ആ മനസ്സ് താളം തെറ്റാതെ നോക്കണേ..

905

സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി  മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ   

വല്ല്യ നിലയും വിലയും  സമൂഹത്തിൽ കിട്ടിയപ്പോൾ, അച്ഛൻ നടന്ന വഴിയിൽ നടക്കാനിഷ്ട്ടപ്പെടാതെ വേറിട്ടൊരു വഴിതേടുന്ന മകൻ 

അടുക്കളയിലുള്ള മസാല ചെപ്പുകളിൽനോക്കി ആ ഗൃഹനാഥൻ പലപ്പോഴായി തൻറെ അമ്മയോട്  ചോദിക്കുന്നുണ്ട് “എന്തേയ് എല്ലാം പെട്ടന്നു തീർന്നോവെന്ന്  ?

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപുറത്തുള്ള  തെങ്ങിൻചോട്ടിൽ കളയുന്ന അമ്മയോട് അച്ഛൻ ദേഷ്യത്തോട് ചോദിക്കുന്നുണ്ട് ആവശ്യമുള്ളത് വെച്ചുണ്ടാക്കിയാൽ പോരെയെന്ന് 

അച്ഛൻറെ ചിറകിൽ നിന്നും സ്വതന്ത്രനാകാൻ ഈ മകൻ കൊതിക്കുന്നുണ്ട് .ഒടുവിൽ മകൻ ജയിക്കുന്നു. വീടിൻറെ ഗൃഹനാഥ ഭരണം മെല്ലെമെല്ലെ അച്ഛനിൽ നിന്നും തൻറെ കൈപിടിയിൽ ഒതുക്കുന്നു മകൻ..അച്ഛൻ തളർന്നിരിക്കുന്നു …..

അച്ഛനിപ്പോൾ രാത്രിയിൽ ഉറക്കമില്ല ,അലമാരയിൽ വെച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരത്തിലാണ് .എല്ലാം പറഞ്ഞതിനൊടുവിൽ അമ്മ എന്നോട് വേദനയോട് പറഞ്ഞു “അച്ഛന് എന്തോ പറ്റിയിട്ടുണ്ട് മോനെ “.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു മുറ്റത്തെത്തിയപ്പോൾ കേട്ടത് തൂമ്പ നിലത്തു കൊത്തുന്ന ശബ്ദമാണ് .ചെന്നു നോക്കിയപ്പോൾ കണ്ടത്, പറമ്പിൽ തലങ്ങും വിലങ്ങുംകിളച്ചു മറിച്ച്  എന്തൊക്കെയോ പിറുപിറുക്കുന്ന  അച്ഛനെയാണ്.

അകത്തേക്ക് കയറിയപ്പോൾ ഭീതിയോടെ അമ്മ എന്നെ കെട്ടിപ്പിടിച്ചു അച്ഛനെ ചൂണ്ടി കാണിച്ചു അമ്മ പൊട്ടികരഞ്ഞു.

 അച്ഛൻറെ ഉറ്റചങ്ങാതി ശങ്കരേട്ടനോട് ഞാനെല്ലാം വിളിച്ചു പറഞ്ഞു. പിറ്റേന്ന്‌ വീട്ടിലേക്ക് വന്ന  ശങ്കരേട്ടൻ കുറേ നേരം ഇരുന്നു. അവർ രണ്ടു പേരും പറമ്പിലൂടെ നടന്നു കുറേ സംസാരിച്ചു തിരിച്ചു പോകാൻ നേരം ശങ്കരേട്ടൻ  എൻറെ കൈ പിടിച്ചു കുറച്ചു നേരം നടന്നു. ആരും അറിയാത്ത ആരോടും പറയാത്ത എന്റെയച്ഛൻറെ ഭൂതകാലം  ശങ്കരേട്ടൻ എന്നോട് പറയുകയായിരുന്നു 

“അവൻറെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ്, ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ, അങ്ങിനെ വന്നാൽ ഈശ്വരൻ പോലും പൊറുത്തു തരില്ല. ഒരു ഷർട്ടിടാൻ മോഹിച്ചിട്ട് പട്ടാളക്കാരൻ കുഞ്ഞപ്പേട്ടൻറെ  പഴയ ഷർട്ടൊരൊണ്ണം  ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്തു നടന്നിട്ടുണ്ടത്രെ എൻറെ അച്ഛൻ .

വിശന്നു പൊരിഞ്ഞു തളരും നേരം ആടിനു കൊടുക്കാനാണെന്നും പറഞ്ഞ് അയൽ വീട്ടിൽ നിന്നും കഞ്ഞി വെള്ളം വാങ്ങി അതിൽ കയ്യിട്ട് അടിയിൽ കിടക്കുന്ന വറ്റെടുത്ത് തിന്ന് വിശപ്പടക്കിയിട്ടുണ്ട് എന്റെയച്ഛൻ 

അച്ഛനെ മനസ്സിലാക്കാൻ ഇതുവരെ കഴിയാതെ പോയെല്ലോയെന്നോർത് എൻറെ മനസ്സ് വല്ലാതെ നീറി .ഞാൻ എന്റെയച്ഛനെ തിരഞ്ഞു അകത്തേക്ക് ചെന്നു അവിടെ കണ്ടില്ല അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി അവിടെയും കണ്ടില്ല ,ഒടുവിൽ ഞാൻ പറമ്പിലേക്ക് നടന്നു.അവിടെ പറമ്പിൽ കൊത്തികിളക്കുകയായിരുന്നു അച്ഛൻ .ഞാൻ മെല്ലെ എന്റെയച്ഛന്റെ അരികിലേക്ക് നീങ്ങി .

അയൽക്കാരന്റെ വീട്ടിലെ കഞ്ഞി കുടിച്ചു വിശപ്പടക്കേണ്ട ഗതികേട് തൻറെ മക്കൾക്ക് വരുത്താത്ത അച്ഛനെ നോക്കാൻ കഴിയാത്ത കുറ്റ ബോധത്താൽ ആ  മകൻറെ തല താണുപോകുന്നുണ്ട് ,ഒടുവിൽ അച്ഛനെ വട്ടംകെട്ടിപ്പിടിച്ചു കരയുന്നു മകൻ .

ആ മകനെ അച്ഛൻ അന്നേരം തലോടുന്നുണ്ട് .ആശ്വസിപ്പിക്കുന്നുണ്ട്.അവിടെ , അച്ഛൻറെ മുഷിഞ്ഞ വിയർപ്പിൽ പാപമോചനത്താലുള്ള മകൻറെ സന്തോഷ  കണ്ണുനീർ അലിഞ്ഞില്ലാതാകുന്നുമുണ്ട്