകണം കാംപസുകളില്‍ ശ്രദ്ധയൂന്നുന്ന വിദ്യാര്‍ത്ഥീ പ്രബോധക സംഘങ്ങളുടെ ശ്രമം.

രാവും പകലും അശ്ലീലതകളില്‍ കണ്ണുനട്ട് ജീവിതം നശിപ്പിക്കുന്നുവെന്ന അപരാധവും ന്യൂജനറേഷന്‍ കേള്‍ക്കുന്നുണ്ട്. പ്രായഭേദമെന്യെ ആളുകള്‍ ആണ്‍പെണ്‍ നഗ്നതകളാസ്വദിക്കുന്ന ഏര്‍പ്പാട് എക്കാലത്തുമുണ്ടായിട്ടുണ്ട്. മുമ്പൊക്കെ ഒളിഞ്ഞു നോക്കണമായിരുന്നു. മതിലുകള്‍ ചാടണമായിരുന്നു. ഇന്ന് അങ്ങനെ വേണ്ട എന്നു മാത്രം. തെളിഞ്ഞു തന്നെ നോക്കാനുള്ള ലോകപരിസരം സ്വന്തം കൈപ്പത്തിയിലാണുള്ളത്. വെറും മതിലല്ല ഇന്‍റര്‍നെറ്റിലെ അഗ്നിമതിലുകള്‍ വരെ -ഫയര്‍വാളുകള്‍- നിഷ്പ്രയാസം ചാടിക്കടക്കാനുള്ള വിദ്യകളും ആരാന്‍റെ രഹസ്യങ്ങളെ അല്ലെങ്കില്‍ പരസ്യങ്ങളെ നിര്‍ബാധം ആസ്വദിക്കാനുള്ള സാധ്യതകളും ഇന്നുണ്ട്. നൈമിഷികമായ വികാരങ്ങള്‍ക്ക് ഉല്ലാസം പകരാനായി പോര്‍ണോഗ്രാഫികള്‍ക്ക് അഡിക്റ്റായ യുവാക്കളും യുവതികളും നിരവധിയാണ്. അത്തരക്കാര്‍ക്ക് ഭൗതികമായ ലക്ഷ്യങ്ങളും പാരത്രികമായ ലക്ഷ്യങ്ങളും നേടാനാകാത്തവിധം ജീവിതം നശിക്കുകയാണ്.

ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. പത്തു വയസ്സാകുന്ന കുട്ടിയുടെ കയ്യില്‍ രക്ഷിതാക്കള്‍ ഐഫോണ്‍ കളിക്കാന്‍ കൊടുക്കുന്നു. അവനെ നോക്കാന്‍, കളിപ്പിക്കാന്‍ അവര്‍ക്കു നേരമില്ല. എല്ലാവരും ബിസിയാണ്. പതിനഞ്ചു വയസ്സാകുമ്പോഴേക്കും അവനാ ഡിവൈസിലൂടെ ലോകം കറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകും. രക്ഷിതാക്കള്‍ സമ്പാദ്യങ്ങളുടെ പിന്നാലെയാണ്. പതിനാറു വയസ്സില്‍ അവനൊരു പ്രണയത്തില്‍ വീണു കഴിഞ്ഞിട്ടുണ്ടാകും. എന്തു ചെയ്യാം, അവനെ സ്നേഹിക്കാന്‍ വീട്ടിലൊരാളുമില്ല. പബുകളില്‍ കയറിയിറങ്ങിത്തുടങ്ങിയിരിക്കും അവന്‍റെ പതിനേഴാമത്തെ വയസ്സില്‍. പതിനെട്ടാമത്തെ വയസ്സില്‍ പിതാവു നല്‍കിയ സമ്മാന ബൈക്കുമായി കാംപസിനകത്തും പുറത്തും ചെത്തി നടക്കുകയാണ് അവന്‍. പത്തൊമ്പതു വവയസ്സു കഴിയുമ്പോഴേക്കുംപരിധികളില്ലാത്ത ആസ്വാദന മേഖലകളില്‍ അവന്‍ എത്തിപ്പെട്ടിരിക്കും. കുത്തഴിഞ്ഞ ലൈംഗികതകള്‍ അവന്‍റെ ജീവിത ഭാഗമായി മാറിക്കഴിഞ്ഞിരിക്കും. അപ്പോഴും രക്ഷിതാക്കള്‍ അവന്നു വേണ്ടിയുളള പണച്ചെലവുകള്‍ക്ക് പരക്കംപായുകയായിരിക്കും. തന്‍റേതായ ഒരു അധ്വാനവുമില്ലാതെ ജീവിച്ചു പോകുന്ന അവന്‍ മുപ്പതാമത്തെ വയസ്സാകുമ്പോഴേക്കും ഭൂമിയിലെ എല്ലാത്തരം അനുഭൂതികളിലും തന്‍റെ ചുണ്ടു ചേര്‍ത്തുകഴിഞ്ഞിരിക്കും. പിന്നെയൊരു വിവാഹം; ആദ്യ രാത്രിയെ കുറിച്ച് അവന്ന് യാതൊരു സങ്കല്‍പവുമില്ല, ആകാംക്ഷയുമില്ല. എന്തുകൊണ്ടെന്നാല്‍ എത്രയോ ആദ്യ രാത്രികള്‍ അവന്‍റെ ജീവിതത്തില്‍ മുന്നേ കഴിഞ്ഞു പോയിരിക്കുന്നു! പ്രസ്തുത ലേഖനം അവസാനിക്കുന്നത് ഇപ്രകാരമാണ്: ഇത് നമ്മുടെ പുതുതലമുറയില്‍ കാണാനാകുന്ന അതിഭീകരമായൊരു യാഥാര്‍ത്ഥ്യമാണ്.

പ്രശ്നത്തെപ്പറ്റി പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് പരിഹാരങ്ങളെ കുറച്ചാകണം. ഇസ്ലാം അങ്ങനെയാണ്. സ്രഷ്ടാവിനെ സംബന്ധിച്ച കൃത്യമായ ബോധം യുവതയിലുണ്ടാക്കുക. ഉപേദശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിരന്തരം, അതെ, നിരന്തരം തന്നെ തുടര്‍ന്നു കൊണ്ടിരിക്കുക. അല്ലാഹുവിന്‍റെ നിത്യനിരീക്ഷണത്തെ സംബന്ധിച്ച അവബോധം മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുക. പാപബോധം മാത്രമല്ല പശ്ചാത്താപപാഠങ്ങളും നല്‍കുക. എല്ലാവരും ചുമരുകളില്‍ സ്ഥാപിച്ച സര്‍വൈലെന്‍സ് കാമറകളെയാണ് ഭയക്കുന്നത്. എന്നാല്‍, അല്ലാഹുവിന്‍റെ നിരീക്ഷണം സകല കാമറകളെക്കാളും ശക്തമാണ്. രാപകല്‍ ഭേദമെന്യെ നമ്മുടെ ജീവിതം റെക്കോഡ് ചെയ്പ്പെടുന്നുണ്ട്. ഒരുനാള്‍ അവയെ മുഴുവനും നമ്മുടെ മുന്നില്‍ അല്ലാഹു നിരത്തിക്കാണിക്കും. അന്നു നാണിച്ചിട്ടു കാര്യമില്ല; ഖേദിച്ചിട്ടും. സംശുദ്ധമായ മനസ്സുമായി പരലോകത്തെത്തുമ്പോഴാണ് റബ്ബിന്‍റെ പാപമോചനത്തിനും സ്വര്‍ഗ്ഗ പ്രവേശനത്തിനും അനുഗ്രഹം ലഭിക്കുക. നൈമിഷികമായ ആസ്വാദനങ്ങള്‍ക്കു വേണ്ടി കണ്ണും കാതും ശരീരവും നാം മലിനമാക്കുന്നതെന്തിനാണ്? അല്ലാഹുവിന്‍റെ അതിഗൗരവമര്‍ഹിക്കുന്ന ഒരു സാരോപദേശമുണ്ട്. പ്രസ്തുത ഉപദേശത്തെ സ്വീകാര്യമാം വിധം പുതുതമുറയെ പറഞ്ഞു പഠിപ്പിക്കാന്‍ നമുക്കാകണം. അതിനെ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ ഖല്‍ബില്‍ ഈമാന്‍ സൂക്ഷിക്കുന്ന വിശ്വാസികള്‍ തയ്യാറാകുകയും വേണം. അല്ലാഹു പറഞ്ഞു:

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഇസ്രാഅ്: 36)

പ്രത്യേകം തുരുത്തു നിര്‍മ്മിച്ച് ന്യൂജനറേഷനെ അതിന്നുള്ളില്‍ അകറ്റിനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. പഴയത് പുതിയത് എന്ന വ്യത്യാസമില്ലാതെ എല്ലാവരിലും ഈ കാലഘട്ടത്തിന്‍റെ പുഴുക്കുത്തുകളും അഴുക്കുകളും ബാധിക്കുന്നുണ്ട്. ജീവിത പരിസരം അങ്ങനെയാണ്. മനസ്സും ശരീരവും മലിനമാകാം. കഴുകി വൃത്തിയാകുക എന്നത് അതിന്നുള്ള പരിഹാരവും. വിശുദ്ധ ഇസ്ലാം പ്രശ്നവും പരിഹാരവും പരിഗണിക്കുന്ന മതമാണ്. ഒരു പാപിക്കും നിരാശ നല്‍കാത്ത പ്രകൃതമാണ് ഇസ്ലാമിന്‍റെത്. വഴിതെറ്റുന്നുവെങ്കില്‍ വഴിപറഞ്ഞു കൊടുക്കുന്ന ആദര്‍ശം. തെറ്റുകളിലകപ്പെടുന്നുവെങ്കില്‍, ദു:ഖിക്കേണ്ടതില്ല, മാപ്പു നല്‍കാനും കരുണ ചൊരിയാനും അരികില്‍ അല്ലാഹുവുണ്ടെന്ന പ്രതീക്ഷ നല്‍കുന്ന മതം.

അല്ലാഹു പറഞ്ഞു: “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)