എളിമയുടെ ചിറകുകള്‍ക്കു കീഴില്‍ ചേര്‍ത്തു നിര്‍ത്തുക

1997

ദുനിയാവിലെ അമൂല്യമായ രണ്ട് രത്നങ്ങളാണ് ഉമ്മയും ഉപ്പയും. പഴകും തോറും മാറ്റു വര്‍ദ്ധിക്കുന്ന രണ്ടു രത്നങ്ങള്‍. അവയുടെ മഹിമ മനസ്സിലാക്കുന്നവരും സ്വന്തം ജീവിതത്തില്‍ അവയെ ചോര്‍ന്നു പോകാതെ ചേര്‍ത്തു വെക്കുന്നവരും മഹാഭാഗ്യവാന്മാരാണ്. പക്ഷെ, ദുനിയാവില്‍ അധികപേരും അക്കാര്യത്തില്‍ ദൗര്‍ഭാഗ്യവാന്മാരും പരാജിതരുമാണ്.

ഉമ്മയുടെ മടിത്തട്ടിനേക്കാള്‍ മൃദുലമായൊരു വിരിപ്പില്ല. ഉപ്പയുടെ കരങ്ങളേക്കാള്‍ സുരക്ഷിതമായൊരു തൊട്ടിലില്ല. ഭൂമിയില്‍ ജന്മം കൊണ്ടവരൊക്കെ – ചിലരൊഴികെ – ഈ രണ്ടു നന്മകളും ജീവിതത്തില്‍ അനുഭവിച്ചവരാണ്. പിതാവിന്‍റെ നെഞ്ചില്‍ പിച്ചവെച്ചാണ് നാമെല്ലാവരും ജീവിതത്തില്‍ വീഴാതെ നടക്കാന്‍ പഠിച്ചത്. മാതാവിന്‍റെ കൈത്താങ്ങു നല്‍കിയ ബലത്തിലാണ് ധൈര്യപൂര്‍വം മുന്നോട്ട് നടക്കാന്‍ നമുക്കിന്നാകുന്നത്. അല്ലാഹു നമുക്കായി സംവിധാനിച്ച രണ്ടു ദയാപര്‍വ്വങ്ങളാണ് മാതാവും പിതാവും.

വിവാഹം മനുഷ്യനില്‍ അല്ലാഹു സന്നിവേശിപ്പിച്ച പ്രകൃതിയാണ്. ഇണകളായി ജീവിക്കുമ്പോള്‍ അവരില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങളാണ് സ്നേഹവും കരുണയും. പ്രസ്തുത ഗുണങ്ങളെ, തന്നില്‍ നിന്നുള്ള ദാനമായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുമുണ്ട്. സ്നേഹവും കരുണയും ഭാര്യാഭര്‍ത്താക്കളില്‍ മാത്രം ഒതുങ്ങി നില്‍ക്കാനുള്ളതല്ല. മാതാവും പിതാവുമാകുന്നതോടെ തങ്ങളുടെ സന്താനങ്ങളിലേക്കും അവ പകര്‍ന്നു നല്‍കപ്പെടണം. സുശക്തവും ആഹ്ലാദഭരിതവുമായ കുടുംബ ജീവിതത്തിലെ അനിവാര്യമായ പ്രക്രിയയാണിത്. ലോകത്ത് ഈ പ്രക്രിയ അഭംഗുരം തുടര്‍ന്നു വരുന്നുണ്ട്. നമ്മുടെ മാതാപിതാക്കളില്‍ അല്ലാഹു സന്നിവേശിപ്പിച്ച ഈ സ്നേഹകാരുണ്യങ്ങള്‍ നിര്‍ലോപം അനുഭവിച്ചു വളര്‍ന്നവരാണ് നമ്മള്‍.

ഇസ്ലാം ഓരോ വിശ്വാസിയുടെ നെഞ്ചിലും മാതാപിതാക്കളോടുള്ള സ്നേഹവും ആദരവും അവരോടു കാണിക്കേണ്ട ഉത്തരവാദിത്ത നിര്‍വഹണത്തിന്‍റെ പ്രാധാന്യവും കൊത്തിവെക്കുന്നുണ്ട്. നമ്മെ നാമാക്കിത്തീര്‍ക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക്, അവര്‍ സഹിച്ച പ്രയാസങ്ങള്‍, അവര്‍ ചെയ്ത ത്യാഗങ്ങള്‍ ഇവയെല്ലാം മക്കളെന്ന നിലക്ക് നമ്മുടെ ശ്രദ്ധയിലുണ്ടാകണമെന്ന് ഇസ്ലാം ശഠിക്കുന്നുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ വായിക്കുക:

“തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു.” (അഹ്ക്വാഫ്: 15)

എല്ലാ മക്കളോടുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ വിശുദ്ധ വാക്യം. മാതാവിന്‍റെ ആയാസ രഹിതമായ ഗര്‍ഭകാലം, പ്രയാസങ്ങള്‍ നിറഞ്ഞ പ്രസവ ഘട്ടം, നിതാന്ത ജാഗ്രതയോടെയുള്ള മുലയൂട്ടല്‍, അങ്ങനെ മാസങ്ങള്‍ നീണ്ട ത്യാഗങ്ങളാണ് മാതാവിന്‍റേത്. ഇവയിലൊക്കെ പിതാവിന്നുമുണ്ട് പങ്ക്. വയറില്‍ ഉമ്മ നമ്മെ ഗര്‍ഭം ചുമക്കുമ്പോള്‍ ഉപ്പയുടെ ശിരസ്സിലായിരുന്നു ആ ഭാരം. ഉമ്മ നമുക്ക് ജന്മം നല്‍കുമ്പോള്‍ ഉപ്പയുടെ മനസ്സിലായിരുന്നു അതിന്‍റെ വേദന. ഉമ്മ നമ്മെ മുലയൂട്ടുമ്പോള്‍ ഉപ്പ അധ്വാനത്തിലായിരുന്നു; നമ്മുടെ ഓരോ വളര്‍ച്ചയിലും നമുക്ക് അന്നമൂട്ടാന്‍.

ശൈഖ് അബ്ദുറഊഫ് അല്‍ഹന്നാവിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ സംഗതമാണ്. “ഒമ്പതു മാസക്കാലമാണ് അവള്‍ നിന്നെ ചുമന്നത്. ഗര്‍ഭപാത്രത്തിലെ നിന്‍റെ ഓരോ ചെറുവളര്‍ച്ചയും അവളിലുണ്ടാക്കിയത് ഭാരമായിരുന്നു. ബലഹീനതയായിരുന്നു. ദുര്‍ബലയായിരുന്നിട്ടും വഹിക്കാവുന്നതിലുമധികം ഭാരം വഹിച്ചവള്‍! അങ്ങനെ നീ പുറത്തു വന്നു! എന്നിട്ടും അവളുടെ പ്രയാസങ്ങള്‍ക്ക് അറുതിവന്നുവോ; ഇല്ല! ജീവിതത്തില്‍ അവ കൂടുകയാണുണ്ടായത്. പക്ഷെ, നിന്‍റെ പുഞ്ചിരികള്‍, നിന്‍റെ കൊഞ്ചലുകള്‍ അവളുടെ വേദനകളെ മറപ്പിച്ചു കളഞ്ഞു. നെഞ്ചിലെ ആശകളും പ്രതീക്ഷകളും നീയുമായവളെ ബന്ധിപ്പിച്ചു നിര്‍ത്തി. ജീവിതത്തിന്‍റെ ആനന്ദവും അലങ്കാരവും നീയായിരുന്നു അവള്‍ക്ക്. കുഞ്ഞായിരിക്കെ, രാപകലുകള്‍ നിനക്കു വേണ്ടി സേവന നിരതയായിരുന്ന അവള്‍, നിന്‍റെ കൈകാല്‍ വളര്‍ച്ചയില്‍ ജാഗരൂകയായിരുന്നു. നിന്നെ ഊട്ടാന്‍, നിന്നെ ഉറക്കാന്‍, നിന്നെ കളിപ്പിക്കാന്‍, കുളിപ്പിക്കാന്‍ അങ്ങനെയങ്ങനെ എല്ലാറ്റിനുമെല്ലാറ്റിനും… ഒരു തണുത്ത കാറ്റടിച്ചാല്‍, ഒരു ഈച്ച പാറിയാല്‍ നിന്‍റെ മേല്‍ അവള്‍ ഭയക്കുമായിരുന്നു. നീ മുലകുടി നിര്‍ത്തുകയും കൊച്ചടിവെച്ചു നടക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിരന്തരം നിന്‍റെ പിറകെയായിരുന്നു. കാലിടറുമൊ, മറിഞ്ഞു വീഴുമൊ, മുട്ടു പൊട്ടുമൊ… റബ്ബേ എന്‍റെ കുഞ്ഞ്, കാത്തോളണേ എന്ന പ്രാര്‍ഥനയായിരുന്നു!”

“നീ വളര്‍ന്ന് വലിയവനായപ്പോഴും ആ കരുണ നിറഞ്ഞ കണ്ണുകളും, സ്നേഹം വഴിഞ്ഞ നെഞ്ചകവും നിന്‍റെ പിറകെത്തന്നെയായിരുന്നു. നീ തളര്‍ന്നപ്പോഴൊക്കെ താങ്ങായി! നീ കിതച്ചപ്പോഴൊക്കെ തണലായി! നീ കരഞ്ഞപ്പോഴൊക്കെ കണ്ണീരായി…! വെറുതെയാണൊ, പടച്ചവന്‍ പിതാവിനേക്കാള്‍ പ്രാധാന്യം നിന്‍റെ മാതാവിന്നു നല്‍കിയത്?!! വെറുതെയാണൊ, പ്രവാചക ശ്രേഷ്ഠന്‍(സ്വ) നിന്‍റെ മാതാവിന്‍റെ കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ വസ്വിയ്യത്തുകള്‍ ഏകിയത്?!”

മക്കള്‍ക്കു വേണ്ടിയുള്ള പിതാവിന്‍റെ ത്യാഗങ്ങളും ചെറുതല്ല. രാവും പകലും അവര്‍ അധ്വാനിച്ചിരുന്നത് മക്കള്‍ക്കു വേണ്ടിയായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍, അവര്‍ക്ക് വസ്ത്രം നല്‍കാന്‍, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍, അവരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണ് പിതാക്കള്‍. മക്കളുടെ ഓരോ വളര്‍ച്ചയിലും പിതാവൊഴുക്കിയ വിയര്‍പ്പിന്‍റെ ഗന്ധമുണ്ട്. സന്താനങ്ങളുടെ നന്മകളിലും നേട്ടങ്ങളിലും എന്നും അഭിമാനത്തോടെ സന്തോഷിക്കുന്നവരാണ് ഉപ്പമാര്‍. നല്ല ശിക്ഷണം നല്‍കി മാതൃകായോഗ്യരായ മക്കളാക്കി വളര്‍ത്താന്‍ പിതാക്കള്‍ സഹിക്കുന്ന പ്രയാസങ്ങളും ശ്രമങ്ങളും നമ്മുടെ ശ്രദ്ധയില്‍ എപ്പോഴുമുണ്ടാകണം. മാതാവും പിതാവും മക്കള്‍ക്കു വേണ്ടി ചെയ്ത ത്യാഗങ്ങളും അവരുടെ വളര്‍ച്ചയുടെ മാര്‍ഗത്തില്‍ സഹിച്ച വിഷമങ്ങളും പരിഗണിച്ചു കൊണ്ട് പടച്ച തമ്പുരാന്‍ നമുക്കു നല്‍കുന്ന ഉപദേശം നോക്കൂ:

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാവിനും പിതാവിനും നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.” (ഇസ്റാഅ്: 23)

സ്വന്തം ഉപ്പയേയും ഉമ്മയേയും സ്നേഹിക്കാനും അവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാനും സാധിക്കുന്ന ഓരോ മകനും മകളും അല്ലാഹുവില്‍ നിന്ന് അനുഗ്രഹം സിദ്ധിച്ചവനാണ്. അല്ലാഹുവിന്‍റെ പ്രത്യേകമായ അനുകമ്പയും പരിശുദ്ധിയും ലഭിച്ച, ധര്‍മ്മനിഷ്ഠനായ യഹ്യ (അ) പ്രവാചകനെ ക്വുര്‍ആന്‍ അനുസ്മരിക്കുന്നത് കാണുക:

“തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനായിരുന്നു അദ്ദേഹം. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല, അദ്ദേഹം.” (മര്‍യം: 14)

പ്രപഞ്ചനാഥനില്‍ നിന്ന് ഒട്ടേറെ അനുഗ്രഹങ്ങള്‍ സിദ്ധിച്ച ഈസ നബി(അ) പ്രസ്തുത അനുഗ്രഹങ്ങളില്‍ നിന്ന് പ്രാധാന്യപൂര്‍വം എടുത്തു പറയുന്നത്; “അവന്‍ എന്നെ എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല” (മര്‍യം: 32) എന്നാണ്.

മാതാപിതാക്കളെ സ്നേഹിക്കുന്നത്, അവരെ സേവിക്കുന്നത് ജിഹാദാണ്. അവരോട് മാന്യമായും കരുണയോടെയുമാണ് നമ്മള്‍ പെരുമാറേണ്ടത്. നല്ല നിലയിലാണ് അവരോട് സംസാരിക്കേണ്ടത്. അവര്‍ക്ക് വേദനയുണ്ടാക്കും വിധമുള്ള പ്രയോഗങ്ങള്‍ പോലും നമ്മുടെ വാക്കുകളില്‍ ഉണ്ടാകരുത്. രക്ഷിതാക്കളുടെ വാര്‍ദ്ധക്യ കാലത്ത് നമ്മുടെ സ്നേഹവും പരിലാളനകളും സമൃദ്ധമായി നാമവര്‍ക്ക് നല്‍കണം.

പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യുടെ വാക്കുകള്‍ ശ്രദ്ധിക്കൂ. തിരുമേനിയുടെ അടുക്കല്‍  തന്‍റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ വന്നു നില്‍ക്കുകയാണ്. പ്രവാചകനോടയാള്‍ ചോദിച്ചു: റസൂലേ, ഈ ഞാന്‍ ആരോടാകണം ഏറ്റവും നന്നായി പെരുമാറേണ്ടത്? ആരാണ് എന്‍റെ സ്നേഹാദരവുകള്‍ക്ക് ഏറ്റവും കൂടുതല്‍ അര്‍ഹര്‍? തിരുമേനി(സ്വ) അരുളി: നിന്‍റെ ഉമ്മ. അയാള്‍: പിന്നെയാര്? തിരുമേനി: നിന്‍റെ ഉമ്മ. അയാള്‍: പിന്നെയാര്? തിരുമേനി: നിന്‍റെ ഉമ്മ അയാള്‍: പിന്നെയാര്? തിരുമേനി: നിന്‍റെ ഉപ്പ. (നിവേദനം അബൂ ഹുറയ്റ, സ്വഹീഹുല്‍ ബുഖാരി)

ഇന്ന് ലോകമാകെ മാറിയിരിക്കുന്നു. സ്വാര്‍ത്ഥത മനുഷ്യ മനസ്സുകളില്‍ തീര്‍ത്തും ഇരുള്‍ പരത്തിയിരിക്കുന്നു. സ്നേഹവും കാരുണ്യവും അലിവും ദയയുമൊക്കെ ദൈനംദിന ജീവിതത്തില്‍ അപരിചിതമായ അവസ്ഥയിലായിത്തീര്‍ന്നിരിക്കുകയാണ്. മാതാപിതാക്കളെ സ്വന്തം വളര്‍ച്ചയിലേക്കുള്ള ഏണികളായി മാത്രം കാണുന്ന നിഷ്ഠൂരമായ മാനസിക നിലയിലാണ് അധിക മക്കളും. നായ്ക്കൂടുകളില്‍ അടയ്ക്കപ്പെടുന്നവര്‍. വഴിവക്കുകളില്‍ തള്ളപ്പെടുന്നവര്‍. മൂന്നാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ് കൊല്ലപ്പെടുന്നവര്‍. വൃദ്ധസദനങ്ങളില്‍ ‘ദയാപൂര്‍വം’ നടതള്ളപ്പെടുന്നവര്‍. അങ്ങനെയങ്ങനെ എത്രയെത്ര മാതാപിതാക്കളാണ് നമ്മുടെ ചുറ്റുഭാഗത്തും -അല്ല, നമ്മില്‍ തന്നെ- അവഗണനയുടെ കയ്പുകടലില്‍ മുങ്ങിത്താണു ജീവിക്കുന്നത്! എന്നിട്ടും അവരാരും തങ്ങളുടെ മക്കള്‍ക്കെതിരില്‍ അല്ലാഹുവിനോട് ഒരു വാക്കു പോലും ഉരിയാടുന്നില്ല! അവരുടെ കൈകളെങ്ങാനും അവനിലേക്കുയര്‍ന്നിരുന്നുവെങ്കില്‍ അഭിശപ്തരായി മരിച്ചു വീണ ആണ്‍പെണ്‍ മക്കളുടെ ഖബറിടങ്ങളാല്‍ ഈ ഭൂമുഖം നിറയുമായിരുന്നു!

രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ബ്നുല്‍ ഖത്താബിനോട് ഒരാള്‍ ചോദിച്ചു: പ്രായാധിക്യം കൊണ്ട് പ്രയാസങ്ങളനുഭവിക്കന്നവരാണ് എന്‍റെ ഉമ്മ. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും എന്‍റെ സഹായം വേണം. ഏത് കാര്യത്തിനും എന്‍റെ ഈ ചുമലിലേറ്റിയാണ് ഞാനവരെ പരിചരിക്കാറ്. അവരെ പരിരക്ഷിക്കുന്നതില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവുമാണ്. അമീറുല്‍ മുഅ്മിനീന്‍, എന്‍റെ ഉമ്മയോടുള്ള ബാധ്യത മതിയാംവണ്ണം നിര്‍വഹിക്കുന്നുവോ ഞാന്‍? അദ്ദേഹം പറഞ്ഞു: ‘ഇല്ല, കരയാനല്ലാതെ ഒന്നും പറയാനറിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു നിനക്ക്. നീന്താനല്ലാതെ, നടക്കാനറിയാതിരുന്ന നിന്‍റെ ശൈശവകാലം. ഇന്നു നീ അവര്‍ക്കായി ചെയ്യുന്നതൊക്കെയും അന്നവര്‍ നിനക്കു വേണ്ടി ചെയ്തു തന്നതായിരുന്നു. അന്ന് ആ ഹൃദയത്തില്‍ മുഴുവന്‍ നിന്‍റെ ആയുസ്സ് നിലനില്‍ക്കുവാനുള്ള കൊതിയും പ്രാര്‍ത്ഥനയുമായിരുന്നു! ഒക്കത്തു കേറ്റിയും, ചുമലിലേറ്റിയും, മടിയിലിരുത്തിയുമൊക്കെ നിന്നെ ഏറെ സഹിച്ച അവരെ നീയിന്ന് ചുമക്കുമ്പോള്‍, അവരുടെ ആയുസ്സൊന്നു തീര്‍ന്നെങ്കില്‍ എന്നാണ് നിന്‍റെ മനസ്സ് കൊതിക്കുന്നത്!’

മാതാപിതാക്കള്‍ നമുക്കായി അനുഭവിച്ച ത്യാഗങ്ങളെ എണ്ണാനും അവയ്ക്കു വിലപറയാനും പകരം നല്‍കാനും നമുക്ക് സാധ്യമല്ല. അവരോടുള്ള ബാധ്യതകള്‍ ഒരു വൃത്തത്തിലൊതുങ്ങില്ല. അവര്‍ക്കായുള്ള സേവനങ്ങള്‍ക്ക് വിരാമക്കുറിയുമില്ല. ഉമ്മയേയും ഉപ്പയേയും സ്നേഹിക്കുമ്പോള്‍, ‘ഇത്രയും പോരാ’ എന്നൊരു വികാരം നമ്മുടെ മനസ്സിനെ മദിക്കുന്നുവോ, എങ്കില്‍ നാമൊരു മകനാണ്, നാമൊരു മകളാണ്. മാതാപിതാക്കള്‍ക്കായി ‘ഇതിനകം ഞാനെത്രയോ ചെയ്തിരിക്കുന്നൂ’ എന്ന വിചാരമാണ് നമ്മെ ഭരിക്കുന്നതെങ്കില്‍, ഒരു യഥാര്‍ത്ഥ മകനാകാന്‍, ഒരു യഥാര്‍ത്ഥ മകളാകാന്‍ ഇനിയും നാമെത്ര വളരേണ്ടിയിരിക്കുന്നു!

പ്രവാചക തിരുമേനി(സ്വ) ഗൗരവപൂര്‍വം ഒരിക്കല്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. വൃദ്ധരായ മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരുമൊ കൂടെയുണ്ടായിട്ട്, സ്വര്‍ഗ്ഗം പൂകാന്‍ കഴിയാത്തവന്‍ നിന്ദ്യനാകട്ടെ, നിന്ദ്യനാകട്ടെ, നിന്ദ്യനാകട്ടെ. (മുസ്ലിം) മാതാപിതാക്കളെ പരിഗണിക്കുന്നവന്നും പരിരക്ഷിക്കുന്നവന്നുമാണ് അല്ലാഹുവിങ്കല്‍ അന്തസ്സും അവനില്‍ നിന്നുള്ള സ്വര്‍ഗ്ഗവും ലഭിക്കുക എന്ന് പഠിപ്പിക്കുകയാണ് പ്രവാചകന്‍(സ്വ).

വീടകങ്ങളുടെ ഐശ്വര്യമാണ് ഉപ്പയും ഉമ്മയും. അവരുടെ ചുളിഞ്ഞൊട്ടിയ കൈകള്‍ തലോടുക. അവരുടെ നെറ്റിത്തടങ്ങളില്‍ ഉമ്മവെക്കുക. അവരുടെ ആവശ്യങ്ങള്‍ക്കായി കാതോര്‍ക്കുക. അവരുടെ മുന്നില്‍ കോപം കടിച്ചൊതുക്കുക. ഛെ എന്നു പോലും പറയാതിരിക്കുക. അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരി തെളിക്കുക. അവരുടെ ഖല്‍ബുകളില്‍ സന്തോഷത്തിന്‍റെ കടലൊരുക്കുക. ഉമ്മയുടെയും ഉപ്പയുടെയും പുഞ്ചിരിയില്‍ ഒരു പ്രഭാതമുണ്ട്. അവരുടെ പ്രാര്‍ത്ഥനകളില്‍ പ്രവിശാലമായൊരു ആകാശമുണ്ട്. അല്ലാഹു നിന്നെയേല്‍പ്പിച്ച എളിമയുടെ രണ്ടു ചിറകുകളില്ലെ; അവയ്ക്കു കീഴെ അവരെയെന്നും കാരുണ്യത്തോടെ ചേര്‍ത്തു നിര്‍ത്തുക. അല്ലാഹു പറഞ്ഞു:

“അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. ‘എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ’ എന്ന് നീ പറയുകയും ചെയ്യുക.” (ഇസ്റാഅ്:23, 24)