പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ

489

പ്രിയ സ്നേഹിതാ,
അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ ലക്ഷ്യപ്രാപ്തിയെ സംബന്ധിച്ച് നമ്മിലെ അധിക പേരും മറന്നു പോകാറില്ല. അതുകൊണ്ടു തന്നെയാണ് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തിക്കുന്ന നിരന്തര പഠനത്തിനും അശ്രാന്ത പരിശ്രമത്തിനും അവയുടെ അനിവാര്യതയായ പരീക്ഷയിലെ വിജയത്തിനും നാമോരോരുത്തരും ശ്രദ്ധകാണിക്കുന്നത്. പഠനകാലത്തിലെ അലസതകളും ലക്ഷ്യബോധമില്ലാത്ത നിലപാടുകളും ഏതൊരു വിദ്യാര്‍ഥിയേയും കരക്കുകയറാനാകാത്ത വിധം പരാജയത്തിന്‍റെ നീര്‍ച്ചുഴിയിലകപ്പെടുത്തും എന്ന വസ്തുത നമുക്കൊക്കെ അറിയാം.

പ്രിയ സ്നേഹിതാ,
നാം ജീവിച്ചു തീര്‍ക്കേണ്ടതായ ഭൗതിക ജീവിതവും ഇപ്പറഞ്ഞതു പോലെയാണ്. പഠനവും പരിശ്രമവും പരീക്ഷയുമൊക്കെ നിറഞ്ഞു നില്‍ക്കുന്നൂ നമ്മുടെ ഭൗതിക ജീവിതത്തില്‍. പ്രകൃതി രമണീയമായ ഭൂമിയില്‍ നമുക്കാവശ്യമായ സകല സൗകര്യങ്ങളുമൊരുക്കി നമ്മളെ സൃഷ്ടിച്ചു വെച്ചവനെ നമുക്കറിയാം; പ്രപഞ്ചത്തിന്‍റെ നാഥനായ അല്ലാഹു. നമ്മുടെ സൃഷ്ടിപ്പിന്‍റെ പിന്നിലെ താത്പര്യത്തെപ്പറ്റി കാരുണ്യവാനായ ആ സ്രഷ്ടാവ് നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടൊ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു.” (ഇന്‍സാന്‍/1,2,3)

പ്രിയ സ്നേഹിതാ,
നമ്മുടെ സൃഷ്ടിപ്പിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും പറയുന്നിടങ്ങളില്‍, ‘നാം അവനെ പരീക്ഷിക്കുവാനായിട്ട്’ എന്ന പ്രസ്താവന വിശുദ്ധ ഖുര്‍ആനില്‍ കാണാം. വിദ്യാര്‍ഥികളായ നമുക്ക് പരീക്ഷയെന്ന പ്രയോഗത്തിന്‍റെ സാംഗത്യവും അര്‍ഥവ്യാപ്തിയും കൃത്യമായും അറിയാമല്ലൊ. പരീക്ഷയുള്ള എന്തിലും പാവനവും പ്രസാദാത്മകവുമായ ഒരു ലക്ഷ്യമുണ്ടാകുമെന്നത് തീര്‍ച്ചയാണ്.
ഭൂമിയിലെ ജീവിതം ഹൃസ്വമാണ്. ഈ ഹൃസ്വകാല ജീവിതത്തില്‍, തന്നെ സൃഷ്ടിച്ചു പരിരക്ഷിച്ചു പോരുന്ന പ്രപഞ്ചനാഥന്‍റെ ഇംഗിതത്തിനനുസരിച്ച് ജീവിക്കാന്‍, അവന്‍ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍, അവന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങളെ പാലിക്കാന്‍ നമ്മളൊക്കെ ശ്രദ്ധകാണിക്കേണ്ടതില്ലെ?

പ്രിയ സ്നേഹിതാ,
ആരാണ് അല്ലാഹു? കാണുവാനും കേള്‍ക്കുവാനും സംസാരിക്കുവാനും സൗകര്യങ്ങള്‍ നല്‍കിയവന്‍. നടക്കാനും ഇരിക്കാനും ഓടാനും ചാടാനുമൊക്കെ സഹായകമാകുന്ന ആകാര രീതി സംവിധാനിച്ചവന്‍. കാരുണ്യവാന്‍. ദയാനിധി. അടിമകളുടെ അര്‍ഥനകള്‍ക്ക് എപ്പോഴും കാതു നല്‍കുന്നവന്‍. പാപിയുടെ പശ്ചാത്താപത്തെ സ്വീകരിക്കുകയും തുടര്‍ന്നും അവന്ന് അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നവന്‍. നാം ചോദിക്കാതെ തന്നെ നമുക്കെത്രയോ നന്മകളേകി അനുഗ്രഹിച്ചിരിക്കൂന്നൂ, അവന്‍.

പരമ പരിശുദ്ധനായ നമ്മുടെ സ്രഷ്ടാവിനെ മാത്രം അറിഞ്ഞാരാധിക്കാനാകണം നമ്മുടെ ഏവരുടേയും പ്രഥമമായ ശ്രദ്ധ. ഭൗതിക ജീവിത്തിനുമപ്പുറത്തുള്ള ഒരു യഥാര്‍ത്ഥ ജീവിതത്തെയാണ് വിശുദ്ധ ഇസ്ലാം മനുഷ്യ സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നത്. നമുക്കറിയാം, മരണത്തോടെ മനുഷ്യ ജീവിതം അവസാനിക്കുന്നില്ലല്ലൊ? പഠന-കര്‍മ്മ-പരീക്ഷകള്‍ക്കൊടുവില്‍ റിസള്‍ട്ട് പബ്ളിഷ് ചെയ്യുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന പരലോക ജീവിതം തീര്‍ച്ചയാണ്.

“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.” (ബഖറ/281)

പ്രിയ സ്നേഹിതാ,
മനുഷ്യന്‍ ദുഷിച്ചിരിക്കുന്നൂ എന്ന് നമ്മളൊക്കെ പറയാറുണ്ട്! ഈ പറയുന്ന നമ്മളും മനുഷ്യരിലെ അംഗങ്ങളല്ലെ?. എങ്കില്‍, ഞാന്‍ ദുഷിച്ചിട്ടുണ്ടൊ എന്ന് ചിന്തിക്കുന്നതും, ഉണ്ടെങ്കില്‍ ആ ദൂഷ്യത്തെ തന്നില്‍ നിന്ന് ഇല്ലായ്മ ചെയ്ത് നന്നാവാന്‍ ശ്രമിക്കുന്നതുമല്ലെ യഥാര്‍ത്ഥ വിവേകം? തീര്‍ച്ചയായും അതാകണം. അതിനെയാണ് സ്വയം വിചാരണ എന്ന് പറയുന്നത്. പഠിപ്പു കഴിയട്ടെ, പിന്നീട് സമയം ലഭിക്കും, ഇത് അടിച്ചു പൊളിയുടെ കാലമാണ് എന്ന് പറഞ്ഞ് സ്വയം വിചാരണയെ മാറ്റിവെക്കാന്‍ നമുക്ക് സാധിക്കില്ല. നമ്മുടെയൊക്കെ മരണം അത്രമാത്രം സമീപത്താണ്. ഇന്നലെവരെ കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍ പലരും ഇന്ന് നമ്മളോടൊപ്പമുണ്ടൊ? സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കാനാകാതെ, പരീക്ഷക്ക് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ, ഫലമറിഞ്ഞ് സന്തോഷിക്കാന്‍ അവസരം കിട്ടാതെ അവരില്‍ പലരും യാത്രയായില്ലെ? നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രം നമ്മിലവശേഷിപ്പിച്ച്, തങ്ങളുടെ കര്‍മ്മഫലങ്ങള്‍ക്ക് കൈനീട്ടുവാന്‍ നമുക്കു മുമ്പെ അവര്‍ കടന്നു പോയില്ലെ?!

ഭൂമിയില്‍ ലഭിച്ച ജീവിതത്തെ സദാചാരം കൊണ്ടും ധര്‍മ്മനിഷ്ഠകള്‍ കൊണ്ടും ധന്യമാക്കാന്‍ നമുക്ക് കഴിയണം. അതിന്ന് ലഭിക്കുന്ന അവസരങ്ങളെ അതിവേഗം ഉപയോഗപ്പെടുത്താന്‍ സാധിക്കണം. മുന്നിലെത്തുന്ന അവസരങ്ങളൊന്നും രണ്ടാമതൊരിക്കല്‍ കൂടി നമ്മളിലേക്ക് സലാം പറഞ്ഞെത്തില്ല. ഐഹികതയുടെ വശ്യമാര്‍ന്ന ചന്തത്തില്‍ ആടിയും പാടിയും, മദിച്ചും രമിച്ചും കഴിച്ച് കൂട്ടി ജീവിത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം നഷ്ടപ്പെടാന്‍ ഇടയാകരുത്.

പ്രിയ സ്നേഹിതാ,
അല്ലാഹുവിനെ സ്നേഹിക്കുക. അവനെ ഭയക്കുക. അവന്‍റെ നിശിതവും കണിശവുമായ വിചാരണയെ കരുതിയിരിക്കുക. എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞു നില്‍ക്കുന്ന സ്വര്‍ഗത്തിലേക്കെത്താന്‍ അശ്രാന്തം അധ്വാനിക്കുക. എന്നും വിശുദ്ധ ഖുര്‍ആനിന്‍റെ ചാരത്ത് ജീവിക്കുക. നന്മകള്‍ നിറഞ്ഞ ജീവിതത്തിന് വഴികാട്ടിയായ് നിലകൊണ്ട പ്രവാചക ശ്രേഷ്ഠനാണ് മുഹമ്മദ് നബി(സ്വ). ആ പ്രവാചകന്‍റെ ചന്തമാര്‍ന്ന ജീവിത മാതൃകയെ സ്നേഹത്തോടെ ഉള്‍ക്കൊള്ളുക.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍