1. നമസ്‌കാരം: പ്രവാചക മാതൃക സ്വീകരിക്കുക

നമസ്‌കാരം ഇസ്‌ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്‌കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.

മാലിക് ബ്‌നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”ഞാന്‍ ഏത് വിധത്തില്‍ നമസ്‌കരിക്കുന്നതായി നിങ്ങള്‍ എന്നെ കണ്ടുവോ, അതുപോലെ നിങ്ങളും നമസ്‌കരിക്കുക. നമസ്‌കാരത്തിന് സമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്ക് കൊടുക്കുകയും, പ്രായമുള്ള ഒരാള്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്ത് (നമസ്‌കരിക്കുക).”

അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായിട്ടാണ് നിര്‍വഹിക്കേണ്ടത്. അല്ലാഹു പറഞ്ഞു:
إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا (سورة النساء/103)
തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു. (നിസാഅ്/103)

حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ لِلّهِ قَانِتِينَ (سورة البقرة/238)
നമസ്‌കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്‌കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. (ബഖറ/238)

2. ജമാഅത്തു നമസ്‌കാരങ്ങളുടെ പ്രാധാന്യവും അവക്ക് ലഭിക്കുന്ന ഗുണങ്ങളും

وعن عبد الله بن عمر رضى الله عنهما: أن رسول الله صلى الله عليه وسلم قال: ” صلاة الجماعة تفضل صلاة الفذ بسبع وعشرين درجة (البخاري ومسلم)
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: ജമാഅത്തായുള്ള നമസ്‌കാരം, ഒറ്റക്കുള്ള നമസ്‌കാരത്തേക്കാള്‍ ഇരുപത്തിയേഴ് പദവി ശ്രേഷ്ഠമാണ്. (ബുഖാരി, മുസ്‌ലിം)

3. സ്വഫ്ഫ് ശരിയാക്കുക എന്നതിന്റെ താത്പര്യം

ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ അതില്‍ പ്രാധാന്യപൂര്‍വം ശ്രദ്ധിക്കേണ്ട സംഗതിയാണ് സ്വഫ്ഫുകള്‍ ശരിയാക്കുക എത്. പ്രസ്തുത വിഷയത്തില്‍ നബി(സ്വ)യുടെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വന്നിട്ടുണ്ട്.

മഹാനായ ഇമാം നവവി(റ) എഴുതുന്നു: ”സ്വഫ്ഫുകള്‍ ശരിയാക്കുക എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്, ആദ്യത്തെ വരി ആദ്യം പിന്നെ അടുത്ത വരി എന്ന നിലക്ക് സ്വഫ്ഫുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ്. വിടവുകള്‍ ഒഴിവാക്കുക, ഒരാളുടെ നെഞ്ച് മറ്റൊരാളുടെ നെഞ്ചിനെ വിട്ട് തള്ളിനില്‍ക്കാത്ത വിധം ചേര്‍ന്നു നില്‍ക്കുക എന്നിവയും സ്വഫ്ഫ് ശരിയാക്കുന്നതില്‍പ്പെട്ടതാണ്. ഒന്നാമത്തെ നിര പൂര്‍ത്തിയാകാതെ രണ്ടാമത്തെ നിര തുടങ്ങാന്‍ പാടുള്ളതല്ല. മുന്നിലെ സ്വഫ്ഫ് പൂര്‍ത്തിയാകും വരെ മറ്റൊരു സ്വഫ്ഫില്‍ നില്‍ക്കുന്നതും ശരിയല്ല.” (അല്‍മജ്മൂഅ്: 4/226)

4. സ്വഫ്ഫ് ശരിയാക്കുന്നതിന്റെ ശ്രേഷ്ഠത

ജമാഅത്തു നമസ്‌കാരങ്ങളില്‍ സ്വഫ്ഫുകള്‍ ശരിയാക്കുന്നതു മുഖേന ലഭ്യമാകുന്ന ശ്രേഷ്ഠതകളെ വ്യക്തമാക്കിക്കൊണ്ട് പ്രവാചക തിരുമേനി(സ്വ)യില്‍ നിന്ന് നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ആയിശ(റ) നിവേദനം. പ്രവാചകന്‍ പറഞ്ഞതായി അവര്‍ പ്രസ്താവിക്കുന്നു: ”സ്വഫ്ഫുകള്‍ പൂര്‍ത്തീകരിക്കുന്നവന്ന് അല്ലാഹുവും മലക്കുകളും സ്വലാത്തോതുന്നതാണ്.” (അഹ്മദ്, ഹാകിം, ഇബ്‌നുമാജ)

സ്ഫ്ഫു ശരിയാക്കുന്നവരെ വിശുദ്ധരായ മാലഖമാരുടെ സാന്നിധ്യത്തില്‍ അല്ലാഹു പ്രശംസിച്ചു പറയും എന്നതാണ് ”അല്ലാഹു തന്റെ അടിമകളുടെ മേല്‍ സ്വലാത്തു ചൊല്ലുക എന്നതു കൊണ്ടുള്ള അർത്ഥം. മനുഷ്യര്‍ക്കായി അനുഗ്രഹത്തിനും പാപമോചനത്തിനുമായി പ്രാര്‍ഥിക്കുക എന്നതാണ് മലക്കുകളുടെ സ്വലാത്തു കൊണ്ടുള്ള വിവക്ഷ.

ഇബ്‌നു ഉമര്‍ (റ) നിവേദനം. പ്രവാചകനരുളി: ”ആരാണൊ സ്വഫ്ഫിനെ ചേര്‍ത്തു പൂര്‍ത്തിയാക്കുന്നത്, അല്ലാഹു അവനേയും (തന്റെ കാരുണ്യത്തിൽ) ചേര്‍ക്കുന്നതാണ്. ആരാണൊ സ്വഫ്ഫിന്റെ പൂര്‍ണ്ണതയെ മുറിച്ചു കളയുന്നത്, അല്ലാഹു അവനേയും (തന്റെ കാരുണ്യത്തിൽ നിന്ന്) മുറിക്കുന്നതാണ്.” (നസാഈ, ഹകിം, ഇബ്‌നു ഖുസൈമ)

5. ഒന്നാമത്തെ സ്വഫ്ഫും അതിന്റെ ശ്രേഷ്ഠതയും

അബ്ദുറഹ്മാന്‍ ബ്‌നു ഔഫ് (റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”ഒന്നാമത്തെ സ്വഫ്ഫുകാരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.” (ഇബ്‌നു മാജ, അഹ്മദ് അബൂദാവൂദ് ഹാകിം)
ഇര്‍ബാള് ബ്‌നു സാരിയ (റ) നിവേദനം. അദ്ദേഹം പറയുന്നു: ”നബി (സ്വ) ആദ്യ സ്വഫ്ഫുകാര്‍ക്കുവേണ്ടി മൂന്നു പ്രാവശ്യം പാപമോചനത്തിന് പ്രാര്‍ഥിക്കുകയുണ്ടായി, രണ്ടാമത്തെ സ്വഫ്ഫുകാര്‍ക്കുവേണ്ടി ഒരു പ്രാവശ്യവും പ്രാര്‍ഥിച്ചു.” (ഇബ്‌നു മാജ, നസാഈ, ഇബ്‌നു ഖുസൈമ, ഹാകിം)

6. ഒന്നാമത്തെ സ്വഫ്ഫ് പൂര്‍ണ്ണമാക്കേണ്ടതിന്റെ ആവശ്യകത

അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് കാണുക: നമസ്‌കരിക്കാന്‍ നില്‍ക്കുന്ന വേളകളില്‍ നബി(സ്വ) പറയാറുണ്ട്; ”നിങ്ങള്‍ വരികള്‍ ശരിയാക്കുക, തീര്‍ച്ചയായും വരികള്‍ ശരിയാക്കുന്നത് നമസ്‌കാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ്. (ബുഖാരി)

പ്രവാചകന്‍ (സ്വ) അരുളി: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ നേരെയാക്കുക. നിങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുക. നിങ്ങളുടെ സഹോദരന്‍മാരോട് വിനയത്തില്‍ പെരുമാറുക, വിടവുകള്‍ നികത്തുകയും ചെയ്യുക. നിശ്ചയം, പിശാച് നിങ്ങള്‍ക്കിടയില്‍ ഒട്ടകക്കുട്ടിയെപ്പോലെ പമ്മി പ്രവേശിക്കുന്നതാണ്.” (അഹ്മദ്)

7. അണി ശരിയാക്കുന്നതിന്റെ രൂപം

ജാബിര്‍ ബ്ന്‍ സമുറഃ (റ) നിവേദനം ചെയ്ത് പറയുന്നു: ”ഒരിക്കല്‍ നബി ജമാഅത്ത് നമസ്‌കാരത്തിന് വന്നു കൊണ്ട് ഞങ്ങളോട് പറഞ്ഞു: മലക്കുകള്‍ തങ്ങളുടെ റബ്ബിന്റെ മുന്നില്‍ അണി നില്‍ക്കുന്നതു പോലെ നിങ്ങള്‍ക്കും അണിനിന്നുകൂടെ? ഞങ്ങള്‍ ചോദിച്ചു: റസൂലേ, മലക്കുകള്‍ തങ്ങളുടെ റബ്ബിന്റെ മുന്നില്‍ അണിനില്‍ക്കുന്നത് ഏതു വിധത്തിലാണ്? അവിടുന്ന് പറഞ്ഞു: അവര്‍ ആദ്യത്തെ അണി ആദ്യം പൂര്‍ത്തിയാക്കും, വിടവില്ലാത്ത വിധം പരസ്പരം അവര്‍ ചേര്‍ന്നു നില്‍ക്കും.” (മുസ്‌ലിം)

ബര്‍റാഅ് ബ്‌നു ആസിബ്(റ) നിവേദനം ചെയ്ത് പറയുന്നു: ”സ്വഫ്ഫിന്റെ ഒരു ഭാഗത്തുനിന്ന് മറ്റേഭാഗം വരെ നടന്നു കൊണ്ട്, ഞങ്ങളുടെ നെഞ്ചും തോളും പിടിച്ചു ശരിയാക്കി നബി(സ്വ) ഞങ്ങളെ വരിയൊപ്പിച്ചു നിര്‍ത്തുമായിരുന്നു.” (അബൂദാവൂദ്)

www.nermozhi.com